Saturday, June 29, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.59 AM

കൊല്‍ക്കത്തയെ സണ്‍റൈസേഴ്‌സ് അടിച്ചുപറത്തി

uploads/news/2019/04/303121/s2.jpg

ഹൈദരാബാദ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‌ ഒന്‍പത്‌ വിക്കറ്റ്‌ ജയം.
ആദ്യം ബാറ്റ്‌ ചെയ്‌ത നൈറ്റ്‌റൈഡേഴ്‌സ് എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 159 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സണ്‍റൈസേഴ്‌സ് കളി തീരാന്‍ 30 പന്തുകള്‍ ശേഷിക്കേ വിജയമറിഞ്ഞു. 43 പന്തില്‍ നാല്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 80 റണ്ണുമായി പുറത്താകാതെനിന്ന ജോണി ബെയര്‍സ്‌റ്റോയും 38 പന്തില്‍ അഞ്ച്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 67 റണ്ണെടുത്ത ഡേവിഡ്‌ വാര്‍ണറുമാണു സണ്‍റൈസേഴ്‌സിന്‌ 12-ാം സീസണിലെ ഏറ്റവും അനായാസ ജയങ്ങളിലൊന്നു നേടിക്കൊടുത്തത്‌്. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഒന്‍പത്‌ പന്തില്‍ എട്ട്‌ റണ്ണുമായി ബെയര്‍സ്‌റ്റോയ്‌്ക്കു കൂട്ടായിനിന്നു. 160 റണ്‍ പിന്തുടര്‍ന്ന ഹൈദരാബാദ്‌ അഞ്ചാമത്തെ ഓവറില്‍ 50 കടന്നു. ഒന്‍പതാം ഓവറില്‍ സ്‌കോര്‍ നൂറിലെത്തി. പിന്നാലെ വാര്‍ണര്‍ 28 പന്തില്‍ അര്‍ധ സെഞ്ചുറി കടന്നു. അത്രയും തന്നെ പന്തിലാണു ബെയര്‍സ്‌റ്റോയും അര്‍ധ സെഞ്ചുറി നേടിയത്‌. സ്‌കോര്‍ 131 ല്‍ നില്‍ക്കേയാണ്‌ ഓപ്പണിങ്‌ കൂട്ടുകെട്ട്‌ പൊളിഞ്ഞത്‌. ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച ഇടംകൈയന്‍ പേസര്‍ പൃഥ്വിരാജ്‌ വാര്‍ണറിനെ ബൗള്‍ഡാക്കി. ടീം ജയിക്കുമെന്ന്‌ ഉറപ്പാക്കിയാണു വാര്‍ണര്‍ മടങ്ങിയത്‌. കൊല്‍ക്കത്തയുടെ കെ.സി. കരിയപ്പ രണ്ട്‌ ഓവറില്‍ 34 റണ്‍ വഴങ്ങി ധാരാളിയായി. മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിയാത്തതാണു കൊല്‍ക്കത്തയ്‌ക്കു വിനയായത്‌. ക്രിസ്‌ ലിന്നും (47 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 51) സുനില്‍ നരേനും (എട്ട്‌ പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 25) അവര്‍ക്കു മികച്ച തുടക്കം. നല്‍കി. അടിച്ചു തകര്‍ത്ത നരേനെ ഖലീല്‍ അഹമ്മദ്‌ പുറത്താക്കിയതോടെ കൊല്‍ക്കത്ത പിന്നാക്കമായി. മൂന്നാമനായി ഇറങ്ങിയ ശുഭ്‌മന്‍ ഗില്‍ (മൂന്ന്‌) ഖലീലിന്റെ പന്തില്‍ വിജയ്‌ ശങ്കറിനു പിടി നല്‍കിയതോടെ കൊല്‍ക്കത്ത ഞെട്ടി. നയന്‍ റാണ (11), ദിനേഷ്‌ കാര്‍ത്തിക്‌ (ആറ്‌), ആന്ദ്രെ റസല്‍ (ഒന്‍പത്‌ പന്തില്‍ 15), പീയുഷ്‌ ചൗള (നാല്‌) എന്നിവര്‍ ക്രീസില്‍ അധിക നേരം ചെലവഴിച്ചില്ല. റിങ്കു സിങ്ങും (25 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 30) ലിന്നും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. ലിന്നിനെ ഖലീല്‍ പുറത്താക്കുമ്പോള്‍ സ്‌കോര്‍ 133 ലെത്തിയിരുന്നു.
പിന്നീട്‌ കൊല്‍ക്കത്തയുടെ പ്രതീക്ഷ ആന്ദ്രെ റസലിലായിരുന്നു. ഒന്‍പത്‌ പന്ത്‌ നേരിട്ട റസല്‍ 15 റണ്ണുമായി പുറത്തായി. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ്‌ മൂന്നു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റുമെടുത്തു. സന്ദീപ്‌ ശര്‍മ്മ, റാഷിദ്‌ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതം നേടി. ഖലീല്‍ അഹമ്മദാണു മത്സരത്തിലെ താരം. ഒന്‍പത്‌ കളികളില്‍നിന്ന്‌ 10 പോയിന്റ്‌ നേടിയ ഹൈദരാബാദ്‌ നാലാം സ്‌ഥാനത്താണ്‌. മുന്‍ ചാമ്പ്യനായ കൊല്‍ക്കത്ത സീസണില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണു വഴങ്ങുന്നത്‌. ഹൈദരാബാദിന്റെ ഓപ്പണിങ്‌ ജോഡിയായ വാര്‍ണറും ബെയര്‍സ്‌റ്റോയും നാലാം തവണയാണ്‌ ടീമിനു വിജയ വഴിയൊരുക്കുന്നത്‌. രാജസ്‌ഥാന്‍ റോയല്‍സ്‌, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്‌ ടീമുകളാണ്‌ ഹൈദരാബാദിന്റെ ഓപ്പണിങ്‌ ജോഡിയുടെ മികവറിഞ്ഞത്‌.

Ads by Google
Monday 22 Apr 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW