Sunday, June 30, 2019 Last Updated 21 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.26 AM

ഇന്നും ജീവിക്കുന്ന ക്രിസ്‌തു

uploads/news/2019/04/302969/re4.jpg

യേശുക്രിസ്‌തുവിന്റെ കഷ്‌ടാനുഭവവും ഉയിര്‍ത്തെഴുന്നേല്‍പ്പും ലോകചരിത്രത്തിലെ ഒരത്ഭുതവിഷയമാണ്‌. An outline history of the worl^d എന്ന ഗ്രന്ഥത്തില്‍ എച്ച്‌.ജി. വെല്‍സ്‌ എഴുതി: മാനവസംസ്‌ക്കാരം എവിടെയെല്ലാം വളര്‍ന്നിട്ടുണ്ടോ അവിടെയെല്ലാം യേശുക്രിസ്‌തുവിന്റെ സുവിശേഷവചനത്തിന്റെ അത്ഭുതസ്വാധീനം കാണാം.
നരഭോജികളെ മനുഷ്യസ്‌നേഹികളാക്കിയതും അടിമവ്യവസായത്തെ ഉച്ചാടനം ചെയ്‌തതും സ്‌നേഹത്തിന്റെ നിദര്‍ശനമായ ക്രിസ്‌തുവിന്റെ ശക്‌തികളും തിരുവചനത്തിന്റെ ദിവ്യജ്യോതിസുകളത്രേ.
ഒരിക്കല്‍ സുപ്രസിദ്ധ സാഹിത്യകാരനായ ല്യൂവാലസ്‌ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ എതിരേ നിരീശ്വരചിന്തകനായ റോബര്‍ട്ട്‌ ഇംഗര്‍സോള്‍ ഇരിക്കുന്നുണ്ടായിരുന്നു. പരസ്‌പരം കേട്ടറിവുണ്ടായിരുന്നെങ്കിലും ഇരുവരും ആദ്യമായി കാണുകയായിരുന്നു.
സംഭാഷണമധ്യേ ല്യൂവാലസിനോട്‌ ഇംഗര്‍സോള്‍ പറഞ്ഞു: "നിങ്ങള്‍ അനുഗൃഹീതനായ സാഹിത്യകാരനല്ലേ? ക്രിസ്‌തുവിന്റെ അസ്‌തിത്വം നിഷേധിച്ചും ക്രിസ്‌തുവിന്റെ ഉപദേശങ്ങള്‍ അസംബന്ധമെന്ന്‌ സ്‌ഥാപിച്ചും ക്രിസ്‌തുവിശ്വാസത്തെ അപലപിച്ചും ഒരു ഗ്രന്ഥമെഴുതരുതോ? അത്‌ വിശ്വസാഹിത്യത്തിലെ ക്ല ാസിക്കായിരിക്കും." അന്നുമുതല്‍ ല്യൂവാലസ്‌ ഗവേഷണപഠനം ആരംഭിച്ചു. ഒട്ടേറെ വസ്‌തുതകള്‍ സമാഹരിച്ചു. ഒടുവില്‍ ക്രിസ്‌തുവിനെ നിഷേധിച്ചും വിമര്‍ശിച്ചും ഗ്രന്ഥം എഴുതാന്‍ ആരംഭിച്ചു. നാലു വര്‍ഷത്തെ യത്‌നവും പഠനവും കഴിഞ്ഞുള്ള ഉദ്യമം.
പെട്ടെന്നിതാ അദ്ദേഹം കസേരയില്‍നിന്ന്‌ എഴുന്നേറ്റു. താഴെ മുട്ടിന്മേല്‍നിന്ന്‌ അദ്ദേഹം വിതുമ്പിക്കൊണ്ട്‌ പറഞ്ഞു:
"യേശുവേ, നിന്നെ നിഷേധിക്കാന്‍ ഞാന്‍ ശ്രമിക്കുന്തോറും നീ എനിക്ക്‌ വളരെ യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നു. നിന്റെ ഉപദേശങ്ങള്‍ മിഥ്യയെന്ന്‌ എഴുതാന്‍ ആരംഭിക്കുമ്പോള്‍ അവ സത്യമെന്നും തികച്ചും അനുഭവപരമെന്നും ഞാന്‍ അറിയുന്നു. നാഥാ, ഞാനിതാ എന്നെ നിന്റെ ആണിപ്പാടുള്ള കരങ്ങളിലേക്ക്‌ സമര്‍പ്പിക്കുന്നു." അദ്ദേഹം എഴുതാനാരംഭിച്ച പുസ്‌തകമാണ്‌ സ
ുപ്രസിദ്ധമായ- "ബെന്‍-ഹര്‍" (Ben-Hur)
ശ്രീബുദ്ധനെപ്പോലെയോ മുഹമ്മദ്‌ നബിയെപ്പോലെയോ കണ്‍ഫ്യൂഷ്യസിനെപ്പോലെയോ മതസ്‌ഥാപകനായി യേശുവിനെ കാണുന്നവരുണ്ട്‌. സാമൂഹിക പരിഷ്‌കര്‍ത്താവോ വിപ്ലവകാരിയോ ആയി യേശുവിനെക്കുറിച്ച്‌ ചിന്തിക്കുന്നവരുണ്ട്‌. നല്ല ഉപദേഷ്‌ടാവോ തത്വചിന്തകനോ എന്ന്‌ യേശുവിനെ വിളിക്കുന്നവരുണ്ട്‌.
ഒരു ഗാനം പോലും എഴുതാത്ത യേശുവിനെക്കുറിച്ച്‌ ഇന്ന്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിക്കപ്പെടുന്നു! ഒരു പുസ്‌തകംപോലും എഴുതാത്ത യേശുവിനെക്കുറിച്ച്‌ എത്രയെത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു! ഇവന്‍ ആരാണ്‌? ഈ അത്ഭുത പുരുഷന്‍ ആരാണ്‌?
ആരും ഒരിക്കലും ജനിക്കാത്തതുപോലെ ജനിച്ചവന്‍! ആരും ഒരിക്കലും പ്രവര്‍ത്തിക്കാത്തതുപോലെ പ്രവര്‍ത്തിച്ചവന്‍! ആരും ഒരിക്കലും സംസാരിക്കാത്തതു പോലെ സംസാരിച്ചവന്‍! ആരും ഒരിക്കലും കയറാത്ത കഴുതമേല്‍ വാഹനമേറി എഴുന്നള്ളിയവന്‍! ആരും ഒരിക്കലും വിസ്‌തരിക്കപ്പെടാത്തതുപോലെ വിസ്‌തരിക്കപ്പെട്ടവന്‍! ആരും ഒരിക്കലും വിധിക്കപ്പെടാത്തതുപോലെ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ടവന്‍! ആരും ഒരിക്കലും മരിക്കാത്തതുപോലെ മരിച്ചവന്‍! ആരും ഒരിക്കലും വയ്‌ക്കപ്പെടാത്ത കല്ലറയില്‍ വയ്‌ക്കപ്പെട്ടവന്‍! ആരും ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കാത്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റവന്‍! ആരും ഒരിക്കലും കരേറിപ്പോയിട്ടില്ലാത്ത സ്വര്‍ഗത്തിലേക്ക്‌ കരേറിപ്പോയവന്‍! ആരും ഒരിക്കലും നിനച്ചിരിയാത്ത നാഴികയില്‍ തിരികെ വരുന്നവന്‍!
യുഗങ്ങളുടെ അത്ഭുതപുരുഷനത്രേ കര്‍ത്താവായ യേശുക്രിസ്‌തു. നിത്യതയുടെ രാജാധിരാജനാണവന്‍. പാപിയുടെ രക്ഷയ്‌ക്കായി തന്റെ കുറ്റമില്ലാത്ത രക്‌തം ചിന്തിയ അരുമ രക്ഷകനാണവന്‍. ഇവന്‍ ആര്‌?
ഒരു കുഗ്രാമത്തില്‍ അപരിഷ്‌കൃതയും സാധുവുമായ ഒരു കൃഷീവലകന്യകയുടെ മകനായി അവന്‍ പിറന്നു. മറ്റൊരു ഗ്രാമത്തില്‍ വളര്‍ന്നു. മുപ്പതു വയസുവരെ ഒരു മരപ്പണിപ്പുരയില്‍ വേല ചെയ്‌തു. അടുത്ത മൂന്നര വര്‍ഷം ദൈവത്തെ വെളിപ്പെടുത്തിയും ദൈവരാജ്യം പ്രസംഗിച്ചും സഞ്ചരിച്ചു.
സ്വന്തമായതൊന്നുമുണ്ടായിരുന്നില്ല. ജന്മസ്‌ഥലത്തുനിന്ന്‌ ഇരുന്നൂറു മൈലിലേറെ സഞ്ചരിച്ചില്ല. ഭൗതിക മാഹാത്മ്യത്തിനുതകുന്നതൊന്നും പ്രവര്‍ത്തിച്ചില്ല. മുപ്പതാമത്തെ വയസില്‍ പൊതുജനാഭിപ്രായം തീര്‍ത്തും എതിരായി ഉയര്‍ന്നുവന്നു. എതിരാളികള്‍ പിടികൂടുകയും പരിഹാസ്യമായ വിസ്‌താരത്തിനുശേഷം ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തു. രണ്ടു കള്ളന്മാരുടെ മധ്യത്തില്‍ ക്രൂശിക്കപ്പെട്ടു. മരിച്ചപ്പോള്‍ കടംകൊണ്ട ഒരു കല്ലറയില്‍ അടക്കപ്പെട്ടു.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ കടന്നുപോയി. ഇന്നവന്‍ മാനവരാശിയുടെ കേന്ദ്രബിന്ദുവും മനുഷ്യവംശത്തിന്റെ പുരോഗതിയുടെ നായകനുമത്രേ.
അവന്റെ നിസ്‌തുല ജീവിതം സ്വാധീനിച്ചിട്ടുള്ളിടത്തോളം നാളിതുവരെ മുന്നേറിയിട്ടുള്ള കാലാള്‍പ്പടയോ നാവിക-വ്യോമസേനകളോ ഭരണകര്‍ത്താക്കളോ മഹദ്‌വ്യക്‌തികളോ മനുഷ്യജീവിതത്തെ സ്വാധീനം ചെയ്‌തിട്ടില്ല.
ടോള്‍സ്‌റ്റോയി, വിക്‌ടര്‍ യൂഗോ, ജോണ്‍ മില്‍ട്ടന്‍, തോമസ്‌ ആല്‍വാ എഡിസന്‍, മൈക്കിള്‍ ഫാരഡെ, ഐസക്‌ ന്യൂട്ടന്‍, ഏബ്രഹാം ലിങ്കണ്‍, ഐസന്‍ ഹോവാര്‍, ജോര്‍ജ്‌ വാഷിങ്‌ടണ്‍, വിന്‍സ്‌റ്റന്‍ ചര്‍ച്ചില്‍, മഹാത്മാഗാന്ധി മുതലായ അനേകം ലോകനേതാക്കള്‍ ക്രിസ്‌തുവിനെ മാതൃകാപുരുഷനായി, ബഹുജനോദ്ധാരകനായി കാണുകയും അനുഭവിക്കുകയും ചെയ്‌തു.
യുഗവിധാതാവായ യേശുക്രിസ്‌തുവിന്റെ അത്ഭുതസ്വാധീനം ഇന്നും അനേകരെ നിഷ്‌കളങ്ക സ്‌നേഹത്തിലേക്കും ജീവിത വിശുദ്ധിയിലേക്കും രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

പ്രഫ. എം.വൈ. യോഹന്നാന്‍

Ads by Google
Sunday 21 Apr 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW