Monday, April 22, 2019 Last Updated 49 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.01 AM

ചിത്രാപൗര്‍ണമിയില്‍ ആയിരങ്ങള്‍ക്ക്‌ കണ്ണകി ദര്‍ശനം

uploads/news/2019/04/302768/1.jpg

കുമളി: മംഗളാദേവീയില്‍ ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തിയത്‌ ആയിരങ്ങള്‍. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്‌ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവീ വര്‍ഷത്തിലൊരിക്കല്‍ ചിത്രപൗര്‍ണമി നാളില്‍ മാത്രമാണ്‌ ആരാധനയ്‌ക്കായി തുറന്നുകൊടുക്കുന്നത്‌.
അടുത്തടുത്ത രണ്ട്‌ ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്‌ഠയാണുള്ളത്‌. ഇരു കോവിലുകളിലും ഇന്നലെ വെളുപ്പിന്‌ 6.30ന്‌ നട തുറന്ന്‌ ക്ഷേത്ര ആചാരചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടെ അടച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവതാപ്രതിഷ്‌ഠകളായ ഗണപതി, ശിവപാര്‍വതീ സങ്കല്‍പത്തിലുള്ള പെരുമാള്‍ കോവിലുകളിലും മലയാളശൈലികളിലുള്ള പൂജകളാണ്‌ നടന്നത്‌. തന്ത്രി സൂര്യകാലടി മന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തിമാരായ അനില്‍കുമാര്‍, ബാലകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം ശാന്തിമാരാണ്‌ പൂജകള്‍ നടത്തിയത്‌.
തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്‌നാട്‌ രീതിയിലുള്ള പൂജാവിധികളാണ്‌ നടന്നത്‌. തമിഴ്‌നാട്‌ മംഗളാദേവി കണ്ണകി ട്രസ്‌റ്റ്‌ നിയോഗിച്ച രാജലിംഗം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ നാല്‌ ശാന്തിമാരാണ്‌ ഗണപതിഹോമം, കലശപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.
ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള- തമിഴ്‌നാട്‌ പോലീസ്‌, റവന്യു, വനം വകുപ്പ്‌, അധികൃതര്‍ സംയുക്‌തമായാണ്‌ ചിത്രാപൗര്‍ണമി ഉത്സവം നടത്തിയത്‌. കുമളിയില്‍നിന്നു വനത്തിനുള്ളിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ്‌ ക്ഷേത്രത്തിലെത്തുന്നത്‌.
ഭക്‌തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്‌ലറ്റ്‌ സൗകര്യം, പ്രത്യേക പാസ്‌ നല്‍കി വാഹന സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിരുന്നു. ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നാല്‌ ഡിവൈ.എസ്‌.പിമാരുടെ കീഴില്‍ 300 പോലീസ്‌ ഉദ്യോഗസ്‌ഥരാണ്‌ ഉണ്ടായിരുന്നത്‌.

Ads by Google
Saturday 20 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW