Monday, May 20, 2019 Last Updated 34 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

ഫിറ്റ്‌നെസ്‌ വീണ്ടെടുത്തു ബെന്നി

uploads/news/2019/04/302939/k14.jpg

"ഞാനിപ്പോള്‍ ഉഷാറാണ്‌. അധികം ഓടിനടക്കരുതെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്‌. എങ്കിലും അതില്ലാതെ എന്തു തെരഞ്ഞെടുപ്പ്‌?"- ചാലക്കുടിയിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ബെന്നി ബെഹ്‌നാന്‍ പഴയ ഫോം വീണ്ടെടുത്ത്‌ ആവേശക്കുതിപ്പിലാണ്‌.
ചാലക്കുടി നഗരസഭാ പ്രതിപക്ഷ നേതാവ്‌ വി.ഒ. പൈലപ്പന്റെ വസതിയില്‍ വ്യാഴാഴ്‌ച നടന്ന ബൂത്ത്‌ സംഗമത്തിലും ഈ ആവേശം പ്രകടം. സ്‌ഥാനാര്‍ഥിയെ അനുഗ്രഹിക്കാനും ആശംസയറിയിക്കാനും മുതിര്‍ന്ന സ്‌ത്രീകളടക്കമുള്ളവരുടെ സാന്നിധ്യം.
മോനു നല്ലതേ വരൂ എന്ന്‌ അറുപത്തഞ്ചുകാരിയായ പാചകത്തൊഴിലാളി ചിന്നമ്മ തലയില്‍ കൈവച്ചു പറഞ്ഞപ്പോള്‍ ബെന്നിയുടെ ഹൃദയം നിറഞ്ഞ ചിരി.
ഞാന്‍ നിങ്ങള്‍ക്ക്‌ ഒരു വാഗ്‌ദാനം മാത്രമാണു നല്‍കുന്നത്‌. സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാകും- അസുഖത്തിന്റെ ക്ഷീണം പഴങ്കഥയാക്കി ചുറുചുറുക്കോടെ ബെന്നി പറയുന്നത്‌ ഹൃദയത്തില്‍ കൈ ചേര്‍ത്തുവെച്ചാണ്‌.
എല്ലാം സാധാരണനിലയില്‍ തന്നെയാണ്‌ മുന്നോട്ടു പോകുന്നതെന്നു ബെന്നിയുടെ മുഖത്ത്‌ ആത്മവിശ്വാസം. വോട്ടര്‍മാരെ കെട്ടിപ്പിടിച്ച്‌ പിന്തുണ തേടിയ സ്‌ഥാനാര്‍ഥി എല്ലാവരുടേയും അടുത്തു ചെന്ന്‌ ക്ഷേമാന്വേഷണവും നടത്തി.
യു.ഡി.എഫ്‌. കണ്‍വീനര്‍ക്കു കണക്കുകള്‍ തെറ്റിയ ചരിത്രമില്ല. 250 -ല്‍ അധികം പേര്‍ പങ്കെടുത്ത കുടുംബസംഗമം കോണ്‍ഗ്രസ്‌ അഖിലേന്ത്യാ നേതാവ്‌ ഗുലാംനബി ആസാദാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.
ഇടതുമുന്നണിക്ക്‌ വോട്ടു ചെയ്‌താല്‍ വോട്ടു പാഴാക്കലാകുമെന്ന്‌ ഗുലാം നബി ചൂണ്ടിക്കാട്ടി. സി.പി.എം. പ്രാദേശികപാര്‍ട്ടിയായി മാറി. രാജ്യത്ത്‌ വേറെ എവിടെയാണ്‌ അവരുള്ളതെന്ന്‌ ആസാദ്‌ ചോദിച്ചപ്പോള്‍ ബെന്നിയും തല കുലുക്കി.
ആശുപത്രിയിലായിരിക്കുമ്പോഴും ചിട്ടയായ തെരഞ്ഞെടുപ്പു പ്രവര്‍ത്തനമാണ്‌ മണ്ഡലത്തില്‍ നടത്തിയിരുന്നതെന്നു ബെന്നി പറയുന്നു. ഞാനുള്ളപ്പോള്‍ എന്തൊക്കെ ചെയ്ുമോയ, അതൊക്കെ ഞാനില്ലാത്ത വേളയിലും നടന്നു. അതു കോണ്‍ഗ്രസിനു വലിയ ആത്മവിശ്വാസമുണ്ടാക്കി.
ഇക്കുറി ചാലക്കുടി തിരിച്ചുപിടിക്കും. മാറ്റം വേണമെന്നു നാടാകെ പറയുന്നു. അതിന്റെ പ്രതിഫലനം എവിടെയും കാണാനുണ്ട്‌- ബെന്നി പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പു വ്യത്യാസം മറന്ന്‌ ഒന്നാകെ പ്രചാരണവഴിയിലുണ്ടെന്നതും ബെന്നിയുടെ നേതൃമികവു വ്യക്‌തമാക്കുന്നു. മണ്ഡലമാകെ നിറഞ്ഞു നില്‍ക്കാന്‍ ബെന്നി പ്രത്യേകം ശ്രദ്ധിക്കുന്നു.
ചാലക്കുടിയില്‍ നിന്നു കയ്‌പമംഗലത്തേക്കുള്ള യാത്രയില്‍ റോജിജോണ്‍ എം.എല്‍.എ, സി.ജി. ബാലചന്ദ്രന്‍, ജെയിംസ്‌ പോള്‍, കൗണ്‍സിലര്‍ ഷിബു തുടങ്ങിയവരും സ്‌ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

തയാറാക്കിയത്‌: കെ. കൃഷ്‌ണകുമാര്‍

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW