Sunday, June 16, 2019 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 03.17 PM

വാതരോഗങ്ങള്‍ക്ക് ആയുര്‍വേദം

''വാതരോഗങ്ങള്‍ക്ക് ആയുര്‍വേദം ഫലപ്രദമാണ്. പരിശോധനയിലൂടെ രോഗത്തിന്റെ സ്വഭാവവും തീവ്രതയും കണ്ടെത്തിയാണ് ആയുര്‍വേദത്തില്‍ ചികിത്സ നിശ്ചയിക്കുന്നത്''
uploads/news/2019/04/303228/Sandhivatham220419.jpg

അസ്ഥികള്‍, സന്ധികള്‍, ഞരമ്പുകള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങളാണ് വാതരോഗങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. ആയുര്‍വേദശാസ്ത്രത്തിന്റെ മുഖ്യാചാര്യന്മാരായ സുശ്രുതന്‍, ചരകന്‍, വാഗ്ഭടന്‍ തുടങ്ങിയവര്‍ മനുഷ്യശരീരത്തിലെ അസ്ഥികളെകുറിച്ചും അസ്ഥി സന്ധികളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ഇതില്‍ സുശ്രുതസംഹിതയിലാണ് വ്യക്തവും വിശദവുമായ വിവരണം നല്‍കിയിരിക്കുന്നത്. ശസ്ത്രക്രിയാപ്രധാനമായ ഗ്രന്ഥമായതിനാലാണ് സുശ്രുതന്‍ ഇവയെ വിശദമായി വിവരിച്ചത്.

ലക്ഷണങ്ങള്‍


1. സന്ധികളില്‍ വെള്ളം നിറച്ച തോള്‍ സഞ്ചി പോലെ നീരു വന്നു വീര്‍ക്കുകയും മടക്കാനും നിവര്‍ത്താനും കഴിയാതാവുകയും ചെയ്യുന്ന അവസ്ഥ.
2. സന്ധികളില്‍ ചൂട്, ചുവപ്പുനിറം, ചലനശേഷിക്കുറവ്, സന്ധികള്‍ ചലിപ്പിക്കുമ്പോള്‍ ഉരയുന്ന ശബ്ദം, വാതവ്യാധികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി വിവരിക്കുന്ന വാതരക്തം, ഊരുസ്തംഭം, ആമവാതം എന്നീ രോഗാവസ്ഥകള്‍ ലക്ഷണങ്ങള്‍ കൊണ്ട് സന്ധിഗതവാതത്തിന് സമാനങ്ങളാണ്.

ആമവാതം


സന്ധിവാതരോഗികളില്‍ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നത് ആമവാതരോഗികളാണ്. കൈകാലുകള്‍, കഴുത്ത് തുടങ്ങിയവയിലെ എല്ലാ സന്ധികളിലും തീവ്രമായ വേദനയും നീരും പനിയുമുണ്ടായിരിക്കും. ദുഷ്ടമായ ആഹാരരസം രസധാതുവഴി ശരീരത്തിലെ ശ്ലേഷ്മസ്ഥാനങ്ങളില്‍ എത്തുന്നു.
തന്മൂലം ദഹനക്കേടുണ്ടാവുകയും രുചിയില്ലായ്മ, എപ്പോഴും വായില്‍ ഉമിനീര്‍ നിറയുക, ശരീരത്തിന് കനം, ഉത്സാഹക്കുറവ്, വയറ്റില്‍ വേദനയും കട്ടിപ്പും, മൂത്രം അധികമായി പോവുക, വെള്ളംദാഹം, ഛര്‍ദ്ദി, തലകറക്കം, കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങള്‍ക്ക് തളര്‍ച്ച തോന്നുക, നെഞ്ചുവേദന, മലബന്ധം, കുടലിരപ്പ്, വയര്‍വീര്‍പ്പ്, ഉറക്കക്കുറവ് തടങ്ങിയ ഉപദ്രവങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും.

മിക്കവാറും പനിയും ദഹനക്കേടുമായിരിക്കും രോഗാരംഭം. ദേഹം നുറുങ്ങുന്ന നോവും സന്ധികളില്‍ തേള്‍ കുത്തുന്നതുപോലുള്ള വേദനയും അനുഭവപ്പെടും. വിരുദ്ധ സ്വഭാവമുള്ള ആഹാരം കഴിക്കുക, പതിവില്ലാത്ത പ്രവൃത്തികള്‍ ചെയ്യുക, വ്യായാമക്കുറവ്, ആഹാരം കഴിച്ച ഉടന്‍ ജോലി ചെയ്യുക തുടങ്ങിയ കാരണങ്ങളാല്‍ ദഹനശക്തി കുറയുകയും ആഹാരം ദഹിക്കാതെ (ആമമായി) ഇരിക്കുകയും ശരിയായ പചനവും ധാതുപരിണാമവും നടക്കാതെവരികയും ചെയ്യുന്നു. ദുഷിച്ച രക്തം ശരീരത്തിലാകമാനം സഞ്ചരിച്ച് സന്ധികളില്‍ ചുവപ്പുനിറം, ചൂട്, വേദന, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളുണ്ടാകുന്നു. ഈ രക്തം ഹൃദയത്തിലെത്തുമ്പോള്‍ നെഞ്ചുവേദനയുണ്ടാകുന്നു. കാലക്രമത്തില്‍ ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാകുന്നു.

1. സന്ധികളിലെ വീക്കവും പ്രയാസങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറിമാറി വന്നുകൊണ്ടിരിക്കും.
2. വലിയ സന്ധികളെ (കാല്‍മുട്ട്, അരക്കെട്ട്, തോള്‍ സന്ധി മുതലായവ) കൂടുതലായി ബാധിക്കുന്നു.
3. വീക്കം കൂടുതലായിരിക്കും
4. ആന്റിസ്‌ട്രെപ്‌റ്റോലൈസിന്‍ ആന്റിബോഡീസ് (എ.എസ്.ഒ ടിറ്റര്‍) വളരെ കൂടുതലായിരിക്കും.

ചികിത്സ


ദഹനശക്തി ഏറ്റവും കുറവും പനിയുമുണ്ടായിരിക്കുമെന്നതിനാല്‍ ആമവാതത്തില്‍ ആദ്യം ഉപവസിപ്പിക്കുയാണ് ചെയ്യുന്നത്. സന്ധികളില്‍ വേദനയുള്ളഭാഗത്ത് മണല്‍ക്കിഴികൊണ്ട് വിയര്‍പ്പിക്കാം. ആമാവസ്ഥവിട്ട് പനി മാറിയ ശേഷം ചെറിയ തോതില്‍ വയറിളക്കുന്നു. ഇതിന്നായി ശുദ്ധി ചെയ്ത ആവണക്കെണ്ണ പാലില്‍ കൊടുക്കാം.

ആഹാരമായോ ഔഷധമായോ എണ്ണമയമുള്ളവയോ ദഹിക്കാന്‍ പ്രയാസമുള്ള സാധനങ്ങളോ കൊടുക്കരുത്. എളുപ്പം ദഹിക്കുന്ന തരത്തിലുള്ള പൊടിയരിക്കഞ്ഞി തുടങ്ങിയവയാണ് കഴിക്കേണ്ടത്. എണ്ണമയമുള്ളവയും എരിവ്, പുളി എന്നിവയും തീരെ ഒഴിവാക്കണം. തല നനച്ചു കുളിക്കുകയോ തണുത്ത സാധനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. പൂര്‍ണവിശ്രമവും ആവശ്യമാണ്.

uploads/news/2019/04/303228/Sandhivatham220419a.jpg

വാതരക്തം


ഇന്ത്യയില്‍ ഏറ്റവുമധികം കാണപ്പെടുന്ന സന്ധിരോഗം വാതരക്തം ആണ്. കൈകാലുകളിലെ ചെറിയ സന്ധികളില്‍ തുടങ്ങി ക്രമേണ എല്ലാ സന്ധികളിലേക്കും രോഗം വ്യാപിക്കുന്നു. ദീര്‍ഘകാലംകൊണ്ട് കരള്‍, ശ്വാസകോശങ്ങള്‍, ഹൃദയം എന്നിവയെക്കൂടി ബാധിക്കുന്നു. ജനിതകത്തകരാറുകളും വൈറസ് ബാധയും രോഗകാരണങ്ങളില്‍പ്പെടുന്നു.

അനാരോഗ്യകരമായ ജീവിതരീതിമൂലം ഉണ്ടാകുന്ന രോഗങ്ങളില്‍ ഒന്നാണ് വാതരക്തം. ദഹനശക്തി, പ്രായം, ദേഹപ്രകൃതി, കാലാവസ്ഥ തുടങ്ങിയവയില്‍ ശ്രദ്ധിക്കാതെയുള്ള ആഹാരം, വ്യായാമം, ഉറക്കം, ലൈംഗികവൃത്തി എന്നിവ രക്തദുഷ്ടിയുണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ തീരെ വ്യായാമം ചെയ്യാതിരിക്കുന്നതും രക്തത്തെ ദുഷിപ്പിക്കുന്നു. ഇങ്ങനെ രക്തദുഷ്ടിയുണ്ടാക്കുന്ന ശീലമുള്ളവയും ആയ ആഹാരവും മറ്റും ശീലിക്കുമ്പോള്‍ വാതം വര്‍ധിക്കുകയും രക്തവുമായി ചേര്‍ന്ന് സ്രോതോരോധമുണ്ടാക്കുകയും ചെയ്യുന്നു.

ശാരീരിക മാറ്റങ്ങള്‍


രക്തപ്രവാഹത്തില്‍വരുന്ന തടസംമൂലം പനി, അധികം വിയര്‍പ്പ്, ശ്വേതരക്താണുക്കളുടെ എണ്ണത്തില്‍ വര്‍ധനവ്, ശ്വാസവൈഷമ്യം, സന്ധികളില്‍ വീക്കം, വേദന, ചുവപ്പുനിറം, കുത്തിനോവ്, തരിപ്പ്, കനം, ചൊറിച്ചില്‍ തുടങ്ങിയ ഉപദ്രവങ്ങള്‍ ഉണ്ടാകുകയും ശരീരത്തിന് തളര്‍ച്ച, ഭാരക്കുറവ്, പേശിവേദന എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു.

രാവിലെ ഉണരുമ്പോള്‍ ഏതാനും മണിക്കൂര്‍ നേരത്തേക്ക് സന്ധികള്‍ ബലംപിടിച്ചിരിക്കും. വാതരക്തത്തിന് ഇടയ്ക്കിടെ സുഖമാവുകയും വീണ്ടും ഉണ്ടാവുകയും ചെയ്യുന്ന സ്വഭാവമാണ് ഉള്ളത്. രോഗത്തിന്റെ പഴക്കം കൂടുന്നതും ചികിത്സ വൈകുന്നതും കാലക്രമത്തില്‍ വിവിധ തരത്തിലുള്ള സന്ധിവൈകല്യങ്ങള്‍ക്ക് കാരണമായിത്തീരുന്നു.

ചൊറിച്ചില്‍, തടിപ്പ്, വേദന, തരിപ്പ് എന്നിവയാണനുഭവപ്പെടുക. ക്രമേണ ഈ പ്രയാസങ്ങള്‍ അധികമാകുകയും കല്ലിപ്പും പഴുപ്പുമുള്ള നീര്‍ക്കെട്ടുകളുണ്ടാവുകയും ചെയ്യും. ശരീര മാസകലമുള്ള അസ്ഥി-മജ്ജകളില്‍ പിളര്‍ക്കുന്നതുപോലുള്ള വേദനയുണ്ടാവും. മര്‍മ്മാസ്ഥിസന്ധികളെ ബാധിക്കുന്ന ഈ രോഗത്തിന് റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന് ആധുനിക ശാസ്ത്രത്തില്‍ വിവരിക്കുന്ന രോഗവുമായി ഏറെ സാമ്യമുണ്ട്.

പ്രധാന കാരണങ്ങള്‍


1. വിരുദ്ധ സ്വഭാവമുള്ള ആഹാരങ്ങള്‍ (മത്സ്യവും തൈരും ഒന്നിച്ചുപയോഗിക്കുക, പാലും പുളിയുള്ള പഴങ്ങളും ഒന്നിച്ചുപയോഗിക്കുക, തേന്‍, പാല്‍, ഉഴുന്ന്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ ഇവയിലേതെങ്കിലും മത്സ്യമാംസങ്ങള്‍ക്കൊപ്പമോ ശര്‍ക്കര, മുള്ളങ്കി, താമര വളയം ഇവയൊന്നിച്ചോ ഉപയോഗിക്കുക. വാഴപ്പഴം മോരിന്റെയോ തൈരിന്റെയോ ഒപ്പം ഉപയോഗിക്കുക, പായസവും മദ്യവും ഒന്നിച്ചുപയോഗിക്കുക, തേനും നെയ്യും സമം ചേര്‍ക്കുക, തേന്‍ ചൂടുള്ളവയ്‌ക്കൊപ്പം ഉപയോഗിക്കുക തുടങ്ങിയവ) പതിവായി ശീലിക്കുന്നവര്‍ക്ക് രക്തദുഷ്ടിയുണ്ടാവുന്നു.

വിരുദ്ധ സ്വഭാവമുള്ള ആഹാരങ്ങള്‍ കൂട്ടിച്ചേര്‍ത്തുപയോഗിക്കുമ്പോള്‍ ശരീരത്തില്‍ വിഷതുല്യമായി പ്രവര്‍ത്തിക്കുന്നു. ഉള്‍പ്പുഴുക്കത്തെ ഉണ്ടാക്കുന്ന ഉപ്പ്, പുളി, ക്ഷാരം, എരിവ് എന്നിവ കൂടുതലുള്ള ആഹാരസാധനങ്ങളുടെ അമിതോപയോഗം കാലക്രമത്തില്‍ രക്തദുഷ്ടിയുണ്ടാക്കുന്നു. മുതിര, ഉഴുന്ന്, അമരയ്ക്ക, മാംസം, കരിമ്പ്, തൈര്, മദ്യം, ശര്‍ക്കര തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു.

2. പകലുറക്കം, അലസത, രാത്രി ഉറങ്ങാതിരിക്കുക, പുകവലി എന്നിവ പതിവായുള്ളവര്‍ക്ക് അമിതവണ്ണവും മലബന്ധം തുടങ്ങിയ പ്രയാസങ്ങളും പതിവായിരിക്കും. ഇവര്‍ക്ക് രക്തദുഷ്ടയുണ്ടാകുവാനെളുപ്പമാണ്. വ്യായാമം ചെയ്യാതിരിക്കുമ്പോള്‍ സന്ധികള്‍ക്ക് സ്തബ്ധതയുണ്ടാവും.

3. പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന വിഷാംശം രക്തത്തില്‍ കലര്‍ന്ന് വിഷസ്വഭാവമുണ്ടാക്കുന്നതുകൊണ്ട് പുകവലിക്കുന്നവരില്‍ ദഹനശക്തി കുറവാകുന്നതിനാല്‍ ആഹാരത്തിന്റെ ശരിയായ പചനവും ആഗിരണവും നടക്കുന്നില്ല. ഇത് രക്തക്കുറവിനും കാരണമാകുന്നു.

പ്രധാന ലക്ഷണങ്ങള്‍


1. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്ധികള്‍ക്ക് മരവിപ്പും ചലനശേഷിക്കുറവും അനുഭവപ്പെടുക. ഒരു മണിക്കൂറോ അതില്‍ കൂടുതലോ ഇങ്ങനെയുണ്ടാവാം. മറ്റ് ജോലികള്‍ ചെയ്തു തു
ടങ്ങിയാല്‍ ഇത് ക്രമേണ കുറയുന്നു.
2. മൂന്നോ അതിലധികമോ സന്ധികളില്‍ ഒരേ സമയം പ്രയാസങ്ങളുണ്ടാവും
3. കൈകളുടെ സന്ധികളില്‍ നീരും വേദനയുമുണ്ടായിരിക്കും.
4. സന്ധികളിലും ത്വക്കിനടിയിലും ചെറിയ മുഴകള്‍ കാണപ്പെടും.
uploads/news/2019/04/303228/Sandhivatham220419b.jpg

ചികിത്സ


രോഗകാരണം രക്തദുഷ്ടി മൂലമുണ്ടാകുന്ന വാതകോപമായതിനാല്‍ ദുഷ്ടരക്തം നിര്‍ഹരിക്കുകയെന്നത് പ്രധാന ചികിത്സയാണ്. വാതരക്തരോഗത്തിന്റെ ആദ്യാവസ്ഥയില്‍ ഔഷധങ്ങള്‍ സേവിക്കുന്നതിനൊപ്പം മരുന്നരച്ചുപുരട്ടുക, (ലേപനം) ഔഷധയുക്തമായ തൈലങ്ങള്‍ അഭ്യംഗം ചെയ്യുക, ധാര തുടങ്ങിയവയും പ്രത്യേകമായി ചെയ്തുവരുന്നു. രോഗത്തിന്റെ പഴക്കം കൂടുന്നതിനനുസരിച്ച് സ്‌നേഹപാനം, വിരേചനം, വസ്തി തുടങ്ങിയ ചികിത്സകളും ആവര്‍ത്തിച്ചു ചെയ്യേണ്ടി വന്നേക്കും. ഇവയില്‍ത്തന്നെ, വസ്തിചികിത്സ അരക്കെട്ടിലും അതിനു താഴെയുള്ള ഭാഗങ്ങളിലുമുള്ള സന്ധികളിലെ വേദനകളില്‍ ഏറെ ഫലം ചെയ്യും.

വ്യായാമം


സന്ധികളിലെ ചലനശേഷി വീണ്ടെടുക്കാനും അനായാസമായി പ്രവൃത്തികള്‍ ചെയ്യുവാനും വ്യായാമം ചെയ്യുന്നത് സഹായകരമാണ്. ഓരോ സന്ധിയുടേയും പ്രവര്‍ത്തനം ശരിയാക്കുന്നതിനുതകുന്ന രീതിയിലുള്ള ഫിസിയോതെറാപ്പിയോ മറ്റു വ്യായമാരീതികളോ വിദഗ്‌ധോപദേശപ്രകാരം ശീലമാക്കേണ്ടതുണ്ട്.

വ്യായാമം, ആരംഭത്തില്‍ വേദന അല്‍പം കൂട്ടാമെങ്കിലും തുടര്‍ച്ചയായി ശീലിക്കുമ്പോള്‍ പ്രയാസങ്ങള്‍ കുറഞ്ഞുകിട്ടുകയും ചലനശേഷി കൂടുകയും ചെയ്യും. ആശുപത്രിയില്‍ കിടത്തി ചികിത്സ ചെയ്യുമ്പോള്‍ പിഴിച്ചില്‍, കിഴി തുടങ്ങിയ ചികിത്സകള്‍ക്കൊപ്പം തന്നെ അവയവങ്ങളെ പരിചാരകന്മാര്‍ വേണ്ട തരത്തില്‍ ചലിപ്പിക്കുന്നതുകൊണ്ട് ഈ കാലയളവില്‍ പ്രത്യേകിച്ച് വ്യായാമം ആവശ്യമില്ല.

ആഹാര വിഹാരങ്ങള്‍


ആമവാതം, വാതരക്തം തുടങ്ങിയ എല്ലാ സന്ധിരോഗങ്ങളിലും ആഹാരരീതിയിലുള്ള തകരാറുകള്‍ ഒരു പ്രധാന കാരണമാണ്. പകല്‍ ഉറങ്ങുന്നതും രാത്രിയില്‍ ഉറക്കമിളക്കുന്നതും ദോഷം ചെയ്യും. പകലുറങ്ങുമ്പോള്‍ കഫം വര്‍ധിക്കുകയും അമിതവണ്ണം, മന്ദത തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു.

ഉറക്കമിളയ്ക്കുന്നവര്‍ക്ക് വാതം വര്‍ധിക്കുന്നതുമൂലം വേദന, ചുട്ടുനീറല്‍ എന്നിവയും ക്ഷീണവുമുണ്ടാകും. ദഹനക്കേട്, മലബന്ധം എന്നിവയ്ക്കും കാരണമാകും. തുടര്‍ച്ചയായി ഉറങ്ങണം. രാത്രി ഉറക്കമിളക്കുന്നവര്‍ പിറ്റേ ദിവസം ഭക്ഷണം കഴിക്കാതെ ഉറക്കമൊഴിച്ചതിന്റെ പകുതിസമയം രാവിലെ ഉറങ്ങണം. ഉച്ചയ്ക്ക് ഊണിനുശേഷം ഉറങ്ങുവാന്‍ പാടില്ല.

ഗൗട്ട്


രക്തത്തില്‍ യൂറിക് അണ്ടം വര്‍ധിക്കുന്നതുമൂലം ശരീരത്തിന്റെ രാസഘടനയില്‍ത്തന്നെ മാറ്റം സംഭവിക്കുന്നു. ചില പ്രത്യേക ഔഷധങ്ങളുടെ ഉപയോഗവും ഇതിന് കാരണമാണ്. ഇത് നാഡികളില്‍ ക്രിസ്റ്റലുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാവുകയും തുടര്‍ന്ന് സന്ധികളില്‍ നീര്, വേദന, പഴുപ്പ് എന്നിവയുണ്ടാക്കുന്നു. ഈ അവസ്ഥയാണ് ഗൗട്ട് എന്ന് പറയുന്നത്. യൂറിക് ആസിഡ് കൂടുതലുള്ള പത്താളുകളില്‍ ഒരാള്‍ക്ക് ഗൗട്ട് വരാം. ശരീരത്തിലെ ഏത് സന്ധികകിലും ഈ രോഗം വരാമെങ്കിലും കാലിന്റെ പെരുവിരലിലെ സന്ധിയിലാണ് ഏറ്റവും കൂടതലായി കാണുന്നത്.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്


സന്ധിവാതത്തില്‍ സന്ധികളെ ക്ഷയിപ്പിക്കുന്ന അവസ്ഥയാണിത്.അമ്പതുവയസിനുമേല്‍ പ്രായമുള്ളവരിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. അസ്ഥി സന്ധികളില്‍ അസ്ഥികളെ തമ്മില്‍ യോജിപ്പിക്കുന്ന ഭാഗങ്ങളെ പൊതിഞ്ഞിരിക്കുന്ന ഇലാസ്തികതയുള്ള കാര്‍ട്ടിലേജ് ആണ് അസ്ഥികലെ തമ്മിലുരസാതെ ചലിപ്പിക്കാന്‍ സഹായിക്കുന്നത്. കാര്‍ട്ടിലേജിന് ക്ഷതം സംഭവിക്കുമ്പോള്‍ സന്ധികളിലെ ചലനം ദുഷ്‌കരമാവുന്നു.

അസ്ഥികളുടെ അറ്റത്ത് വിള്ളലുകള്‍ ഉണ്ടാവുകയോ പുതിയ വളര്‍ച്ചയുണ്ടാവുകയോ ചെയ്യുമ്പോള്‍ അസ്ഥികളെ യോജിപ്പിക്കുന്ന ലിഗ്‌മെന്റുകള്‍ക്കും മെംബ്രയിനുകള്‍ക്കും കട്ടികൂടുന്നു.അതിന്റെ ഫലമായി സന്ധികളുടെ രൂപവും ഘടനയും വ്യത്യാസപ്പെടുന്നു. വേദനയുണ്ടാവുന്നു. അതോടൊപ്പം ചുറ്റുമുളള മാംസപേശികള്‍ ചുരുങ്ങുകയും വലിഞ്ഞു മുറുകുകയും ചെയ്യുന്നു. മാംസപേശികലുടെ ബലക്കുറവ് സന്ധികളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നു.

uploads/news/2019/04/303228/Sandhivatham220419c.jpg

കാരണങ്ങള്‍


1. പ്രായം കൂടുന്നതിനനുസരിച്ച് എല്ലുകളിലുണ്ടാവുന്ന തേയ്മാനവും സന്ധികളുടെ അപചയവും.
2. പാരമ്പര്യം
3. അമിതവണ്ണം
4. അമിതമായ നില്‍പ്, നടപ്പ്, ഭാരമെടുക്കല്‍ തുടങ്ങിയവയാല്‍ സന്ധികള്‍ക്കുണ്ടാവുന്ന ക്ലേശം. ഫുട്‌ബോള്‍ കളിക്കാര്‍, ചുമട്ടുതൊഴിലാളികള്‍, വാച്ചര്‍മാര്‍ തുടങ്ങിയവരില്‍ ഇതാണ് പ്രധാന കാരണം.
5. ഉപാചയപ്രവര്‍ത്തനത്തകരാറുമൂലമുണ്ടാകുന്ന ക്ഷയകാരികളായ രോഗങ്ങള്‍

ലക്ഷണങ്ങള്‍


സന്ധികളിലും ചുറ്റിലും വേദന, സന്ധികള്‍ ചലിപ്പിക്കുമ്പോള്‍ വേദന കൂടുന്നു. ചിലപ്പോള്‍ സന്ധികളുടെ ചുറ്റുമുള്ള മാംസപേശികളിലേക്കുകൂടി വേദന വ്യാപിപ്പിക്കുന്നു. സന്ധികളുടെ ചലനം നിയന്ത്രിക്കപ്പെടുന്നു. ചുറ്റുമുള്ള മാസപേശികള്‍ക്ക് ബലക്ഷയം വരുന്നതിനനുസരിച്ച് സന്ധികളുടെ പ്രവര്‍ത്തനം കുറയുകയും കൂടുതല്‍ പ്രയാസകരമാവുകയും ചെയ്യുന്നു. സന്ധികളുടെ ആകൃതിക്ക് മാറ്റം വരുന്നു. നടക്കുമ്പോഴും മറ്റും സന്ധികള്‍ ചലിക്കുമ്പോള്‍ വേദന കൂടുകയും വിശ്രമിക്കുമ്പോള്‍ കുറയുകയും ചെയ്യുന്നു.

സിസ്റ്റമിക് ലൂപ്പസ് എറിത്തമെറ്റോസിസ് (എസ്എല്‍എ)


ശരീരത്തിലെ എല്ലാ സംയോജിതകലകളേയും ബാധിക്കാവുന്ന ജനിതകസ്വഭാവമുള്ള ഒരു രോഗമാണിത്. രോഗികളില്‍ സ്ത്രീ - പുരുഷ അനുപാതം 18:1 എന്നതാണ്. സൂര്യപ്രകാശം, അണുബാധ പ്രത്യേകിച്ചും വൈറസ്, മുറിവുകള്‍, ചില മരുന്നുകള്‍ എന്നിവയിലേതെങ്കിലും ശരീരത്തില്‍ ശരീരത്തിനെതിരായ ആന്റിബോഡികള്‍ രൂപം കൊള്ളുവാന്‍ ഇടയാക്കുന്നു. തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിജന്‍ - ആന്റിബോഡി പ്രതിപ്രവര്‍ത്തനത്തിന്റെ ഉല്‍പന്നങ്ങള്‍ കലകളില്‍ അടിയുകയും അത് നീര്‍ക്കെട്ടിന് കാരണമാവുകയും ചെയ്യുന്നു. ഇതാണ്
രോഗോല്പത്തിയുടെ പശ്ചാത്തലം.

ലക്ഷണങ്ങള്‍


സന്ധികളില്‍ വേദന, ക്ഷീണം, ബലക്കുറവ്, പനി, ത്വക്കില്‍ തിണര്‍പ്പുകള്‍, ഭാരക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങല്‍. വൃക്ക, കരള്‍, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്യുന്നു. ഗര്‍ഭിണികള്‍ക്ക് അസുഖ ലക്ഷണങ്ങള്‍ കൂടുതലായി കാണുന്നു. പ്രസവം നേരത്തെയാവുകയും ചെയ്യും. റുമറ്റോയിഡ് ആര്‍ത്രൈറ്റിസിലേതുപോലെ ചികിത്സ കൊണ്ട് കുറയുകയും കുറച്ചുനാള്‍ കഴിഞ്ഞ് വീണ്ടും ഉണ്ടാവുകയും ചെയ്യുന്നു. വാതരോഗത്തിനുള്ള ചികിത്സകള്‍ തന്നെയാണ് ഇതിലും ചെയ്യുന്നത്.

സ്‌ക്ലീറോഡെര്‍മ


സംയോജിതകലയെ (കണക്ടീവ് ടിഷ്യു) ബാധിക്കുന്ന ഒരു ജനിതക രോഗമാണിത്. ഈ രോഗമുള്ളവരുടെ ശരീരത്തില്‍ കൊല്ലാജന്‍ എന്ന പ്രോട്ടീന്റെ അമിതോല്പാദനം കാണുന്നു. ഇത് ഫൈബ്രോസിസ് എന്ന പ്രക്രിയ വര്‍ധിപ്പിക്കുന്നു. സ്ത്രീകളിലാണ് കൂടുതലായും ഈ രോഗം കണ്ടുവരുന്നത്. പേരുപോലെ ക്രമാനുഗ്രതമായി വര്‍ധിച്ചുവരുന്നതും ത്വക്കില്‍ നിറഭേദവും കട്ടിയും ഉണ്ടാക്കുന്നതുമാണ് ഈ രോഗം.

സോറിയാറ്റിക് ആര്‍ത്രൈറ്റിസ്


ത്വക്കില്‍ നിന്നും ചാരനിറത്തിലുള്ള ചെതുമ്പലുകള്‍ കോഴിഞ്ഞുപോവുകയും തൊലി കട്ടികൂടി രൂക്ഷമായിരിക്കുകയും ചെയ്യും. ചെതുമ്പലുകള്‍ കൊഴിഞ്ഞുപോകുമ്പോള്‍ രക്തം പൊടിയുകയും ചൊറിച്ചിലും ലക്ഷണമായി കാണപ്പെടുന്ന ത്വക്ക് രോഗമാണ് സോറിയാസിസ്. തലയോട്ടി, കഴുത്ത്, കൈമുട്ടുകല്‍, കാല്‍മുട്ടുകല്‍ എന്നിവയിലാണ് കൂടുതലായി ഈ രോഗം കണ്ടുവരുന്നത്. കാലക്രമത്തില്‍ ഇതോടൊപ്പം തന്നെ സന്ധിവാതലക്ഷണങ്ങളും കാണപ്പെടുന്ന അവസ്ഥയാണ് സോറിയാറ്റിക് ആര്‍ത്രൈറ്റിസ്.
uploads/news/2019/04/303228/Sandhivatham220419d.jpg

സന്ധികളില്‍ ചൊറിച്ചിലും നടുവേദനയും വിരലുകളില്‍ വ്രണങ്ങളും ഇവരില്‍ സാധാരണമാണ്. സന്ധിവാതരോഗലക്ഷണങ്ങള്‍ പൊതുവെ കുറഞ്ഞ തോതിലേ ഉണ്ടാവുകയുള്ളൂ. വിരലുകള്‍ വീര്‍ത്തിരിക്കുകയും നഖങ്ങള്‍ കുഴിഞ്ഞ് കട്ടികൂടിയിരിക്കുകയും ചെയ്യും. ഈ രോഗം ഏതു പ്രായത്തിലുള്ളവര്‍ക്കും വരാമെങ്കിലും ഇരുപതിനും മുപ്പതിനും ഇടയിലുള്ള സ്ത്രീകളിലാണ് കൂടുതലും കണ്ടുവരുന്നത്.

റെയിട്ടേഴ്‌സ് സിന്‍ഡ്രോം


രോഗകാരണം വ്യക്തമല്ലെങ്കിലും അതിസാരം, മൂത്രമാര്‍ഗത്തിലുള്ള അണുബാധ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായതിനുശേഷം അനുബന്ധമായുണ്ടാകുന്ന സന്ധിരോഗമാണിത്. മൂത്രകൃച്ഛം, നേത്രപടലത്തിലുള്ള അണുബാധ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരം രോഗികളില്‍ എണ്‍പതുശതമാനം പേരിലും എച്ച്എല്‍ഏബി27 (HLAB27) പോസിറ്റീവ് ആയിരിക്കും. നട്ടെല്ലിലെ സന്ധികള്‍ പ്രത്യേകിച്ച് കടീപ്രദേശത്ത് നീര്‍ക്കെട്ടും വേദനയുമുണ്ടായിരിക്കും. ചിലരില്‍ വായിലും കൈത്തലം, പാദം എന്നിവിടങ്ങളിലും കുരുക്കളും പഴുപ്പും ഉണ്ടാവാറുണ്ട്.

അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ്


അസ്ഥികളുടെ രാസപരമായ ഘടനയില്‍ കാര്യമായ മാറ്റം വരാതെ തന്നെ അതിന്റെ കട്ടികുറയുന്ന അവസ്ഥയാണ് അസ്ഥിക്ഷയം. അസ്ഥികളുടെ കട്ടി കുറഞ്ഞ് ക്രമേണ പെട്ടെന്ന് ഒടിയുവാന്‍ തക്ക രീതിയില്‍ ക്ഷയിച്ചുവരുന്നു. സാധാരണ 50 വയസുവരെ അസ്ഥികളുടെ നിര്‍മ്മാണവും ക്ഷയവും പ്രത്യേക അനുപാതത്തില്‍ നടക്കുന്നതിനാല്‍ അസ്ഥിക്ഷയം ഉണ്ടാകുന്നില്ല.

50 വയസിനുശേഷം അസ്ഥികള്‍ ക്ഷയിക്കുന്നതിന്റെ തോത് നിര്‍മ്മാണത്തിന്റേതിനേക്കാള്‍ കൂടുതലാവന്നു. രോഗകാരണം വ്യക്തമല്ലെങ്കിലും വിറ്റമിനുകളുടെ ആഗിരണവുമായി ബന്ധപ്പെട്ട ജനിതക ത്തകരാറുകള്‍ ഒരു കാരണമായി കരുതുന്നു.

ആന്‍ഗിലോസിസ് സ്‌പോണ്ടിലൈറ്റിസ്


നട്ടെല്ലിലെ സന്ധികളില്‍ ഉണ്ടാവുന്ന ജനിതക സ്വഭാവമുള്ള സന്ധിവാതമാണിത്. ഇവരില്‍ എച്ച്എല്‍ഏബി27 പോസിറ്റീവ് ആയിരിക്കും. നടുവേദനയും കാലുകളില്‍ വേദനയുമാണ് ആദ്യം അനുഭവപ്പെടുക. അരക്കെട്ട്, തോള്‍സന്ധി ഇവയും ഇതിലുള്‍പ്പെടും. നട്ടെല്ല് കാലക്രമത്തില്‍ കൂടുതല്‍ രൂക്ഷമായി വളഞ്ഞ് രോഗി കുനിഞ്ഞ് പോകുന്ന അവസ്ഥയിലാവുന്നു.

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഏറ്റവുമധികം വൈകല്യമണ്ടാവുന്ന അവസ്ഥയാണിത്. 20-30 വയസ് പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതലും ഇത് ബാധിക്കുന്നത്. ഓസ്റ്റിയോആര്‍ത്രൈറ്റിസില്‍ നിന്ന് വ്യത്യസ്തമായി ഇത് സന്ധികളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന രോഗമാണ്. കണ്ണുകള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെയും അപൂര്‍വമായി ശ്വാസകോശങ്ങളേയും ബാധിക്കുന്നു. കണ്ണിനെയാണ് കൂടുതല്‍ ബാധിക്കുക.

സന്ധിവാതം കണ്ടെത്താന്‍ പരിശോധനകള്‍


രോഗനിര്‍ണയത്തിന് ആധുനിക ശാസ്ത്രീയോപകരണങ്ങളും പരിശോധനാമാര്‍ഗങ്ങളും ആയുര്‍വേദം സ്വീകരിക്കുന്നുണ്ട്. സന്ധിവാതത്തിന് ചികിത്സ നിശ്ചയിക്കുന്നതിന് താഴെ പറയുന്ന പരിശോധനകള്‍ സഹായകരമാണ്.

രക്തപരിശോധന


1. ഇഎസ്ആര്‍: അണുബാധ, സന്ധികളിലെ വ്രണശോഷം (ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ്), ജനിതകരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ അവസ്ഥകളിലും പ്രായാധിക്യത്തിലും കൂടുതലായിരിക്കും. സാധാരണനിലയില്‍ ഇ.എസ്.ആര്‍ 46 mm/hr ആണ്.

2. സി റിയാക്ടീവ് പ്രോട്ടീന്‍ (സിആര്‍പി): സാധാരണയ പ്ലാസ്മയില്‍ ഈ പ്രോട്ടീന്‍ കാണപ്പെടുന്നില്ല. എന്നാല്‍ ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസില്‍ ഇത് വിവിധ തരത്തില്‍ കാരണപ്പെടുന്നു. റുമറ്റോയിഡ് ആര്‍ത്രൈറ്റിസില്‍ ഇഎസ്ആര്‍, സിആര്‍പി എന്നിവ കൂടുതലായിരിക്കും.

3. സെറളോജിക്കല്‍ മാര്‍ക്കേഴ്‌സ്: രക്തത്തിലെ സിറത്തില്‍ സന്ധിവാതത്തിനനുകൂലമായ റുമറ്റോയിഡ് ഫാക്ടര്‍, ആന്റി ന്യൂക്ലിയാര്‍ ആന്റിബോഡീസ്, ആന്റിസ്‌ട്രെപ്‌റ്റോലൈസിന്‍ ഒ ടിറ്റര്‍ എന്നിവയുടെ സാന്നിധ്യവും അളവിലുള്ള വര്‍ധനവും ഉണ്ടായിരിക്കും.

4. യൂറിക് ആസിഡ്: രക്തത്തിലെ യൂറിക്ക് ആസിഡിന്റെ തോത് സാധാരണ നിലയില്‍ 3.0 മുതല്‍ 6.0 mg/100 ml.ആണ്. ഗൗട്ട് രോഗികളില്‍ ഈ അളവ് കൂടുതലായിരിക്കും.

5. ബ്ലഡ് ഗ്ലൂക്കോസ് പരിശോധന: പ്രമേഹരഗികള്‍ക്ക് കാലപ്പഴക്കം കൊണ്ട് വാതരോഗം (ഡയബറ്റിക് ന്യൂറോപതി) വരാന്‍ സാധ്യത കൂടുതലാണ്.

മൂത്രപരിശോധന


വാതരോഗങ്ങള്‍, വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ മൂത്രപരിശോധനയില്‍ രക്തകോശങ്ങള്‍, പ്രോട്ടീനുകള്‍, പഴുപ്പ് മുതലായവ കാണുന്നു. ചില ഔഷധങ്ങളുടെ പാര്‍ശ്വഫലമായും ഇത്തരത്തില്‍ കാണപ്പെടാം.
uploads/news/2019/04/303228/Sandhivatham220419e.jpg

ബയോ കെമിക്കല്‍ ടെസ്റ്റ്


1. ആര്‍ത്രോസ്‌കോപി ആന്‍ഡ് സൈനോവിയല്‍ ബയോപ്‌സി: ആര്‍ത്രോസ്‌കോപ് ഉപയോഗിച്ച് സന്ധിയുടെ തകരാറുകല്‍ മനസിലാക്കുന്നു. അരിത്രോസ്‌കോപ് ഉപയോഗിച്ച് ബയോപ്‌സിയും വിവിധ ശസ്ത്രക്രിയകലും ചെയ്യുവാന്‍ കഴിയും.

2. ഡിറ്റര്‍മിനേഷന്‍ ഓഫ് എച്ച്.എല്‍.എ സ്റ്റാറ്റസ്: ആംഗിലോസിംഗ് സ്‌പോണ്ടിലൈറ്റിസ് സീറോ നെഗറ്റീവ് സ്‌പോണ്ടിലോ ആര്‍ത്രോപതി എന്നിവയില്‍ എച്ച്എല്‍എബി27 പോസിറ്റീവ് ആയിരിക്കും.

3. സൈനോവിയല്‍ ദ്രാവക പരിശോധന: സന്ധികളിലെ അണുബാധ പെട്ടെന്ന് മനസിലാക്കാന്‍ കഴിയും. സന്ധികളില്‍ നീര്‍ക്കെട്ടുള്ളപ്പോള്‍ സൈനോവിയല്‍ ദ്രാവകം കട്ടികുറഞ്ഞും കലങ്ങിയും ധാരാളം കോശങ്ങള്‍ അടങ്ങിയതുമായിരിക്കും.

എംആര്‍ഐ


സന്ധിവാതരോഗം കൃത്യമായി നിര്‍ണ്ണയിക്കുന്നതിനും പ്രത്യേകിച്ച് രോഗം ബാധിച്ച ഭാഗം കൃത്യമായി കണ്ടെത്തുന്നതിനും സഹായിക്കുന്നു.

എക്‌സ്‌റേ


രോഗത്തിന്റെ പഴക്കത്തിനനുസരിച്ച് അസ്ഥികളുടെ തേയ്മാനവും മറ്റും മനസ്ിലാക്കുന്നതിന് ഉപകരിക്കും.

അള്‍ട്രാസോണോഗ്രാഫി


എക്‌സ്‌റേയിലൂടെ കണ്ടുപിടിക്കാന്‍ കഴിയാത്ത സോഫ്ട് ടിഷ്യു അബ്‌നോര്‍മാലിറ്റീസ്, സൈനോവിയല്‍ സിസ്റ്റ് എന്നിവ വ്യക്തമായി മനസിലാക്കുവാന്‍ സഹായിക്കുന്നു.

ബോണ്‍ സിന്റിഗ്രഫി


നട്ടെല്ലിലെ രോഗാവസ്ഥകള്‍, കശേരുക്കള്‍ക്കിടയിലുള്ള തകരാറുകള്‍, ഇടുപ്പു സന്ധിയിലെ തകരാറുകള്‍ തുടങ്ങിയവ വ്യക്തമായി അറിയുവാനും നടുവേദനയുടെ യഥാര്‍ഥ കാരണം മനസിലാക്കുവാനുബോണ്‍ സിന്റിഗ്രഫി ഉപകരിക്കുന്നു.

സന്ധിവാത രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍


1. പോഷകഗുണം നഷ്ടപ്പെടാതെ ആഹാരം ഉപയോഗിക്കണം.
2. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ട പാത്രങ്ങളും മറ്റ് സാധനങ്ങളും ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ അടുക്കളയില്‍ സജ്ജമാക്കണം.
3. ഭാരമുള്ളവ എടുക്കുമ്പോഴും മറ്റും വിരലുകള്‍ മാത്രമുപയോഗിക്കാതെ രണ്ടു കൈത്തലങ്ങളും ഉപയോഗിക്കണം.
4. തെന്നിവീഴാതിരിക്കുവാനും അധികം കുനിയാതിരിക്കുവാനും ശ്രദ്ധിക്കണം.
5. പാകം ചെയ്യുവാന്‍ സൗകര്യത്തിന് പാകത്തിലുള്ള ഉയരത്തില്‍ അടുപ്പും പാത്രങ്ങളും വെക്കുക.
6. പാദരക്ഷകള്‍ ഉപയോഗിക്കുമ്പോള്‍ സമ്മര്‍ദമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
7. ഉയരത്തിലുള്ള കസേരയില്‍ ഇരുന്ന് ശീലിക്കുക.
8. കൈകള്‍ വശങ്ങളില്‍ വെയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ള കസരേയാവണം
9. പടികള്‍ കയറുന്നത് കഴിയുന്നതും ഒഴിവാക്കുക.
10. മാനസീക പിരിമുറുക്കങ്ങളുണ്ടാവുമ്പോള്‍ മാംസപേശികള്‍ക്കുണ്ടാകുന്ന സങ്കോചംമൂലം വേദന കൂടുന്നു.
11. വേദനാസംഹാരികല്‍ സന്ധിവാതരോഗത്തെ ശമിപ്പിക്കുകയില്ല. തല്‍ക്കാലം വേദനയെ ശമിപ്പിക്കുകയേ ഉള്ളൂ.
കൂടാതെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയു ചെയ്യും. അതിനാല്‍ വിദഗ്‌ധോപദേശ പ്രകാരം അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ അവ ഉപയോഗപ്പെടുത്തുവാന്‍ പാടുള്ളൂ.

ഡോ. ഹസീന റിയാസ്
ചീഫ് ഫിസിഷന്‍
ആയുഷ്‌കാമ്യം ആയുര്‍വേദ, കോഴിക്കോട്

Ads by Google
Monday 22 Apr 2019 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW