Saturday, July 06, 2019 Last Updated 18 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.02 AM

പുനരുത്ഥാനം: മിഥ്യയോ സത്യമോ?

uploads/news/2019/04/302770/2.jpg

യാഥാര്‍ഥ്യമല്ലാത്തതിനെയാണല്ലോ മിഥ്യയെന്നു പറയുന്നത്‌. മനുഷ്യന്റെ ബുദ്ധിയും യുക്‌തിയും ഉപയോഗിച്ചു ചിന്തിച്ചാല്‍ യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ലാത്ത ഒന്നാണ്‌ യേശുവിന്റെ പുനരുത്ഥാനം. ഏതെങ്കിലും ഒരു മനുഷ്യന്‍ മരിച്ച്‌ ഉയിര്‍ത്തെഴുന്നേറ്റതായി മാനവചരിത്രത്തില്‍ കാണുന്നില്ല. മരിച്ചയാളെ ഉയിര്‍പ്പിക്കാന്‍ ശാസ്‌ത്രത്തിനും കഴിഞ്ഞിട്ടില്ല. അതുകൊണ്ട്‌, യേശുവിന്റെ പുനരുത്ഥാനം അസംഭവ്യമായി തോന്നാം. എന്നാല്‍, ശാസ്‌ത്രസത്യത്തിനും ചരിത്രസത്യത്തിനും അപവാദമായും അതീതമായും നില്‍ക്കുന്ന ഒന്നാണ്‌ ഈശോയുടെ പുനരുത്ഥാനം.
മരണമെന്ന പ്രതിഭാസം പ്രകൃതിനിയമമാണ്‌. മരിക്കാതിരിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നതും പ്രകൃതിയുടെ നിയമംതന്നെ. ഈ രണ്ടു നിയമങ്ങളും തമ്മില്‍ നിരന്തരമായ സംഘര്‍ഷത്തിലാണ്‌. അവസാനം മരണം മനുഷ്യനെ കീഴ്‌പ്പെടുത്തുന്നു. ഭൗതികവാദികളുടെയും നിരീശ്വരവാദികളുടെയും നിര്‍മ്മതവാദികളുടെയുമൊക്കെ വീക്ഷണത്തില്‍ മരണമാണു മനുഷ്യജീവിതത്തിന്റെ പരമാന്ത്യം. ഈശ്വരവിശ്വാസിക്ക്‌, ക്രൈസ്‌തവന്‌, മരണം നിത്യജീവന്റെ ആരംഭവും.
ബൈബിളില്‍, പഴയനിയമ വീക്ഷണത്തില്‍ മനുഷ്യന്‍ മരണത്തിനു വിധേയനാകുന്നതുവരെ ആത്മാവോടും ശരീരത്തോടുംകൂടി ജീവിക്കുന്നു. മരണാനന്തരം ആത്മാവ്‌ പാതാളത്തില്‍ പതിക്കുന്നു. അവിടെ ബന്ധനസ്‌ഥനായി കഴിയുന്നു. ശരീരം കുഴിമാടത്തില്‍ മണ്ണോടു ചേരുന്നു. ആത്മാവിന്റെ ഈ ബന്ധനാവസ്‌ഥ താല്‍ക്കാലികംമാത്രമാണ്‌. അത്‌ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഉറക്കത്തില്‍നിന്ന്‌ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതുപോലെ ഉയിര്‍ത്തെഴുന്നേറ്റു ദൈവപ്രസാദത്തില്‍ ജീവിക്കും. പഴയനിയമ ചിന്താധാരയില്‍ രൂഢമൂലമായ ഈ വിശ്വാസം അതിന്റെ പാരമ്യത്തിലെത്തുന്നത്‌ ഈശോയുടെ പുനരുത്ഥാനത്തിലാണ്‌. ക്രൈസ്‌തവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്‌ ഈശോയുടെ പുനരുത്ഥാനവും അതിലൂടെ മനുഷ്യനു സംലബ്‌ധമായ ഉത്ഥാനാനുഭവവും.
അപ്പസ്‌തോല പ്രവര്‍ത്തനത്തില്‍ വായിക്കുന്നു: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷമിതാണ്‌. പിതാക്കന്മാര്‍ക്കു നല്‍കിയിരുന്ന വാഗ്‌ദാനം യേശുവിനെ ഉയിര്‍പ്പിച്ചുകൊണ്ടു ദൈവം അവരുടെ മക്കളായ നമുക്കായി നിറവേറ്റിത്തന്നു" (അപ്പ. പ്രവ.13:32,33). കത്തോലിക്കാ ഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: "യേശുവിന്റെ പുനരുത്ഥാനം ക്രിസ്‌തുവിലുള്ള വിശ്വാസത്തിന്റെ പരമോന്നത സത്യമാണ്‌. ആദിമ ക്രൈസ്‌തവ സമൂഹം കേന്ദ്രസത്യമായി ഇതു വിശ്വസിക്കുകയും ജീവിക്കുകയും അടിസ്‌ഥാനപരമായ ഒന്നായി പാരമ്പര്യത്തിലൂടെ പകര്‍ന്നു നല്‍കുകയും ചെയ്‌തു" (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പേജ്‌ 167).
ക്രിസ്‌തുവിന്റെ പുനരുത്ഥാനരഹസ്യം ചരിത്രസത്യമാണോ? ക്രൈസ്‌തവിശ്വാസമെന്നതിനപ്പുറം എന്തെങ്കിലും തെളിവുണ്ടോ? ചരിത്രകാരന്മാരെ ഏറെ അലട്ടിയ പ്രശ്‌നമാണിത്‌. ഇന്നും ആ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന ചരിത്രകാരന്മാരുണ്ട്‌. ഇതു ചരിത്രസത്യമല്ലെന്നു സമര്‍ത്ഥിക്കാനുള്ള പഠനങ്ങള്‍ നടന്നുകൊണ്ടാണിരിക്കുന്നത്‌.
യേശു പരസ്യജീവിതകാലത്തു മൂന്നു തവണ തന്റെ പുനരുത്ഥാനത്തെപ്പറ്റി അസന്ദിഗ്‌ധമായി പറഞ്ഞിട്ടുണ്ട്‌. അപ്പോള്‍ മുതല്‍ യേശു, തനിക്കു ജറുസലേമിലേക്കു പോകേണ്ടിയിരിക്കുന്നു എന്നും ശ്രേഷ്‌ഠന്മാരില്‍നിന്നും പ്രധാന പുരോഹിതന്മാരില്‍നിന്നും നിയമജ്‌ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍, മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചു തുടങ്ങി (മത്താ.16:21). വിശുദ്ധ മത്തായിക്കു പുറമെ മര്‍ക്കോസും (8:3) ലൂക്കായും (9:22) ഇതു രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒന്നല്ല, മൂന്നുതവണ ഈശോ ഇതു പറഞ്ഞതായി മൂന്നു സുവിശേഷകന്മാരും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്‌.
ഈശോ താന്‍ മുന്‍കൂട്ടി അറിയിച്ചതുപോലെ പീഡ സഹിച്ചു കുരിശില്‍ മരിച്ച്‌ അടക്കപ്പെട്ടു. അടക്കംചെയ്‌ത കല്ലറ മൂന്നാം ദിവസം ശൂന്യമായി കാണപ്പെട്ടത്‌ ഉത്ഥാനം ചെയ്‌തു എന്നതിനുള്ള തെളിവായി കണക്കാക്കാം. യോഹന്നാന്‍ സുവിശേഷകന്റെ ദൃക്‌സാക്ഷ്യം ശ്രദ്ധേയമാണ്‌: "പത്രോസ്‌ ഉടനെ മറ്റേ ശിഷ്യനോടുകൂടെ (യോഹന്നാന്‍) കല്ലറയുടെ അടുത്തേക്കുപോയി. അവരിരുവരും ഒരുമിച്ചോടി; എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനേക്കാള്‍ കൂടുതല്‍ വേഗം ഓടി. ആദ്യം കല്ലറയുടെ അടുത്തെത്തി. കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത്‌ അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ്‌ കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടില്ലാതെ തനിച്ച്‌ ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും അവന്‍ കണ്ടു. അപ്പോള്‍ കല്ലറയുടെ സമീപത്ത്‌ ആദ്യമെത്തിയ ശിഷ്യനും അകത്തു പ്രവേശിച്ചു, കണ്ടുവിശ്വസിച്ചു" (യോഹ.20: 3-9).
ഈശോ പുനരുത്ഥാനം ചെയ്‌തതിനുള്ള ഏറ്റവും വലിയ തെളിവാണ്‌ അവിടുന്നു പ്രത്യക്ഷപ്പെട്ടു നേരിട്ടു നല്‍കിയിട്ടുള്ള സാക്ഷ്യങ്ങള്‍.
യേശുവിന്റെ അടക്കപ്പെട്ട മൃതദേഹത്തില്‍ പൂശാനുള്ള സുഗന്ധദ്രവ്യങ്ങളുമായി മഗ്‌ദലനമറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും ചെന്നു ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ളവസ്‌ത്രം ധരിച്ച യുവാവ്‌ അവരോടു പറഞ്ഞു: "അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവനിവിടെയില്ല" (മാര്‍ക്കോസ്‌ 16:6).
എമാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരോടൊപ്പം യാത്രചെയ്‌ത്‌ അവസാനം അവര്‍ക്ക്‌ ഈശോ സ്വയം വെളിപ്പെടുത്തുന്നതു ലൂക്കാ സുവിശേഷകന്‍ ചിത്രീകരിക്കുന്നുണ്ട്‌. ഈശോ അവരോടു പറഞ്ഞു: "ഭോഷന്മാരേ, ക്രിസ്‌തു ഇതെല്ലാം സഹിച്ചു മരണത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ" (ലൂക്കാ 24:25-26).
ഈശോ സ്‌പഷ്‌ടമായി ഇതെല്ലാം പറഞ്ഞെങ്കിലും അവരുടെ സംശയം അവശേഷിച്ചു. അവസാനം ഈശോ അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ചു കൊടുത്തപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു (ലൂക്ക.24:30-31).
സ്‌ഥലകാല സീമയ്‌ക്കുള്ളില്‍നിന്നുമാത്രം ചിന്തിക്കുന്ന മനുഷ്യന്‌, യേശുവിന്റെ പുനരുത്ഥാനം അവിശ്വസനീയമായി തോന്നുന്നതില്‍ യുക്‌തിഭംഗമില്ല. ഈശോയെ കണ്ടും കേട്ടും തൊട്ടും അനുഭവിച്ചറിഞ്ഞവരാണു ശിഷ്യന്മാര്‍. വിശുദ്ധ യോഹന്നാന്‍ തന്റെ ലേഖനത്തില്‍ രേഖപ്പെടുത്തുന്നു: "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ടു സ്‌പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു" (1 യോഹ. 1:1).
മരിച്ച മനുഷ്യനെ ഉയിര്‍പ്പിക്കാന്‍ ശാസ്‌ത്രലോകത്തിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ ബുദ്ധിക്കും യുക്‌തിക്കുമപ്പുറമാണ്‌ വിശ്വാസം. ആ തലത്തിലേക്കെത്തിയപ്പോള്‍മാത്രമാണു ശിഷ്യന്മാര്‍ക്കും പുനരുത്ഥാനസംഭവം യാഥാര്‍ത്ഥ്യമെന്നു ബോധ്യപ്പെട്ടത്‌. ആ ബോധ്യം ലഭിച്ചതു ജഡത്തില്‍നിന്നോ രക്‌തത്തില്‍നിന്നോ അല്ല; സ്വര്‍ഗസ്‌ഥനായ പിതാവിന്റെ വരദാനത്തിലൂടെമാത്രമാണ്‌. വിശുദ്ധ പത്രോസ്‌, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌ (മത്താ.16:16) എന്നു പ്രഖ്യാപിച്ചപ്പോള്‍ യേശു പറഞ്ഞു: യോനായുടെ പുത്രനായ ശെമയോനെ നീ ഭാഗ്യവാന്‍! മാംസരക്‌തങ്ങളല്ല, സ്വര്‍ഗസ്‌ഥനായ എന്റെ പിതാവാണ്‌ നിനക്കിതു വെളിപ്പെടുത്തിത്തന്നത്‌ (മത്താ. 16:17).
ഈശോയില്‍നിന്നു കീര്‍ത്തിമുദ്ര ലഭിച്ച പത്രോസ്‌ എത്രയോ തവണ പതറുന്നതായി സുവിശേഷത്തില്‍ കാണുന്നു. ഗദ്‌സമനില്‍ ഈശോ രക്‌തം വിയര്‍ത്തു പ്രാര്‍ത്ഥിക്കുമ്പോള്‍ പത്രോസും യാക്കോബും യോഹന്നാനും കൂര്‍ക്കംവലിച്ചുറങ്ങുന്നു. ദുഃഖഭാരത്താല്‍ നിറഞ്ഞ പത്രോസിനോട്‌ ഈശോ ചോദിച്ചു, ശിമയോനെ നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ (മര്‍ക്കോസ്‌ 14:37). ഒരു പരിചാരികയെപ്പോലും ഭയപ്പെട്ടു ഗുരുവിനെ തള്ളിപ്പറയുന്ന പത്രോസിനെയും കാണുന്നുണ്ട്‌, "നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ലെന്നു പറഞ്ഞ്‌ അവന്‍ ശപിക്കാനും ആണയിടാനും തുടങ്ങി" (മര്‍ക്കോസ്‌ 14:71). പുനരുത്ഥാനാനന്തരം പലതവണ പ്രത്യക്ഷപ്പെട്ട്‌ തന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം നല്‍കിയിട്ടുപോലും പത്രോസ്‌ വീണ്ടും മീന്‍പിടിക്കാന്‍ പോകുന്ന സംഭവം സുവിശേഷത്തില്‍ കാണുന്നു. പത്രോസ്‌ പറഞ്ഞു, "ഞാന്‍ മീന്‍ പിടിക്കാന്‍ പോവുകയാണ്‌. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടി വരുന്നു" (യോഹ. 21:3). ഓടിപ്പോയ പത്രോസിനെയും സഹചരന്മാരെയും ഓടിച്ചു പിടിച്ചു കൂടെക്കൊണ്ടു നടക്കുന്ന യേശുവിനെ സുവിശേഷത്തില്‍ കാണുന്നു.
ഈശോയുടെ പുനരുത്ഥാനം മിഥ്യയല്ല, സത്യമാണ്‌. ഈ സത്യം നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്‌. പൗലോസ്‌ അപ്പസ്‌തോലന്റെ വാക്കുകള്‍ അതിശക്‌തമാണ്‌, ക്രിസ്‌തു ഉയര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്‌. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം (1 കൊറി. 15:14). ക്രിസ്‌തു മരിച്ചവരില്‍നിന്നുയര്‍പ്പിക്കപ്പെട്ടതുപോലെ നാമും മരണാനന്തരം ഉയിര്‍പ്പിക്കപ്പെടും. ഉത്ഥിതനായ ക്രിസ്‌തുവിന്റെ മഹത്വത്തിന്റെ ജീവിതത്തില്‍ നാമും ഭാഗഭാക്കുകളാകും. ക്രൈസ്‌തവ ജീവിതം മിശിഹായുടെ പെസഹാ രഹസ്യത്തിലുള്ള പങ്കുചേരലാണ്‌. ഈശോയുടെ പീഡാസഹനത്തിലും കുരിശുമരണത്തിലും പുനരുത്ഥാനത്തിലും പങ്കുകാരാകാന്‍ സാധിക്കുമ്പോഴാണ്‌, ക്രൈസ്‌തവജീവിതത്തിന്‌ അര്‍ത്ഥം കണ്ടെത്തുന്നതും ലക്ഷ്യപ്രാപ്‌തിയിലെത്തുന്നതും. മൃതസംസ്‌കാരശുശ്രൂഷയില്‍ വായിക്കുന്നുണ്ടല്ലോ, യേശു മരിക്കുകയും ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തെന്നു വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടി ഉയിര്‍പ്പിക്കും (1 തെസ. 4:14).
പൗലോസിന്റെ സാന്ത്വനവാക്കുകളോടെയാണു ലേഖനഭാഗം അവസാനിക്കുന്നത്‌, അധികാരപൂര്‍ണമായ ആജ്‌ഞാവചനം കേള്‍ക്കുകയും പ്രധാന ദൂതന്റെ ശബ്‌ദം കേള്‍ക്കുകയും ചെയ്യുമ്പോള്‍ കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നിറങ്ങി വരുകയും ക്രിസ്‌തുവിന്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയും ചെയ്യും. അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്‌പരം ആശ്വസിപ്പിക്കുവിന്‍ (1തെസ 4:16-18).

ഡോ. തോമസ്‌ മൂലയില്‍

(ലേഖകന്റെ ഫോണ്‍നമ്പര്‍ : 9048117875)

Ads by Google
Saturday 20 Apr 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW