Monday, July 08, 2019 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.14 AM

രാജസ്‌ഥാന്‍ റോയല്‍സിനു മൂന്നാം ജയം

uploads/news/2019/04/302957/s2.jpg

ജയ്‌പൂര്‍: ഐ.പി.എല്‍. ക്രിക്കറ്റ്‌ സീസണില്‍ രാജസ്‌ഥാന്‍ റോയല്‍സിനു മൂന്നാം ജയം. മുംബൈ ഇന്ത്യന്‍സിനെതിരേ ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ അഞ്ച്‌ വിക്കറ്റിനാണു ജയിച്ചത്‌.
ജയ്‌പ്പുരിലെ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സ്‌ അഞ്ച്‌ വിക്കറ്റിന്‌ 161 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ കളി തീരാന്‍ അഞ്ച്‌ പന്ത്‌ ശേഷിക്കേ വിജയ റണ്ണെടുത്തു. മുംബൈ ഇന്ത്യന്‍സിന്‌ 2012 നു ശേഷം ജയ്‌പുരില്‍ ഇതുവരെ ജയിക്കാനായിട്ടില്ല. അജിന്‍ക്യ രഹാനെയ്‌ക്കു പകരം നായകനായ സ്‌റ്റീവ്‌ സ്‌മിത്താണു റോയല്‍സിന്റെ ജയം ഉറപ്പാക്കിയത്‌. 48 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 59 റണ്ണെടുത്ത സ്‌മിത്തും നാല്‌ പന്തില്‍ ഏഴ്‌ റണ്ണെടുത്ത സ്‌റ്റുവര്‍ട്ട്‌ ബിന്നിയും പുറത്താകാതെനിന്നു. മത്സരത്തിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ മാത്രമാണു റോയല്‍സ്‌ നായകനെ മാറ്റിയ വിവരം പുറത്തുവിട്ടത്‌. യുവതാരം റയാന്‍ പരാഗ്‌ 29 പന്തില്‍ 43 റണ്ണുമായി സ്‌മിത്തിന്‌ മികച്ച പിന്തുണ നല്‍കി. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്‌ജു സാംസണ്‍ 19 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്‌ം 35 റണ്ണെടുത്തു തിളങ്ങി. ഓപ്പണര്‍ അജിന്‍ക്യ രഹാനെ (12 പന്തില്‍ 12), ബെന്‍ സ്‌റ്റോക്‌സ് (0), ആഷ്‌ലെ ടേണര്‍ (0) എന്നിവരെ പുറത്താക്കിയ മുംബൈ വിജയ പ്രതീക്ഷ അവസാന ഓവര്‍ വരെ നിലനിര്‍ത്തി.
മുംബൈയ്‌ക്കായി രാഹുല്‍ ചാഹര്‍ മികച്ച ബൗളിങ്‌ പുറത്തെടുത്തു. നാല്‌ ഓവര്‍ ചാഹര്‍ 29 റണ്‍ വിട്ടുകൊടുത്ത്‌ മൂന്ന്‌ വിക്കറ്റെടുത്തു. ജസ്‌പ്രീത്‌ ബുംറയാണ്‌ ഒരു വിക്കറ്റെടുത്തത്‌. കിട്ടിയ അവസരങ്ങള്‍ മുതലാക്കാതെ മുംബൈ ഇന്ത്യന്‍സ്‌ ബാറ്റിങ്‌ നിരയാണു തോല്‍വിക്കു കാരണമായത്‌. ഒന്നിന്‌ 81 റണ്ണെന്ന ശക്‌തമായ നിലയില്‍നിന്ന്‌ മുംബൈ അഞ്ചിന്‌ 161 എന്ന അവസ്‌ഥയിലേക്ക്‌ അപ്രതീക്ഷിതമായാണു തകര്‍ന്നത്‌. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കും (47 പന്തില്‍ രണ്ട്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 65) വെടിക്കെട്ടായെങ്കിലും മറ്റുള്ളവരുടെ പിന്തുണ ലഭിച്ചില്ല. നായകനും ഓപ്പണറുമായ രോഹിത്‌ ശര്‍മ (ഏഴ്‌ പന്തില്‍ അഞ്ച്‌) ലെഗ്‌ സ്‌പിന്നര്‍ ശ്രേയസ്‌ ഗോപാലിനു റിട്ടേണ്‍ ക്യാച്ച്‌ നല്‍കിയതോടെ മുംബൈയുടെ തകര്‍ച്ച തുടങ്ങി. മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ്‌ 33 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 34 റണ്ണുമായി നിറഞ്ഞു. ഏകദിന ശൈലിയിലുള്ള ബാറ്റിങ്‌ ടീമിനു തിരിച്ചടിയാണു നല്‍കിയത്‌.
രണ്ടാം വിക്കറ്റില്‍ ക്വിന്റണ്‍ ഡികോക്കും സൂര്യകുമാറും ചേര്‍ന്നു 97 റണ്‍ ചേര്‍ത്തു. സൂര്യകുമാറിനെ പുറത്താക്കി സ്‌റ്റുവര്‍ട്ട്‌ ബിന്നി ഈ കൂട്ടുകെട്ട്‌ പൊളിച്ചു. പിന്നാലെ ഡികോക്കും പുറത്തായി. ഹാര്‍ദിക്‌ പാണ്ഡ്യ 15 പന്തില്‍ 23 റണ്ണുമായും കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ ഏഴ്‌ പന്തില്‍ 10 റണ്ണുമായും മടങ്ങിയതു മുംബൈക്കു തിരിച്ചടിയായി. ബെന്‍ കട്ടിങ്‌ ഒന്‍പത്‌ പന്തില്‍ 13 റണ്ണുമായും ക്രുണാല്‍ പാണ്ഡ്യ രണ്ട്‌ പന്തില്‍ രണ്ട്‌ റണ്ണുമായും പുറത്താകാതെനിന്നു. ജോഫ്ര ആര്‍ച്ചറിന്റെ ചോരുന്ന കരങ്ങളും മുംബൈയ്‌ക്കു തുണയായില്ല. ക്വിന്റണ്‍ ഡി കോക്കിന്റെ അനായാസ ക്യാച്ച്‌ ആര്‍ച്ചര്‍ രണ്ടുവട്ടും വിട്ടുകളഞ്ഞു. ജയദേവ്‌ ഉനാത്‌കട്ടായിരുന്നു രണ്ടുവട്ടവും പന്തെറിഞ്ഞത്‌. പക്ഷേ കൃത്യമായ യോര്‍ക്കറുകളും ബൗണ്‍സറുകളും കൊണ്ട്‌ മുംബൈ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ആര്‍ച്ചറിനായി. രാജസ്‌ഥാനായി ശ്രേയസ്‌ ഗോപാല്‍ രണ്ട്‌ വിക്കറ്റും സ്‌റ്റുവര്‍ട്ട്‌ ബിന്നി, ജോഫ്ര ആര്‍ച്ചര്‍, ഉനാദ്‌കട്ട്‌ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. സ്‌റ്റീവ്‌ സ്‌മിത്താണു മത്സരത്തിലെ താരം.

രഹാനെയ്‌ക്കു പകരം സ്‌മിത്ത്‌

ജയ്‌പുര്‍: ഐ.പി.എല്‍. ക്രിക്കറ്റിലെ തുടര്‍ച്ചയായ തോല്‍വികള്‍ കാരണം രാജസ്‌ഥാന്‍ റോയല്‍സ്‌ അജിന്‍ക്യ രഹാനെയെ നായക സ്‌ഥാനത്തുനിന്ന്‌ ഒഴിവാക്കി. ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ്‌ സ്‌മിത്താണ്‌ 12-ാം സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ രാജസ്‌ഥാനെ നയിക്കുക.
രഹാനെയ്‌ക്ക് തുടര്‍ന്നുള്ള മത്സരങ്ങളിലും നിര്‍ണായക റോള്‍ തന്നെയാകുമെന്ന്‌ രാജസ്‌ഥാന്‍ റോയല്‍സിന്റെ ഹെഡ്‌ ഓഫ്‌ ക്രിക്കറ്റ്‌ സുബിന്‍ ബറൂച വ്യക്‌തമാക്കി. പന്ത്‌ ചുരുണ്ടല്‍ വിവാദം മൂലം ഒരു വര്‍ഷം വിലക്ക്‌ നേരിട്ട ശേഷമാണു സ്‌മിത്ത്‌ കളിക്കളത്തില്‍ തിരിച്ചെത്തിയത്‌.
2017-ല്‍ പുനെ സൂപ്പര്‍ ജയന്റ്‌സിനെ ഫൈനലില്‍ വരെയെത്തിക്കാന്‍ സ്‌മിത്തിനായി. ഇതുവരെ ആറു മത്സരങ്ങള്‍ തോറ്റ റോയല്‍സിന്‌ ശേഷിക്കുന്ന അഞ്ച്‌ മത്സരങ്ങളെങ്കിലും ജയിച്ചാലെ പ്ലേ ഓഫ്‌ ഉറപ്പിക്കാനാകു. കഴിഞ്ഞ സീസണിലും സ്‌മിത്തിനെ നായകനായി നിശ്‌ചയിച്ചിരുന്നു. പിന്നാലെയാണു പന്ത്‌ ചുരുണ്ടല്‍ വിവാദമുണ്ടായത്‌. തുടര്‍ന്ന്‌ രഹാനെയാണു ടീമിനെ നയിച്ചത്‌. കഴിഞ്ഞ സീസണില്‍ രാജസ്‌ഥാനെ പ്ലേ ഓഫിലെത്തിക്കാന്‍ രഹാനെയ്‌ക്ക് കഴിഞ്ഞിരുന്നു. മേയ്‌ ഒന്നിനു ശേഷം സ്‌മിത്ത്‌ നാട്ടിലേക്കു തിരിച്ചു പോകും. ലോകകപ്പ്‌ മത്സരങ്ങള്‍ക്കു തയാറാകാനു സ്‌മിത്ത്‌ മടങ്ങുന്നത്‌. ഇംഗ്ലണ്ട്‌ താരങ്ങളായ ജോസ്‌ ബട്ട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ സേവനവും രാജസ്‌ഥാനു നഷ്‌ടമാകും.

Ads by Google
Sunday 21 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW