Friday, May 24, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.54 AM

ആരോഗ്യ സര്‍വേ സുതാര്യമാകണം

uploads/news/2019/04/302748/1.jpg

സംസ്‌ഥാനത്തെ ആരോഗ്യ നിലവാരം സംബന്ധിച്ച വിവരങ്ങള്‍ വിദേശ സ്‌ഥാപനത്തിനു കൈമാറുന്നതു സംബന്ധിച്ച വിവരങ്ങള്‍ മംഗളം ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു. സംസ്‌ഥാനത്ത്‌ വ്യാപകമായി നടക്കുന്ന, കിരണ്‍ എന്നു പേരിട്ട സര്‍വേ കാനഡയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിനു (പി.എച്ച്‌.ആര്‍.ഐ.) വേണ്ടിയാണെന്നതായിരുന്നു മംഗളം പുറത്തു കൊണ്ടുവന്ന വിവരം. 14 ജില്ലകളില്‍നിന്നു പത്തുലക്ഷം പേരുടെ വിവരങ്ങളാണു സര്‍വേയില്‍ ശേഖരിക്കുന്നത്‌. ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്ന്‌ ആരോഗ്യ വകുപ്പ്‌ പറയുന്നുണ്ടെങ്കിലും സര്‍വേ നടത്തുന്നത്‌ തങ്ങള്‍ തന്നെയാണെന്ന്‌ പി.എച്ച്‌.ആര്‍.ഐ. പറയുന്നു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ കീഴിലാണു സര്‍വേ നടത്തുന്നത്‌. ഈ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ മുതിര്‍ന്ന ഗവേഷകര്‍ക്കു മാത്രമാണ്‌ വിവരം കൈമാറുക എന്നാണു ജനങ്ങളോട്‌ പറയുന്നതെങ്കിലും പി.എച്ച്‌.ആര്‍.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ ഈ പഠനം നടത്തുന്നെന്നാണ്‌ ഈ കനേഡിയന്‍ സ്‌ഥാപനം വിശദീകരിക്കുന്നത്‌.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ പ്രാതിനിധ്യ സ്വഭാവത്തോടെ ശേഖരിക്കുന്നതാണു പദ്ധതി. ഇതില്‍നിന്ന്‌ ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യാവസ്‌ഥ, രോഗങ്ങളുടെ വിവരങ്ങള്‍, പ്രതിരോധ ശേഷിയുടെ വിശദാംശങ്ങള്‍, കഴിക്കുന്ന മരുന്നുകളുടെ വിവരം, മരുന്നുകളുടെ വൈവിധ്യം തുടങ്ങിയവ കണ്ടെത്താനാകും. 2013-ല്‍ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ഇതേ കനേഡിയന്‍ സ്‌ഥാപനത്തിനു വേണ്ടി ഇതേ സര്‍വെ മറ്റൊരു പേരില്‍ നടപ്പാക്കാന്‍ ഒരുങ്ങിയപ്പോഴും മംഗളമാണ്‌ അതു പുറത്തുകൊണ്ടുവന്നത്‌. അന്ന്‌ ഇടതുപക്ഷം ശക്‌തമായ പ്രതിഷേധവുമായി രംഗത്തെത്തിയതൊടെ പദ്ധതി ഉപേക്ഷിച്ചു. നിയമസഭയില്‍വരെ ചര്‍ച്ചയായ ഈ സര്‍വേ നടത്തില്ലെന്നു നിയമസഭയില്‍ ഉറപ്പു നല്‍കിയതുമാണ്‌. അതിനുശേഷം മറ്റൊരു പേരിലും ഇതേ സര്‍വേ നടത്താനൊരുങ്ങിയതും വിവാദമായി. പിന്നീടാണു കിരണ്‍ സര്‍വേ അവതരിപ്പിക്കുന്നത്‌.
ആരോഗ്യം സംബന്ധിച്ച ഗവേഷണം നടക്കുന്നത്‌ എപ്പോഴും നല്ലതാണ്‌. അത്‌ ആരോഗ്യ സംരക്ഷണത്തിനു വഴി തെളിക്കും. എന്നാല്‍, ലോകത്തെ പ്രധാന മരുന്നു കമ്പനികളുമായി ബന്ധമുള്ള സ്‌ഥാപനം ഇത്തരം പഠനങ്ങള്‍ നടത്തുന്നത്‌ വാണിജ്യപരമായ ലക്ഷ്യംകൂടി വച്ചുകൊണ്ടായിരിക്കും. മരുന്നു നിര്‍മാണത്തില്‍ മുന്‍പന്തിയിലുള്ള പ്രധാന കമ്പനികളെല്ലാം പി.എച്ച്‌.ആര്‍.ഐയുടെ ഉപയോക്‌താക്കളാണ്‌. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സ്‌ഥിതി മനസിലാക്കാനാണ്‌ ഇവര്‍ ഈ സ്‌ഥാപനത്തെ ആശ്രയിക്കുന്നത്‌. ഇവര്‍ നല്‍കുന്ന വിവരം അടിസ്‌ഥാനമാക്കി ഈ കമ്പനികള്‍ പ്രസ്‌തുത സ്‌ഥലങ്ങളെ ലക്ഷ്യമാക്കി മരുന്നുകള്‍ നിര്‍മിക്കുകയാണു പതിവ്‌. സംസ്‌ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലും നടത്തുന്ന ഇത്തരം സര്‍വേകള്‍ വാണിജ്യ ആവശ്യത്തിന്‌ ഉപയോഗിക്കപ്പെടുന്നത്‌ ധാര്‍മികമല്ല. രഹസ്യമാക്കി വയ്‌ക്കുമെന്നു പറയുന്ന വ്യക്‌തിവിവരങ്ങള്‍ വിദേശ കമ്പനിക്ക്‌ കൈമാറുന്നതു നിയമവിരുദ്ധവുമാണ്‌. മംഗളം ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തതിനു തൊട്ടുപിന്നാലെ പി.എച്ച്‌.ആര്‍.ഐ. അവരുടെ വെബ്‌സൈറ്റില്‍നിന്നു കിരണ്‍ സര്‍വേ സംബന്ധിച്ച വിവരം നീക്കം ചെയ്‌തിട്ടുണ്ട്‌. ഇതിന്‌ അവരെ പ്രേരിപ്പിച്ചതെന്താണെന്നു ഗൗരവതരമായി അന്വേഷിക്കേണ്ടതുണ്ട്‌. സര്‍വേ സംബന്ധിച്ചും അതില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ നേരാംവണ്ണമുള്ള ഉപയോഗത്തെക്കുറിച്ചും ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം.

Ads by Google
Saturday 20 Apr 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW