Friday, May 24, 2019 Last Updated 53 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.27 AM

ചീഫ്‌ ജസ്‌റ്റിസിനെതിരായ ആരോപണം: നടപടിപ്പിഴവെന്നു കുറ്റപ്പെടുത്തല്‍

uploads/news/2019/04/303335/d4.jpg

ന്യൂഡല്‍ഹി: ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ക്കെതിരേ സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണം കൈകാര്യം ചെയ്‌തതില്‍ നടപടിപ്പിഴവെന്നു സുപ്രീം കോടതി ബാര്‍ അസോസിയേഷനും അഡ്വക്കേറ്റ്‌ ഓണ്‍ റെക്കോഡ്‌ അസോസിയേഷനും (എസ്‌.സി.എ.ഒ.ആര്‍.എ) അഭിപ്രായപ്പെട്ടു.
ആരോപണം വ്യവസ്‌ഥാപിതമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ടിന്റെ നേതൃത്വത്തില്‍ നിഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്നും അഡ്വക്കേറ്റ്‌ ഓണ്‍ റെക്കോഡ്‌ അസോസിയേഷന്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സ്വീകരിച്ച നടപടിക്രമങ്ങള്‍ തെറ്റിപ്പോയെന്നും സ്വാഭാവികനീതിയുടെ തത്വങ്ങള്‍ ലംഘിക്കപ്പെട്ടെന്നും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
പിരിച്ചുവിടപ്പെട്ട ജൂനിയര്‍ കോര്‍ട്ട്‌ അസിസ്‌റ്റന്റ്‌ ഉന്നയിച്ച ആക്ഷേപം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയതു പ്രകാരമാണു സുപ്രീം കോടതി സ്വമേധയാ ഹര്‍ജിയായി പരിഗണിച്ചത്‌. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയില്‍ ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര, ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന എന്നിവര്‍ പ്രത്യേക സിറ്റിങ്ങിനെത്തി.
അവിടെ ജസ്‌റ്റിസ്‌ ഗൊഗോയ്‌ തന്റെ ഭാഗം വിശദീകരിച്ചു.
വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന ഉത്തരവിനപ്പുറം, ജുഡീഷ്യല്‍ ഉത്തരവില്‍നിന്നു ജസ്‌റ്റിസ്‌ മിശ്ര, ജസ്‌റ്റിസ്‌ ഖന്ന എന്നിവര്‍ വിട്ടുനില്‍ക്കുകയും ചെയ്‌തു.
ആരോപണം കൈകാര്യം നടപടികളില്‍ ഗുരുതരമായ പിഴവുണ്ടായെന്നു മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ രാജു രാമചന്ദ്രനും ചൂണ്ടിക്കാട്ടി. ലൈംഗികാരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍, പരാതിക്കാരിയെ അവഹേളിക്കാതെ, സ്വന്തം നിരപരാധിത്വം ചൂണ്ടിക്കാട്ടാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്‌. ഇവിടെ, ഒരു വാര്‍ത്താസമ്മേളനമോ പത്രക്കുറിപ്പോ മതിയാകുമായിരുന്നു. നിയമാനുസൃത നടപടികള്‍ ആകാമെന്നു വ്യക്‌തമാക്കുകയും ചെയ്യാമായിരുന്നു.
ചീഫ്‌ ജസ്‌റ്റിസ്‌ ഗൊഗോയ്‌ ബെഞ്ചിലിരുന്നുകൊണ്ടുള്ള വിചിത്രമായ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്‌ ഒരുതരത്തിലും പ്രയോജനം ചെയ്യില്ല. ബെഞ്ചിലിരുന്ന മറ്റു ജഡ്‌ജിമാരോ മുതിര്‍ന്ന നിയമ ഉദ്യോഗസ്‌ഥരോ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റോ നടപടിപ്പിഴവ്‌ ചൂണ്ടിക്കാട്ടാതിരുന്നതു ഖേദകരമാണെന്നും രാജു രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം, സുപ്രീം കോടതി എംപ്ലോയീസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ ചീഫ്‌ ജസ്‌റ്റിസിനു പിന്തുണയുമായി രംഗത്തെത്തി. ചീഫ്‌ ജസ്‌റ്റിസിനെതിരേ ഉയര്‍ന്ന "വാസ്‌തവവിരുദ്ധവും കെട്ടിച്ചമച്ചതുമായ" ആരോപണങ്ങള്‍ ജുഡീഷ്യറിയെ കളങ്കപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന്‌ അവര്‍ പ്രമേയത്തില്‍ പറഞ്ഞു.

Ads by Google
Tuesday 23 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW