Thursday, May 23, 2019 Last Updated 29 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.54 AM

വീട്ടിലിരുത്തിയതിന്‌ പകരംവീട്ടാന്‍ അസംഖാന്‍

uploads/news/2019/04/302749/2.jpg

വെള്ളിത്തിരയിലെ താരറാണിയാണെങ്കിലും ജയപ്രദയോട്‌ കട്ട കലിപ്പിലാണ്‌ അസംഖാന്‍. മുമ്പ്‌ സമാജ്‌വാദി പാര്‍ട്ടിയിലായിരുന്ന ജയപ്രദ ഇത്തവണ ബി.ജെ.പി. സ്‌ഥാനാര്‍ഥിയാണ്‌. എതിരാളി അസംഖാനും. ഇതോടെ ഉത്തര്‍പ്രദേശിലെ രാംപുര്‍ മണ്ഡലത്തില്‍ വാക്‌പോരും കൊഴുത്തു. ജയപ്രദയുടെ രാഷ്‌ട്രീയ മാറ്റം അസംഖാന്‍ വര്‍ണിച്ചത്‌ അശ്ലീലമായതോടെ വടിയെടുത്ത തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ മൂന്ന്‌ ദിവസത്തേക്കാണ്‌ സമാജ്‌വാദി പാര്‍ട്ടി അദ്ദേഹത്തെ വീട്ടിലിരുത്തിയത്‌.
ബോളിവുഡ്‌ നടിയായ ജയപ്രദയ്‌ക്ക്‌ സീനുകള്‍ മാറുന്നതുപോലെയാണ്‌ രാഷ്‌ട്രീയ മാറ്റവും. ഇത്തവണ ബി.ജെ.പിയിലെത്തിയതോടെ ജയപ്രദ ചേരുന്ന അഞ്ചാമത്തെ രാഷ്‌ട്രീയ പാര്‍ട്ടിയായി. 1994ല്‍ തെലുങ്കുദേശം പാര്‍ട്ടി(ടി.ഡി.പി)യിലൂടെയാണു രാഷ്‌ട്രീയ പ്രവേശനം. ടി.ഡി.പി നേതാവ്‌ ചന്ദ്രബാബു നായിഡുമായി അഭിപ്രായവിത്യസത്തെ തുടര്‍ന്നു സമാജ്‌വാദി പാര്‍ട്ടിയിലേക്ക്‌. രാംപുര്‍ മണ്ഡലത്തില്‍നിന്ന്‌ രണ്ട്‌ തവണ തുടര്‍ച്ചയായി ജയപ്രദ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച്‌ ലോക്‌സഭയില്‍. എസ്‌.പി നേതാവ്‌ മുലായം സിങ്‌ യാദവുമായി തെറ്റിയതോടെ ജയപ്രദയ്‌ക്കും രാഷ്‌ട്രീയ ഗുരുവായ അമര്‍സിങ്ങിനും പുറത്തേക്കുള്ള വഴിതുറന്നു. അദ്ദേഹം രാഷ്‌ട്രീയ ലോക്‌ മഞ്ച്‌ എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി രംഗത്തിറങ്ങിയെങ്കിലും ക്ലച്ച്‌ പിടിച്ചില്ല.
തുടര്‍ന്ന്‌ ഇരുവരും കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്നോടിയായി അജിത്‌ സിങ്ങിന്റെ രാഷ്‌ട്രീയ ലോക്‌ദളില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ ബിജ്‌നോര്‍ മണ്ഡലത്തില്‍നിന്ന്‌ ലോക്‌്ദള്‍ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും നാലാംസ്‌ഥാനത്തായി. 2,05,774 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി വിജയിച്ച മണ്ഡലത്തില്‍ 24,348 വോട്ട്‌ മാത്രമാണ്‌ ജയപ്രദയ്‌ക്ക്‌ നേടാന്‍ സാധിച്ചത്‌. ഇതോടെ ഇത്തവണ ബി.ജെ.പിയില്‍ ചേക്കേറി രാംപുരില്‍ സ്‌ഥാനാര്‍ത്ഥി.
രാംപുരില്‍നിന്ന്‌ രണ്ട്‌വട്ടം എസ്‌.പി പ്രതിനിധിയായി പാര്‍ലമെന്റിലെത്തിയ ജയപ്രദയ്‌ക്ക്‌ മണ്ഡലം തിരികെപിടിക്കുകയെന്ന ദൗത്യമാണു ബി.ജെ.പി നല്‍കുന്നത്‌. 2004 എസ്‌.പി ടിക്കറ്റില്‍ രാംപൂരില്‍ മത്സരിച്ച പുറംനാട്ടുകാരിയായ ജയപ്രദ 80,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ബി.ജെ.പിയില്‍നിന്നു സീറ്റ്‌ പിടിച്ചെടുത്തത്‌. തന്റെ വലംകൈയും സമാജ്‌വാദി പാര്‍ട്ടിയുടെ മുസ്ലിം മുഖവുമായിരുന്ന അസംഖാന്റെ എതിര്‍പ്പ്‌ വകവയ്‌ക്കാതെ. മുലായം രണ്ടംവട്ടവും ജയപ്രദയ്‌ക്ക്‌ സീറ്റ്‌ നല്‍കിയെങ്കിലും ഭൂരിപക്ഷം 30,000 ആയി കുറഞ്ഞു. ഇതോടെ അസംഖാനും ജയപ്രദയും തമ്മിലുള്ള പോര്‌ രൂക്ഷമായി.
അസംഖാന്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന്‌ ജയപ്രദ പരാതിപ്പെടുവോളം പോര്‌ വളര്‍ന്നു. 2010 ല്‍ അവര്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടു. ഇത്തവണ ജയപ്രദയുടെ ഉള്‍വസ്‌ത്രത്തിന്റെ നിറം കാക്കിയാണെന്ന പരാമര്‍ശമാണു അസംഖാനെ വീട്ടിലിരുത്തിയത്‌. എന്തായാലും വാക്‌പോരിനൊപ്പം രാംപൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ്‌ പോരാട്ട ഗ്രാഫും ഉയര്‍ന്നു തന്നെയാണ്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 20 Apr 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW