Tuesday, May 21, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

"രാഹുലിന്റെ വേദപരിജ്‌ഞാനം ഹിന്ദുത്വ കുത്തകക്കാര്‍ക്കുമില്ല" , പ്രിയസഹോദരനെ വാനോളം വാഴ്‌ത്തി പ്രിയങ്ക

uploads/news/2019/04/302941/k8.jpg

മാനന്തവാടി : വയനാട്ടിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ്‌ സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്‌ര. മാനന്തവാടിയിലെ യു.ഡി.എഫ്‌. പൊതുയോഗത്തിലാണു പ്രിയങ്ക അരമണിക്കൂറോളം സഹോദരനെക്കുറിച്ചു വാചാലയായത്‌.
"മുത്തശി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോഴും പിതാവ്‌ രാജീവ്‌ ഗാന്ധി ബോബ്‌ സ്‌ഫോടനത്തില്‍ മരിച്ചപ്പോഴും ഞങ്ങളുടെ മനസ്‌ തകര്‍ന്നിരുന്നു. പക്ഷേ, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരോടു വെറുപ്പോ വിദ്വേഷമോ ഇല്ലെന്നാണു സഹോദരന്‍ പറഞ്ഞത്‌.
പിതാവിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കലാണു തന്റെ ബാധ്യതയെന്നും രാഹുല്‍ പറയുമായിരുന്നു. 2004-ല്‍ അമേഠിയില്‍ മത്സരിക്കാന്‍ എത്തുന്നതുവരെയുള്ള കാലഘട്ടത്തില്‍ കേംബ്രിജ്‌ സര്‍വകലാശാലയില്‍ പഠിക്കുകയും അതിനുശേഷം ഇംഗ്ലണ്ടില്‍ ആരുമറിയാതെ ജോലി ചെയ്യുകയുമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലും പോഷകസംഘടനകളിലും ജനാധിപത്യം കൊണ്ടുവരാന്‍ മികച്ച പരിശ്രമങ്ങളാണു രാഹുല്‍ നടത്തിയത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അതു നേരിട്ടു മനസിലാക്കാനായി.
അമേഠിയില്‍ 500 സ്‌ത്രീകളെച്ചേര്‍ത്ത്‌ ആരംഭിച്ച സ്വയംസഹായസംഘം പിന്നീടു ദശലക്ഷക്കണക്കിനു സ്‌ത്രീകളെ സ്വയംപര്യാപ്‌തരാക്കി. അവരെയാകെ കോണ്‍ഗ്രസിലേക്കു കൊണ്ടുവന്നുകൂടേയെന്നു ഞാനൊരിക്കല്‍ ചോദിച്ചപ്പോള്‍, ആശയം അടിച്ചേല്‍പ്പിക്കരുതെന്നായിരുന്നു മറുപടി. വ്യക്‌തിപരമായി അധിക്ഷേപിക്കുന്നവരെപ്പോലും ആലിംഗനം ചെയ്‌തു ചിരിക്കുന്ന, ആരോടും വിദ്വേഷംവച്ചുപുലര്‍ത്താത്തയാളാണു രാഹുല്‍. എല്ലാ മതഗ്രന്ഥങ്ങളും വായിച്ചിട്ടുള്ള അദ്ദേഹത്തിനു വേദങ്ങളിലുള്ള പരിജ്‌ഞാനം ഇന്നു ഹൈന്ദവതയുടെ കുത്തക ഏറ്റെടുത്തവര്‍ക്കുപോലുമുണ്ടാകില്ല. ഏതു വിഷയവും ആഴത്തില്‍ പഠിച്ച്‌ പ്രതികരിക്കുന്നതാണു രാഹുലിന്റെ രീതി.
ലളിതജീവിതം നയിക്കുകയും വീട്ടിലെ മുറികള്‍ സ്വയം വൃത്തിയാക്കുകയും ചെയ്യുന്ന രാഹുല്‍ പരിശീലനം നേടിയ വൈമാനികനും മികച്ച ഡൈവിങ്‌ താരവുമാണ്‌. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ രാഹുല്‍ സഞ്ചരിച്ച വിമാനത്തിന്‌ എന്‍ജിന്‍ തകരാറുണ്ടായതറിഞ്ഞ്‌ ആശങ്കയോടെ ഫോണ്‍ ചെയ്‌തപ്പോള്‍, അദ്ദേഹം പൈലറ്റിനെ സഹായിക്കുകയാണെന്നായിരുന്നു അംഗരക്ഷകനില്‍നിന്നു ലഭിച്ച മറുപടി. ഞാനിത്രയും പറഞ്ഞതു രാഹുല്‍ അറിഞ്ഞാല്‍ ഇഷ്‌ടപ്പെടില്ല. ഒരിക്കലും പ്രശംസ ഇഷ്‌ടപ്പെടാത്ത പ്രകൃതമാണ്‌ അദ്ദേഹത്തിന്റേത്‌"- പ്രിയങ്ക പറഞ്ഞു.

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW