Monday, April 22, 2019 Last Updated 38 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.08 AM

നീതി പീഠത്തെ പ്രതിക്കൂട്ടിലാക്കുന്നതാര്‌

uploads/news/2019/04/303169/editorial.jpg

തനിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണം സംബന്ധിച്ച്‌ പ്രതികരിക്കവെ സുപ്രിംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ രാജ്യത്തിന്റെ സ്വതന്ത്രമായ നീതിന്യായ വ്യവസ്‌ഥയെ സംബന്ധിച്ച്‌ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്‌. ഇന്ത്യയില്‍ ജുഡീഷ്യറി വലിയ ഭീഷണി നേരിടുകയാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. താന്‍ നേരിട്ടതു പോലെയുള്ള സാഹചര്യത്തിലാണു ജോലി ചെയ്യേണ്ടതെങ്കില്‍ സ്‌ഥിരബുദ്ധിയുള്ളവര്‍ ഈ രംഗത്തേക്ക്‌ വരാന്‍ മടിക്കുമെന്നു രഞ്‌ജന്‍ ഗൊഗോയ്‌ അഭിപ്രായപ്പെട്ടത്‌ ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യസംഭവമാണ്‌. രണ്ട്‌ മുതിര്‍ന്ന ജഡ്‌ജിമാരും ചീഫ്‌ ജസ്‌റ്റിസിന്റെ അതേ ഭാഷയിലാണ്‌ പ്രതികരിച്ചത്‌. ആരോപണം ബ്ലാക്ക്‌ മെയില്‍ ചെയ്യുന്ന രീതിയിലാണെന്നു ജസ്‌റ്റിസ്‌ തുഷാര്‍ മേത്ത പറഞ്ഞപ്പോള്‍ ജുഡീഷ്യറിയില്‍ വിശ്വാസമില്ലെങ്കില്‍ എങ്ങനെയാണു കോടതിയില്‍ പ്രവര്‍ത്തിക്കുകയെന്നു ജസ്‌റ്റിസ്‌ അരുണ്‍ മിശ്രയും ചോദിച്ചു. നീതിന്യായ പീഠത്തില്‍ സംശയ നിഴലില്‍ ജോലി ചെയ്യേണ്ടിവരുന്നതായി മുതിര്‍ന്ന ജഡ്‌ജിമാര്‍ സങ്കടം പറയേണ്ടി വരുന്നുവെന്നത്‌ ഒട്ടും ആശാസ്യമല്ല.
ചീഫ്‌ ജസ്‌റ്റിസ്‌ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്നു കോടതിയില്‍നിന്നു പിരിച്ചുവിടപ്പെട്ട ജീവനക്കാരി പ്രചരിപ്പിക്കുന്നതായി ചില മാധ്യമങ്ങളാണ്‌ ആദ്യം വാര്‍ത്ത നല്‍കിയത്‌. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതു ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സുപ്രിംകോടതി സ്വമേധയാ റിട്ട്‌ ഹര്‍ജിയായി പരിഗണിക്കുകയായിരുന്നു. താന്‍ ഉള്‍പെടാത്ത ബെഞ്ച്‌ ഇക്കാര്യം പരിഗണിക്കട്ടെ എന്നു പറഞ്ഞു ചീഫ്‌ ജസ്‌റ്റിസ്‌ കേസ്‌ മറ്റൊരു ബെഞ്ചിനു വിടുകയും ചെയ്‌തു. ഇതുവഴി കേസില്‍ സ്വതന്ത്രമായ പരിശോധന നടക്കട്ടെ എന്നാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ നല്‍കുന്ന സന്ദേശം. അതു തികച്ചും സ്വാഗതാര്‍ഹവുമാണ്‌.

വരുന്ന ആഴ്‌ചകളില്‍ താന്‍ പരിഗണിക്കാനിരിക്കുന്ന ചില കേസുകളുമായി ബന്ധപ്പെട്ട ബ്ലാക്ക്‌ മെയ്‌ലിങ്ങിന്റെ ഭാഗമാണ്‌ ആരോപണമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ പറഞ്ഞത്‌ അതീവ ഗൗരവമുള്ള കാര്യമാണ്‌. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സിനിമ, രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി, തമിഴ്‌നാട്ടിലെ കൈക്കൂലി കുംഭകോണം, റാഫേല്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന തീയതി നിശ്‌ചയിക്കല്‍ തുടങ്ങിയവയാണു ചീഫ്‌ ജസ്‌റ്റിസ്‌ സൂചിപ്പിക്കുന്ന കേസുകള്‍. ഗുരുതര കേസുകളില്‍ പ്രതിയായ ഈ സ്‌ത്രീ കുറച്ചു കാലമെങ്കിലും എങ്ങനെ സുപ്രിംകോടതിയില്‍ ജോലി ചെയ്‌തു എന്ന സുപ്രധാന ചോദ്യവും ചീഫ്‌ ജസ്‌റ്റിസ്‌ ഉന്നയിക്കുന്നുണ്ട്‌. ഇത്തരം ആരോപണം ഉന്നയിക്കാന്‍ കരുതിക്കൂട്ടി ആരെങ്കിലും അവരെ അവിടെ എത്തിച്ചതാണോ എന്ന സംശയവും അസ്‌ഥാനത്തല്ല. ഈ സംഭവത്തിനു പിന്നില്‍ രാഷ്‌ട്രീയമാനങ്ങള്‍ ഉണ്ടെന്നത്‌ കോടതിയുടെ അഭിപ്രായ പ്രകടനങ്ങളില്‍നിന്നു വായിച്ചെടുക്കാം. ഉന്നത നീതിപീഠം സംശയ നിഴലിലാകാന്‍ പാടില്ല എന്നതു പോലെ തന്നെ സുപ്രധാനമാണ്‌ നീതി പീഠത്തിനെതിരേ ഉയരുന്ന ആരോപണങ്ങളുടെ നിജാവസ്‌ഥ വെളിപ്പെടുക എന്നതും. തനിക്കെതിരേ ഗൂഢാലോചനയും ബ്ലാക്ക്‌ മെയ്‌ലിങ്ങുമുണ്ടായി എന്ന്‌ ഇന്ത്യയുടെ ചീഫ്‌ ജസ്‌റ്റിസ്‌ തന്നെ പറയുന്നത്‌ രാജ്യത്തിനു തന്നെ നാണക്കേടാണ്‌. ഇക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണവും തുടര്‍നടപടികളും വേണം.

Ads by Google
Monday 22 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW