Monday, June 24, 2019 Last Updated 14 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.21 AM

ഇതരസംസ്‌ഥാനത്തൊഴിലാളിയുടെ കൊലപാതകം : സി.സി. ടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തത്‌ അന്വേഷണത്തിനു തിരിച്ചടി

കോട്ടയം: നഗരമധ്യത്തില്‍ ഇതരസംസ്‌ഥാനത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങള്‍ ലഭിക്കാതെ അനേ്വഷണം വഴിമുട്ടുന്നു. കൊലപാതകം നടന്ന കെട്ടിടത്തിലെ സി.സി. ടിവി ക്യാമറകള്‍ ഇടിമിന്നല്‍ മൂലം തലേന്നു തന്നെ ഓഫ്‌ ചെയ്‌തിരുന്നു. സമീപത്തെ ഹോട്ടലില്‍നിന്നും വഴിയിലൂടെ രണ്ടു പേര്‍ നടന്നു പോകുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ മാത്രമാണു പോലീസിന്റെ കൈയിലുള്ളത്‌.
കൊലപാതകം നടന്നു മൂന്നു ദിവസമായിട്ടും മരിച്ചയാളെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ആളെ തിരിച്ചറിഞ്ഞശേഷം മതി പോസ്‌റ്റ്‌മോര്‍ട്ടം എന്ന നിലപാടിലാണു പോലീസ്‌. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹത്തില്‍ രൂപമാറ്റം വരുന്ന സാഹചര്യത്തില്‍ ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുമെന്ന നിഗമനത്തിലാണിത്‌.
കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയാണു കോടിമതയിലെ ലക്ഷ്യ അക്കാദമി കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്ന നാലാം നിലയില്‍ ഇതരസംസ്‌ഥാനത്തൊഴിലാളിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.
കമ്പി ഉപയോഗിച്ചു നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റതാണു മരണകാരണമെന്നു കണ്ടെത്തിയിട്ടുണ്ട്‌. സംഭവസ്‌ഥലത്തുനിന്നും ഒരു ചെരുപ്പും മുത്തുമാലയും കാവിമുണ്ടും ലഭിച്ചിട്ടുണ്ട്‌. ഇതരസംസ്‌ഥാന തൊഴിലാളികള്‍ ധരിക്കുന്ന രീതിയിലുള്ള മുത്തുമാലയാണു കൊല്ലപ്പെട്ടയാളുടെ കൈയില്‍നിന്നു കണ്ടെത്തിയിരിക്കുന്നത്‌.
ഈ സാഹചര്യത്തില്‍ മരിച്ച ആളെ കണ്ടെത്തുന്നതിനായി ഇതരസംസ്‌ഥാനത്തൊഴിലാളി ക്യാമ്പുകളും ഏജന്റുമാരുടെ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.
കൊല്ലപ്പെട്ടയാള്‍ ഇതുവരെയും കോടിമതയിലെ കെട്ടിടത്തില്‍ ജോലിക്കായി എത്തിയിട്ടില്ലെന്നാണു കരാറുകാരും തൊഴിലാളികളും പറയുന്നത്‌. എന്നാല്‍, പോലീസ്‌ ഇതു മുഖവിലയ്‌ക്ക്‌ എടുത്തിട്ടില്ല. യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ക്ക്‌ രാത്രിയില്‍ ഇത്തരത്തില്‍ ഒരു കെട്ടിടത്തിന്റെ മുകളിലെത്താന്‍ സാധിക്കില്ലെന്ന്‌ അന്വേഷണ സംഘം കരുതുന്നു.
കെട്ടിട നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മുതല്‍ ഇവിടെയുണ്ടായിരുന്ന ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ വിവരം സംഘം ശേഖരിച്ചിട്ടുണ്ട്‌.
സംഭവം നടന്ന ദിവസം രാത്രി കോടിമതയിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ നിന്നുള്ള ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ ഫോണും പഴ്‌സും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതി ഇതു രണ്ടും മോഷ്‌ടിച്ചെന്നാണു പോലീസ്‌ നിഗമനം.

Ads by Google
Sunday 21 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW