Sunday, July 21, 2019 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.22 AM

ലങ്കയില്‍ അടിയന്തരാവസ്‌ഥ മരണം 290 ,മരിച്ചവരില്‍ എട്ട്‌ ഇന്ത്യക്കാര്‍

uploads/news/2019/04/303317/in1.jpg

കൊളംബോ: ഈസ്‌റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ചോരപ്പുഴയൊഴുക്കിയ സ്‌ഫോടനങ്ങളില്‍ മരണം 290 ആയി. ഭീകരവിരുദ്ധ നടപടികളെടുക്കാന്‍ സുരക്ഷാസേനയ്‌ക്കു കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട്‌ രാജ്യത്ത്‌ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ 24 പേരെ അറസ്‌റ്റ്‌ ചെയ്‌തു.
മരിച്ചവരില്‍ കാസര്‍ഗോഡ്‌ സ്വദേശിനി പി.എസ്‌. റസീനയടക്കം എട്ട്‌ ഇന്ത്യക്കാരുണ്ടെന്നു സ്‌ഥിരീകരിച്ചു. റസീനയുടെ മൃതദേഹം ഇന്നലെ കൊളംബോയില്‍ കബറടക്കി. മൂന്നു പള്ളികളിലും മൂന്ന്‌ ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനങ്ങളില്‍ പരുക്കേറ്റ അഞ്ഞൂറോളം പേരാണു ചികിത്സയിലുള്ളത്‌. പലരുടെയും നില ഗുരുതരം.
രാജ്യവ്യാപകമായി നടത്തിയ തെരച്ചിലില്‍ കൊളംബോയിലെ സെന്‍ട്രല്‍ ബസ്‌ സ്‌റ്റാന്‍ഡില്‍നിന്ന്‌ 87 ബോംബ്‌ ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തു. ഞായറാഴ്‌ച സ്‌ഫോടനമുണ്ടായ സെന്റ്‌ ആന്റണീസ്‌ പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന വാനില്‍ കണ്ടെത്തിയ സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചെങ്കിലും ആളപായമില്ല. കൊളംബോ രാജ്യാന്തര വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലേക്കുള്ള റോഡില്‍നിന്ന്‌ ഞായറാഴ്‌ച രാത്രി വലിയ പൈപ്പ്‌ ബോംബ്‌ കണ്ടെത്തിയിരുന്നു.
സെന്റ്‌ ആന്റണീസ്‌, സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌, സിയോന്‍ പള്ളികളിലും ഷാങ്‌ഗ്രിലാ, സിനമണ്‍ ഗ്രാന്‍ഡ്‌, കിങ്‌സ്‌ബറി ഹോട്ടലുകളിലുമായി നടന്ന ഏഴു സ്‌ഫോടനങ്ങളും ചാവേറാക്രമണങ്ങളായിരുന്നെന്നു സ്‌ഥിരീകരിച്ചു. ഏഴു ചാവേറുകളും ശ്രീലങ്കക്കാരാണെന്നു കണ്ടെത്തിയെങ്കിലും രാജ്യാന്തര ഭീകരസംഘടനകളുടെ സഹായമില്ലാതെ ഇത്ര വിപുലമായ ആക്രമണം നടക്കില്ലെന്ന്‌ അന്വേഷണ ഏജന്‍സികള്‍ തറപ്പിച്ചുപറയുന്നു. സഹ്‌റാന്‍ ഹാഷിമെന്ന ഇമാമാണു പ്രധാന സൂത്രധാരനെന്നു സംശയിക്കുന്നു. ഷാങ്‌ഗ്രിലാ ഹോട്ടലില്‍ ഇയാളാണു ചാവേറായതെന്നു സൂചനയുണ്ട്‌. ഹാഷിം കഴിഞ്ഞ വര്‍ഷം പാകിസ്‌താന്‍ സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌.
ഇസ്ലാമിക ഭീകരസംഘടനയായ നാഷണല്‍ തൗഹീദ്‌ ജമാത്ത്‌ (എന്‍.ടി.ജെ.) ആണു പിന്നിലെന്നു സര്‍ക്കാര്‍ കരുതുന്നു. ഇവര്‍ക്ക്‌ ഐ.എസ്‌. അടക്കം രാജ്യാന്തര ഭീകരസംഘടനകളുടെ സഹായമുണ്ടോ എന്നു പരിശോധിക്കുകയാണെന്ന്‌ സര്‍ക്കാര്‍ വക്‌താവും കാബിനറ്റ്‌ മന്ത്രിയുമായ രജിത സേനാരത്‌നെ പറഞ്ഞു.
പ്രസിഡന്റ്‌ മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ സമിതി(എന്‍.എസ്‌.സി) യോഗം ചേര്‍ന്നാണ്‌ അടിയന്തരാവസ്‌ഥ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌. ഭീകരവാദം ചെറുക്കുകയാണു ലക്ഷ്യമെന്നും അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും പ്രസിഡന്റിന്റെ ഓഫീസ്‌ വ്യക്‌തമാക്കി. സുരക്ഷാലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നേരിടാന്‍ പോലീസിന്‌ അസാധാരണ അധികാരങ്ങള്‍ നല്‍കുന്നതാണ്‌ അടിയന്തരാവസ്‌ഥാ ചട്ടങ്ങള്‍.
സംഭവം ഭീകരാക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്‌ജി വിജിത്‌ മലാല്‍ഗോഡ, മുന്‍ പോലീസ്‌ മേധാവി എന്‍.കെ. ഇളങ്കോവന്‍, നിയമ മന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി പത്മസിരി ജയമന്നെ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ പ്രസിഡന്റ്‌ സിരിസേന നിയോഗിച്ചു. രണ്ടാഴ്‌ചയ്‌ക്കകം പാര്‍ലമെന്റിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണു നിര്‍ദേശം.
ഭീകരര്‍ കൊളംബോയ്‌ക്കു സമീപം പനഡുരയില്‍ മൂന്നു മാസമായി താമസിച്ചിരുന്ന വീട്‌ അന്വേഷണത്തില്‍ കണ്ടെത്തി. പള്ളികള്‍ കേന്ദ്രീകരിച്ച്‌ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ എന്‍.ടി.ജെ. പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടും അര്‍ഹിക്കുന്ന ഗൗരവം നല്‍കാതിരുന്നതിനെപ്പറ്റി അന്വേഷിക്കുമെന്ന്‌ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു.

Ads by Google
Tuesday 23 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW