Tuesday, May 21, 2019 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 07.37 AM

കാല്‍വെള്ള മുതല്‍ തല വരെ തല്ലിച്ചതച്ച പാടുകള്‍, തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചതിന്റെ അടയാളങ്ങള്‍ ; തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയ പിതാവ്

uploads/news/2019/04/302819/mother.jpg

കൊച്ചി: ചപ്പാത്തിക്കോലുകൊണ്ട് അമ്മ തലയ്ക്കടിച്ചപ്പോഴും ''അമ്മേ'' എന്നാകും അവന്‍ വിളിച്ചിട്ടുണ്ടാകുക. ഇനി ആ മൂന്നു വയസുകാരനുമില്ല. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റു മരിച്ച ഏഴു വയസുകാരനുവേണ്ടി പെയ്തുതീരാത്ത കണ്ണീരിലൊരു തുള്ളിക്ക് ഇവനും അവകാശി.

കാല്‍വെള്ള മുതല്‍ തല വരെ തല്ലിച്ചതച്ച പാടുകള്‍, തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചതിന്റെ അടയാളങ്ങള്‍, ദേഹത്ത് പലയിടത്തും മുറിവുകള്‍ കരിഞ്ഞുണങ്ങിയതിന്റെ വടുക്കള്‍... മൂന്നു വയസിനിടെ അനുഭവിച്ച യാതനകള്‍ ആ പിഞ്ചുമേനിയിലാകെ വരച്ചിട്ടിരുന്നു. തലയുടെ വലതുഭാഗത്തെ പരുക്കായിരുന്നു ഏറെ ഗുരുതരം. മാരകമായി പരുക്കേറ്റ കുഞ്ഞിനെ ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാനെത്തിയ പിതാവാണ് ആശുപത്രിയിലെത്തിച്ചത്.

കളമശേരി ഏലൂരിലെ വാടകവീട്ടിലെ ഗോവണിയില്‍നിന്നു വീണെന്ന് അമ്മ പറഞ്ഞെന്നായിരുന്നു വിശദീകരണം. അച്ഛന്‍ തനിച്ച് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ സംഭവത്തില്‍ ദുരൂഹത തോന്നിച്ചിരുന്നു. കുഞ്ഞിന്റെ ദേഹം പരിശോധിച്ചതോടെ ഡോക്ടര്‍മാര്‍ക്കു കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു. അവരാണു പോലീസിനെ വിവരമറിയിച്ചത്. മാതാവിനോടു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോഴേക്കും സംശയം ബലപ്പെട്ടു; ചോദ്യംചെയ്യലിന്റെ ഭാവം മാറി. താനാണു മകനെ മര്‍ദിച്ചതെന്ന് ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഹന ഖാതൂന്‍ സമ്മതിച്ചു.

കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുമ്പോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല. ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല. മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കുമ്പോള്‍ മുഖം മറയ്ക്കാനും അവര്‍ മുതിര്‍ന്നില്ല. ബുധനാഴ്ച മുതല്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ ഇന്നലെ രാവിലെ പത്തോടെയാണു മരിച്ചത്. മകനെ അനുസരണ പഠിപ്പിക്കാന്‍ ക്രൂരമായി മര്‍ദിച്ചെന്നു ചോദ്യംചെയ്യലില്‍ സമ്മതിച്ച മാതാവ് ഝാര്‍ഖണ്ഡ് സ്വദേശിനി ഹന ഖാതൂനിനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.

കഴിഞ്ഞ ദിവസം ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അബദ്ധത്തില്‍ അമ്മയുടെ െകെയില്‍നിന്നു വീണതാണെന്നു പറഞ്ഞ് പിതാവ് പശ്ചിമ ബംഗാള്‍ സ്വദേശി സജ്ജാദ് ഖാനാണു കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണെന്നു പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതോടെ പോലീസിന്റെ നിര്‍ദേശപ്രകാരം രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

മസ്തിഷ്‌കത്തിലെ രക്തസ്രാവം നിയന്ത്രിക്കാനായി ശസ്ത്രക്രിയ നടത്തി. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. കഴിഞ്ഞ ആറിനു തൊടുപുഴയിലെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ ഏഴു വയസുകാരനെ അമ്മയുടെ കാമുകനാണു തല്ലിച്ചതച്ചത്. പ്രതി അരുണ്‍ ആനന്ദ് റിമാന്‍ഡിലാണ്.

Ads by Google
Ads by Google
Loading...
TRENDING NOW