Thursday, July 18, 2019 Last Updated 10 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.55 AM

മാവേലിക്കരയില്‍ ആരുടെ മാവ്‌ പൂക്കും?

uploads/news/2019/04/302750/3.jpg

ഒറ്റനോട്ടത്തില്‍ താരമണ്ഡലമെന്ന പൊലിമയില്ലെങ്കിലും ആനുകാലിക കേരളരാഷ്‌ട്രീയം ചര്‍ച്ച ചെയ്യുന്ന വിവാദ വിഷയങ്ങളാല്‍ പ്രകമ്പനം കൊള്ളുകയാണു മാവേലിക്കര. സാമുദായിക വോട്ടുബാങ്കുകളുടെ ബലപരീക്ഷണശാലയായ ഇവിടെ വിജയം കൊയ്യാനുള്ള പോരാട്ടത്തില്‍ മുന്നണികളും ഇഞ്ചോടിഞ്ച്‌ തന്നെ. മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മാവേലിക്കര മണ്ഡലത്തില്‍ പ്രളയം, ശബരിമല, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളാണു ചൂടേറിയ ചര്‍ച്ചാവിഷയം.
എന്‍.എസ്‌.എസ്‌ ആസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന പെരുന്ന, ്രൈകസ്‌തവ സഭകളുടെ രൂപതകള്‍, എസ്‌.എന്‍.ഡി.പി യോഗത്തിന്റെയും കെ.പി.എം.എസിന്റെയും സ്വാധീനമുള്ള യൂണിയനുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട മാവേലിക്കരയിലെ വിജയം മുന്നണികള്‍ക്കും നിര്‍ണായകം.
തെക്ക്‌ കൊല്ലം മണ്‍റോതുരുത്ത്‌ മുതല്‍ കിഴക്ക്‌ സഹ്യപര്‍വതത്തിന്റെ താഴ്‌വാരം വരെയും ഓണാട്ടുകരയും കുട്ടനാടും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലകള്‍ ഏതാണ്ടു പൂര്‍ണമായി മാവേലിക്കരയില്‍ ഉള്‍പ്പടുന്നു. റബറും കയറും കശുവണ്ടിയും നെല്‍കൃഷിയുമെല്ലാം ഈ മണ്ഡലത്തിന്‌ ജീവവായു തന്നെ. തന്ത്രിമാരുടെ കുടുംബം സ്‌ഥിതി ചെയ്യുന്ന ശബരിമലയുടെ കവാടമായ ചെങ്ങന്നൂരും മാവേലിക്കരയിലാണ്‌.
കേന്ദ്രസഹമന്ത്രി, എം.പി എന്നീ നിലകളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്‌ വോട്ട്‌ ഉറപ്പിക്കുന്നത്‌. എന്നാല്‍, കൊടിക്കുന്നിലിനു മണ്ഡലത്തില്‍ കാര്യമായ വികസനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ ഇടതുമുന്നണി സ്‌ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ വിമര്‍ശനം.
ശബരിമല വിഷയം അടക്കം വിശ്വാസികളുടെ വോട്ടുകള്‍ സമാഹരിക്കാനുള്ള തീവ്രയത്‌നത്തിലാണ്‌ എന്‍.ഡി.എ സ്‌ഥാനാര്‍ഥി തഴവ സഹദേവന്‍. നായര്‍ സമുദായത്തിന്‌ ചങ്ങനാശേരി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പത്തനാപുരം പ്രദേശങ്ങളില്‍ പ്രാമുഖ്യമുണ്ടെങ്കില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ ചെങ്ങന്നൂര്‍, കൊട്ടാരക്കര, പത്തനാപുരം മേഖലകളില്‍ വ്യക്‌തമായ സ്വാധീനമുണ്ട്‌. എസ്‌.എന്‍.ഡി.പി, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവയ്‌ക്ക്‌ കുട്ടനാട്‌, മാവേലിക്കര പ്രദേശങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ട്‌. ചങ്ങനാശേരി കത്തോലിക്കാ വിഭാഗത്തിന്റെയും ശക്‌തികേന്ദ്രമാണ്‌.
മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം 2009ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴ്‌ നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും യു.ഡി.എഫിനൊപ്പമായിരുന്നു. അന്ന്‌ യു.ഡി.എഫിന്റെ കൊടിക്കുന്നില്‍ സുരേഷ്‌ 48,048 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ നാല്‌ നിയമസഭാ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പമായിരുന്നിട്ടും 32,737 വോട്ടിനു കൊടിക്കുന്നില്‍ വീണ്ടും ജയിച്ചുകയറി. ഇത്തവണ ഏഴില്‍ ആറു നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പമാണ്‌. എന്നാല്‍, അതു തങ്ങളുടെ വിജയസാധ്യതയ്‌ക്ക്‌ തെല്ലും ഭീഷണി ഉയര്‍ത്തുന്നില്ലെന്ന്‌ യു.ഡി.എഫ്‌. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അടൂരില്‍നിന്നുള്ള സിറ്റിങ്‌ എം.എല്‍.എയെ രംഗത്തിറക്കിയുള്ള പോരാട്ടം എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ വര്‍ധിതവീര്യം പകര്‍ന്നിട്ടുണ്ട്‌. മണ്ഡലത്തിലെ സമീപകാല രാഷ്‌ട്രീയ സാഹചര്യം പ്രതീക്ഷകള്‍ ഏറ്റിയതായി അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
2004 ല്‍ ബി.ജെ.പിക്ക്‌ 12 ശതമാനം വോട്ട്‌ ഉണ്ടായിരുന്ന മണ്ഡലമാണു മാവേലിക്കര. 2009 ല്‍ അത്‌ 5.1 ശതമാനം ആയി കുറഞ്ഞു. 2014 ല്‍ വോട്ട്‌ വിഹിതം ഒമ്പത്‌ ശതമാനമാക്കി മെച്ചപ്പെടുത്താന്‍ ബി.ജെ.പിക്കായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി മികച്ച പോരാട്ടം കാഴ്‌ചവച്ച ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന മാവേലിക്കരയില്‍ എന്‍.ഡി.എയ്‌ക്ക്‌ ഇത്തവണ പ്രതീക്ഷ ഏറെയുണ്ട്‌. എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്കിടയിലും ബി.ഡി.ജെ.എസ്‌. സ്‌ഥാനാര്‍ഥിയുടെ വരവ്‌ മുന്നണിക്ക്‌ ഗുണം ചെയ്യുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ശബരിമല സമരത്തിന്റെ ഗുണഫലവും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. എന്നാല്‍ ശബരിമലയുടെ യഥാര്‍ഥ നേട്ടം തങ്ങള്‍ക്കാകുമെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
മാവേലിക്കരയ്‌ക്കു മുമ്പ്‌ സംവരണമണ്ഡലമായിരുന്ന അടൂരില്‍ കൊടിക്കുന്നില്‍ സുരേഷ്‌ ആറ്‌ വട്ടമാണു മത്സര രംഗത്തിറങ്ങിയത്‌. അതില്‍ നാല്‌ തവണ വിജയിച്ചു. അടൂര്‍ ഇല്ലാതായി മാവേലിക്കര സംവരണമണ്ഡലമായതോടെ യു.ഡി.എഫിനു കൊടിക്കുന്നില്‍ തന്നെ സാരഥിയായി. തുടര്‍ച്ചയായി രണ്ട്‌ തവണ മാവേലിക്കരയെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച കൊടിക്കുന്നില്‍ ഇത്തവണ ഹാട്രിക്കിനായുള്ള യത്‌നത്തിലാണ്‌.
2011 ല്‍ നിയമസഭയിലേക്കുള്ള തന്റെ കന്നിയങ്കത്തില്‍ കോണ്‍ഗ്രസിലെ പന്തളം സുധാകരനെ ചിറ്റയം കീഴടക്കി. കഴിഞ്ഞ തവണ ഭൂരിപക്ഷം പതിന്മടങ്ങ്‌ വര്‍ധിപ്പിച്ച്‌ ജനകീയനെന്ന പരിവേഷവും നേടിയെടുത്തു. ആ ചിറ്റയത്തെ മാവേലിക്കരയിലേക്കു സി.പി.ഐ നിയോഗിച്ചപ്പോള്‍ ജയം മാത്രമാണു മുന്നില്‍ കാണുന്നതെന്നു വ്യക്‌തം.
കെ.എസ.്‌ആര്‍.ടി.സിയില്‍നിന്നു വിരമിച്ച എന്‍.ഡി.എ സ്‌ഥാനാര്‍ഥി തഴവ സഹദേവന്‍ നിരവധി നാടകങ്ങളിലും സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ മണ്ഡലത്തില്‍ അങ്കം കുറിച്ച്‌ ഇരുപതിനായിരത്തിലധികം വോട്ട്‌ നേടി. ആ പ്രകടനമാണു മാവേലിക്കരയിലേക്ക്‌ തഴവയ്‌ക്ക്‌ നറുക്ക്‌ വീഴാന്‍ സഹായകരമായത്‌.
ചങ്ങനാശേരി, കുട്ടനാട്‌, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപരും നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയതാണ്‌ മാവേലിക്കര മണ്ഡലം.
പ്രളയ ദുരിതം ഏറ്റവും നേരിടേണ്ടിവന്ന ചെങ്ങന്നൂരും കുട്ടനാടും മാവേലിക്കരയ്‌ക്ക്‌ കീഴിലാണ്‌. പ്രളയം നേരിടുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്നതും ഇവിടെ വാദപ്രതിവാദങ്ങളാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ കോട്ടയാണ്‌ മാവേലിക്കര. കഴിഞ്ഞ മൂന്ന്‌ ദശകങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു തവണ മാത്രമാണ്‌ കോണ്‍ഗ്രസിനു പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്‌. സാമുദായിക ശക്‌തികള്‍ക്കൊപ്പം ആര്‍. ബാലകൃഷ്‌ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ്‌ -ബിക്കും കരുത്ത്‌ തെളിയിക്കാന്‍ ബാധ്യതയുള്ള പോരാട്ടവേദിയാണ്‌ ഇവിടം.

ജി. ഹരികൃഷ്‌ണന്‍

Ads by Google
Saturday 20 Apr 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW