Thursday, July 11, 2019 Last Updated 34 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.21 AM

മാതാവിന്റെ മര്‍ദനമേറ്റു മരിച്ച കുട്ടിയുടെ കബറടക്കം നടത്തി

uploads/news/2019/04/302964/c4.jpg

കൊച്ചി: ആലുവയില്‍ മാതാവിന്റെ മര്‍ദനമേറ്റു മരിച്ച മൂന്നുവയസുകാരന്‍ മുഹമ്മദ്‌ ദില്‍ഷാദിന്റെ മൃതദേഹം കബറടക്കി. കളമശേരി എച്ച്‌.എം. കോളനി പാലക്കാമുകള്‍ വടകോട്‌ ജുമാ മസ്‌ജിദിലായിരുന്നു കബറടക്കം.
കളമശേരി മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയില്‍ വെള്ളിയാഴ്‌ച വൈകിട്ടു പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും പോലീസ്‌ നിര്‍ദേശപ്രകാരം കബറടക്കം പിറ്റേന്നത്തേക്കു മാറ്റുകയായിരുന്നു. മൃതദേഹം ഇന്നലെ ഉച്ചയ്‌ക്ക്‌ പാലക്കാമുകള്‍ പള്ളിയിലെത്തിച്ചു. കുട്ടിയുടെ മൃതദേഹം കാണാന്‍ ഝാര്‍ഖണ്ഡ്‌ സ്വദേശിയായ മാതാവ്‌ ഹനയ്‌ക്കും ബംഗാള്‍ സ്വദേശിയായ പിതാവ്‌ ഷാജദ്‌ ഖാനും പോലീസ്‌ സൗകര്യമൊരുക്കി. കാക്കനാട്‌ ജയിലില്‍നിന്നു മുഖ്യപ്രതി ഹനയേയും ഏലൂര്‍ പോലീസിന്റെ കസ്‌റ്റഡിയില്‍നിന്നു ഷാജദ്‌ ഖാനെയും രാവിലെ പതിനൊന്നരയോടെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാണ്‌ എത്തിച്ചത്‌. മകനെ അവസാനമായി കണ്ട്‌ ഇരുവരും പൊട്ടിക്കരഞ്ഞു. അധികം വൈകാതെ രണ്ടുപേരെയും പോലീസ്‌ തിരിച്ചുകൊണ്ടുപോയി. കരച്ചിലടക്കാന്‍ പാടുപെട്ട ഷാജദ്‌ ഖാനെ പിന്നീടു മയ്യത്ത്‌ നമസ്‌കാരത്തില്‍ പങ്കെടുക്കാനും പോലീസ്‌ അനുവദിച്ചു.
ഷാജദിന്റെയും ഹനയുടെയും ബന്ധുക്കളെ കണ്ടെത്തിയാല്‍ മൃതദേഹം വിട്ടുനല്‍കാനായിരുന്നു പോലീസ്‌ തീരുമാനം. എന്നാല്‍, ഇരുസംസ്‌ഥാനങ്ങളിലും നടത്തിയ അന്വേഷണത്തില്‍ ആരെയും കണ്ടെത്താനായില്ല. ബന്ധുക്കളുടെ അസാന്നിധ്യത്തില്‍ നാട്ടുകാരാണു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്‌. ഇമാം മൊയ്‌ദു നദ്‌വി ജനാസ നമസ്‌കാരത്തിനു നേതൃത്വം നല്‍കി.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണു തലയ്‌ക്കു ഗുരുതരപരുക്കേറ്റ കുട്ടിയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്‌. അടുക്കളയില്‍ വീണതാണെന്നാണു മാതാവ്‌ ഡോക്‌ടര്‍മാരോടു പറഞ്ഞത്‌. എന്നാല്‍ കുട്ടിയുടെ ദേഹത്തെ പാടുകളും മുറിവുകളും കണ്ട ഡോക്‌ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്‌ മാതാപിതാക്കളെ ചോദ്യം ചെയ്‌തപ്പോഴാണു കുട്ടിക്കു മര്‍ദനമേറ്റെന്നു വ്യക്‌തമായത്‌. മര്‍ദനത്തില്‍ തലച്ചോര്‍ തകര്‍ന്നതിനേത്തുടര്‍ന്ന്‌ അടിയന്തര ശസ്‌ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. വെള്ളിയാഴ്‌ച രാവിലെ കുട്ടി മരിച്ചു.
സംഭവത്തില്‍ പിതാവ്‌ ഷാജദ്‌ ഖാനെയും പ്രതിചേര്‍ത്ത പോലീസ്‌ ഇന്നലെ ഇയാളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. കുട്ടിക്കു മാതാവില്‍നിന്നേറ്റ മര്‍ദനം ഇയാള്‍ മറച്ചുവച്ചെന്നു പോലീസ്‌ പറഞ്ഞു. ഷാജദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കൊലക്കുറ്റം ചുമത്തി ഹന(28)യെ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഹനയും ഷാജദ്‌ഖാനും നിയമപ്രകാരം വിവാഹം കഴിച്ചതാണെന്നു പോലീസ്‌ സ്‌ഥിരീകരിച്ചു. ഇവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റും പോലീസിനു ലഭിച്ചു.

Ads by Google
Sunday 21 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW