Monday, May 20, 2019 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 21 Apr 2019 03.16 PM

നാലു വോട്ടിനുവേണ്ടി എന്തും ചെയ്യും; രാഷ്ട്രീയത്തെ വിഴുങ്ങുന്ന വര്‍ഗ്ഗീയത

electoral politics

ജനങ്ങള്‍ രാഷ്ട്രീയത്തെ വെറുക്കുന്നത് സത്യത്തിന് പകരം തെരഞ്ഞെടുപ്പും അധികാരവും രാഷ്ട്രീയക്കാരന്‍ ലക്ഷ്യമാകുന്നതുകൊണ്ടാണെന്ന് കാള്‍ തോമസ് എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അത് സത്യമായി ഭവിക്കുകയുമാണ്. നമ്മുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പിന്റെ അന്തിമ ലാപ്പില്‍ ഓടുകയാണ് നാം. കഴിഞ്ഞ ഏകദേശം ഒരുമാസമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളില്‍ സത്യം പോയിട്ട് മനുഷ്യന്‍ പോലും പാത്രീഭവിക്കുന്നില്ലെന്നതാണ് ഇന്ന് കാണുന്ന ഏറ്റവും ദുഃഖകരമായ സംഭവം.

ഇന്ത്യ എന്നത് വൈവിദ്ധ്യങ്ങളുടെ നാടാണ്. ബഹുസ്വരതയാണ് നമ്മുടെ മുഖമുദ്ര എന്നതൊക്കെ വസ്തുതയാണ്. അതിനൊക്കെ ഉപരി ഇന്നും ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷവും അടിമകളാണ്. മുമ്പ് ജന്മിമാരുടെ അടിമകളായിരുന്നുവെങ്കില്‍ ഇന്ന് രാഷ്ട്രീയപാര്‍ട്ടികളുടെ അടിമകളാണ്. അവര്‍ക്ക് രാഷ്ട്രീയമില്ല. ജീവിതമാണ് അവരുടെ രാഷ്ട്രീയം. അതിന് വേണ്ടി അവര്‍ ഇന്നും അടിമപണി ചെയ്യുന്നു. സാമുദായികമായും വര്‍ഗ്ഗീയമായി വേര്‍തിരിച്ച് എന്നും ഇവരെ അടിമകളായി കൊണ്ടുനടക്കുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞതുപോലെ തെരഞ്ഞെടുപ്പിനും അധികാരത്തിനും വേണ്ടിയാണ് അത് എന്നതാണ് സത്യം.

എന്നാല്‍ ഇതില്‍ നിന്നൊക്കെ വിഭിന്നമാണെന്ന് നാം അഭിമാനിക്കുന്ന നമ്മുടെ കേരളം, പ്രബുദ്ധകേരളം എന്നാണ് നാം പറയുന്നത്. സാക്ഷരതയില്‍ ഒന്നാമത്, അറിവിലും ആരോഗ്യത്തിലും മാനവവികസനസൂചികകളിലുമൊക്കെ ഒന്നാമതാണ് എന്ന അഹങ്കാരം നമുക്കുണ്ട്. രാഷ്ട്രീയമായും വലിയതോതില്‍ ചിന്തിക്കുന്ന ജനതയാണ് കേരളം. എന്നാല്‍ വര്‍ഗ്ഗീയത എന്ന വിഷസര്‍പ്പം കേളരത്തിന്റെ മണ്ണിനും അന്യമല്ല. സാമുദായിക സന്തുലിതാവസ്ഥയുടെ ഒറ്റകാരണം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ രാഷ്ട്രീയനേതാവുപോലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ചരിത്രം കേരളത്തിനുണ്ട്.

ഇപ്പോള്‍ നാം ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് മുന്നില്‍ നിരവധി വിഷയങ്ങളാണുള്ളത്. എന്നാല്‍ ഇവിടെ ജനകീയ-രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആരും തയാറാകുന്നില്ലെന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. നോട്ടുനിരോധനം, വിലക്കയറ്റം, ഇന്ധനനികുതിവര്‍ദ്ധന, കാര്‍ഷിക പ്രതിസന്ധി, ഒപ്പം ബഹുസ്വരതയ്ക്ക് നേരിടുന്ന അപകടങ്ങള്‍ എന്നീ രാഷ്ട്രീയ ജനകീയ വിഷയങ്ങള്‍ ഒരുവേദിയിലും ചര്‍ച്ചചെയ്യാന്‍ ആരും ആഗ്രഹിക്കുന്നില്ല.

ജനങ്ങളില്‍ 50% രാഷ്ട്രീയമായി വിശ്വാസം വച്ചുപുലര്‍ത്തുന്നവരായിരുന്ന കാലത്തും കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ സമുദായങ്ങള്‍ക്ക് വലിയ റോളുണ്ടായിരുന്നുവെന്നത് വസ്തുതതന്നെയായിരുന്നു. എന്നാല്‍ ആ കാലങ്ങളില്‍ സമുദായങ്ങളെ പ്രീതിപ്പെടുത്താന്‍ അവര്‍ക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ ആ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് അവിടുത്തെ നേട്ടം നേടിയെടുക്കുകയായിരുന്നു പതിവ്. അതായത് ചെറിയതോതില്‍ ഓരോ മണ്ഡലത്തിന്റേയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയെ ഉപയോഗിച്ച് സാമുദായിക ധ്രുവീകരണം നടത്തുകയായിരുന്നു പതിവ്. എന്നാല്‍ ഇക്കുറി അതിനെല്ലാം മാറ്റം വന്നിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥികളെ ഉപയോഗിച്ച് വര്‍ഗ്ഗീയ ധ്രുവീകരണം നടത്തിക്കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ പാര്‍ട്ടികള്‍ നേരിട്ടിറങ്ങി മൊത്തമായി വര്‍ഗ്ഗീയത ഇറക്കികൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നിരവധി ജനകീയ വിഷയങ്ങള്‍ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വര്‍ഗ്ഗീയതയ്ക്ക് ഊന്നല്‍ നല്‍കാനാണ് എല്ലാ പാര്‍ട്ടികളും ശ്രമിച്ചത്. ന്യൂനപക്ഷവോട്ടുകളില്‍ ഊന്നിക്കൊണ്ടുള്ള പ്രചരണമായിരുന്നു സി.പി.എം ഉള്‍പ്പെടെ നടത്തിയത്. രാഹുല്‍ഗാന്ധിയെ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത് തന്നെ നഷ്ടപ്പെട്ട ന്യൂനപക്ഷവോട്ടുകള്‍ തിരിച്ചുപിടിക്കുകയെന്ന ഉദ്ദേശത്തോടെയാണ്.

കേരളത്തില്‍ രാഷ്ട്രീയം നശിക്കുകയും വര്‍ഗ്ഗീയതവളരുകയും ചെയ്യുന്നുവെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണിത്. രാഷ്ട്രീയത്തെ വര്‍ഗ്ഗീയത വിഴുങ്ങുന്നതിന് കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ കൂടി കൂട്ടുനില്‍ക്കുന്നുവെന്നതും ഇപ്പോള്‍ വ്യക്തമാകുകയാണ്. മുന്‍കാലങ്ങളില്‍ പാവപ്പെട്ട സമുദായംഗങ്ങളെ ഉപയോഗിച്ച് പൗരോഹിത്യങ്ങളും സാമുദായികനേതൃത്വങ്ങളുമാണ് മുതലെടുപ്പ് നടത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ ഇത്തരം നേതൃത്വങ്ങളേയും പൗരോഹിത്യത്തേയും എതിര്‍ത്തുകൊണ്ട് പരസ്യമായി രംഗത്തുവരാന്‍ നമ്മുടെ സമൂഹത്തില്‍ ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നുണ്ട്. സമ്മര്‍ദ്ദശക്തിയായി നിന്നുകൊണ്ട് രാഷ്ട്രീയത്തെ തങ്ങള്‍ക്ക് അനുകൂലമായി തിരിക്കാനുള്ള സുവര്‍ണാവസരമാണ് സാമുദായികനേതൃത്വങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത്. ഇത് നല്ലൊരു മാറ്റമായി കണ്ട് വര്‍ഗ്ഗീയധ്രുവീകരണത്തിന് പകരം രാഷ്ട്രീയമായ ചര്‍ച്ചകള്‍ക്ക് ഉപയോഗിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ അതിനുള്ള അവസരം നഷ്ടപ്പെടുത്തികൊണ്ട് വര്‍ഗ്ഗീയതയില്‍ നിന്നും അകന്നുപോകാന്‍ ശ്രമിക്കുന്ന സമൂഹത്തെപോലും അതിലേക്ക് വീണ്ടും വീണ്ടും വലിച്ചിഴയ്ക്കുന്ന രീതിയാണ് എല്ലാ പാര്‍ട്ടികളും ഈ തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ചിരിക്കുന്നത്.

രാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ ബി.ജെ.പിക്ക് ആഗ്രഹമുണ്ടാവില്ല. അത്തരത്തില്‍ ചര്‍ച്ചചെയ്താല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം അവര്‍ ചെയ്ത കാര്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരും. വ്യക്തമായ മറുപടിയില്ലാത്തവര്‍ക്ക് ഏറ്റവും ശക്തമായ ആയുധം ശബരിമലയാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച കേരളത്തില്‍ എത്തിയപ്പോള്‍ ശബരിമല വിഷയം ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്നത്. ശബരിമല ചര്‍ച്ചയായാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും മതേതരത്വവും ഉള്‍പ്പെടെ മറ്റ് എല്ലാവിഷയങ്ങളും അതില്‍ മുങ്ങും. ഭൂരിപക്ഷവര്‍ഗ്ഗീയത താലോലിച്ച് വോട്ടുമാക്കാം. ഈ തന്ത്രത്തില്‍ കേരളത്തിലെ മറ്റ് കക്ഷികളും വീണിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് ശബരിമല വിഷയത്തില്‍ മറുപടി നല്‍കി ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇങ്ങനെ എല്ലാവരും ചേര്‍ന്ന് ഭൂരിപക്ഷ-ന്യൂനപക്ഷവര്‍ഗ്ഗീയതകളെ താലോലിച്ച് കേരളത്തിന്റെ വരുംതലമുറകളെപ്പോലും അടിമത്തത്തിന്റെ ചങ്ങലയില്‍ ഇടാനാണ് ശ്രമിക്കുന്നത്. ''നാല് വോട്ടിന് വേണ്ടി എന്തും പറയാനും ചെയ്യാനും തങ്ങള്‍ തയാറാവില്ലെന്ന്'' പറഞ്ഞ മുഖ്യമന്ത്രി പിണറായിവിജയനും പോലും ആ വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കാനാവില്ല. നാല് വോട്ടല്ല, പുരോഗമന സമൂഹമാണ് നമുക്ക് വേണ്ടത്. അതിനെ വര്‍ഗ്ഗീയതയുടെ ഇരുട്ടി തള്ളിവിടാതിരിക്കാനാണ് കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ ശ്രമിക്കേണ്ടത്. അതിന് പകരം അവര്‍ ചെയ്യുന്ന ദ്രോഹം കേരളത്തിന്റെ വരും തലമുറകളെക്കൂടി ഇരുട്ടറയില്‍ തള്ളുന്നതായിരിക്കും.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 21 Apr 2019 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW