Monday, May 20, 2019 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.04 AM

ലൈംഗികാരോപണം: നിഷേധിച്ച്‌ നീതിപീഠം

uploads/news/2019/04/302909/d1.jpg

ന്യൂഡല്‍ഹി : ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയിക്കെതിരേ സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ ലൈംഗികാരോപണം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതു പ്രസിദ്ധീകരിച്ചത്‌ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെ കോടതിയുടെ അസാധാരണ സിറ്റിങ്‌ വിളിച്ചുചേര്‍ത്ത്‌ ജസ്‌റ്റിസ്‌ ഗൊഗോയ്‌ തന്റെ ഭാഗം വിശദീകരിച്ചു.
നിഷേധിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ആരോപണങ്ങളാണ്‌ തനിക്കെതിരേ ഉന്നയിച്ചിരിക്കുന്നത്‌. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്‌. ചീഫ്‌ ജസ്‌റ്റിസിന്റെ ഓഫീസിനെപ്പോലും തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്‌. നീതിന്യായ സംവിധാനം വലിയ ഭീഷണി നേരിടുകയാണ്‌. സല്‍പ്പേര്‌ കൂടി ഇല്ലാതാകുമെന്നുവന്നാല്‍ സ്‌ഥിരബുദ്ധിയുള്ള ആരും ന്യായാധിപ സ്‌ഥാനം ഏറ്റെടുക്കാന്‍ തയാറാകില്ല. ഭയമോ പക്ഷപാതമോ ഇല്ലാതെ കാലാവധി തീരുന്നതുവരെ തന്റെ കടമ നിര്‍വഹിക്കും. തുടര്‍നടപടി താന്‍ ഉള്‍പ്പെടാത്ത ബെഞ്ച്‌ പരിശോധിക്കട്ടെ എന്ന്‌ ജസ്‌റ്റിസ്‌ ഗൊഗോയ്‌ പറഞ്ഞു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശ്രദ്ധയില്‍പ്പെടുത്തിയ വിഷയം സുപ്രീം കോടതി സ്വമേധയാ റിട്ട്‌ ഹര്‍ജിയായി പരിഗണിക്കുകയായിരുന്നു. ഈ അവസരത്തില്‍ ജുഡീഷ്യല്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നില്ലെന്ന്‌ ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര, ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന എന്നിവരുടെ ബെഞ്ച്‌ പ്രത്യേക ഉത്തരവില്‍ പറഞ്ഞു. മാധ്യമങ്ങള്‍ സംയമനത്തോടെയും ഉത്തരവാദിത്തബോധത്തോടെയും പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു. നീതിന്യായ സംവിധാനത്തിന്റെ അന്തസും സ്വാതന്ത്ര്യവും അപരിഹാര്യമായ വിധത്തില്‍ തകര്‍ത്തേക്കാവുന്ന അത്യന്തം അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളില്‍ എന്തൊക്കെ പ്രസിദ്ധീകരിക്കണമെന്നും ഒഴിവാക്കണമെന്നും മാധ്യമങ്ങള്‍ സ്വയം തീരുമാനിക്കുക- ബെഞ്ച്‌ വ്യക്‌തമാക്കി.
ആരോപണം തീര്‍ത്തും കള്ളവും നിന്ദ്യവുമാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു. എല്ലാ ജീവനക്കാരോടും നല്ല രീതിയിലേ പെരുമാറിയിട്ടുള്ളൂ. ആരോപണമുന്നയിക്കുന്ന സ്‌ത്രീ ഒന്നര മാസം ജോലിയിലുണ്ടായിരുന്നു. അവരുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സുപ്രീം കോടതിയില്‍ ജോലി നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തു പണം വാങ്ങിയെന്ന പരാതിയില്‍ അവര്‍ അറസ്‌റ്റിലായിട്ടുണ്ട്‌. അവരുടെ ഭര്‍ത്താവിനെതിരേയും കേസുകളുണ്ട്‌. വരുന്ന ആഴ്‌ചയില്‍ താന്‍ പരിഗണിക്കാനിരിക്കുന്ന ചില കേസുകളുമായി ബന്ധപ്പെട്ട ബ്ലാക്‌ മെയിലിങ്ങിന്റെ ഭാഗമാണിത്‌. കോടതിയെ ബലിയാടാക്കാന്‍ അനുവദിക്കരുത്‌.
കാരവാന്‍, ദ്‌ വയര്‍, സ്‌ക്രോള്‍, ലീഫ്‌ലെറ്റ്‌ എന്നിവയാണ്‌ ആരോപണം പ്രസിദ്ധീകരിച്ചത്‌. പ്രതികരിക്കാന്‍ തനിക്ക്‌ 10 മണിക്കൂറാണു തന്നത്‌. പ്രതികരിക്കേണ്ടെന്നാണ്‌ ആദ്യം കരുതിയതെങ്കിലും ചിലതു പറയണമെന്നു തോന്നി. 20 വര്‍ഷത്തെ സേവനത്തില്‍ ആകെയുള്ള ബാങ്ക്‌ ബാലന്‍സ്‌ 6,80,000 രൂപയാണ്‌.
പണം നല്‍കി സ്വാധീനിക്കാന്‍ കഴിയില്ലെന്നതിനാലാണ്‌ ഈ ആരോപണം. ഇത്‌ അവിശ്വസനീയമാണെന്നും ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ പറഞ്ഞു.
വ്യവസ്‌ഥിതിയില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെങ്ങനെ കോടതി സംവിധാനത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര ആശങ്ക പ്രകടിപ്പിച്ചു. താന്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്നതുകൊണ്ട്‌ വ്യക്‌തിപരമായ ആക്രമണം നേരിടേണ്ടിവരുന്നുണ്ടെന്ന്‌ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ഇതു ബ്ലാക്ക്‌മെയില്‍ തന്ത്രമാണെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന സുപ്രധാനമായ വിഷയം പരിഗണിക്കാന്‍ അടിയന്തര സിറ്റിങ്‌ നടത്തുന്നതായി ഇന്നലെ രാവിലെയാണു കോടതി അറിയിച്ചത്‌. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്‌ വിഷയം മുന്നോട്ടുവച്ചതെന്നും നോട്ടിസില്‍ പറഞ്ഞിരുന്നു. ചീഫ്‌ ജസ്‌റ്റിസ്‌ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിക്കുന്ന കത്ത്‌ സുപ്രീംകോടതിയില്‍നിന്ന്‌ പിരിച്ചുവിടപ്പെട്ട ജീവനക്കാരി പ്രചരിപ്പിച്ചിരുന്നതായി സെക്രട്ടറി ജനറല്‍ കോടതിയെ അറിയിച്ചു. ജസ്‌റ്റിസ്‌ മിശ്രയും ഖന്നയുമാകും തുടര്‍ന്നും കേസ്‌ പരിഗണിക്കുകയെന്നാണു സൂചന.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Sunday 21 Apr 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW