Monday, July 01, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 11.34 PM

സൂപ്പര്‍ ഡയറക്‌ടര്‍

uploads/news/2019/04/302890/sun8.jpg

മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു റിക്കാര്‍ഡ്‌ കൂടി സ്‌ഥാപിച്ചിരിക്കുകയാണ്‌ നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജ്‌. അദ്ദേഹം സംവിധാനം ചെയ്‌ത ആദ്യചിത്രം ലൂസിഫര്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത്‌ മുന്നേറുന്നതിനൊപ്പം മികച്ച ചിത്രം എന്ന്‌ വ്യാപകമായ അഭിപ്രായവും സ്വന്തമാക്കുന്നു. ഇതാദ്യമായാണ്‌ നായകനീരയില്‍ മികച്ച വിപണനമൂല്യമുളള ഒരു നടന്‍, അഭിനേതാവ്‌ എന്ന നിലയില്‍ കത്തിനില്‍ക്കെ ലക്ഷങ്ങള്‍ വിലപിടിപ്പുളള തന്റെ സമയം സംവിധാനത്തിനായി മാറ്റി വയ്‌ക്കുന്നത്‌. ഒരു സിനിമയ്‌ക്ക് കുറഞ്ഞത്‌ 3 കോടിക്ക്‌ മുകളില്‍ പ്രതിഫലം ലഭിക്കാറുളള പൃഥ്വി എത്രയോ കോടികള്‍ നഷ്‌ടപ്പെടുത്തിക്കൊണ്ടാണ്‌ കഴിഞ്ഞ ഒരു വര്‍ഷമായി ലൂസിഫറിന്‌ പിന്നാലെ നില്‍ക്കുന്നത്‌. അദ്ദേഹത്തിന്റെ അക്ഷീണയത്നം ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. പ്രമേയത്തിലും ആഖ്യാനത്തിലും വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊളളുന്ന ഈ സിനിമ, ആക്ഷന്‍രംഗങ്ങളില്‍ പോലും വേറിട്ട വഴികള്‍ തേടുന്നതായി വിലയിരുത്തപ്പെടുന്നു.
പ്രേംനസീര്‍ മുതല്‍ ജയന്‍,സുകുമാരന്‍ യുഗത്തിലൂടെ കടന്ന്‌ മമ്മൂട്ടി, മോഹന്‍ലാല്‍ തലമുറയും പിന്നിട്ട്‌ ദിലീപും മറ്റും ഉള്‍ക്കൊളളുന്ന നിരയില്‍ എത്തിയിട്ടും ഒരു നായകനടന്‍ ധൈര്യപ്പെടാത്ത റിസ്‌കാണ്‌ പൃഥ്വി ഏറ്റെടുത്തത്‌. കമലിന്റെ ഒപ്പം സംവിധാനസഹായിയായി തുടങ്ങിയ ദിലീപിന്‌ പോലും ഇന്നേവരെ കഴിയാത്ത ഒരു ദൗത്യം ഇത്ര ചെറുപ്രായത്തില്‍ നിറവേറ്റുക വഴി അദ്ദേഹം ചരിത്രത്തില്‍ സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു. പ്രേംനസീര്‍ അടക്കമുളള നടന്‍മാര്‍ സിനിമയില്‍ അപ്രസക്‌തരായി തുടങ്ങിയ സന്ദര്‍ഭത്തിലാണ്‌ സംവിധാനമോഹവുമായി മുന്നേറിയത്‌. നിര്‍ഭാഗ്യവശാല്‍ തന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ കാലം അദ്ദേഹത്തെ അനുവദിച്ചില്ല.
പൃഥ്വിയുടെ പിതാവ്‌ സുകുമാരനും സമാനമായ സ്വപ്‌നം സൂക്ഷിക്കുകയും അതിനായി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രായോഗിക തലത്തിലെത്തിയില്ല. പിന്നീട്‌ സംവിധായകരായി മാറിയ കൊച്ചിന്‍ ഹനീഫയും വേണു നാഗവളളിയും ഉള്‍പ്പെടെയുളള നടന്‍മാര്‍ നായകനിരയിലുളളവരായിരുന്നില്ല. നാഗവളളി കരിയറിന്റെ തുടക്കത്തില്‍ ചില സിനിമകളില്‍ നായകനായിട്ടുണ്ടെങ്കിലും പില്‍ക്കാലത്ത്‌ സ്വഭാവനടന്‍ എന്ന നിലയില്‍ പോലും അദ്ദേഹത്തിന്‌ തിരക്കുണ്ടായിരുന്നില്ല. പൃഥ്വിയാവട്ടെ മലയാളത്തില്‍ മാത്രമല്ല ഇതര ഭാഷകളിലും ഏറെ ആവശ്യക്കാരുളള താരമായി നിലനില്‍ക്കെയാണ്‌ തന്റെ മുന്‍തലമുറയില്‍ പെട്ട മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ലൂസിഫര്‍ ഒരുക്കിയത്‌. അവിടെയും എല്ലാം ഞാന്‍ തന്നെ എന്ന സങ്കുചിതത്വം ഉപേക്ഷിച്ച്‌ നായകസ്‌ഥാനത്ത്‌ മറ്റൊരു നടനെ അവരോധിച്ചു കൊണ്ട്‌ ക്യാമറയ്‌ക്ക് പിന്നിലേക്ക്‌ മാറാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌.
ചിത്രത്തില്‍ ചെറിയ ഒരു വേഷം അവതരിപ്പിച്ചു കൊണ്ട്‌ അദ്ദേഹം ഒതുങ്ങി നിന്നു. തിരക്കഥയാവട്ടെ മുരളീഗോപിയെ പോലൊരു പ്രതിഭാധനനെ ഏല്‍പ്പിച്ചു കൊണ്ട്‌ അതാത്‌ മേഖലകളിലെ മികച്ചവരുടെ സേവനം ഉപയോഗപ്പെടുത്തുന്ന ദിശാബോധമുളള ഒരു സംവിധായകനെയാണ്‌ നാം കണ്ടത്‌. അങ്ങനെ പൃഥ്വിരാജ്‌ സുകുമാരന്‍ തന്റെ അച്‌ഛന്റെ മോഹം ഏറ്റവും മികച്ച നിലയില്‍ സഫലമാക്കിയിരിക്കുന്നു. ആരും എതിര്‍ത്ത്‌ ഒരു വാക്ക്‌ പറയുന്നില്ല എന്നതാണ്‌ ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്‌. എല്ലാ തലത്തിലും സ്വീകാര്യത ലഭിച്ച ഈ മഹാവിജയത്തിന്‌ പിന്നില്‍ സൂപ്പര്‍താരസാന്നിദ്ധ്യം പോലുമല്ലെന്ന്‌ പ്രേക്ഷകര്‍ മാത്രമല്ല സാക്ഷാല്‍ മോഹന്‍ലാലും തുറന്നു സമ്മതിച്ചിരിക്കുന്നു. ഒരു പൊതുവേദിയില്‍ ലാല്‍ ഇക്കാര്യം പരസ്യമായി പറയാനുള്ള ഔചിത്യം കാട്ടി. അദ്ദേഹം പറഞ്ഞു.
'ലൂസിഫര്‍ ഒരു മോഹന്‍ലാല്‍ സിനിമയല്ല. ഇത്‌ ഒരു സംവിധായകന്റെ ചിത്രമാണ്‌. ആ അര്‍ത്ഥത്തില്‍ ലൂസിഫര്‍ ഒരു പൃഥ്വിരാജ്‌ സുകുമാരന്‍ സിനിമയാണ്‌' രാജുവിന്‌ ആനന്ദലബ്‌ധിക്കിനിയെന്ത്‌ വേണം?

എസ്‌. നന്ദകിഷോര്‍

Ads by Google
Saturday 20 Apr 2019 11.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW