Saturday, May 18, 2019 Last Updated 28 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

പത്തനംതിട്ടയില്‍ അമിത്‌ 'ഷോ' : "സുരേന്ദ്രന്റെ സ്‌ഥാനാര്‍ഥിത്വം നിയോഗം"

uploads/news/2019/04/302950/k2.jpg

പത്തനംതിട്ട: കെ. സുരേന്ദ്രന്‍ ബി.ജെ.പിയുടെയോ എന്‍.ഡി.എയുടേയോ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ്‌ഥാനാര്‍ഥിയണെന്നു ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം പത്തനംതിട്ടയില്‍ നടത്തിയ റോഡ്‌ ഷോയ്‌ക്ക്‌ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കനത്ത മഴയെ അവഗണിച്ചും വന്‍ജനപങ്കാളിത്തമാണു പരിപാടിയിലുടനീളം ദൃശ്യമായത്‌.
"സുരേന്ദ്രന്റെ സ്‌ഥാനാര്‍ഥിത്വം ഒരു നിയോഗമാണ്‌. കമ്യൂണിസ്‌റ്റ്‌ സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടികൂട്ടിയത്‌ ഒരു വിശ്വാസിക്കും ക്ഷമിക്കാന്‍ കഴിയില്ല. 5000 അയ്യപ്പഭക്‌തരെയാണ്‌ ജയിലിലടച്ചത്‌. അവര്‍ എന്ത്‌ തെറ്റാണ്‌ ചെയ്‌തത്‌? 2000 പേര്‍ക്ക്‌ മാത്രമാണ്‌ ഇതു വരെ ജാമ്യം ലഭിച്ചത്‌. ബാക്കിയുള്ള ഞങ്ങളുടെ പ്രിയസഹോദരങ്ങള്‍ ഇപ്പോഴും ജയിലറയ്‌ക്കുള്ളില്‍ കഴിയുകയാണ്‌. ഇതു പൊറുക്കാന്‍ കഴിയില്ല. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിച്ചിരിക്കും" അമിത്‌ഷാ പറഞ്ഞു.
കനത്തമഴയും ഇടിമിന്നലും അവഗണിച്ച്‌ ആയിരക്കണക്കിനു സ്‌ത്രീകളും കുട്ടികളും റാലിയില്‍ അണി നിരന്നതു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവേശം വാനോളമുയര്‍ത്തി.
മഴ കനത്തതോടെ അമിത്‌ഷാ മടങ്ങിയെങ്കിലും സ്‌ഥാനാര്‍ഥിയും മറ്റു നേതാക്കളും പര്യടനം തുടര്‍ന്നു. നിശ്‌ചയിച്ചതില്‍നിന്നും ഒന്നര മണിക്കൂര്‍ വൈകി, വൈകിട്ട്‌ 4.30 ന്‌ ജനറല്‍ ആശുപത്രിക്ക്‌ മുന്നില്‍ നിന്നുമാണ്‌ റോഡ്‌ ഷോ ആരംഭിച്ചത്‌. ഇതോടെ ഇടിയും മഴയുമെത്തി. മഴ വകവയ്‌ക്കാതെ പ്രവര്‍ത്തകര്‍ പുഷ്‌പവൃഷ്‌ടി നടത്തിയും മുദ്രവാക്യം വിളിച്ചും റോഡ്‌ നിറഞ്ഞു.
കാഴ്‌ചക്കാരായി റോഡിന്റെ വശങ്ങളിലും വന്‍ജനാവലി തടിച്ചുകൂടി. അമിത്‌ഷായ്‌ക്കൊപ്പം തുറന്ന വാഹനത്തില്‍ സ്‌ഥാനാര്‍ഥി കെ സുരേന്ദ്രന്‍, ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍പിള്ള, ജില്ലാ പ്രസിഡന്റ്‌ അശോകന്‍ കുളനട, കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്‌ എം.എല്‍.എ, മുന്‍ ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌, സ്വാമി അയ്യപ്പന്‍ സീരിയല്‍ ഫെയിം കൗശിക്‌ ബാബു, ബി.ഡി.ജെ.എസ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ. പത്മകുമാര്‍, ബി.ജെ.പി. നേതാവും വനിതാ കമ്മിഷന്‍ മുന്‍ അംഗവുമായ ജെ. പ്രമീളാ ദേവി എന്നിവരും റോഡ്‌ ഷോയില്‍ പങ്കെടുത്തു.

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW