Tuesday, June 18, 2019 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 11.01 AM

ഇന്ന് ഞാന്‍ ഹരിണി ചന്ദന, സിനിമയിലെ നായിക, അന്ന് അന്നത്തിനായി അന്യന്റെ മുന്നില്‍ കൈനീട്ടിയിരുന്നവന്‍, അപ്പച്ചന്റെയും അമ്മച്ചിയുടെയും മൂത്ത മോന്‍

''പുരുഷ ശരീരത്തില്‍ പെണ്‍മനസുമായി ജീവിക്കാന്‍ കൊതിച്ച് ഒടുവില്‍ തന്റെ ആഗ്രഹംപോലെ ജീവിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഹരിണി ചന്ദന.''
uploads/news/2019/04/303202/harinichandana220419.jpg

ഞാന്‍ ഹരിണി ചന്ദന... വരുമോരോ ദശ വന്ന പോലെ പോംം ആശാന്‍ പാടിയത് എത്ര ശരിയാണെന്നോ... ഇന്നു ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നു. ടിവി പരിപാടികളില്‍ പങ്കെടുക്കുന്നു. ചിലരെങ്കിലും എന്നെ തിരിച്ചറിയുന്നു. അംഗീകരിക്കുന്നു. എന്നാല്‍ ഈ വര്‍ണ്ണനകള്‍ ഒന്നുമില്ലാതിരുന്ന ഒരു ഞാന്‍ ഉണ്ടായിരുന്നു.

കണ്ണെഴുതി പൊട്ടുതൊട്ട് കയ്യില്‍ കുപ്പിവളയും കാലില്‍ പാദസരവുമണിഞ്ഞ് നടക്കാന്‍ കൊതിച്ചിരുന്ന ഞാന്‍. പരിഹാസങ്ങളും കുത്തുവാക്കുകളും മാത്രം കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്തിരുന്ന ഒരു പൂര്‍വകാലം. ഒരു നേരത്തെ ഭക്ഷണത്തിനായി അന്യന്റെ മുന്നില്‍ കൈനീട്ടിയിരുന്ന ഒരു കാലം...

അവിടെനിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാണ് എന്റെ ജീവിതം. ഞാന്‍ എന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞ് അതു നേടിയെടുക്കാന്‍ നടത്തിയ അതിജീവനത്തിന്റെ കഥ. ഉള്ളുപൊള്ളിക്കുന്ന യാഥാര്‍ഥ്യത്തിന്റെ കഥ.....

കുട്ടിക്കാലം...


ആരാലും അറിയപ്പെടാതിരുന്ന, ഇന്ന് സജിയുടെയും ബേബിമോളുടെയുമെല്ലാം നാടായ കുമ്പളങ്ങിയാണ് എന്റെയും നാട്. എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും മൂത്ത മോനായിരുന്നു ഞാന്‍. വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം 14-ാം വയസ്സില്‍ പത്താം ക്ലാസുകൊണ്ട് പഠിപ്പ് നിര്‍ത്തി. അതിനുശേഷം പണിക്കുപോയി. എന്നാല്‍ അതിലൊന്നും തുടരാന്‍ എനിക്കു കഴിഞ്ഞില്ല. എന്റെയുള്ളിലെ പെണ്ണനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളാവാമതിനു കാരണം.

പഠിച്ചിരുന്ന കാലത്ത് തന്നെ എനിക്ക് പെണ്‍കുട്ടികളോട് കൂട്ടുകൂടാന്‍ ആയിരുന്നു ഇഷ്ടം. അവരെ പോലെയാകാന്‍ ഞാന്‍ വല്ലാതെ മോഹിച്ചിരുന്നു. ഞാനും അവരില്‍ ഒരാള്‍ ആണെന്നേ എനിക്ക് തോന്നിയിരുന്നുള്ളൂ. ഓര്‍മവച്ച കാലംമുതല്‍ ഞാന്‍ ഇങ്ങനെയായിരുന്നു. ഒരു ആണ്‍കുട്ടിയല്ല ഞാന്‍ എന്ന ബോധം എനിക്ക് പൂര്‍ണ്ണമായി ഉണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ എന്നൊന്നും അന്നെനിക്കോ എന്റെ ചുറ്റും ഉള്ളവര്‍ക്കോ അറിയില്ലായിരുന്നു.

എന്റെ ഭാവങ്ങളിലും ചലനങ്ങളിലും എന്നും ഞാന്‍ ഒരു പെണ്‍കുട്ടിയായിരുന്നു. അതിന്റെ പേരില്‍ എനിക്കനുഭവിക്കേണ്ടി വന്നത് ചില്ലറ പ്രയാസങ്ങളല്ല. കുത്തുവാക്കുകള്‍, കളിയാക്കലുകള്‍, പരിഹാസങ്ങള്‍ അടക്കിപ്പിടിച്ചുള്ള ചിരികള്‍ അങ്ങനെ അങ്ങനെ... എന്നെ സ്‌നേഹിക്കുന്നു എന്നു ഞാന്‍ വിചാരിക്കുന്ന, ഞാന്‍ ഏറെ സ്‌നേഹിക്കുന്നവരില്‍ നിന്നുമെല്ലാം പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നപ്പോള്‍ തകര്‍ന്നു പോകുമായിരുന്നു. ഒപ്പം നില്‍ക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ... എനിക്ക് സംഭവിക്കുന്നത് എന്താണെന്ന് ആരോടും പറയാന്‍ കഴിയാത്ത അവസ്ഥ... ഇതെല്ലാം മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. അതുകൊണ്ടെല്ലാം തന്നെ എത്രയും പെട്ടന്ന് ഒരു പെണ്ണാവണം എന്ന് എനിക്ക് തോന്നി.

16 ാം വയസ്സിലാണ് ഞാന്‍ നാടുവിട്ടു പോകുന്നത്. ഇന്നും ആ യാത്രയെക്കുറിച്ചാലോചിക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. ലോകത്തെക്കുറിച്ച് ഒരു ബോധവുമില്ലാത്ത, ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാത്ത പ്രായത്തില്‍ ഞാന്‍ വണ്ടി കയറി. ഇത്രയും വലിയ തീരുമാനം എടുക്കാനുള്ള ശക്തി എവിടെനിന്നാണ് ഉണ്ടായതെന്ന് എനിക്കറിയില്ല. ബംഗളൂരുവിലേക്കായിരുന്നു യാത്ര.

uploads/news/2019/04/303202/harinichandana220419a.jpg

ബംഗളൂരൂ നഗരത്തിന്റെ വരവേല്‍പ്പ്


ഭാഷയറിയില്ല, എന്ത് ചെയ്യണമെന്നും. ആദ്യമായാണ് ഒരു പുതിയ നഗരത്തില്‍. അവിടെ ഞാന്‍ ആദ്യം ഒരു മുറിയെടുത്തു. അവിടുത്തെ സ്ഥലങ്ങള്‍ എനിക്കറിയില്ലായിരുന്നു. ഞാന്‍ ഏതു സ്ഥലത്താണ് അപ്പോള്‍ ഉണ്ടായിരുന്നതെന്നുപോലും. അങ്ങനെ വലിയൊരു ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് പുറത്തുനിന്നും ആരുടെയൊക്കെയോ കൈകൊട്ടലുകള്‍ കേള്‍ക്കുന്നത്.

തമിഴ്നാട്ടില്‍ നിന്നുള്ള കുറച്ചു ട്രാന്‍സ്ജന്‍ഡേഴ്‌സ് ആയിരുന്നു അത്. എനിക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി. ഞാന്‍ അവരോട് ഉള്ളുതുറന്ന് സംസാരിച്ചു. എനിക്കും നിങ്ങളെപോലെയാവണം എന്നു പറഞ്ഞു. ഒരുമടിയും കൂടാതെ അവരെന്നെ കൂടെകൂട്ടി. ഭിക്ഷാടനം ചെയ്തായിരുന്നു ആ കാലത്ത് ഞാന്‍ ജീവിച്ചത്. അവിടെ നിന്നാണ് നന്ദിനിയമ്മയെയും ശൈലജാമ്മയെയും ആദ്യമായി കാണുന്നത്. പിന്നീട് കുറച്ചുകാലം ശൈലജാമ്മയുടെ വീട്ടില്‍ ആയിരുന്നു താമസം.

നാട്ടിലേക്ക് വീണ്ടും...


ബംഗളുരുവില്‍ താമസിക്കുന്ന കാലത്ത് പെട്ടെന്നുണ്ടായ മഞ്ഞപ്പിത്തം എന്നെ തളര്‍ത്തികളഞ്ഞു. ചികില്‍സയ്ക്കു പണമില്ല. കൂടെയുള്ളവര്‍ക്ക് എന്നെ സഹായിക്കാനാകാത്ത അവസ്ഥ. നാട്ടിലേക്കു മടങ്ങുകയല്ലാതെ മറ്റൊരു വഴിയും തെളിഞ്ഞില്ല. എനിക്ക് നല്ല ഓര്‍മയുണ്ട്, ഒരു ദിവസം പുലര്‍ച്ചെ 6:30 നാണ് ഞാന്‍ എന്റെ വീട്ടിലേക്ക് ചെല്ലുന്നത്. മീന്‍ എക്സ്‌പോ ര്‍ട്ടിങ് കമ്പനിയില്‍ പണിയെടുക്കുന്ന അമ്മച്ചിക്കന്ന് നൈറ്റ്ഡ്യൂട്ടിയായിരുന്നു.

പണി കഴിഞ്ഞ് അമ്മച്ചി എത്തിയിരുന്നില്ല. അപ്പച്ചനാണ് എന്നെ വരവേറ്റത്. നാട്ടില്‍ നിന്നു പോകുമ്പോഴുണ്ടായിരുന്ന രൂപമായിരുന്നില്ല തിരിച്ചുവരുമ്പോള്‍. തോളുവരെ മുടി വളര്‍ത്തി, കാതും മൂക്കും കുത്തി... എന്റെ രൂപമാറ്റം അപ്പച്ചനില്‍ ആശങ്കകള്‍ ഉണര്‍ത്തി.
ഉടനെ തന്നെ അപ്പച്ചന്‍ എന്റെ മുടി മുറിച്ചു.

ആശുപത്രിയില്‍ കൊണ്ടു പോകും മുന്‍പ് ചില സത്യങ്ങളും ചെയ്യിച്ചു. ഇനി ആ വീട്ടില്‍ നിന്നും അവരെയെല്ലാം ഉപേക്ഷിച്ച് ഒരിക്കലും എങ്ങോട്ടും പോകില്ലെന്ന്. എട്ടു മണിയോടുകൂടി അമ്മച്ചി എത്തി. പ്രാര്‍ത്ഥനയ്ക്കു ശേഷം എന്നെ ആശുപത്രിയില്‍ കൊണ്ടു പോയി. ഞാന്‍ പൂര്‍ണമായി ഒരു പെണ്ണായി മാറിയോ എന്നറിയാനുള്ള സംശയം എനിക്കവരുടെ കണ്ണുകളില്‍ വായിച്ചെടുക്കാമായിരുന്നു.

വീണ്ടും ഒരു നാടുവിടല്‍...


ചികിത്സ എല്ലാം കഴിഞ്ഞു. കുറച്ചു നാളത്തേക്ക് അപ്പച്ചനും അമ്മച്ചിയും എന്നെ പുറത്തൊന്നും വിട്ടില്ല. ഞായറാഴ്ച്ച മാത്രം കറി കൂട്ടി ചോറുണ്ടിരുന്ന, ഞായറാഴ്ച്ച മാത്രം പാല്‍ ചായ കുടിച്ചിരുന്ന എന്റെ വീട്ടില്‍ നിന്നും അന്ന് അപ്പച്ചന്‍ എനിക്ക് ഒരു ഗ്ലാസ് ഹോര്‍ലിക്‌സ് തന്നു. ക്രിസ്മസ് സമയത്ത് ഇറച്ചി കൂടുതല്‍ തന്നു.

ഞാന്‍ ഒരിക്കലും അവരെ വിട്ടു പോകരുത് എന്നാണവര്‍ ആഗ്രഹിച്ചത്. എന്നാല്‍ അവര്‍ ഒരിക്കലും എന്നെ ഒരു പെണ്ണായി അംഗീകരിക്കാനും തയ്യാറായിരുന്നില്ല. എനിക്കവിടെ ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. വീണ്ടും ഒരു നാടുവിടലിനെക്കുറിച്ച് ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. ഒരു ദിവസം ഞാന്‍ വീട് വിട്ടിറങ്ങി.

യാത്രയില്‍ എനിക്കൊരു ഫോണ്‍ മാത്രം വന്നു, മേലാല്‍ കുമ്പളങ്ങിയില്‍ കാലുകുത്തി പോവരുത്. ഈ വാക്കുകള്‍ കഴിഞ്ഞ പത്തു വര്‍ഷം ഞാന്‍ അനുസരിച്ചു. ആ പത്തു വര്‍ഷവും, അവരെന്നെ അംഗീകരിക്കുന്നതും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പതിനൊന്നാം വര്‍ഷം പോലീസ് സംരക്ഷണത്തോടെ ഞാന്‍ നാട്ടിലെത്തി. അന്നൊരു ദുഃഖവെള്ളിയായിരുന്നു. ഞാന്‍ എന്റെ പള്ളിയില്‍ കുര്‍ബാന കൈക്കൊണ്ടു. സന്തോഷത്താല്‍ എന്റെ കണ്ണ് നിറഞ്ഞു.

uploads/news/2019/04/303202/harinichandana220419b.jpg

ഓടി ചെന്നെത്തിയ ലോകം


എറണാകുളത്തുനിന്നുള്ള എന്റെ ഓട്ടം ചെന്നെത്തിയത് കോഴിക്കോടായിരുന്നു. അവിടെ നിന്നു പിന്നെ മൈസൂരിലേക്ക്. മൈസൂര്‍ എനിക്കൊരത്ഭുതമായി... സ്ത്രീകളെ വെല്ലുന്ന സൗന്ദര്യത്തില്‍ പുരുഷന്മാരുടെ ശബ്ദത്തില്‍ സംസാരിക്കുന്നവര്‍. എന്താണതെന്നു മനസ്സിലായിയില്ല.

അവരെക്കുറിച്ചുള്ള അന്വേഷണമാണ് പിന്നീട് ഓപ്പറേഷനിലേക്ക് എത്തിച്ചത്. ഓപ്പറേഷന്‍ എന്താണെന്ന് എനിക്കറിയില്ലായിരുന്നു, ഓപ്പറേഷന് ശേഷം എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക എന്നും. എനിക്കൊരു പെണ്ണാവണം അത്രമാത്രം ആയിരുന്നു എന്റെ ആഗ്രഹം. 17 ാം വയസ്സില്‍ ആയിരുന്നു ഓപ്പറേഷന്‍.

നാട്ടുകാരും കൂട്ടുകാരും


ഓപ്പറേഷന് ശേഷം വലിയൊരു മാറ്റമാണ് എനിക്കുണ്ടായത് ഓര്‍മവച്ച നാള്‍ മുതല്‍ ഞാന്‍ ആഗ്രഹിച്ചത് ഞാന്‍ നേടിയിരിക്കുന്നു! ഞാന്‍ പെണ്ണായി മാറിയിരിക്കുന്നു. എന്നാല്‍ എന്റെ വീട്ടുകാര്‍ എന്നെ അംഗീകരിച്ചില്ല. ഇന്നും അവരെന്നെ അംഗീകരിക്കുന്നില്ല. നാട്ടുകാരും കൂട്ടുകാരും ഇന്നെനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.

ഓപ്പറേഷന്‍ കഴിഞ്ഞ് എന്നെ ആദ്യമായി സ്വീകരിക്കുന്നത് എന്റെ കൂട്ടുകാരന്‍ ഷാരോണും കുടുംബവും ആയിരുന്നു. എനിക്കവരോടു തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എനിക്ക് തെറ്റിയിട്ടില്ലെന്ന് എന്റെ നാട്ടുകാര്‍ പറയുന്നു. പണ്ട് കളിയാക്കിയ, കുത്തുവാക്കുകള്‍ പറഞ്ഞിരുന്നവര്‍ തിരിച്ചു പറയുന്നു. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്?

എന്തുകൊണ്ട് ഹരിണി ചന്ദന


ട്രാന്‍സ്ജന്‍ഡര്‍ കമ്യൂണിറ്റിയില്‍ എന്റെ ആദ്യപേര് അജിത എന്നായിരുന്നു. ആ സമയത്താണ് സൂപ്പര്‍ ഹിറ്റ് ചിത്രം ബോയ്‌സ് ഇറങ്ങുന്നത്. അതിലെ നായികയുടെ പേര് ഹരിണി എന്നായിരുന്നു. ഏത് നേരവും കുറുമ്പ് കാണിച്ചു നടക്കുന്ന എനിക്ക് കുറുമ്പിയായ ആ നായികയുടെ പേരിട്ടത് ചാന്ദിനി ചേച്ചിയായിരുന്നു. എനിക്ക് പേരിട്ട ചേച്ചിയെ എന്നും ഓര്‍ക്കാനായി ഞാന്‍ ഹരിണിയോടൊപ്പം ചന്ദന കൂടി ചേര്‍ത്തു...

ഐഡന്റിറ്റി ഇപ്പോഴും സ്ത്രീയല്ല...


ഓപ്പറേഷന്‍ ചെയ്ത് സ്ത്രീയായെങ്കിലും ഞാന്‍ ഇന്നും ട്രാന്‍സ്ജന്‍ഡര്‍ എന്ന ഐഡന്റിറ്റിയില്‍ തന്നെയാണ് ജീവിക്കുന്നത്. മറ്റൊന്നുമല്ല, സ്ത്രീ/പുരുഷന്‍ എന്നതിലപ്പുറം ഞാന്‍ ഒരു ട്രാന്‍സ്ജന്‍ഡര്‍ ആയി തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ട്രാന്‍സ് സെക്ഷ്വല്‍ ആയ എന്നെ എല്ലാവരും ട്രാന്‍സ്ജന്‍ഡര്‍ എന്നേ വിളിക്കൂ. ഒരു സ്ത്രീയാണെന്ന് എത്ര പറഞ്ഞാലും ട്രാന്‍സ്ജന്‍ഡര്‍ എന്നേ അഭിസംബോധന ചെയ്യൂ. പിന്നെന്തിന് അതില്‍ നിന്നു മാറണം. ട്രാന്‍സ്ജന്‍ഡേഴ്‌സിലും ഇത്രകഴിവുള്ളവരുണ്ടെന്ന് എല്ലാവരും അറിയട്ടെ.

ഇനിയൊരു ജന്മമുണ്ടെങ്കിലും എനിക്ക് ഇങ്ങനെ തന്നെ ജനിച്ചാല്‍ മതി. ഒരു പെണ്ണായോ ആണായോ ജനിച്ചിരുന്നെങ്കില്‍ എനിക്ക് ഈ അവസ്ഥ എന്തെന്ന് ഒരിക്കലും അനുഭവിക്കാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് ഒരാണിന്റെ സന്തോഷവും പെണ്ണിന്റെ സന്തോഷവും അറിയാന്‍ കഴിയും. ഒരാണിന്റെ ദുഃഖവും പെണ്ണിന്റെ ദുഃഖവും അറിയാന്‍ കഴിയും. ഇത് വലിയൊരു കാര്യമായി ഞാന്‍ കാണുന്നു.

ഇപ്പോഴത്തെ കുടുംബം


ഞാന്‍ സ്‌റ്റേജ് ആര്‍ട്ടിസ്റ്റ് ആയിരുന്ന സമയത്ത് എന്റെ കൂടെ ഡാന്‍സ് ചെയ്തിരുന്ന വ്യക്തിയായിരുന്നു പ്രശാന്ത്. കൊല്ലം സ്വദേശിയായ അവന്‍ ഇന്നെനിക്ക് എന്റെ അനിയന്‍ ആണ്. അവന്റെ അച്ഛനും അമ്മയും എന്റേത് കൂടിയാണ്. ആരുമില്ലാതിരുന്ന എനിക്ക് അവര്‍ എല്ലാമെല്ലാം ആയി. എല്ലാവരാലും അവഗണിക്കപ്പെട്ടപ്പോള്‍ ഇവര്‍ എന്നെ പരിഗണിച്ചു. എന്റെ അപ്പനും അമ്മച്ചിയും എനിക്ക് വേണ്ടി ചെയ്യാത്തതാണ് ഇവര്‍ എനിക്കുവേണ്ടി ചെയ്തത്. അപ്പച്ചനെയും അമ്മച്ചിയെയും വേണോ അതോ ഇവരെ വേണോ എന്നൊരു ചോദ്യം വന്നാല്‍ എന്റെയീ അച്ഛനെയും അമ്മയെയും മതി എന്നേ പറയൂ.
uploads/news/2019/04/303202/harinichandana220419c.jpg

ദ്വയ എന്റെ കുടുംബമാണ്. രഞ്ജു അമ്മയും പിന്നെ എന്റെ സഹോദരങ്ങളും. എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ എന്നും ഇവരെല്ലാം എന്റെ കൂടെയുണ്ടായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് എന്റെ രഞ്ജു അമ്മയുടെ വയറ്റില്‍ ജനിക്കണം. പിന്നെ എന്റെ രണ്ടു ആത്മാര്‍ഥ സുഹൃത്തുക്കള്‍ അവരും എനിക്കെന്റെ കുടുംബം തന്നെ. എന്തിനും കൂടെ നില്‍ക്കുന്ന എന്റെ കട്ട ചങ്കസ്.

എന്റെ മനോജും സെബിനും. പിന്നെ ഇപ്പോള്‍ ഒരാള്‍കൂടി എന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ട്. പണ്ടെന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന സുഹൃത്ത്. വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ തേടി വീണ്ടും വന്നു. ആ ബന്ധത്തെ ഒരു പേരിട്ടു വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സൗഹൃദത്തിനപ്പുറമുള്ള ചില ബന്ധങ്ങള്‍ എല്ലാവര്‍ക്കും കാണുമല്ലോ, അതുപോലെ ഒന്ന്.

ഓപ്പറേഷനു ശേഷം...


ഓപ്പറേഷനു ശേഷം നാട്ടിലെത്തി എനിക്കാദ്യം അവസരം കിട്ടിയത് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ ആയിരുന്നു.സൂര്യയാണ് എന്നെ അതിലേക്ക് കൊണ്ടുവരുന്നത്. അന്ന് എല്ലാവരും ഹരിണി പെണ്‍കുട്ടിയാണ് എന്നാണു വിചാരിച്ചിരുന്നത്. പിന്നീട് ഞാന്‍ സ്‌റ്റേജ് പെര്‍ഫോമന്‍സിലേക്ക് കടന്നു. കാര്യം വേറെയൊന്നും അല്ല, അതിന് ഡെയിലി വരുമാനം ഉണ്ട് എന്നതുകൊണ്ടാണ്. ഒരു വിധം ജീവിച്ചുപോകാനുള്ള പൈസ അതിലൂടെ എനിക്ക് കിട്ടാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തോളം ഞാന്‍ അങ്ങനെ ജീവിച്ചു.

തേടിവന്ന ഭാഗ്യങ്ങള്‍...


2012 ല്‍ ഞാന്‍ മിസ്സ് കുവാഗം ആയിരുന്നു.പിന്നീട് മൂദേവി എന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്തു. അതും കഴിഞ്ഞു ക്യൂന്‍ ഓഫ് ദ്വയയില്‍ റണ്ണര്‍ അപ്പ് ആയി. ദ്വയ എന്നെ തേടിവന്ന ഒരു ഭാഗ്യം തന്നെയായിരുന്നു. 2017 ല്‍ ആണ് ഞാന്‍ ദ്വയയെക്കുറിച്ചറിയുന്നത്. എവിടെയെല്ലാമോ ചിതറിക്കിടന്നിരുന്ന ഞങ്ങളെ പോലുള്ള ആള്‍ക്കാരെ ഒരുമിച്ചുചേര്‍ത്തത് ദ്വയയാണ്.

ഇപ്പോള്‍ ദ്വയയുടെ നേതൃത്വത്തില്‍ പറയാന്‍ മറന്ന കഥകള്‍ എന്ന പേരില്‍ ഞങ്ങളുടെ പലരുടെയും ജീവിതം നാടകമായി വേദിയില്‍ അവതരിപ്പിക്കുന്നു. അതിലേക്ക് എന്നെ ക്ഷണിച്ചതും എനിക്ക് വലിയ പിന്തുണ നല്‍കിയതും എന്റെ സഹോദരിയായ ശീതള്‍ ശ്യാമാണ്.

മറ്റൊരു വലിയ സന്തോഷം എന്തെന്നാല്‍ ഞാന്‍ ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നു. അരുണ്‍ സാഗര സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ മണവാട്ടി. അഭിനയത്രിയാവണം എന്നതാണ് എന്റെ വലിയ ആഗ്രഹം. അതിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവയ്പ്പാണിത്. മോഡലിങ്ങും അഭിനയവും നൃത്തവും എന്നും എന്റെ പ്രിയപ്പെട്ടവതന്നെ. എന്നാലും ഏറ്റവും വലിയ ആഗ്രഹം ഏതാണെന്നു ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ എനിക്കുള്ളൂ. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കൂടെ ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണം..

ഹരിത മാനവ്

Ads by Google
Ads by Google
Loading...
TRENDING NOW