Friday, June 21, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 11.33 PM

അപൂര്‍വസുന്ദരമായ ഒരു വായനാനുഭവം

uploads/news/2019/04/302885/book1.jpg

മലയാളപുസ്‌തകപ്രസിദ്ധീകരണരംഗത്ത്‌ ഓര്‍മ്മക്കുറിപ്പുകളുടെ ചാകരയാണിന്ന്‌. ജീവിതമെഴുത്ത്‌ എന്ന പേരില്‍ ഏറെ ജനപ്രിയമായി കഴിഞ്ഞിരിക്കുകയാണ്‌ ആത്മകഥാകഥനവും ജീവചരിത്രങ്ങളും ഓര്‍മ്മക്കുറിപ്പുകളും അടങ്ങുന്ന ഇത്തരം രചനകള്‍. ഏതിലും പതിവ്‌ വഴികളില്‍ നിന്ന്‌ വേറിട്ട്‌ സഞ്ചരിക്കുമ്പോഴാണല്ലോ ഒരു എഴുത്തുകാരന്‍/ എഴുത്തുകാരി സ്വയം അടയാളപ്പെടുത്തുന്നത്‌.
അത്തരത്തിലുളള ഒരു വഴിമാറി നടത്തമാണ്‌ പ്രമുഖ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബിനാ രഞ്‌ജിനിയുടെ ഇനിയൊന്ന്‌ പാടു ഹൃദയമേ എന്ന ഗ്രന്ഥം. മലയാളസിനിമാ ചരിത്രത്തിലെ ചില അനശ്വരഗാനങ്ങളുടെ പിറവിക്ക്‌ പിന്നിലെ ഏറെ കൗതുകകരവും വിജ്‌ഞാനപ്രദവുമായ പിന്നണിക്കഥകളെ അതീവഹൃദ്യമായി അവതരിപ്പിക്കുകയാണ്‌ ബിനാ രഞ്‌ജിനി ഈ പുസ്‌തകത്തിലൂടെ. സമാനമായ ഒരു ദൗത്യം സാഹിത്യചരിത്രത്തില്‍ മുന്‍പ്‌ ഉണ്ടായിട്ടില്ലെന്ന്‌ തന്നെ പറയേണ്ടിയിരിക്കുന്നു.
ദേവദാരു പൂത്തു എന്‍ മനസിന്‍ താഴ്‌വരയില്‍,.....തുടങ്ങി എന്നും മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു പറ്റം ഗാനങ്ങളുടെ സൃഷ്‌ടിക്ക്‌ പിന്നിലെ രഹസ്യങ്ങളാണ്‌ ഈ കൃതി അനാവരണം ചെയ്യുന്നത്‌. പല ഓര്‍മ്മക്കുറിപ്പുകളെയും വായനാക്ഷമമല്ലാതാക്കുന്നത്‌ അതിന്റെ വരണ്ട ഭാഷയും ആഖ്യാനരീതിയുമാണ്‌. എന്നാല്‍ ബീനാ രഞ്‌്ജിനി ഈ കൃതിയില്‍ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്‌ അതിന്റെ പാരായണക്ഷമതയ്‌ക്ക് തന്നെയാണ്‌. അതീവലളിതവും കാവ്യാത്മകവുമായ പദാവലികള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ആഖ്യാനം. ശ്രവണസുന്ദരമായ ഒരു ഗാനം കേള്‍ക്കുന്ന അതേ ആസ്വാദനക്ഷമതയോടെ ഈ പുസ്‌തകത്തിന്റെ ഓരോ താളിലൂടെയും നമുക്ക്‌ സഞ്ചരിക്കുവാന്‍ കഴിയും. പുസ്‌തകത്തിന്റെ പുറംചട്ടയില്‍ പ്രസാധകര്‍ രേഖപ്പെടുത്തിയ വരികളെ എല്ലാ അര്‍ത്ഥത്തിലും അന്വര്‍ത്ഥമാക്കുന്നു ഈ പുസ്‌തകം.
മലയാള ചലച്ചിത്രഗാനങ്ങളുടെ ആത്മസുഗന്ധം തേടുന്ന അപൂര്‍വസുന്ദരമായ പുസ്‌തകം. ഓരോ മലയാളിയും ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന ഒരു പിടി ഗാനങ്ങളുടെ അഴകും പൊരുളും ഈ പുസ്‌തകം പങ്ക്‌ വയ്‌ക്കുന്നു.
പല തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട കൃതിയാണിത്‌. ഒരു ഗാനം രൂപപ്പെട്ട ബാഹ്യസാഹചര്യം മുതല്‍ അതിന്റെ സൗന്ദര്യശാസ്‌ത്രപരമായ മികവില്‍ ഗാനരചയിതാവ്‌, സംഗീതസംവിധായകന്‍, ഗായകന്‍ എന്നിവരുടെ മാനസികാവസ്‌ഥയും സാഹചര്യങ്ങളും എത്രത്തോളം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നിങ്ങനെ വളരെ സൂക്ഷ്‌മമായ അംശങ്ങള്‍ പോലും കണ്ടെത്തി അടയാളപ്പെടുത്താന്‍ ബീനാ രഞ്‌ജിനി ശ്രദ്ധിച്ചിട്ടുണ്ട്‌.
മലയാള സിനിമാഗാനരംഗവുമായി ബന്ധപ്പെട്ട വളരെ വിലപ്പെട്ട പല വിവരങ്ങളും പുറത്തു കൊണ്ടു വന്ന ചരിത്രരേഖ എന്ന നിലയിലും ഈ കൃതി നമുക്ക്‌ വായിക്കാം.
32 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കോട്ടയ്‌ക്കല്‍ കുഞ്ഞുമൊയ്‌തീന്‍കുട്ടി എന്ന നവാഗതന്‍ തന്റെ 25-ാം വയസില്‍ എഴുതിയ ഗാനമാണ്‌ ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി, മനമുരുകും വേദനയില്‍ ആണ്‍കിളികള്‍ ആണ്‍കിളിയാ കഥ പാടി'
മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളികളുടെ ചുണ്ടില്‍ തത്തികളിക്കുന്ന ആ ഗാനം കുഞ്ഞുമൊയ്‌തീന്റെ ആദ്യത്തെയും അവസാനത്തെയൂം ചലച്ചിത്രഗാനമായിരുന്നു. ആ ഗാനം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഗാനരചയിതാവിനെ ആര്‍ക്കും അറിയില്ല. ഈ തരത്തില്‍ അത്യപുര്‍വമായ പല വിവരങ്ങളും ഈ ഗ്രന്ഥം പുറത്തുകൊണ്ടു വരുന്നു.
അതുപോലെ കാലത്തെ അതിജീവിച്ച്‌ നിലനില്‍ക്കുന്ന ക്ലാസിക്ക്‌ ഗാനമാണ്‌ ഏഴാച്ചേരി രാമചന്ദ്രന്‍ രചിച്ച ചന്ദനമണിവാതില്‍ പാതി ചാരി...
മൂന്ന്‌ പതിറ്റാണ്ട്‌ മുന്‍പ്‌ റിലീസ്‌ ചെയ്‌ത മരിക്കുന്നില്ല ഞാന്‍ എന്ന ചിത്രത്തിലെ ഗാനം പുരുഷശബ്‌ദത്തിലും സ്‌ത്രീശബ്‌ദത്തിലും പാടിയത്‌ യഥാക്രമം ജി.വേണുഗോപാലും ഉഷയുമായിരുന്നു. പാട്ട്‌ ഇത്ര മികച്ചതായിട്ടും ഉഷയ്‌ക്ക് പിന്നീടൊരിക്കലും പാടാന്‍ അവസരം ലഭിച്ചില്ല. ഉഷയെ വിവാഹം കഴിച്ചതാവട്ടെ മലയാളത്തിലെ ആദ്യത്തെ പിന്നണി ഗായകന്‍ ടി.കെ.ഗോവിന്ദറാവുവിന്റെ മകനും.
മലയാളത്തിലെ നാലാമത്തെ സിനിമയായ നിര്‍മ്മല മുതലാണ്‌ പിന്നണി ഗാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതെന്നും പുസ്‌തകം പറയുന്നു. ജി.ശങ്കരക്കുറുപ്പ്‌ ആദ്യമായി എഴുതിയ ശുഭലീല എന്ന്‌ തുടങ്ങുന്ന പാട്ടാണത്രെ ആദ്യത്തെ പിന്നണിഗാനം. അത്‌ പാടിയ കൊച്ചിസ്വദേശി ഗോവിന്ദറാവു പിന്നീടൊരു സിനിമയിലും പാടിയിട്ടില്ല എന്നതും ചരിത്രകൗതുകം. മലയാളത്തിലെ ആദ്യ പിന്നണി ഗായിക സരോജിനി മേനോന്‍ ആണെന്ന കണ്ടെത്തലും പുസ്‌തകം നിര്‍വഹിക്കുന്നു.
ജയരാജിന്റെ പ്രശസ്‌തമായ ദേശാടനം എന്ന സിനിമയിലെ കളിവീടുറങ്ങിയല്ലോ...തുടങ്ങിയ പാട്ടുകള്‍ രൂപപ്പെട്ട സാഹചര്യങ്ങളും അതിന്‌ പിന്നില്‍ സംവിധായകനും സംഗീതസംവിധായകനും ഗാനരചിയിതാവും അനുഭവിച്ച വൈകാരികപിരിമുറുക്കങ്ങളും അടക്കമുള്ള കാര്യങ്ങള്‍ അതിമനോഹരമായി ഈ പുസ്‌തകത്തിലുടെ വരച്ചു കാട്ടുന്നു. ബീനാ രഞ്‌ജിനിയുടെ ഭാവസാന്ദ്രമായ ഭാഷയാണ്‌ മറ്റൊരു ആകര്‍ഷക ഘടകം. ഒരേ സമയം രസകരമായ വായനാനുഭവം സമ്മാനിക്കുന്ന പുസ്‌തകം ചരിത്രം രേഖപ്പെടുത്താന്‍ മറന്ന പല വിലപ്പെട്ട അറിവുകളിലേക്കുളള ജാലകം കൂടിയാണ്‌.എല്ലാ അര്‍ത്ഥത്തിലും മൂല്യവത്തായ പുസ്‌തകമാണിതെന്ന്‌ നിസംശയം പറയാം.

ഇനിയൊന്നു പാടൂ ഹൃദയമേ
(ഓര്‍മ്മകള്‍)
ബീനാ രഞ്‌ജിനി
സാഹിത്യപ്രവര്‍ത്തകസഹകരണസംഘം

എസ്‌. നന്ദകിഷോര്‍

Ads by Google
Saturday 20 Apr 2019 11.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW