Monday, April 22, 2019 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.49 AM

കെ.എസ്‌.ആര്‍.ടി.സി. പൂട്ടുമോ? വോട്ട്‌ കഴിഞ്ഞാല്‍ അറിയാം!

uploads/news/2019/04/302747/9.jpg

തിരുവനന്തപുരം: പ്രതിദിനം ആയിരക്കണക്കിനു സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷമുള്ള ദിനങ്ങള്‍ കെ.എസ്‌.ആര്‍.ടി.സിക്കു നിര്‍ണായകം. ശമ്പളവും പെന്‍ഷനും വീണ്ടും മുടങ്ങിയതിനു പുറമേ, കുടിശിക മൂലം സ്‌പെയര്‍ പാര്‍ട്‌സുകളും ഇന്ധനവും നല്‍കാന്‍ കമ്പനികള്‍ തയാറല്ലെന്ന്‌ അറിയിച്ചതോടെ കോര്‍പറേഷന്റെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയില്‍.
കോര്‍പറേഷന്റെ ഭരണം വീണ്ടും തൊഴിലാളി യൂണിയനുകളുടെ നിയന്ത്രണത്തിലായതോടെ ഷെഡ്യൂളുകള്‍ പോലും കൃത്യമായി അയയ്‌ക്കാനാകാതെ വരുമാനം അനുദിനം കൂപ്പുകുത്തുന്നു. അവധിയെടുത്തും അല്ലാതെയും ജീവനക്കാര്‍ തെരഞ്ഞെടുപ്പിനു പിന്നാലെ പോയതോടെ സംസ്‌ഥാനമെമ്പാടുമുള്ള ഡിപ്പോകളില്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി.
അന്തര്‍സംസ്‌ഥാന സര്‍വീസുകള്‍ കൂടുതലായി നടത്തുന്ന അതിര്‍ത്തിജില്ലകളിലെ ഡിപ്പോകളില്‍ വരുമാനം കുത്തനെയിടിഞ്ഞു.
ടിക്കറ്റ്‌ നല്‍കാതെ യാത്രക്കാരില്‍നിന്നു പണം ഈടാക്കുന്നതായി വ്യാപകപരാതി ഉയര്‍ന്നതിനേത്തുടര്‍ന്ന്‌ ജീവനക്കാര്‍ക്കെതിരേ പോലീസ്‌ കേസടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ എം.ഡി. അറിയിച്ചിരുന്നു. എന്നാല്‍, യാതൊരു തുടര്‍നടപടിയുമുണ്ടായില്ല. പിരിച്ചുവിട്ടശേഷം തിരിച്ചെടുത്ത എമ്പാനല്‍ കണ്ടക്‌ടര്‍മാരാണ്‌ ഇക്കാര്യത്തില്‍ കുറ്റക്കാരെന്നു സ്‌ഥിരം ജീവനക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, കുറ്റക്കാരെ ചൂണ്ടിക്കാട്ടിയിട്ടും യൂണിയന്‍ നേതാക്കള്‍ ഇടപെട്ട്‌ കുറ്റം തങ്ങള്‍ക്കുമേല്‍ ചാരുകയാണെന്ന്‌ എമ്പാനല്‍കാര്‍ പറയുന്നു.
കോര്‍പറേഷനിലെ മുഴുവന്‍ എമ്പാനല്‍കാരെയും വിഷുവിനുശേഷം പിരിച്ചുവിടാന്‍ കഴിഞ്ഞ ഒന്‍പതിനു ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍, 36 ഡിപ്പോകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ വോട്ടെടുപ്പ്‌ തീയതിയായ 23-നുശേഷം മതിയെന്ന്‌ ഉന്നതനേതാക്കള്‍ നിര്‍ദേശിച്ചു.
കോര്‍പറേഷന്റെ താക്കോല്‍ സ്‌ഥാനങ്ങളിലെല്ലാം വീണ്ടും യൂണിയന്‍ നോമിനികള്‍ എത്തിയതോടെ കാര്യങ്ങള്‍ പഴയതിലും വഷളായി. മിനിസ്‌റ്റീരിയല്‍ വിഭാഗത്തിലെ 1568 പേരില്‍ 1462 പേരും ആശ്രിതനിയമനക്കാരാണ്‌. ബാക്കി 17 പേര്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുകാരും സ്‌പോര്‍ട്‌സ്‌ ക്വാട്ടക്കാരും. 89 പേര്‍ മാത്രമാണു പി.എസ്‌.സി. മുഖേന നിയമിക്കപ്പെട്ടവര്‍.
അതായത്‌, ആശ്രിതനിയമനക്കാര്‍ 93.2%, പി.എസ്‌.സി. നിയമനക്കാര്‍ 5.7%. നാല്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍മാരില്‍ രണ്ടുപേര്‍ ആശ്രിതനിയമനക്കാരും രണ്ടുപേര്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുകാരുമാണ്‌.
ആകെയുള്ള ചീഫ്‌ എന്‍ജിനീയറും മൂന്നു ഡെപ്യൂട്ടി സി.എ.ഒമാരും പഴ്‌സണല്‍ മാനേജരും ഏഴു പഴ്‌സണല്‍ ഓഫീസര്‍മാരും ആശ്രിതനിയമനക്കാര്‍തന്നെ. 38 അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍മാരില്‍ 36 പേരും ആശ്രിതനിയമനം. മറ്റു രണ്ടുപേര്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌.
ആശ്രിതനിയമനത്തിന്റെ മറ്റു കണക്ക്‌ ഇങ്ങനെ: 229 സൂപ്രണ്ടുമാര്‍, 50 സ്‌പെഷല്‍ ഗ്രേഡ്‌ അസിസ്‌റ്റന്റുമാര്‍, 70 സീനിയര്‍ ഗ്രേഡ്‌ അസിസ്‌റ്റന്റുമാര്‍, 100 അസിസ്‌റ്റന്റുമാര്‍, 789 ജൂനിയര്‍ അസിസ്‌റ്റന്റുമാര്‍ 12 ഫെയര്‍ കോപ്പി സൂപ്രണ്ടന്റുമാര്‍, 90 ടൈപ്പിസ്‌റ്റുമാര്‍, 72 എ.ടി.ഒമാര്‍.

ജി. അരുണ്‍

Ads by Google
Saturday 20 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW