Saturday, June 22, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.43 AM

ശ്രീലങ്കയെ വിറപ്പിച്ച സ്‌ഫോടനപരമ്പരയില്‍ 215 ജീവന്‍ പൊലിഞ്ഞു , ഏഴുപേര്‍ അറസ്‌റ്റില്‍

uploads/news/2019/04/303080/in2.jpg

കൊളംബോ: ഈസ്‌റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ വിറപ്പിച്ച സ്‌ഫോടനപരമ്പരയില്‍ 215 ജീവന്‍ പൊലിഞ്ഞു. അഞ്ഞൂറിലേറെപ്പേര്‍ക്കു പരുക്ക്‌. മരിച്ചവരില്‍ കാസര്‍ഗോഡ്‌ മൊഗ്രാല്‍ പുത്തൂര്‍ ആസാദ്‌ നഗര്‍ സ്വദേശി ഖാദര്‍ കുക്കാടിയുടെ ഭാര്യ പി.എസ്‌. റസീന(61)യും ഉള്‍പ്പെടുന്നു. ഇവര്‍ക്കു ശ്രീലങ്കന്‍ പൗരത്വമുള്ളതായാണു വിവരം. മൂന്ന്‌ ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ സ്‌ഥിരീകരിച്ചെങ്കിലും അവരില്‍ റസീനയുടെ പേരില്ല. നിരവധി വിദേശപൗരന്മാരും കൊല്ലപ്പെട്ടു.
ആക്രമണവുമായി നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്ന ഏഴുപേരെ കസ്‌റ്റഡിയിലെടുത്തതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. മൂന്നു ക്രിസ്‌ത്യന്‍ പള്ളികളിലും വിദേശികള്‍ പതിവായെത്തുന്ന മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ്‌ എട്ടോളം സ്‌ഫോടനങ്ങളുണ്ടായത്‌. ഒടുവില്‍ നടന്ന രണ്ടെണ്ണം ചാവേര്‍ സ്‌ഫോടനമാണ്‌. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രണങ്ങളിലൊന്നാണിത്‌. ആഭ്യന്തരയുദ്ധം അവസാനിച്ചശേഷമുള്ള ദശകത്തിലെ ഏറ്റവും വലുതും. ആക്രമണത്തിനു പിന്നിലാരെന്ന്‌ വ്യക്‌തമായിട്ടില്ല. എന്നാല്‍, പള്ളികളും കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസും ആക്രമിക്കാന്‍ നാഷണല്‍ തൗഷീത്‌ ജമാഅത്ത്‌ (എന്‍.ടി.ജെ) എന്ന ഭീകരസംഘടന പദ്ധതിയിടുന്നതായി ഒരു വിദേശ ഇന്റലിജന്റ്‌സ്‌ ഏജന്‍സി മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്‌.
കൊളംബോയിലെ സെന്റ്‌ ആന്റണീസ്‌ പള്ളി, വടക്കന്‍ തീരനഗരമായ നെഗോമ്പോയിലെ സെന്റ്‌ സെബാസ്‌്റ്റ്യന്‍സ്‌ പള്ളി, കിഴക്കന്‍നഗരമായ ബാട്ടിക്കോളയിലെ പള്ളി എന്നിവിടങ്ങളില്‍ ഈസ്‌റ്റര്‍ കുര്‍ബാന നടക്കവേ രാവിലെ 8.45-നാണ്‌ സ്‌ഫോടനങ്ങളുണ്ടായത്‌. കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാങ്‌രിലാ, സിനമണ്‍ ഗ്രാന്‍ഡ്‌, കിങ്‌സ്‌ബറി എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. ഉച്ചകഴിഞ്ഞ്‌ കൊളംബോ നഗരത്തിനു സമീപം കാഴ്‌ചബംഗ്ലാവിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. സ്‌ഫോടനങ്ങളേത്തുടര്‍ന്ന്‌ കൊളംബോയുടെ പ്രാന്തപ്രദേശമായ ഒരുഗോഡവട്ടയില്‍ പോലീസ്‌ തെരച്ചിലിനെത്തിയപ്പോള്‍ ചാവേര്‍ പൊട്ടിത്തെറിച്ച്‌ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു.
രാവിലെ തുടര്‍ച്ചയായി ആറു സ്‌ഫോടനങ്ങളുണ്ടായി. മണിക്കൂറുകള്‍ക്കകം രണ്ടു സ്‌ഫോടനംകൂടി. സെന്റ്‌ സ്‌റ്റീഫന്‍സ്‌ പള്ളിയിലും സെന്റ്‌ ആന്റണീസ്‌ പള്ളിയിലുമാണ്‌ ആദ്യസ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളി സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഏറ്റവും കൂടുതല്‍ ജീവഹാനിയുണ്ടായതു സെന്റ്‌ ആന്റണീസ്‌ പള്ളിയിലാണ്‌. ഹോട്ടലുകളിലെത്തിയ വിദേശികളടക്കമുള്ള അതിഥികളും പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരുമാണ്‌ ഇരയായവരില്‍ മിക്കവരും. സിനമണ്‍ ഹോട്ടലില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായെന്നാണ്‌ അധികൃതരുടെ ഭാഷ്യം. കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാര്‍ക്കു പുറമേ ചൈനീസ്‌, അമേരിക്കന്‍, ബ്രിട്ടീഷ്‌, ഡച്ച്‌ പൗന്മാരുമുണ്ട്‌. ഇന്ത്യ, പാകിസ്‌താന്‍, യു.എസ്‌, മൊറോക്കോ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്കു പരുക്കേറ്റതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
സ്‌ഫോടനങ്ങളേത്തുടര്‍ന്നു ശ്രീലങ്കയില്‍ അനിശ്‌ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബന്ദാരെനായകെ രാജ്യാന്തരവിമാനത്താവളത്തില്‍ സുരക്ഷ ശക്‌തമാക്കി. സ്‌ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നു ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വ്യക്‌തമാക്കി.
പ്രസിഡന്റ്‌ മൈത്രിപാല സിരിസേന ജനങ്ങളോട്‌ ശാന്തരാകണമെന്ന്‌ അഭ്യര്‍ഥിച്ചു. ഭീരുക്കളുടെ ആക്രമണമാണിതെന്നും സ്‌ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു.

Ads by Google
Monday 22 Apr 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW