Saturday, June 22, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
തയാറാക്കിയത് : ഷാലു മാത്യു
Monday 22 Apr 2019 08.30 AM

കോടതിവിധിക്കു വഴിയൊരുക്കിയത് പിണറായി; ശബരിമലയ്ക്കുവേണ്ടി പ്രധാനമന്ത്രി എന്തുചെയ്തു? ഉമ്മന്‍ ചാണ്ടി

uploads/news/2019/04/303179/oommenchandy.jpg

അധികാരത്തില്‍ തുടരാനായാല്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്നു പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, അധികാരത്തിലിരുന്ന അഞ്ചു വര്‍ഷം ശബരിമലയുടെ കാര്യത്തില്‍ ചെറുവിരലനക്കിയോയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. പിണറായി സര്‍ക്കാരിന്റെ നിലപാടാണു സുപ്രീം കോടതിയുടെ വിവാദവിധിയിലെത്തിയത്. തുടര്‍ന്ന്, ശബരിമല വിഷയം കത്തിനിന്നപ്പോള്‍ പ്രതികരിക്കാതിരുന്ന മോഡി ഇപ്പോള്‍ കേരളത്തിനകത്തും പുറത്തും ഇതു പ്രസംഗിക്കുന്നത് എന്തിനാണെന്നു ജനങ്ങള്‍ക്ക്‌റിയാമെന്നും അദ്ദേഹം ''മംഗള''ത്തോടു പറഞ്ഞു.

? ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും

കേരളത്തിന്റെ വികാരമായ ഈ പുണ്യസ്ഥലത്തെ രാഷ്ട്രീയകേന്ദ്രമോ കലാപകേന്ദ്രമോ ആക്കാന്‍ യു.ഡി.എഫ്. തയാറല്ല. കോടതിവിധിയുടെ പേരുപറഞ്ഞ് ഈശ്വരവിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പിണറായി സര്‍ക്കാരും ഇതു സുവര്‍ണാവസരമായി കണ്ട് ബി.ജെ.പിയും കളിച്ച കളിയാണ് കേരളത്തെ കലാപഭൂമിയാക്കിയത്. മോഡിക്ക് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുെന്നങ്കില്‍ ശബരിമല വിഷയം പരിഹരിക്കാന്‍ കഴിയുമായിരുന്നു. കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കുകയോ പുനഃപരിശോധനാ ഹര്‍ജി നല്‍കുകയോ ചെയ്യാമായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് പോലും പുനഃപരിശോധനാ ഹര്‍ജി നല്‍കിയപ്പോള്‍ ബി.ജെ.പിയും സി.പി.എമ്മും നിശബ്ദത പാലിച്ചു. ശശി തരൂര്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ ഒരക്ഷരം മിണ്ടാന്‍ മോഡിയോ ഭരണപക്ഷമോ തയാറായില്ല.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയതു മുതല്‍ വിശ്വാസികളെ ബി.ജെ.പി. വഞ്ചിക്കുകയാണ്. 2007ല്‍ വി.എസ്. സര്‍ക്കാര്‍ ഇതിനെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കി. തുടര്‍ന്നു വന്ന യു.ഡി.എഫ്. സര്‍ക്കാരാണ് വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി വിശ്വാസികളോടൊപ്പം നിന്നത്. അതു തിരുത്തി പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം വിശ്വാസികളുടെ മേല്‍ അവസാനത്തെ ആണിയായി. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധിയുണ്ടായത്. ശബരിമല വിഷയത്തില്‍ സ്ഥായിയായി വിശ്വാസികള്‍ക്കൊപ്പം നിന്നത് യു.ഡി.എഫ്. മാത്രമാണെന്നു വിശ്വാസികള്‍ക്കറിയാം.

? യു.പി.എ. അധികാരത്തിലെത്തിയാല്‍ ഓര്‍ഡിനന്‍സ് ഇറക്കുമോ

യു.പി.എ. എക്കാലവും വിശ്വാസികള്‍ക്കൊപ്പമാണ്. കോടതിവിധിയുടെ പേരു പറഞ്ഞാണ് ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ വേഷംകെട്ടിച്ചെത്തിച്ചത്. കോടതിവിധി സ്‌റ്റേ ചെയ്തിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ ആക്ടിവിസ്റ്റുകളെ കൊണ്ടുപോകാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ല. യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന സത്യവാങ്മൂലം മാത്രംമതി ശബരിമലയില്‍ പഴയ സ്ഥിതി തുടരാന്‍. യു.പി.എ. അധികാരത്തിലെത്തിയാല്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.

? ശബരിമല മാത്രമാണോ വിഷയം

ശബരിമല വലിയൊരു വിഷയം തന്നെയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ജനങ്ങള്‍ മറക്കില്ല. കര്‍ഷകരുടെ ആത്മഹത്യക്കു നേരേ സര്‍ക്കാര്‍ കണ്ണടച്ചു. പ്രളയബാധിതര്‍ക്കുള്ള സഹായം യഥാസമയം വിതരണം ചെയ്തില്ല. മോഡി സര്‍ക്കാര്‍ അഞ്ചു വര്‍ഷം ഭരിച്ചിട്ട് എന്തു ചെയ്‌തെന്ന് ചോദിച്ചാല്‍ ബി.ജെ.പിക്കാര്‍ക്കു പോലും മറുപടിയില്ല. ആകെ ചെയ്ത ഗുണമെന്നു മോഡി സര്‍ക്കാര്‍ അവകാശപ്പെടുന്നത് നോട്ട് നിരോധനം മാത്രമാണ്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് എവിടെയാണന്ന് ആര്‍ക്കുമറിയില്ല. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് പണം സമ്പാദിക്കാനുള്ള വഴിയുണ്ടാക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്തത്. ലക്ഷക്കണക്കിനു യുവജനങ്ങള്‍ തൊഴില്‍ രഹിതരായി. അതോടൊപ്പം വിഭജനത്തിന്റെ രാഷ്ട്രീയം കൊണ്ടുവന്നു.

? കോ-ലീ-ബി സഖ്യമെന്ന ആരോപണം

അതു സി.പി.എമ്മിന്റെ തരംതാണ പ്രസ്താവന മാത്രം. ഇന്ത്യയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ദേശീയതലത്തില്‍ സി.പി.എമ്മിനും സി.പി.ഐക്കും കാഴ്ചക്കാരുടെ റോളേയുള്ളൂ. നേരിട്ട് ഏറ്റുമുട്ടുന്ന പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടെന്ന പ്രചാരണം ജനം വിശ്വസിക്കില്ല. ഭരണവീഴ്ചയും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളും ജനശ്രദ്ധയില്‍നിന്നു മാറ്റാനാണ് എല്‍.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്.

? എല്‍.ഡി.എഫാണോ ബി.ജെ.പിയാണോ യഥാര്‍ത്ഥ എതിരാളി

കേരളത്തില്‍ നടക്കുന്നതു രാഷ്ട്രീയമായ തെരഞ്ഞെടുപ്പാണ്. ഇടതുമുന്നണിയെയും ബി.ജെ.പിയെയും രാഷ്ട്രീയമായി ഒരുപോലെയാണ് കാണുന്നത്. എന്നാല്‍, കേരളത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് യു.ഡി.എഫും എല്‍.ഡി.എഫുമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇടതുമുന്നണിയാണ് യു.ഡി.എഫിന്റെ പ്രധാന എതിരാളി.

? യു.ഡി.എഫിന്റെ വിജയസാധ്യത

എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതു കേരളത്തില്‍ വലിയ തരംഗമായി. മോഡി വേണോ രാഹുല്‍ വേണോ എന്നതായി കേരളത്തിലെ ചോദ്യം. മതേതര ഇന്ത്യയുടെ നിലനില്‍പ്പിനു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന ചിന്ത സ്വാഭാവികമായും ഉരുത്തിരിയും. ഇതു യു.ഡി.എഫിന് അനുകൂലമാകും. യു.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്ന മുഴുവന്‍ വോട്ടര്‍മാരും വോട്ട് ചെയ്താല്‍ 20 സീറ്റിലും യു.ഡി.എഫ്. വിജയിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW