Tuesday, June 25, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 11.40 AM

ഒരുപാട് പേരുടെ മുന്നില്‍ വെച്ച് ഫീസ് കൂടുതല്‍ വേണമെന്ന് പറഞ്ഞപ്പോള്‍ തല കുനിച്ചു പോയ അമ്മ: പെട്ടെന്ന് കാണാനായി 400 രൂപ കൂടുതല്‍ വേണമെന്ന് മറ്റൊരു ആവശ്യം, 'ഡോക്ടര്‍' അനുഭവം പങ്കുവെച്ച് ദീപാ നിശാന്ത്

Facebook post,  Deepa Nishanth

ജീവിതത്തില്‍ പലപ്പോഴായി തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഡോക്ടര്‍ അനുഭവത്തെക്കുറിച്ച് കുറിപ്പുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ജീവിതത്തില്‍ അഭിമാനം തോന്നിയതും തല കുനിക്കേണ്ടി വന്നതും പരിഹാസം തോന്നിയതുമായ ഡോക്ടര്‍ അനുഭവങ്ങളാണ് ദീപാ നിശാന്ത് പങ്കുവെച്ചിരിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ അമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാന്‍ പോകുകയും, ഫീസ് കൂട്ടിയതറിയാതെ കുറഞ്ഞ ഫീസ് നല്‍കിയ അമ്മയോട് കൂട്ടിയ തുക ചോദിച്ചു വാങ്ങിയപ്പോള്‍ തല കുനിച്ചുപോയ അനുഭവവും ദീപാ നിശാന്ത് പങ്കുവെയ്ക്കുന്നു. ത്വക്ക് രോഗ വിദഗ്ധനെ കാണാന്‍ പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഡോക്ടർമാരെക്കുറിച്ച് നല്ലതും ചീത്തയുമായ ധാരാളം ഓർമ്മകളുണ്ട്. പനിയുമായി ചെല്ലുമ്പോൾ വാത്സല്യത്തോടെ തലയിൽ തടവി രോഗവിവരങ്ങളന്വേഷിക്കുന്നവരുണ്ട്. ലോകത്ത് നിസ്സംഗത കണ്ടു പിടിച്ചതേ ഇവർക്കു വേണ്ടിയാണെന്ന് തോന്നും മട്ടിൽ പെരുമാറുന്നവരുമുണ്ട്.

കുട്ടിക്കാലത്ത് പനി വന്നാൽ രണ്ടു സ്റ്റോപ്പിനപ്പുറമുള്ള ഒരു ജനറൽ ഫിസിഷ്യന്റെ അടുത്താണ് പോകാറുണ്ടായിരുന്നത്.ഒരിക്കൽ അമ്മയും ഞാനും ഡോക്ടറെ കണ്ട് മടങ്ങവേ ഗേറ്റിനടുത്തെത്തിയപ്പോൾ പുറകിൽ നിന്നും ഒരു കൈകൊട്ട്. ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ ഡോക്ടറാണ്. കാണാൻ വന്ന രോഗികൾ ചുറ്റുമുണ്ട്.

" ഇരുപത്തഞ്ച് രൂപ കൂടി വേണം... ഫീസ് കൂട്ടി "

അത്രയും പേരുടെ മുന്നിൽ വെച്ച് അത് പറഞ്ഞപ്പോഴാകണം, അമ്മയുടെ മുഖം വിളറി വെളുത്തു.അമ്മ തിടുക്കത്തിൽ പേഴ്സ് തുറന്ന് പൈസയെടുത്ത് ഡോക്ടർക്കു നേരെ നടന്നു.

"അറിഞ്ഞില്ല '' എന്നോ മറ്റോ ആയിരിക്കണം അമ്മ പറഞ്ഞത്. അതിനു മറുപടിയായി അയാൾ വാതിലിനു മുകളിൽ ഒട്ടിച്ചിരിക്കുന്ന കടലാസിനു നേർക്ക് വിരൽ ചൂണ്ടി. അവിടെ പുതുക്കിയ ഫീസെഴുതിയിരിക്കണം.

പൈസ വാങ്ങി ഡോക്ടർ അകത്തേക്കു നടന്നു. തലകുനിച്ച് അമ്മ പുറത്തേക്കും.

" എന്തൊരു മനുഷ്യനാണ്!" എന്ന് പിറുപിറുത്താണ് അമ്മ ബസ് സ്റ്റോപ്പിലേക്ക് എന്നെയും കൂട്ടി നടന്നത്.വീട്ടിലെത്തിയപ്പോൾ മുതിർന്നവർ തമ്മിൽ ഇക്കാര്യം ചർച്ച നടത്തിയതോർമ്മയുണ്ട്.

പിന്നെ ആ ഡോക്ടറുടെ അടുത്തേക്ക് പോയിട്ടില്ല. പക്ഷേ ഇപ്പോഴും ആ ഡോക്ടറെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ആ കൈ കൊട്ടലിന്റെ ശബ്ദമാണ്. അമ്മയുടെ പതർച്ചയാണ്.

ഒന്നു രണ്ടു വർഷം മുൻപ്, കൈത്തണ്ടയിൽ ഒരലർജി വന്നപ്പോൾ നാട്ടിലെ പ്രശസ്തനായ ത്വക് രോഗ വിദഗ്ധനെ കാണാൻ പോയത് ഞാനും നിശാന്തും കൂടിയാണ്.നിരവധി പേർ കാണാനെത്തുന്ന ഡോക്ടറാണ്. കുറേപ്പേർ കാത്തിരിപ്പുണ്ട്. റിസപ്ഷനിലിരിക്കുന്ന പെൺകുട്ടി ഞങ്ങളെ അടുത്തേക്കു വിളിച്ചു.

"വേഗം കാണണോ? "

"ഏ?''

എനിക്ക് കാര്യം മനസ്സിലായില്ല.

" പെട്ടെന്ന് കാണണമെങ്കിൽ 400 രൂപ. അല്ലെങ്കിൽ 200. "

എന്തു വേണമെന്ന മട്ടിൽ നിശാന്ത് എന്നെ നോക്കിയപ്പോഴേക്കും ഞാനവരോട് പറഞ്ഞു:

" പെട്ടെന്ന് കാണണ്ട !"

ഫീസ് കൊടുത്തപ്പോൾ നമ്പറെഴുതിയ ഒരു കടലാസും ഒപ്പം ഒരു നോട്ടീസും കിട്ടി. അവിടെയുള്ള കസേരയിലിരുന്നപ്പോഴാണ് ഞാനാ നോട്ടീസ് വായിച്ചത്.അതിൽ കുറേ നിർദ്ദേശങ്ങളുണ്ടായിരുന്നു.
'വട്ടച്ചൊറിയുണ്ടെങ്കിൽ നിങ്ങളത് ഏറ്റവും വേണ്ടപ്പെട്ടവരോട് പറയാൻ മടിക്കരുത്. ചൊറിച്ചിലുള്ള ഭാഗത്ത് കൈ കൊണ്ടു നിങ്ങൾ സ്പർശിക്കുന്നത് രോഗം വർദ്ധിപ്പിക്കാനിടയുള്ളതിനാൽ കുടുംബാംഗങ്ങൾക്ക് ഓർമ്മപ്പെടുത്താൻ അതുപകരിക്കും'' എന്ന നിർദ്ദേശം വായിച്ചപ്പോൾ എനിക്ക് ചിരിയടക്കാനായില്ല. ഞാനത് ചൂണ്ടിക്കാട്ടിയപ്പോൾ നിശാന്ത് ചിരിയമർത്തി പറഞ്ഞു.

" ചിരിക്കാണ്ടിരിക്ക്.ആളുകൾ ശ്രദ്ധിക്കും''

ശരിയാണ്. ഇത്തരം സ്ഥലങ്ങളിൽ നിസ്സംഗതയുടേയും ജീവിത നൈരാശ്യത്തിന്റേയും മുഖാവരണമണിഞ്ഞാണ് നമ്മളും ഇരിക്കേണ്ടത്. ഞാനും ഗൗരവത്തിലായി.

ഏത് മെഡിക്കൽ സ്റ്റോറിൽ നിന്നാണ് മരുന്നുകൾ വാങ്ങേണ്ടതെന്ന് അതിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.മരുന്നു വാങ്ങിയതിന്റെ രസീപ്റ്റ് അടുത്ത തവണ കൊണ്ടുവരണമെന്ന നിർദ്ദേശവുമുണ്ട്.

കുറേക്കഴിഞ്ഞാണ് ഡോക്ടറെ കാണാൻ കഴിഞ്ഞത്. ഒട്ടും ആർദ്രതയില്ലാത്ത കണ്ണുകളോടെ അയാൾ ഞങ്ങളെ നോക്കി.

"ആർക്കാ ?" എന്ന ചോദ്യം കേട്ടപ്പോൾ നിശാന്ത് എനിക്കു നേരെ വിരൽ ചൂണ്ടി.

ഞാനാ കസേരയിലിരുന്നു.

" ഊം? " എന്നൊരു പുരികമുയർത്തൽ .

ഞാനെന്റെ കയ്യിലെ വൃത്താകൃതിയിലെ അടയാളം കാട്ടിക്കൊടുത്ത് പറയാനാരംഭിച്ചപ്പോഴേക്കും അയാളത് അലക്ഷ്യമായി ഒന്ന് നോക്കി ചോദിച്ചു.

"എത്ര നാളായി? "

"ഒന്ന് രണ്ട് മാസായി " എന്ന് ഞാൻ പറഞ്ഞതും "രണ്ട് മൂന്നാഴ്ചയായിക്കാണു''മെന്ന് നിശാന്ത് പറഞ്ഞതും ഒരേ സമയത്തായിരുന്നു.

ഡോക്ടർ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി.

"രണ്ടാളും കൂടി ആദ്യം ഒരു തീരുമാനത്തിലെത്ത് !"

'ആരോഗ്യനികേതന 'ത്തിലെ ജീവൻ മശായ് എന്റെയുള്ളിൽക്കിടന്നു തിളച്ചുമറിഞ്ഞു.ആ പുസ്തകം വാങ്ങി ഇയാൾക്കയച്ചുകൊടുത്താലോ എന്നാണ് ആ സമയത്ത് എനിക്കു തോന്നിയത്. രോഗികളോട് പെരുമാറാൻ പഠിക്കട്ടെ ആദ്യം.

പിന്നെ സംസാരിച്ചതു മുഴുവൻ നിശാന്താണ്. എന്റെ ഒരസുഖോം ഇയാള് മാറ്റണ്ടാന്ന ചിന്തയോടെ ഞാനെന്റെ പ്രതിഷേധം മുഴുവൻ അടക്കിപ്പിടിച്ച് അവിടെയിരുന്നു.

അയാൾ മരുന്നുകളുടെ നീണ്ട ലിസ്റ്റെഴുതി ഞങ്ങൾക്കുനേരെ നീട്ടി.

"വാങ്ങേണ്ട മെഡിക്കൽ ഷോപ്പറിയില്ലേ?" എന്ന ചോദ്യത്തിന് മറുപടി പറയാതെ ഞാനെഴുന്നേറ്റ് പുറത്തേക്ക് നടന്നു.

നിശാന്ത് പുറത്തേക്ക് വന്നപ്പോൾ ആ ലിസ്റ്റ് വാങ്ങി.

" എന്തേ?"

"ഒന്നൂല്ല.ഞാൻ വാങ്ങിച്ചോളാ"

" പോണ വഴിക്ക് വാങ്ങാം ''

" വേണ്ട. നേരം വൈകി. വീട്ടിലേക്ക് പോകാം "

* * * *

പരിചയപ്പെട്ട എല്ലാ ഡോക്ടർമാരും ഇങ്ങനെയായിരുന്നില്ല.സ്നേഹാർദ്രമായ മുഖത്തോടെ ഗർഭകാലത്ത് പരിചരിച്ച എലിസബത്ത് ഡോക്ടറും ബെറ്റ്സി ഡോക്ടറും അനിത ഡോക്ടറും മക്കൾക്കസുഖം വരുമ്പോൾ ആശ്വാസവാക്കുകളുമായി ഉള്ളിൽ ലേപനം പുരട്ടിയ സുനിൽഡോക്ടറും ജോസ് ഡോക്ടറുമൊക്കെ മനസ്സിലുണ്ട്.

' പത്തുരൂപാ ഡോക്ടർ ' എന്ന് വിളിപ്പേരുള്ള ഡോ.തുളസി മരിച്ച വാർത്ത ഇന്ന് പത്രത്തിൽ വായിച്ചപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി. അവരെ കണ്ടിട്ടില്ല. പക്ഷേ അവരെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. മുപ്പതുവർഷത്തോളമായി വീടിനോടു ചേർന്ന് പട്ടിക്കാട് പീച്ചി റോഡിൽഅവർ നടത്തിവരുന്ന ക്ലിനിക്കിനെപ്പറ്റി വായിച്ചിട്ടുണ്ട്. പത്തു രൂപയുമായി അവരുടെയടുത്ത് ചെയ്യുന്ന സാധുക്കളെപ്പറ്റി കേട്ടിട്ടുണ്ട്. പാണഞ്ചേരിക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ ട്രെയിനിൽ നിന്നു മോഷ്ടാക്കളുടെ ആക്രമണത്തിൽ പുറത്തേക്ക് തെറിച്ച് വീണാണ് മരിച്ചതെന്ന് കേൾക്കുന്നു. വിശദാംശങ്ങളറിയില്ല.

അവരെന്റെ ആരുമല്ലാതിരുന്നിട്ടു കൂടി അവരീ ഭൂമിയിൽ കുറേക്കാലം കൂടി ഉണ്ടാകണമായിരുന്നെന്ന തോന്നൽ ശക്തമാകുന്നു..

അവരെപ്പോലുള്ളവർ എത്ര പേരുടെ ആശ്വാസവും അഭയവുമായിരുന്നു!

എത്ര വിലപ്പെട്ട ഒരു ജീവനാണ് നഷ്ടപ്പെട്ടത്..

നമ്മുടെ ട്രെയിനുകളിൽ യാത്രക്കാർ ഇപ്പോഴും സുരക്ഷിതരല്ല.. കുറേക്കൂടി സുരക്ഷാ ക്രമീകരണങ്ങൾ ഇത്തരമിടങ്ങളിൽ ഒരുക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്കു കൂടി ഈ വിയോഗം വിരൽ ചൂണ്ടുന്നുണ്ട്.

പ്രിയപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW