Friday, April 26, 2019 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.49 AM

കേസിന്റെ പരസ്യച്ചെലവും ചെലവിന്റെ പരിധിയും: കെ. സുരേന്ദ്രനു പ്രതിസന്ധി

uploads/news/2019/04/302742/10.jpg

തിരുവനന്തപുരം: സ്‌ഥാനാര്‍ഥികള്‍ തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തണമെന്ന കോടതിവിധി ഏറ്റവും വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്‌ പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രന്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ സ്‌ഥാനാര്‍ഥിക്കും പരമാവധി ചെലവഴിക്കാവുന്നത്‌ 75 ലക്ഷം രൂപയാണ്‌. സുരേന്ദ്രനു പരസ്യം നല്‍കാന്‍ തന്നെ ഇതിന്റെ 80 ശതമാനമെങ്കിലും വേണം. ഈ തുക തെരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്തുന്നതു സുരേന്ദ്രന്റെ പ്രചാരണത്തെയാകും ബാധിക്കുക.
സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്‌ഥാനാര്‍ഥിയാണു സുരേന്ദ്രന്‍. എല്ലാ ജില്ലകളിലുമായി 240 കേസ്‌. ഇതിലേറെയും ശബരിമല യുവതീപ്രവേശനത്തിന്‌ എതിരായ സമരവുമായി ബന്ധപ്പെട്ടവയാണ്‌. ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമിയുടെ പത്തനംതിട്ട എഡീഷനില്‍ ഇവയുടെ വിശദാംശങ്ങള്‍ അച്ചടിക്കാന്‍ നാലു മുഴുപ്പേജ്‌ വേണ്ടിവന്നു. വലിയ പ്രചാരമുള്ള പത്രങ്ങളില്‍ പരസ്യം നല്‍കേണ്ടിവന്നാല്‍ അതിനുതന്നെ 60 ലക്ഷത്തോളം രൂപ വേണം. ടിവി ചാനലുകളിലൂടെ പരസ്യം നല്‍കാനും വലിയ ചെലവുണ്ട്‌.
പ്രചാരണത്തിനു ചെലവാക്കാവുന്ന തുകയുടെ പരിധി കവിഞ്ഞാല്‍ സുരേന്ദ്രന്റെ സ്‌ഥാനാര്‍ഥിത്വത്തിനെതിരേ പരാതികള്‍ ഉയരാന്‍ സാധ്യതയുണ്ട്‌. ഇതു മുന്നില്‍ക്കണ്ട്‌, കേസുകള്‍ പരസ്യപ്പെടുത്താനുള്ള തുക തെരഞ്ഞെടുപ്പു ചെലവില്‍നിന്ന്‌ ഒഴിവാക്കണമെന്നു ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ തീരുമാനമായിട്ടില്ല.
വധശ്രമം, കലാപശ്രമം, സംഘം ചേര്‍ന്ന്‌ അക്രമം നടത്തല്‍, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഗതാഗതം തടസപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി നിരവധി വകുപ്പുകളിലാണു സുരേന്ദ്രന്‌ എതിരായ കേസുകള്‍. ഇവയില്‍ മിക്കതും ശബരിമല സമരകാലത്തേതാണ്‌. കൊല്ലം ജില്ലയില്‍ 68 കേസുണ്ട്‌. തിരുവനന്തപുരം 3, പത്തനംതിട്ട 30, ആലപ്പുഴ 56, കോട്ടയം 8, ഇടുക്കി 17, എറണാകുളം 13, തൃശൂര്‍ 6, കോഴിക്കോട്‌ 2, മലപ്പുറം 1, വയനാട്‌ 1, കണ്ണൂര്‍ 1, കാസര്‍ഗോഡ്‌ 33 എന്നിങ്ങനെയാണു മറ്റു കേസുകള്‍.
ജില്ലാ വരണാധികാരി നിശ്‌ചയിച്ചിട്ടുള്ള ഏതെങ്കിലുമൊരു പത്രത്തില്‍ മൂന്നു തവണയോ മൂന്ന്‌ പത്രങ്ങളില്‍ ഓരോ തവണ കേസ്‌ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നാണു നിബന്ധന. ഇതിനു പുറമേ, പ്രചാരമുള്ള ടിവി ചാനലുകളില്‍ രാവിലെ എട്ടിനും രാത്രി പത്തിനുമിടയില്‍ കേസ്‌ വിവരങ്ങള്‍ കാട്ടി ഏഴു സെക്കന്‍ഡെങ്കിലും നീളുന്ന പരസ്യം നല്‍കണം.
കേസ്‌ വിവരങ്ങള്‍ പ്രചാരം കുറഞ്ഞ പത്രങ്ങളില്‍ പോരെന്നും പ്രചാരമുള്ള പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും സംസ്‌ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടീക്കാ റാം മീണ അറിയിച്ചിട്ടുണ്ട്‌. സ്‌ഥാനാര്‍ഥികള്‍ പ്രസിദ്ധപ്പെടുത്തിയ വിവരങ്ങളെക്കുറിച്ചു പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ക്കു കമ്മിഷനെ അറിയിക്‌ാകം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ തങ്ങളുടെ പേരിലുള്ള കേസുകളുടെ വിവരങ്ങള്‍ പത്രമാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കണമെന്ന്‌ 2018 സെപ്‌റ്റംബര്‍ ഒമ്പതിനാണു സുപ്രീം കോടതി ഉത്തരവിട്ടത്‌.

അയൂബ്‌ഖാന്‍

Ads by Google
Saturday 20 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW