Sunday, June 30, 2019 Last Updated 24 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 11.34 PM

സൗപര്‍ണ്ണിക

uploads/news/2019/04/302887/sun5.jpg

ദാഹജലത്തിന്‌ ഓടിപ്പോയതാണു ഭീമന്‍. ഇങ്ങനെ നിന്നാല്‍. എന്തായാലും സംസാരിക്കാം. ഭീമന്‍ പറഞ്ഞു.
''ആരാണെന്നറിയാത്തതുകൊണ്ട്‌ എങ്ങനെ സംബോധന ചെയ്യണം എന്നറിയില്ല. ഈ ഭാഷ മനസിലാവുമോ എന്നും അറിയില്ല. ആരാണെന്നു പറഞ്ഞാല്‍ ഉപകാരം. ഒരു സഹായവും ആവശ്യമുണ്ട്‌. വനത്തില്‍ പരിചിതനല്ല ഞാന്‍...''
സൗപര്‍ണികയുടെ ഹൃദയത്തില്‍ മഞ്ഞുമഴ പെയ്‌തിറങ്ങി. എന്തൊരു കുലീനത്വമാണ്‌ ആ സംഭാഷണത്തിന്‌. മറുപടി എങ്ങനെ പറയണമെന്നറിയാതെ കുഴങ്ങി. എങ്കിലും ഇങ്ങനെ പറഞ്ഞു.
''ഈ വനത്തില്‍ വളര്‍ന്നവളാണ്‌. സൗപര്‍ണിക എന്നു പേര്‌. എന്തു സഹായമാണു വേണ്ടത്‌....''
ഭീമനും നല്ല മതിപ്പു തോന്നി.
വനത്തില്‍ ഇത്രയും നന്നായി സംഭാഷണം നടത്താന്‍ അറിയാവുന്നവരോ....
''ഞാന്‍ സൗപര്‍ണിക എന്നു വിളിക്കട്ടെ....''
സൗപര്‍ണിക തല കുലുക്കി. അവള്‍ മറ്റൊരു ലോകത്തായിരുന്നല്ലോ. ഒന്നും നേരെ പറയാന്‍ കഴിയുന്നില്ല. തൊണ്ടയിലെ വെള്ളം വറ്റുന്നു....
ഭീമന്‍ തുടര്‍ന്നു... ''സൗപര്‍ണികയെ വിശ്വസിക്കാം. അമ്മയും ജ്യേഷ്‌ഠനും അനുജന്മാരും തളര്‍ന്നു മരച്ചുവട്ടില്‍ ഇരിക്കുന്നു. അവര്‍ക്കു പെരുത്ത ദാഹവും. ആ വണ്ടാരം കോഴികള്‍ വരുന്ന പൊന്തക്കാട്ടില്‍ നീരുറവ ഉണ്ടെന്നു തോന്നുന്നു. അവിടേക്കു വഴി കാണിക്കാമോ.'' സൗപര്‍ണിക പതുക്കെ പറഞ്ഞു.
''ആ പൊന്തക്കാട്‌ ഈഞ്ച നിറഞ്ഞ സ്‌ഥലമാണ്‌. സഞ്ചരിക്കാന്‍ ആവില്ല. ശരീരം കീറി പിളരും. ഇടതുവശത്തുകൂടി ഇറങ്ങിയാല്‍ ഒരു കൊച്ചരുവിയുണ്ട്‌. കന്മദം പൊട്ടിയൊലിക്കുന്ന ഈറല്‍പാറയിലൂടെ ഒഴുകിവരുന്ന വെള്ളമാണ്‌. എന്റെ കൂടെ വന്നാല്‍ മതി....''
ഇവള്‍ വേഷം മാറിയ വനദേവത തന്നെയായിരിക്കും. ഭീമന്‍ ഉറച്ചു....
സൗപര്‍ണിക വേഗം നടന്നു. വളരെ വേഗത്തില്‍ അവര്‍ അരുവിക്കരയില്‍ എത്തി.
സൗപര്‍ണിക വട്ടമരത്തില്‍ കയറി. വേഗം ഇലകള്‍ പറിച്ചു. അവ കുമ്പിളുകളാക്കി.
അത്ഭുതത്തോടും അതിലേറെ ആഹ്‌ളാദത്തോടും കാട്ടുപെണ്ണിന്റെ പ്രവൃത്തികള്‍ നോക്കിനിന്നു.
ആദ്യം കാണുകയാണ്‌. എങ്കിലും സഹായിക്കാനുള്ള അവളുടെ മനഃസ്‌ഥിതി കണ്ട്‌ ഭീമന്‍ അതിശയിച്ചു നിന്നു.
അടി തെളിഞ്ഞ കുഞ്ഞരുവി.
കണ്ണാടിപോലുള്ള ജലം ഭീമനില്‍ സ്‌നാനത്തിനുള്ള ആവേശം വളര്‍ത്തി. എങ്കിലും ദാഹിച്ചു പൊരിയുന്ന അമ്മയുടെയും ജ്യേഷ്‌ഠന്റെയും അടുത്ത്‌ എത്താന്‍ ഭീമന്‍ വെമ്പി. കുമ്പിളുകളില്‍ ജലം നിറച്ചു. ഉത്തരീയം നനച്ചെടുത്തു.
സൗപര്‍ണിക എല്ലാം നോക്കിനിന്നു.
ഭീമന്‍ പറഞ്ഞു: ''സൗപര്‍ണികേ, നീ ചെയ്‌ത ഉപകാരം വലുതാണ്‌. എന്റെ അമ്മയുടെ അടുത്തേക്കു ഞാന്‍ നിന്നെ ക്ഷണിക്കട്ടെ....''
സൗപര്‍ണിക തലയാട്ടി. സമ്മതമെന്ന അര്‍ഥത്തില്‍.
രണ്ടിലക്കുമ്പിള്‍ അവള്‍ എടുത്തു.
ഇക്കുറി ഭീമന്‍ മുമ്പില്‍ നടന്നു. സൗപര്‍ണിക പിമ്പിലും. ആ വഴിക്ക്‌ അവര്‍ അധികം സംസാരിച്ചില്ല. രണ്ടുപേരും സ്വയം സംസാരിച്ചു.
ഭീമന്‌ സൗപര്‍ണികയെക്കുറിച്ച്‌ ബഹുമാനവും ആദരവും വളര്‍ന്നു. ഭയമില്ലാത്ത അവളുടെ മനസിനോട്‌ സ്‌നേഹവും തോന്നി. അവളോടുള്ള സ്‌നേഹത്തിന്‌ വികാരത്തിന്റെ പുളിരസം കലരാതിരിക്കാന്‍ ഭീമന്‍ ശ്രദ്ധിച്ചു.
വനത്തിന്റെ സൗന്ദര്യമാണ്‌ അവള്‍ക്ക്‌. കൊട്ടാരത്തിലെ ആഢ്യത്വമേശാത്ത മനോഹാരിതയാണ്‌ അവളില്‍ തെളിയുന്നത്‌.
ഇടയ്‌ക്ക് ഭീമന്‍ തിരിഞ്ഞുനോക്കി.
ഇലക്കുമ്പിളുകള്‍ നിധിപോലെ പിടിച്ചുകൊണ്ട്‌ പിന്നാലെ സൗപര്‍ണികയുണ്ട്‌. കുളിര്‌ ഓലുന്ന അരുവിപോലെ നിഷ്‌കളങ്കയാണ്‌ അവള്‍.
ചതിയോ, വഞ്ചനയോ അറിയില്ല....
അധികം വൈകാതെ അവര്‍ കുന്തിയുടെ അടുത്തെത്തി. സൗപര്‍ണികയെ കണ്ട്‌ കുന്തി നിര്‍നിമേഷയായി നോക്കി. സൗപര്‍ണിക അല്‌പം ജാള്യത്തോടെ ഒഴിഞ്ഞുനിന്നു. കുന്തിയുടെ ഗാംഭീര്യമുള്ള മുഖം കണ്ടപ്പോള്‍ അവള്‍ പരവശയായി. ആ കണ്ണുകളിലെ തിളക്കം സൗപര്‍ണികയെ കുടഞ്ഞു. ആ നോട്ടം അവളുടെ ഹൃദയത്തെ ചൂഴ്‌ന്നെടുത്തു.
സൗപര്‍ണിക മരത്തിന്റെ പിന്നിലേക്കു മാറി....
അകലെ ഗന്ധമാദനത്തിന്റെ താഴ്‌വരയില്‍ വെള്ളിടി വെട്ടുന്ന ചില ശബ്‌ദങ്ങള്‍ വീണുതുടങ്ങി....
''ജ്യേഷ്‌ഠാ... ഹിഡുംബ വനമാണിത്‌. ദുഷ്‌ടനായ ആ രാക്ഷസന്‍ എപ്പോഴും ചാടിവീഴാം. ഈ വനം കടന്നാല്‍ നമ്മള്‍ രക്ഷപ്പെട്ടു. ഏകചക്ര എന്ന ഗ്രാമത്തില്‍ എത്താം. അവിടെ വേഷം മാറി കഴിയാം...''
''എനിക്കു വയ്യാ... ആ കുഞ്ഞുങ്ങള്‍ക്കും വയ്യാ. ഹിഡുംബന്‍ തിന്നുന്നെങ്കില്‍ തിന്നട്ടെ. നടക്കാന്‍ ആവാതെ എന്താ ചെയ്‌ക.''
''ജ്യേഷ്‌ഠാ.... ആ വന്‍മരം അരയാലാണെന്നു തോന്നുന്നു. പാലുള്ള വൃക്ഷം. വിശ്രമിക്കുവാന്‍ നന്ന്‌. നമുക്ക്‌ അവിടം വരെ പോകാം.''
അവര്‍ ഒരുവിധത്തില്‍ അരയാലിന്റെ ചുവട്ടില്‍ എത്തി.
ആകാശത്ത്‌ അജയ്യനായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അരയാല്‍. അതിന്റെ കൊമ്പുകളില്‍ കാതിനിമ്പം പകരുന്ന പാട്ടുകളോതി കിളികള്‍. കൂര്‍മയുള്ള കാറ്റ്‌...
നല്ല മണല്‍ വിരിച്ച ചുവട്‌....
അര്‍ജുനന്‍ പറഞ്ഞു ''ജ്യേഷ്‌ഠാ.... കിടക്കാന്‍ നല്ല സ്‌ഥലം. ഉറക്കവും വരുന്നു. കിടക്കട്ടെ....'' പറയാതെ തന്നെ നകുലനും സഹദേവനും കിടന്നുകഴിഞ്ഞു. ദാഹം അസഹ്യമെങ്കിലും കിടന്നപാടെ അവര്‍ ഉറക്കമായി.
ഭീമന്‍ അവരെ നോക്കി ഒരു നിമിഷം നിന്നു.
കണ്‍കോണ്‍ നനഞ്ഞുവോ?
ജ്യേഷ്‌ഠനും തറയില്‍ കിടന്നു. അമ്മയും കിടന്നു.
അല്‌പം വെള്ളം കുടിക്കാന്‍ അവര്‍ കൊതിച്ചു.
അമ്മയെ നോക്കിയും ഭീമന്‍ നിന്നു. ആജ്‌ഞകള്‍ തരുന്ന ജ്യേഷ്‌ഠന്‍. സ്‌നേഹനിധിയായ ധര്‍മജന്‍.
പാഴ്‌നിലത്ത്‌ ഒരു തുള്ളി ദാഹജലത്തിന്‌ കേണു കിടക്കുന്നു. ഭീമന്‍ കത്തിക്കാളി. കൈകള്‍ തിരുമ്മി. പല്ലുകള്‍ ഞെരിഞ്ഞു. ആലില്‍ നിന്ന്‌ കിളികള്‍ ഇളകി പറന്നു.....
നീലാകാശത്തിനു താഴെ വെള്ള നൂലുപോലെ പറന്നുപോകുന്ന വണ്ടാരം കോഴികള്‍.
നല്ല കാഴ്‌ച.
അടുത്ത്‌ എവിടെയോ ജലമുണ്ട്‌. കുളി കഴിഞ്ഞുപോവുകയാണ്‌ അവ. അല്ല, ഇങ്ങോട്ടു പറന്നുവരുകയാണ്‌. ശുഭസൂചകമാണത്‌.
വണ്ടാരം കോഴികള്‍ അരയാലില്‍ പറന്നുപറ്റി. അവ ചിറകുകള്‍ ചിക്കിയുണക്കാന്‍ വിതര്‍ത്തു.
അമ്മേ, അടുത്തെവിടെയോ ജലം ഉണ്ടെന്നു തോന്നുന്നു. വണ്ടാരം കോഴികള്‍ പറന്നുവരുന്നത്‌ കണ്ടില്ലേ. ഈ മരത്തണലില്‍ വിശ്രമിക്കുക. നട്ടുച്ചയായതിനാല്‍ മൃഗങ്ങള്‍ വരുകയില്ല. അര്‍ജുനനും കേള്‍ക്കൂ. ഞാന്‍ വെള്ളത്തിനുപോകുന്നു. നീ വില്ലുകുലച്ചുനില്‍ക്കുക. മൃഗങ്ങളോ, രാക്ഷസരോ വന്നാല്‍ കൊന്നേല്‍ക്കുക.''
ധര്‍മ്മജന്റെ അനുവാദത്തോടെ ഭീമന്‍ വണ്ടാരം കോഴികള്‍ പറന്നുവന്ന ദിശയിലേക്കു നടന്നു.
ആ യാത്ര ആരുടെയെല്ലാം ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി. തന്റെ സമീപത്തുകൂടിയാണ്‌ ഭീമന്റെ യാത്ര എന്നു മനസിലായി. മരത്തില്‍ ഭീമനെ നേരെ കാണാന്‍ തക്കവണ്ണം താനിരുന്നു. ആ യുവകോമളനെ കണ്‍കുളിരെ കണ്ടു.
ഇങ്ങനെയൊരു പുരുഷ സൗന്ദര്യം താന്‍ കണ്ടിട്ടില്ല. കാട്ടിലെ അറിയാവുന്ന പുരുഷന്മാരുമായി തട്ടിച്ചുനോക്കി. ഈ സൗന്ദര്യത്തിനു മുമ്പില്‍ അവര്‍ ഒന്നുമല്ല. മൂപ്പന്റെ പക്കല്‍ മുഴുത്ത ഒരു വസ്‌തു കല്ലുപോലുണ്ട്‌. സ്വര്‍ണം എന്നാണ്‌ മൂപ്പനതിന്‌ പറയുന്നത്‌. ആ കല്ലുപോലെ പ്രകാശിക്കുന്ന ശരീരം. ആ കണ്ണുകളില്‍ വല്ലാത്ത തിളക്കം തന്റെ മനസിനെ അതു പ്രകാശിപ്പിക്കുന്നപോലെ. ആ ചുണ്ടിന്റെ മിനുമിനുപ്പും നന്നായി കാണാം. കൈത്തണ്ടകളും മാറിടവും അഭ്യാസംകൊണ്ടുറച്ചവതന്നെ.
ഇങ്ങനെയൊരു യുവാവാണോ തന്റെ മനസില്‍ തെളിഞ്ഞത്‌. ആ വിരലുകള്‍ തനിക്ക്‌ ആശ്‌ചര്യം തരുന്നു. സ്വപ്‌നത്തില്‍ തന്നെ മാടിവിളിച്ച വിരലുകള്‍. മലമുത്തപ്പന്‍ തനിക്കുവേണ്ടിയാണ്‌ ഈ യുവാവിനെ ഇവിടെ എത്തിച്ചത്‌. ഈ യുവകോമളന്‍ തന്റേതാണ്‌. കാട്‌ കനിഞ്ഞുതന്നത്‌. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ തന്റേയും സഹോദരങ്ങള്‍തന്നെ. അദ്ദേഹത്തിന്റെ അമ്മ തന്റെയും അമ്മ...
സ്വയം സമര്‍പ്പിച്ച സൗപര്‍ണിക ഒരു മായാപ്രഭാവത്തിലായി...
കിഴക്ക്‌ മലമുകളില്‍ ചുവന്ന രേഖകള്‍ പടരുന്നു.
ഗന്ധമാദനത്തിന്റെ നെറുകയില്‍ തീ വീണിരിക്കുന്നു. പുല്‍മേടുകള്‍ തിന്നുതീര്‍ന്നേ തീ ഇനി അടങ്ങുകയുള്ളൂ. ഇതുകഴിഞ്ഞാല്‍ മഴയാണ്‌. കനത്ത മഴ. സൗപര്‍ണിക കരകവിഞ്ഞൊഴുകുന്ന മഴ.
വര്‍ത്തമാനകാലത്തിലേക്കു തിരിച്ചുവന്ന സൗപര്‍ണിക ചുറ്റും നോക്കി. ഓര്‍മ്മകളില്‍ ജീവിക്കുകയാണ്‌ അവള്‍. ഇവയെല്ലാം ഇങ്ങനെത്തന്നെ എത്രവട്ടം ഓര്‍മ്മകളിലൂടെ കടന്നുപോയിരിക്കുന്നു. ഓര്‍ക്കുമ്പോള്‍ അതെല്ലാം പകരുന്നത്‌ ഒരു സുഖമാണ്‌. ഓര്‍മകളില്‍ ജീവിക്കുമ്പോള്‍ സൗപര്‍ണികയ്‌ക്ക്‌ ബാഹ്യലോകം അന്യമാണ്‌. അവള്‍ പഴയകാലത്തിലേക്ക്‌ പറന്നുപോവുകയാണ്‌. ഭൂതകാലത്തിലേക്കുള്ള യാത്ര. നിമിഷങ്ങള്‍കൊണ്ട്‌ അവള്‍ വര്‍ത്തമാനകാലം മറക്കുന്നു. ഓര്‍ക്കാന്‍ വര്‍ത്തമാനകാലം ഒന്നും നല്‍കുന്നില്ല. ഭൂതകാലം അനുഭവങ്ങളുടെ ചൂരുകൊണ്ട്‌ ശക്‌തമായിരുന്നു. വീണ്ടും സൗപര്‍ണിക ബാഹ്യലോകവും വര്‍ത്തമാനകാലവും പിന്നിട്ട്‌ ഭൂതത്തിന്റെ മറനീക്കി കടന്നു...
അന്നത്തെ സംഭവങ്ങള്‍ മനസിലുണര്‍ത്തുന്നത്‌ ലജ്‌ജയും ഞെട്ടലുമാണ്‌. രണ്ടു വികാരങ്ങളും ഒന്നിച്ചാണ്‌ മനസില്‍ തള്ളിക്കയറിയത്‌. ലജ്‌ജകൊണ്ട്‌ ഇടനെഞ്ച്‌ കോരിത്തരിക്കുമ്പോള്‍ ഭയത്തില്‍ കാലുകള്‍ തളരുന്നു. ലജ്‌ജയില്‍ കണ്ണുകള്‍ പാതി മയങ്ങിയപ്പോള്‍ പേടി കൊണ്ട്‌ മുഖം വിളറിവെളുത്തു. കണ്‍കോണില്‍ പൊടിഞ്ഞ ആഹ്‌ളാദത്തിന്റെ മുത്തുകള്‍ അപ്പോള്‍ തന്നെ ആവിയായി.....
ചേട്ടന്‌ ഭക്ഷണം അന്വേഷിച്ചാണ്‌ താനിറങ്ങിയത്‌. ഭക്ഷണം സമൃദ്ധമായി ഉണ്ടുതാനും. ഉച്ചകഴിയുന്നു. അന്വേഷിച്ചുതുടങ്ങിക്കാണും. താനിവിടെത്തന്നെ നിന്നാല്‍.... പക്ഷേ അവരെ വധിക്കുവാന്‍ മനസു വരുന്നില്ല. എന്നല്ല ആ യുവാവ്‌ ഇതുവരെ അറിയാത്ത ഒരു സുഖം പകര്‍ന്നുതരുകയും ചെയ്യുന്നു. അയാളെ വിവാഹം ചെയ്‌താലോ.....
വിവാഹം...
സൗപര്‍ണിക കോരിത്തരിച്ചു.
ഈ യുവാവിനെ ചേട്ടന്‌ ഇഷ്‌ടപ്പെടും. എതിര്‍ക്കുകയില്ല. പക്ഷേ, ആരാണു പറയുക. അതിനുമുമ്പ്‌ ആ യുവാവിന്‌ തന്നെ ഇഷ്‌ടപ്പെട്ടില്ലെങ്കിലോ... വെറും കാടത്തിയായി തന്നെ കണക്കാക്കിയാലോ....
ഏതായാലും അയാളോട്‌ ചോദിക്കുകതന്നെ.... തന്നെ ഇഷ്‌ടമായോ എന്ന്‌.... ഇഷ്‌ടമായെന്നു പറഞ്ഞാല്‍!
മനസില്‍ ആയിരം മാരിവില്ലുദിച്ചുമാഞ്ഞു. കലംപെട്ടിപൂക്കള്‍ കണ്ണു തുറന്നു..... സൗപര്‍ണിക ശരീരം ആകെ ഒന്നുഴിഞ്ഞുനോക്കി....
ആ യുവാവ്‌ എത്തിക്കഴിഞ്ഞു.....
മരത്തില്‍ നിന്നിറങ്ങുകതന്നെ....
എങ്ങനെയാണ്‌ അയാളോടു മിണ്ടിത്തുടങ്ങുക. ചിരിച്ചുകൊണ്ടായാലോ. വനമാണ്‌. പെട്ടെന്ന്‌ തന്നെ മുന്നില്‍ കണ്ടാല്‍ അയാള്‍ ഭയക്കുകയില്ലേ. അച്‌ഛന്‍ കാലില്‍ തന്ന തളകള്‍ കൂട്ടിമുട്ടി ശബ്‌ദമുണ്ടാക്കിയാലോ. ചിലപ്പോള്‍ പിന്തിരിഞ്ഞുപോകാം. കൂട്ടത്തില്‍ ഒന്നും പറയുവാന്‍ ആവുകയില്ല. അയാളെ ഏകാന്തമായിതന്നെ കിട്ടണം. അതിന്‌ ഈ മരച്ചുവടാണു നല്ലത്‌.
സൗപര്‍ണിക മരത്തിന്റെ ചുവട്ടിലിറങ്ങി....
ഭീമന്‍ വേഗത്തിലാണ്‌ നടന്നത്‌. വനമാണ്‌... ഹിഡുംബനെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. മനുഷ്യമാംസമേ അവന്‍ ഭക്ഷിക്കുകയുള്ളൂ. അവന്റെ ആള്‍ക്കാന്‍ വനത്തില്‍ കാണും. അവരെ എതിര്‍ക്കാന്‍ അത്രവേഗം അര്‍ജുനന്‌ ആവുകയില്ല. അതുകൊണ്ട്‌ വേഗം വരണം...
പിന്നെയും വണ്ടാരം കോഴികള്‍ പറന്നുയരുന്നു.
ആ പൊന്തയില്‍ നീരുറവയുണ്ട്‌.
ഭീമന്‍ അകലേക്കു നോക്കി മനസില്‍ പറഞ്ഞുകൊണ്ട്‌ മരച്ചുവട്ടില്‍ എത്തി.....
തണുപ്പുള്ള വൃക്ഷച്ചുവട്ടില്‍ ഒരു നിമിഷം നില്‍ക്കണമെന്നുണ്ടായിരുന്നു ഭീമന്‌. പക്ഷേ, അമ്മയ്‌ക്കും സഹോദരന്മാര്‍ക്കും ദാഹജലം എത്തിക്കണമല്ലോ....
മുമ്പോട്ട്‌ ഭീമന്‍ കാലെടുത്തുവച്ചതാണ്‌. അപ്പോഴാണ്‌ സൗപര്‍ണിക കടുത്ത നിഴലില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ നീങ്ങി നിന്നത്‌. മുമ്പോട്ടു വച്ച കാല്‌ ഭീമന്‍ പിമ്പോട്ടു വലിക്കാറില്ല. നിര്‍ബന്ധമുള്ള കാര്യമാണ്‌. അതുകൊണ്ട്‌ വായൂപുത്രന്‍ മുമ്പോട്ടു കയറിനിന്നു.
സൗപര്‍ണികയെ സൂക്ഷിച്ചുനോക്കി.
ആരായിരിക്കും ഇവള്‍.
വനദേവതയാവാന്‍ സാധ്യതയില്ല. കറുത്തവരല്ല ദേവതമാര്‍. രാക്ഷസിയായിരിക്കും. വേഷം മാറി നില്‍ക്കുകയായിരിക്കും. എങ്കില്‍ പിന്നെ വെളുത്ത രൂപം ധരിക്കാമായിരുന്നല്ലോ. കഴുത്തും കാതും കണ്ടിട്ട്‌ ഏതോ കാട്ടുപെണ്ണാവാനാണു സാധ്യത. തന്റെ ഭാഷ ഇവള്‍ക്കു മനസിലാവുമോ എന്നറിയില്ല.
സൗപര്‍ണികയുടെ മനസും ഓളം വെട്ടുകയായിരുന്നു. എന്തേ അദ്ദേഹം ഒന്നും മിണ്ടാത്തത്‌. ഭയന്നുപോയതാണോ. ആ മുഖത്ത്‌ ഭയത്തിന്റെ നേരിയ അംശം പോലുമില്ലല്ലോ. പെട്ടെന്ന്‌ വനത്തില്‍ ഒരു പെണ്ണിനെ കണ്ടപ്പോഴുള്ള അങ്കലാപ്പാവാം. എന്തായാലും ആദ്യം മിണ്ടട്ടെ....
ഇരുവരുടെയും ഇടയില്‍ മൗനം കനത്തു. ഇലക്കുമ്പിളുകളില്‍ നിറച്ചുകൊണ്ടുവന്ന ദാഹജലത്തിന്‌ അമൃതിന്റെ സ്വാദ്‌. കുടിച്ചിട്ടും കുടിച്ചിട്ടും മതിവന്നില്ല.
ഉത്തരീയം കൊണ്ട്‌ ഓരോരുത്തരും മുഖം തുടച്ചു. തണുപ്പിന്റെ സുഖം ഞരമ്പുകള്‍ ഏറ്റുവാങ്ങി. കണ്ണിന്റെ പുകച്ചില്‍ അടങ്ങി. ഹൃദയം തണുത്തു.
കുന്തി പിന്നെയും ഭീമനെ നോക്കി. മറ്റുള്ളവരും. ആ നോട്ടത്തിന്റെ പൊരുള്‍ ഭീമനറിയാം. പക്ഷേ, എവിടെ തുടങ്ങണം എന്നറിയാതെ പരുങ്ങി.
സമര്‍ഥനായ ഭീമനുപോലും വാക്കുകള്‍ കിട്ടുന്നില്ല. ഈ അവസ്‌ഥ അങ്ങനെയാണ്‌. വാഗ്മിക്കുപോലും വാക്കുകള്‍ ശൂന്യമാവുന്നു.....
ഭീമന്‍ ആ നോട്ടങ്ങള്‍ ഏറ്റെടുത്തുകൊണ്ടു പറഞ്ഞു.
''അമ്മേ, ജ്യേഷ്‌ഠാ.... ഇതു സൗപര്‍ണിക. വെള്ളത്തിനു പോയപ്പോള്‍ ഒരു മരത്തണലില്‍ വച്ചു കണ്ടു. അരുവി കാണിച്ചു തന്നു. ഇത്രയേ എനിക്ക്‌ അറിയുള്ളൂ.''
കുന്തി സൗമ്യമായി ചോദിച്ചു.
''കുഞ്ഞേ, നീ ചെയ്‌ത ഉപകാരത്തിന്‌ എങ്ങനെ നന്ദി പറയണം എന്നറിയില്ല. ദാഹജലത്തിന്‌ കഷ്‌ടപ്പെടുകയായിരുന്നു ഞങ്ങള്‍. വെയില്‍ കൊണ്ടു പൊരിയുന്ന വനത്തില്‍ വെള്ളം അന്വേഷിച്ചുപോയ എന്റെ മകനെ നീ സഹായിച്ചു. ഞങ്ങള്‍ നിന്നോട്‌ കടപ്പെട്ടിരിക്കുന്നു. പറയൂ. ഈ വനത്തില്‍ താമസിക്കുന്ന ആളാണോ നീ....''
എങ്ങനെ തുടങ്ങണമെന്നറിയാതെ പരുങ്ങി സൗപര്‍ണിക. മാത്രമല്ല എല്ലാവരും അവളെത്തന്നെയാണു ശ്രദ്ധിക്കുന്നത്‌. ആരുടെ മുഖത്തേക്കും നോക്കാനാവാതെ അവള്‍ വലഞ്ഞു.
ഭീമന്‍ പറഞ്ഞു: ''സൗപര്‍ണികേ, അമ്മയോട്‌ കുലവും വീടും മാതാപിതാക്കളും എവിടെയെന്നും ആരെന്നും പറയൂ.''
അപ്പോള്‍ ധര്‍മജനും നിര്‍ബന്ധിച്ചു.
വല്ലാത്ത ഒരു ദുര്‍ഘട സന്ധിയിലായി സൗപര്‍ണിക.
ധര്‍മജന്‍ പറഞ്ഞു: ''കുഞ്ഞേ, നിന്റെ പേരു കേട്ടിട്ട്‌ രാക്ഷസ കുലത്തില്‍ അല്ല നീ പിറന്നതെന്നു തോന്നുന്നു. പക്ഷേ, വനത്തിലാണ്‌ നീ വസിക്കുന്നതും. ഈ വൈരുധ്യം മനസിലാവുന്നില്ല. അതുകൊണ്ട്‌ എല്ലാം തുറന്നു പറയൂ....''
ധൈര്യം അവലംബിച്ചുകൊണ്ട്‌ സൗപര്‍ണിക എല്ലാം തുറന്നു പറഞ്ഞു. അവളുടെ ഓരോ വാക്കും കുന്തിയില്‍ ഭയത്തിന്റെ നിഴല്‍ വീഴ്‌ത്തി. ധര്‍മജന്റെയും അര്‍ജുനന്റെയും മുഖത്ത്‌ കാര്‍മേഘം പടര്‍ന്നു.
ഭീമന്‍ ധൈര്യം വിടാതെ നിന്നു.
സൗപര്‍ണിക പറഞ്ഞുനിര്‍ത്തി.....
സഹോദരന്‌ ഭക്ഷണം അന്വേഷിച്ച്‌ ഇറങ്ങിയതാണ്‌ ഞാന്‍. നിങ്ങള്‍ നല്ല ഇരയാണെന്ന്‌ അറിയാം. നിങ്ങളെ കൊണ്ടുകൊടുക്കാനും ഞാന്‍ ഉറച്ചു. അങ്ങനെ ആ മരത്തിന്റെ മുകളിലിരുന്ന്‌ എല്ലാം നോക്കി കാണുകയായിരുന്നു. പക്ഷേ, എന്തുകൊണ്ടോ എനിക്കതിനു കഴിയുന്നില്ല.
എന്നെ കാണാഞ്ഞ്‌ ഹിഡുംബന്‍ അന്വേഷിച്ചു വരേണ്ട നേരമായി. എത്താന്‍ അധികം ഇനി വൈകില്ല. നിങ്ങള്‍ അവന്റെ ഭക്ഷണമാകും. നിങ്ങളോടൊപ്പം എന്നെ കണ്ടാല്‍ എന്നെയും കൊല്ലും. എന്താണ്‌ ഒരു മാര്‍ഗം എന്ന്‌ ആലോചിച്ചു തീരുമാനിക്കണം...''
ഭീമന്‍ പറഞ്ഞു: ''നിന്റെ സഹോദരനെക്കുറിച്ച്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അവന്റെ മാംസഭക്ഷണത്തോടുള്ള പ്രിയവും എനിക്കറിയാം. അവന്‍ വരട്ടെ. ഈ കൊടും വനത്തില്‍ എവിടെ ഓടിപ്പോകാനാണ്‌....''
അവര്‍ ഇങ്ങനെ സംസാരിക്കവേ അല്‌പം അകലെ പൊന്തക്കാടുകള്‍ കൊടുങ്കാറ്റ്‌ അടിയേറ്റുലയുംപോലെ തലയിട്ടടിച്ചു. സൗപര്‍ണിക വിറയ്‌ക്കാന്‍ തുടങ്ങി. ഭയം അവളെ ചെറുതാക്കി. അവള്‍ ഭീമനോട്‌ അടുത്തുനിന്നു...
''ഹിഡുംബന്റെ വരവാണ്‌...''
സൗപര്‍ണികയുടെ വായില്‍ നിന്നും വാക്കുകള്‍ എടുത്തുചാടുകയായിരുന്നു. കുന്തിയും ധര്‍മജനും മറ്റുള്ളവരും ആ വരവ്‌ ശ്രദ്ധിച്ചു.
മരങ്ങള്‍ അന്തരീക്ഷത്തില്‍ അമ്മാനം കളിക്കുന്ന കാഴ്‌ച കുന്തിയെ ഞെട്ടിച്ചു.

(തുടരും)

തുളസി കോട്ടുക്കല്‍

Ads by Google
Saturday 20 Apr 2019 11.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW