Tuesday, May 21, 2019 Last Updated 20 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 11.34 PM

ഈ നൂറ്റാണ്ടില്‍ ആദ്യത്തെ അസാധാരണ ഈസ്‌റ്റര്‍

uploads/news/2019/04/302891/sun1.jpg

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഈ വര്‍ഷത്തെ ഈസ്‌റ്റര്‍ ഏപ്രില്‍ മാസം 21-ാം തീയതി ഞായറാഴ്‌ചയാണ്‌. കേരളത്തിലെ എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളും ലോകത്തിലെ ഭൂരിഭാഗം ക്രൈസ്‌തവരും ഈ ദിവസമാണ്‌ ഉയിര്‍പ്പു പെരുന്നാളായി ആചരിക്കുന്നത്‌.
വളരെ അപൂര്‍വ്വമായ ഒരു വിശേഷത ഈ വര്‍ഷത്തെ ഈസ്‌റ്റര്‍ തീയതിക്ക്‌ ഉണ്ട്‌. ഏ.ഡി. 325 ല്‍ നിഖ്യായില്‍ കൂടിയ പൊതു സുന്നഹദോസിന്റെ തീരുമാനങ്ങള്‍ക്ക്‌ അനുസൃതമല്ല ഈ വര്‍ഷത്തെ ഈസ്‌റ്റര്‍ തീയതി എന്നുള്ളതാണ്‌ ആ പ്രത്യേകത.
ഓരോ വര്‍ഷവും വസന്തസമരാത്രദിനത്തിനുശേഷം വരുന്ന പൗര്‍ണ്ണമിക്കു ശേഷം വരുന്ന ആദ്യ ഞായറാഴ്‌ച്ച ഈസ്‌റ്റര്‍ ആചരിക്കണം എന്നായിരുന്നു നിഖ്യാ സുന്നഹദോസിലെ പിതാക്കന്മാര്‍ നിശ്‌ചയിച്ചത്‌. ഈ വര്‍ഷത്തെ വസന്ത സമരാത്രദിനം രാജ്യവന്തര സമയക്രമമനുസരിച്ച്‌ മാര്‍ച്ച്‌ 20 ബുധനാഴ്‌ചയും തൊട്ടടുത്ത വെളുത്തവാവ്‌ മാര്‍ച്ച്‌ 21 വ്യാഴ്യാഴ്‌ചയുമായിരുന്നു. അപ്പോള്‍ നിഖ്യാ പ്രമാണമനുസരിച്ചുള്ള ഈസ്‌റ്റര്‍ തീയതി മാര്‍ച്ച്‌ 24 ഞായറാഴ്‌ച ആകണമായിരുന്നു.
പക്ഷേ, സഭയുടെ പെരുന്നാള്‍ ക്രമീകരണമനുസരിച്ചുള്ള തീയതി ഏപ്രില്‍ 21 ആണ്‌. മലങ്കര സഭകള്‍ ആരാധന ക്രമങ്ങള്‍ക്ക്‌ ഗ്രിഗോറിന്‍ കലണ്ടര്‍ സ്വീകരിച്ച ശേഷം ഈ നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ്‌ ഇപ്രകാരം നിഖ്യാനുസൃതമല്ലാത്ത ഒരു ഈസ്‌റ്റര്‍ തീയതി വന്നു ചേരുന്നത്‌. ഇനി 2038-ലും ഈ പ്രതിഭാസം ആവര്‍ത്തിക്കും. അന്ന്‌ സമരാത്രദിനം മാര്‍ച്ച്‌ 20 ശനിയാഴ്‌ച; തൊട്ടടുത്ത പൗര്‍ണ്ണമി മാര്‍ച്ച്‌ 21 ഞായറാഴ്‌ച; നിഖ്യാ ഈസ്‌റ്റര്‍ മാര്‍ച്ച്‌ 28 ഞായറാഴ്‌ച എന്നീ ക്രമത്തിലായിരിക്കും. പക്ഷേ, സഭാ ഈസ്‌റ്റര്‍ തീയതിയാകട്ടെ നാല്‌ ആഴ്‌ചകള്‍ കഴിഞ്ഞ്‌ ഏപ്രില്‍ 25-ാം തീയതി ഞായറാഴ്‌ചയാണ്‌ വരിക.
ഇതിനുമുമ്പ്‌ ഈ പ്രതിഭാസം ഉണ്ടായത്‌ 1981-ലായിരുന്നു അന്ന്‌ സമരാത്രദിനം മാര്‍ച്ച്‌ 20-ാം തീയതി വെള്ളിയാഴ്‌ചയും. തൊട്ടടുത്ത പൗര്‍ണ്ണമി ഏപ്രില്‍ 19 ഞായറാഴ്‌ചയും ആയിരുന്നു. അതിനാല്‍ നിഖ്യാ പ്രകാരമുള്ള ഈസ്‌റ്റര്‍ ഏപ്രില്‍ 26-ാം തീയതി ഞായറാഴ്‌ച.
പക്ഷേ, സഭയുടെ ഔദ്യോഗിക ഈസ്‌റ്റര്‍ തീയതി ഒരാഴ്‌ചമുമ്പ്‌ ഏപ്രില്‍ 19-ാം തീയതി ഞായറാഴ്‌ചയായിരുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ നിലവില്‍ വന്ന 1582- ന്‌ ഏകദേശം മുപ്പത്‌ പ്രാവശ്യം ഈ വിധത്തിലുള്ള വ്യതിചലനം ഉണ്ടായിട്ടുണ്ട്‌.
നിഖ്യാ സുന്നഹദോസില്‍ ഈസ്‌റ്റര്‍ തീയതിയെപ്പറ്റിയുള്ള തീരുമാനങ്ങള്‍ ഇതാണ്‌:
വസന്ത സമരാത്രദിനത്തിനുശേഷം വരുന്ന പൗര്‍ണ്ണമിക്കുശേഷം വരുന്ന ആദ്യ ഞായറാഴ്‌ച ലോകത്തിലെ എല്ലാ സഭകളും ഈസ്‌റ്റര്‍ ആചരിക്കണം. യഹൂദന്മാരുടെ പെസഹയോടൊപ്പമോ, അതിനുമുമ്പോ ഈസ്‌റ്റര്‍ ആചരിക്കുന്നത്‌ സുന്നഹദോസ്‌ വിലക്കി. മേല്‍പ്പറഞ്ഞ ഞായറാഴ്‌ച യഹൂദ പെസഹയായാല്‍ പിറ്റേ ഞായറാഴ്‌ച ഈസ്‌റ്റര്‍ ആചരിക്കണം. പെസഹാ തീയതി കണക്കാക്കാന്‍ യഹൂദ റബിമാരെയോ അവരുടെ കലണ്ടറിനെയോ ആശ്രയിക്കരുത്‌. ഓരോ വര്‍ഷത്തെയും ഈസ്‌റ്റര്‍ തീയതി കണക്കാക്കി റോമിലെ ബിഷപ്പിനെ അറിയിക്കുവാന്‍ അലക്‌സാണ്ട്രിയായിലെ ജ്യോതിശാസ്‌ത്ര പണ്ഡിതന്മാരെയാണ്‌ സുന്നഹദോസ്‌ ചുമതലപ്പെടുത്തിയത്‌. പക്ഷേ, അവരാകട്ടെ ഈസ്‌റ്റര്‍ തീയതികള്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിന്‌ ചില എളുപ്പവഴികള്‍ അവലംബിച്ചു.
സമരാത്രദിനം എന്നത്‌ അവര്‍ മാര്‍ച്ച്‌ 20 എന്ന ഏക തീയതിയിലേക്ക്‌ പരിമിതപ്പെടുത്തി. ഏ.ഡി. 325-ല്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം സമരാത്രദിനം മാര്‍ച്ച്‌ 20 ആയിരുന്നു. ഭാവിയില്‍ സമരാത്രദിനങ്ങള്‍ മാര്‍ച്ച്‌ 19,20,21 (വളരെ അപൂര്‍വ്വമായി 18, 22) എന്നീ തീയതികളിലും വന്നു ചേരാമെന്നുള്ള വസ്‌തുത അവര്‍ക്ക്‌ അജ്‌ഞാതമായിരുന്നു; അല്ലെങ്കില്‍ അവര്‍ അവഗണിച്ചു. അതുപോലെ വസന്തസമരാത്രദിനത്തിനു ശേഷം വരുന്ന പൗര്‍ണ്ണമി എന്നത്‌ അവര്‍ മാര്‍ച്ച്‌ 20 നു ശേഷം വരുന്ന സഭാ പൗര്‍ണ്ണമി അഥവാ പെസഹാ പൗര്‍ണ്ണമി എന്ന്‌ തിരുത്തി. സഭാ പൗര്‍ണ്ണമികള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെട്ട ഏകദേശ പൂര്‍ണ്ണചന്ദ്രദിനങ്ങളാണു 19 വര്‍ഷം കൂടുമ്പോള്‍ പൗര്‍ണ്ണമികള്‍ ഏകദേശം കൃത്യമായി ആവര്‍ത്തിക്കുമെന്ന്‌ ആതന്‍സുകാരനായ മീറ്റണ്‍ (ബി.സി. അഞ്ചാം നൂറ്റാണ്ട്‌) എന്ന ഗ്രീക്ക്‌ ജ്യോതിശാസ്‌ത്രജ്‌ഞന്‍ കണ്ടുപിടിച്ചിരുന്നു.
19 വര്‍ഷം വീതമുള്ള ഈ പട്ടികകളിലെ പൗര്‍ണ്ണമി തീയതികള്‍ യഥാര്‍ത്ഥ പൗര്‍ണ്ണമികള്‍ക്ക്‌ പകരമായി ഉപയോഗിക്കപ്പെട്ടു. മിക്കവാറും വര്‍ഷങ്ങളില്‍ ഈ രണ്ടു തീയതികളും തമ്മില്‍ പൊരുത്തപ്പെട്ടു പോകുന്നുണ്ട്‌. പക്ഷേ, ചില വര്‍ഷങ്ങളില്‍ 28 ദിവസം വരെ വ്യത്യാസമുണ്ടാകാറുണ്ട്‌. അങ്ങനെയുള്ള അസാധാരണ വര്‍ഷങ്ങളില്‍ യഥാര്‍ത്ഥ നിഖ്യാ ഈസ്‌റ്റര്‍ തീയതിയും സഭാ ഈസ്‌റ്റര്‍ തീയതിയും തമ്മില്‍ ഒരാഴ്‌ച മുതല്‍ അഞ്ചാഴ്‌ച വരെ വ്യത്യാസം വരാവുന്നതാണ്‌.
നിഖ്യാ ഈസ്‌റ്റര്‍ തീയതികള്‍ മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ 26 വരെയുള്ള 37 ദിവസങ്ങളിലും സഭാ ഈസ്‌റ്റര്‍ തീയതികള്‍ മാര്‍ച്ച്‌ 22 മുതല്‍ ഏപ്രില്‍ 25 വരെയുള്ള 35 ദിവസങ്ങളിലും ആണ്‌ വരിക. ഈ വര്‍ഷത്തെ നിഖ്യാ പൗര്‍ണ്ണമി മാര്‍ച്ച്‌ 21 വ്യാഴ്യാഴ്‌ചയും സഭാപൗര്‍ണ്ണമി ഏപ്രില്‍ 18 വ്യാഴാഴ്‌ചയുമാണ്‌.
നാലാം നൂറ്റാണ്ടില്‍ പൗര്‍ണ്ണമികളും ഈസ്‌റ്റര്‍ തീയതികളും മുന്‍കൂട്ടി നിര്‍ണ്ണയിക്കാന്‍ സംവിധാനങ്ങള്‍ ഒരുപക്ഷേ, ഉണ്ടായിരിക്കില്ല. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ സമരാത്ര ദിനവും പൗര്‍ണ്ണമിയും ഈസ്‌റ്റര്‍ തീയതിയും എത്ര കാലത്തേയ്‌ക്കു വേണമെങ്കിലും മുന്‍കൂട്ടി ഗണിക്കാന്‍ കഴിയും. അതുപയോഗിച്ച്‌ ഓരോ വര്‍ഷത്തേയും നിഖ്യാനുസൃത ഈസ്‌റ്റര്‍ തീയതികള്‍ കണ്ടുപിടിക്കാവുന്നതാണ്‌.

ഡോ. എം. കുര്യാക്കോസ്‌, പുല്ലുവഴി

Ads by Google
Saturday 20 Apr 2019 11.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW