Saturday, August 17, 2019 Last Updated 49 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.14 AM

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ ഇന്നു മുതല്‍

uploads/news/2019/04/302958/s3.jpg

ദോഹ: ഖത്തറിലെ ദോഹയില്‍ ഇന്നു തുടങ്ങുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു തലവേദനയായി താരങ്ങളുടെ പരുക്ക്‌. ജാവലിന്‍ ത്രോയില്‍ ലോക ജൂനിയര്‍ ചാമ്പ്യനും റെക്കോഡ്‌ ജേതാവുമായ നീരജ്‌ ചോപ്ര, 800 മീറ്റര്‍ ഓട്ടക്കാരന്‍ മന്‍ജീത്‌ സിങ്‌ എന്നിവര്‍ പരുക്കു മൂലവും ട്രിപ്പിള്‍ ജമ്പ്‌ താരം അര്‍പീന്ദര്‍ സിങ്‌ യോഗ്യത നേടാനാകാത്തതു മൂലവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ല.
ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരങ്ങളാണ്‌ അവര്‍. മധ്യദൂര ഓട്ടക്കാരന്‍ ധരുണ്‍ അയ്യാസ്വാമിയും പരുക്കിന്റെ പിടിയിലാണ്‌. സ്‌റ്റീപ്പിള്‍ ചേസ്‌ താരം സുധാ സിങ്‌, ലോങ്‌ ജമ്പ്‌ താരം നീനാ പിന്റോ എന്നിവര്‍ ഫോമിലുമല്ല. കഴിഞ്ഞ മാസം നടന്ന ഫെഡറേഷന്‍ കപ്പില്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ജി. ലക്ഷ്‌മണ്‍ മെഡല്‍ പട്ടികയില്‍ ഇടംനേടിയിരുന്നില്ല. കഴിഞ്ഞ തവണ 5000, 10,000 മീറ്ററുകളില്‍ സ്വര്‍ണം നേടാന്‍ ലക്ഷ്‌മണിനായി.
നീരജ്‌ ചോപ്ര, എം. ശ്രീശങ്കര്‍, തേജസ്വിന്‍ ശങ്കര്‍, ഹിമ ദാസ്‌ എന്നിവരാണ്‌ അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കു മെഡല്‍ സാധ്യത നല്‍കുന്നത്‌. കൈമുട്ടു വേദനയെത്തുടര്‍ന്നാണു നീരജ്‌ ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍നിന്നു പിന്മാറിയത്‌. പരുക്ക്‌ കരിയറിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്‌. മൊഹാലിയില്‍ സ്‌കാനിങ്ങിനു വിധേയനായ നീരജിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍, കൈമുട്ടിലെ സന്ധിക്കു വീക്കമുണ്ട്‌. പട്യാലയിലെ പരിശീലനത്തിനിടെ കഴിഞ്ഞ ആഴ്‌ചയാണു നീരജിനു പരുക്കേറ്റത്‌. നീരജിന്റെ കൈമുട്ടിനു ക്ഷതമേറ്റതാണെന്നും ആശങ്കപ്പെടാനമില്ലെന്നുമാണ്‌ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീം മുഖ്യ പരിശീലകന്‍ ബഹാദൂര്‍ സിങും സഹ പരിശീലകന്‍ രാധാകൃഷ്‌ണന്‍ നായരും പറഞ്ഞു.
ഏഷ്യന്‍ ഗെയിംസിനു സമാനമായി ഇവിടെയും 20 മെഡലുകള്‍ നേടുമെന്നു ബഹാദൂര്‍ സിങ്‌ അവകാശപ്പെട്ടു. 2017 ലെ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 29 മെഡലുകളുമായി (12 സ്വര്‍ണം, അഞ്ച്‌ വെള്ളി, 12 വെങ്കലം) ഇന്ത്യ ഒന്നാമതായി. 20 മെഡലുകള്‍ നേടിയ ചൈനയായിരുന്നു രണ്ടാമത്‌. നാല്‌ ദിവസം നീളുന്ന ദോഹ ഗെയിംസ്‌ 24 നു സമാപിക്കും. ഇന്ത്യന്‍ സമയം രാവിലെ ആറു മണിക്കു നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തോടെ ചാമ്പ്യന്‍ഷിപ്പിനു തുടക്കമാകും.
വനിതകളുടെ 400 മീറ്റര്‍ ഓട്ടം, പുരുഷ വിഭാഗം ഡിസ്‌കസ്‌ ത്രോ, വനിതകളുടെ ഷോട്ട്‌പുട്ട്‌, വനിതകളുടെ 5000 മീറ്റര്‍ ഓട്ടം, ജാവലിന്‍ ത്രോ തുടങ്ങിയ ഇനങ്ങളുടെ ഫൈനല്‍ ഇന്നു നടക്കും. മികച്ച ഫോമിലല്ലെങ്കിലും 400 മീറ്ററില്‍ ഹിമാ ദാസ്‌ ഇന്ത്യയുടെ പ്രതീക്ഷയാണ്‌. ജാവലിന്‍ ത്രോയില്‍ അന്നു റാണിയും കുമാരി ശര്‍മിളയും ഇന്നു മത്സരിക്കും. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കള്‍ക്കു ലോകചാമ്പ്യന്‍ഷിപ്പിനു നേരിട്ടു യോഗ്യത ലഭിക്കും. മലയാളി താരങ്ങളായ ജിന്‍സണ്‍ ജോണ്‍സണ്‍, മുഹമ്മദ്‌ അനസ്‌ എന്നിവരും ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയാണ്‌.

Ads by Google
Sunday 21 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW