Tuesday, April 23, 2019 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.33 AM

ടൂറിസ്‌റ്റ്‌ ബസ്‌ ലോബിക്ക്‌ കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍

uploads/news/2019/04/303369/k3.jpg

തിരുവനന്തപുരം/കൊച്ചി: സുരേഷ്‌ കല്ലട ട്രാവല്‍സ്‌ ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ച സംഭവത്തേത്തുടര്‍ന്ന്‌ സംസ്‌ഥാനത്തെ ടൂറിസ്‌റ്റ്‌/ദീര്‍ഘദൂര സ്വകാര്യ ബസ്‌ ലോബിക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്‌തമാക്കുന്നു. ട്രാവല്‍സ്‌ ലോബിക്കെതിരേ ജനരോഷം ശക്‌തമായതോടെ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ നേരിട്ട്‌ ഇടപെട്ടു. സംഭവം പുറത്തുകൊണ്ടുവന്ന ബസ്‌ യാത്രക്കാരന്‍ ജേക്കബ്‌ ഫിലിപ്പുമായി ബെഹ്‌റ സംസാരിച്ചു. സുരേഷ്‌ കല്ലട ട്രാവല്‍സ്‌ മാനേജരെ പോലീസ്‌ ആസ്‌ഥാനത്തേക്കു വിളിച്ചുവരുത്തി ഡി.ജി.പിതന്നെചോദ്യംചെയ്‌തു. സംഭവത്തില്‍ ഗതാഗത കമ്മിഷണറോടു റിപ്പോര്‍ട്ട്‌ തേടിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
ട്രാവല്‍സിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗതവകുപ്പ്‌ കമ്മിഷണറും നിര്‍ദേശിച്ചു. തുടര്‍നടപടികളുടെഭാഗമായി, ബസുകള്‍ പുറപ്പെടുന്ന സ്‌ഥലത്തും എത്തിച്ചേരുന്ന സ്‌ഥലത്തും പരാതിപ്പെട്ടികള്‍ സ്‌ഥാപിക്കും. ദിവസവും ഇവ പരിശോധിച്ച്‌ പരാതികള്‍ സ്വീകരിക്കും. മൊബൈല്‍ ആപ്പിലൂടെ പരാതികള്‍ തല്‍സമയം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ സൗകര്യമൊരുക്കും. ഗതാഗതവകുപ്പ്‌ ഉദ്യോഗസ്‌ഥരും പോലീസും ബസുകളില്‍ നിരന്തരപരിശോധന നടത്തും. നികുതിവെട്ടിപ്പ്‌ തടയാന്‍ ജി.എസ്‌.ടി. അധികൃതരും പരിശോധന കര്‍ശനമാക്കും.
അതേസമയം, സ്വകാര്യബസുകളില്‍ ജീവനക്കാരെ നിയമിക്കുന്നതിനു മുമ്പ്‌ അതതു പോലീസ്‌ സ്‌റ്റേഷനുകളില്‍നിന്നു ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയതായി എറണാകുളം സിറ്റി പോലീസ്‌ കമ്മിഷണര്‍ എസ്‌. സുരേന്ദ്രന്‍ അറിയിച്ചു.
നിലവിലുള്ള ജീവനക്കാരും പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. ജീവനക്കാരുടെ പേരും വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും വ്യക്‌തമായി വായിക്കാവുന്ന തരത്തില്‍ ബസില്‍ പ്രദര്‍ശിപ്പിക്കണം. എറണാകുളം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസ്‌റ്റ്‌ ബസ്‌ ഓപ്പറേറ്റര്‍മാരും ദീര്‍ഘദൂര സര്‍വീസ്‌ നടത്തുന്നവരും വിശദവിവരങ്ങള്‍ 25-നു മുമ്പ്‌ കമ്മിഷണര്‍ ഓഫീസില്‍ ഹാജരാക്കണം.
ബസുമായി ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും ഉടമ ഉത്തരവാദിയായിരിക്കുമെന്നു കമ്മിഷണര്‍ അറിയിച്ചു.

Ads by Google
Tuesday 23 Apr 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW