Sunday, July 07, 2019 Last Updated 52 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.28 AM

വയനാട്ടില്‍ ഗ്ലാമര്‍ പോര്‌

uploads/news/2019/04/302972/bft1.jpg

കൊടിയ വേനലിനൊപ്പം തെരഞ്ഞെടുപ്പും കൂടിയെത്തിയതോടെ വയലുകളുടെ നാട്ടില്‍ ചൂട്‌ ഉച്ചസ്‌ഥായിയില്‍. യു.ഡി.എഫ്‌. ടിക്കറ്റില്‍ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥികൂടിയായ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ വയനാടിനു കൈവന്നതു ഗ്ലാമര്‍ പരിവേഷം.
സംസ്‌ഥാന ഭരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി രാഹുലിനോട്‌ ഏറ്റുമുട്ടുന്നത്‌ എല്‍.ഡി.എഫിന്റെ പി.പി. സുനീര്‍. വിശ്വാസത്തെ മുറുകെപ്പിടിച്ചു ത്രികോണ മത്സരത്തിനു വഴിയൊരുക്കി എന്‍.ഡി.എ. സ്‌ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. 20 പേര്‍ ഭാഗ്യപരീക്ഷണം നടത്തുന്നതിലുടെ സംസ്‌ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ സ്‌ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലമെന്ന ഖ്യാതിയും ഇത്തവണ കേരളത്തിലെ വിദര്‍ഭയ്‌ക്കു സ്വന്തം.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം തന്നെയാണു വയനാടിനു ദേശീയശ്രദ്ധ നല്‍കുന്ന ഘടകം. കോണ്‍ഗ്രസ്‌ അധ്യക്ഷന്റെ പെട്ടിയില്‍ വീഴുന്ന നിഷ്‌പക്ഷ വോട്ടുകളായിരിക്കും ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്നാണു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. രാഷ്‌ട്രീയത്തിനതീതമായി യുവതലമുറയുടെയും വീട്ടമ്മമാരുടെയും വോട്ടിലാണു കോണ്‍ഗ്രസിന്റെ കണ്ണ്‌. രാഹുലിന്റെ ഭൂരിപക്ഷം അഞ്ചുലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ വയനാട്ടില്‍ ക്യാമ്പ്‌ ചെയ്‌ത്‌ നാടിളക്കി മറിക്കുമ്പോള്‍ മൂന്നുലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പാണെന്നാണ്‌ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
2009-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസും കോണ്‍ഗ്രസില്‍നിന്നു കൂടുമാറി എന്‍.സി.പിയിലെത്തിയ കെ. മുരളീധരനും എല്‍.ഡി.എഫിലെ അഡ്വ. എം. റഹ്‌മത്തുള്ളയും ഏറ്റുമുട്ടിയപ്പോള്‍ കോണ്‍ഗ്രസിനു ലഭിച്ചത്‌ 1,53,439 വോട്ടിന്റെ ഭൂരിപക്ഷം.
മുരളീധരനു ലഭിച്ച 99,643 വോട്ടില്‍ ബഹുഭൂരിപക്ഷവും കോണ്‍ഗ്രസിന്റെ തന്നെ വോട്ടാണ്‌. 2009 നു മുമ്പുവരെ വയനാടിനു പരിചിതനല്ലായിരുന്ന ഷാനവാസിന്‌ ലഭിച്ച റെക്കാഡ്‌ ഭൂരിപക്ഷവും മുരളീധരനു ലഭിച്ച വോട്ടുകളും ഇത്തവണത്തെ നിഷ്‌പക്ഷ വോട്ടുകളും കൂട്ടിച്ചേര്‍ത്താല്‍ രാഹുലിന്റെ ഭൂരിപക്ഷം മൂന്നുലക്ഷത്തില്‍ കുറയില്ലെന്നാണു കോണ്‍ഗ്രസ്‌ ക്യാമ്പിന്റെ വിലയിരുത്തല്‍.
2009-ല്‍ എല്‍.ഡി.എഫ്‌. നേരിട്ടതു ദയനീയ തോല്‍വിയായിരുന്നു. 2014-ലെ തെരഞ്ഞെടുപ്പില്‍ ഷാനവാസിന്റെ ഭൂരിപക്ഷം ഒന്നരലക്ഷത്തില്‍ നിന്ന്‌ 20,870 വോട്ടായി കുറയ്‌ക്കാനായത്‌ എന്‍.ഡി.എഫിന്റെ ആത്മവിശ്വാസമേറ്റുന്ന ഘടകമാണ്‌.
വയനാട്‌ മണ്ഡലം പരിധിയില്‍ പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളിലും ഇടതിനായിരുന്നു മേല്‍ക്കൈ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ മാനന്തവാടി, കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവയില്‍ ഇടതുമുന്നണിയാണ്‌ വിജയക്കൊടി പാറിച്ചത്‌. ബത്തേരി, വണ്ടൂര്‍, ഏറനാട്‌ മണ്ഡലങ്ങളാണ്‌ യു.ഡി.എഫ്‌. അക്കൗണ്ടില്‍.
മണ്ഡലത്തിലെ അഞ്ചു മുനിസിപ്പാലിറ്റികളില്‍ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, മുക്കം എന്നിവ എല്‍.ഡി.എഫ്‌ ഭരണത്തിലാണ്‌.
നിലമ്പൂര്‍ മുനിസിപ്പാലിറ്റി മാത്രമാണ്‌ യു.ഡി.എഫിനുള്ളത്‌. ശബരിമല വിഷയം കത്തിനില്‍ക്കെ നടന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പുകളില്‍ ബഹുഭൂരിപക്ഷത്തിലും ജയം എല്‍.ഡി.എഫിനായിരുന്നു.
മണ്ഡലത്തിലെ 50 പഞ്ചായത്തുകളില്‍ 21 എണ്ണം മാത്രമാണ്‌ യു.ഡി.എഫിനുള്ളത്‌. ബാക്കി 29 പഞ്ചായത്തുകളും എല്‍.ഡി.എഫാണ്‌ നേടിയത്‌. യു.ഡി.എഫിനു മികച്ച വിജയം സമ്മാനിച്ച തെരഞ്ഞെടുപ്പു ചരിത്രത്തില്‍ തളരാതെ അതില്‍നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ എല്‍.ഡി.എഫ്‌. രാഹുല്‍ ഗാന്ധിയെ നേരിടുന്നത്‌.
മാവോയിസ്‌റ്റ്‌ ഭീഷണിയിലൂടെ സ്‌റ്റാറായിക്കഴിഞ്ഞു എന്‍.ഡി.എ. സ്‌ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. ആദിവാസി മേഖലകളിലെ തന്റെ സജീവ ഇടപെടലില്‍ വിറളി പൂണ്ടവരാണ്‌ ഭീഷണി മുഴക്കുന്നതെന്ന്‌ തുഷാര്‍ പറയുന്നു. തമിഴ്‌നാട്‌ അടക്കം പല സ്‌ഥലങ്ങളിലും ഇടത്‌-വലത്‌ മുന്നണികള്‍ ഒന്നിച്ച്‌ മത്സരിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ യു.ഡി.എഫും എന്‍.ഡി.എഫും തമ്മിലാണ്‌ പ്രധാന മത്സരമെന്ന്‌ എന്‍.ഡി.എ. അവകാശപ്പെടുന്നു.
2009-ല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്‌ഥാനാര്‍ഥി സി. വാസുദേവനു 31,687 വോട്ടാണ്‌ ലഭിച്ചത്‌. 2014-ല്‍ പി.ആര്‍. രശ്‌മില്‍നാഥ്‌ 80,752 വോട്ടും പിടിച്ചു. ഇത്തവണ എന്‍.ഡി.എ. ഒന്നര ലക്ഷത്തിനടുത്ത്‌ വോട്ടുകള്‍ നേടുമെന്ന്‌ ബി.ജെ.പി നേതാക്കള്‍ പറയുന്നു.
വിശ്വാസത്തിലും വിശ്വാസികളിലുമാണ്‌ എന്‍.ഡി.എയുടെ പ്രതീക്ഷ. മുസ്ലിം, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കു നിര്‍ണായക സ്വാധീനമുള്ളതാണു മാനന്തവാടി, വണ്ടൂര്‍, ഏറനാട്‌, നിലമ്പൂര്‍, തിരുവമ്പാടി നിയോജക മണ്ഡലങ്ങള്‍. ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ ധ്രുവീകരണശ്രമങ്ങളോടു വയനാട്‌ മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതികരണം കൂടി അടയാളപ്പെടുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ്‌.

Ads by Google
Sunday 21 Apr 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW