Saturday, July 13, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.14 AM

ഇന്നു ജയിച്ചാല്‍ പ്ലേ ഓഫ്‌

uploads/news/2019/04/302954/s4.jpg

ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 12-ാം സീസണിലെ പ്ലേ ഓഫ്‌ ഉറപ്പാക്കുന്ന ആദ്യ ടീമെന്ന ഖ്യാതി നേടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരുങ്ങുന്നു. ബംഗളുരുവില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ അവര്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചാല്‍ പ്ലേ ഓഫ്‌ ഉറപ്പാകും. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മുതല്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ സൂപ്പര്‍ കിങ്‌സിനു 16 പോയിന്റാകും.
കടുത്ത പുറംവേദനയെ തുടര്‍ന്നു ഹൈദരാബാദ്‌ സണ്‍റൈസേഴ്‌സിനെതിരേ നടന്ന കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്‌. ധോണി കളിച്ചില്ല. ധോണി ഇല്ലാതെ ഇറങ്ങിയ സൂപ്പര്‍ കിങ്‌സ് തോറ്റു. സീസണിലെ രണ്ടാം തോല്‍വിയാണ്‌ അവര്‍ നേരിട്ടത്‌. ധോണി ഇന്നു മത്സരിക്കുമെന്ന്‌ അന്നു നായകനായിരുന്ന സുരേഷ്‌ റെയ്‌ന വ്യക്‌തമാക്കിയിരുന്നു. തങ്ങളുടെ ടീം ഇന്നു തന്നെ പ്ലേ ഓഫ്‌ ഉറപ്പാക്കുമെന്നാണു സൂപ്പര്‍ കിങ്‌സ് ആരാധകരുടെ അവകാശം. എട്ട്‌ കളികളില്‍നിന്നു രണ്ട്‌ അര്‍ധ സെഞ്ചുറികളോടെ 230 റണ്ണെടുത്ത ധോണിയാണ്‌ അവരുടെ നട്ടെല്ല്‌.
ബൗളിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ ലെഗ്‌ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ സാന്നിധ്യവും ചെന്നൈയ്‌ക്കു പ്ലസ്‌ പോയിന്റാണ്‌. ഇതുവരെ 13 വിക്കറ്റാണു താഹിര്‍ എറിഞ്ഞിട്ടത്‌. 12-ാം സീസണിലെ ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്തു വിട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരേ വെള്ളിയാഴ്‌ച നേടിയ തകര്‍പ്പന്‍ ജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സിന്‌ ആത്മവിശ്വാസം തിരിച്ചു കിട്ടി. ഒന്‍പത്‌ കളികളില്‍നിന്ന്‌ ഇതുവരെ രണ്ട്‌ ജയമാണ്‌ അവര്‍ നേടിയത്‌. 2016 ലും റോയല്‍ ചലഞ്ചേഴ്‌സ് സമാന പ്രതിസന്ധി നേരിട്ടിരുന്നു. ആദ്യ ഏഴ്‌ മത്സരങ്ങളില്‍ അഞ്ചിലും ബാംഗ്ലൂര്‍ ടീം തോറ്റു. അവസാന ഏഴ്‌ മത്സരങ്ങളില്‍ ആറിലും ജയിച്ചു തിരിച്ചു വന്ന അവര്‍ പ്ലേ ഓഫിലും കളിച്ചു. കൊല്‍ക്കത്തയ്‌ക്കെതിരേ റോയല്‍ ചലഞ്ചേഴ്‌സ് 10 റണ്ണിനാണു ജയിച്ചത്‌. അവസാന ഓവറുകളില്‍ കൊല്‍ക്കത്തയുടെ തുറുപ്പ്‌ ചീട്ട്‌ ആന്ദ്രേ റസലും നിതീഷ്‌ റാണയും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടീമിനെ വിജയ തീരത്തെത്തിക്കാനായില്ല. നൈറ്റ്‌ റൈഡേഴ്‌സിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ആര്‍.സി.ബി. ആദ്യം ബാറ്റിങ്ങിനിറങ്ങി നിശ്‌ചിത 20 ഓവറില്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 213 റണ്‍ പടുത്തുയര്‍ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 4-ന്‌ 79 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞെങ്കിലും നിതീഷ്‌ റാണയും റസലും ചേര്‍ന്നു അവരെ കളിയിലേക്കു മടക്കിക്കൊണ്ടുവരുകയായിരുന്നു. എന്നാല്‍ ആ പോരാട്ട വീര്യത്തിനും കൊല്‍ക്കത്തയെ വിജയിപ്പിക്കാനായില്ല. 25 പന്തില്‍ ഒമ്പത്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 65 റണ്ണാണ്‌ റസല്‍ അടിച്ചു കൂട്ടിയത്‌. നിതീഷ്‌ റാണ 46 പന്തില്‍ 85 റണ്ണെടുത്തു. കളി അവസാനിക്കുമ്പോള്‍ കൊല്‍ക്കത്ത 203 റണ്ണെടുത്തിരുന്നു. തുടര്‍തോല്‍വികളില്‍ നട്ടം തിരിഞ്ഞ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വിരാട വീര്യത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്നു പടനയിച്ച നായകന്‍ വിരാട്‌ കോഹ്ലിയാണ്‌ ബാംഗ്ലൂരിന്റെ കരുത്തായത്‌. കോഹ്ലി 58 പന്തില്‍നിന്ന്‌ നാലു സിക്‌സറുകളും ഒമ്പതു ബൗണ്ടറികളും സഹിതം 100 റണ്‍ നേടിയപ്പോള്‍ 28 പന്തില്‍നിന്ന്‌ ആറു സിക്‌സറുകളും അഞ്ചു ബൗണ്ടറികളും സഹിതം 66 റണ്ണെടുത്ത മൊയീന്‍ അലി മികച്ച പിന്തുണ നല്‍കി. വെള്ളിയാഴ്‌ച കളിക്കാതിരുന്ന എ.ബി.ഡിവിലിയേഴ്‌സ് ഇന്നു കളിക്കും.

Ads by Google
Sunday 21 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW