Tuesday, May 21, 2019 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.29 AM

എനിക്കെതിരേ കേസ്‌ നടത്താന്‍ എസ്‌.ബി.ഐ. നികുതിപ്പണം ധൂര്‍ത്തടിക്കുന്നു: വിജയ്‌ മല്യ

ലണ്ടന്‍: ബ്രിട്ടനില്‍ തനിക്കെതിരായ കേസ്‌ നടത്താന്‍ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (എസ്‌.ബി.ഐ) നികുതിദായകരുടെ പണം ധൂര്‍ത്തടിക്കുകയാണെന്നു മദ്യരാജാവ്‌ വിജയ്‌ മല്യ! പൊതുമേഖലാ ബാങ്കുകളില്‍നിന്നു 9000 കോടി രൂപയുടെ വായ്‌പ്പാത്തട്ടിപ്പ്‌ നടത്തി രാജ്യം വിട്ട മല്യ സാമൂഹികമാധ്യമങ്ങളിലൂടെയാണ്‌ എസ്‌.ബി.ഐക്കെതിരേ രംഗത്തുവന്നത്‌.
ഇന്ത്യയുടെ ആവശ്യപ്രകാരം മല്യക്കെതിരായ നിയമനടപടികള്‍ ബ്രിട്ടന്‍ ശക്‌തമാക്കിയ സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയില്‍നിന്നു താനെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാന്‍ തയാറാണെന്ന വാഗ്‌ദാനം മല്യ ആവര്‍ത്തിച്ചു.
ലണ്ടനിലെ ഒരു ബാങ്കില്‍ മല്യയുടെ 26 ലക്ഷം പൗണ്ടിന്റെ നിക്ഷേപം മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ ബ്രിട്ടീഷ്‌ ഹൈക്കോടതി കഴിഞ്ഞദിവസം വിസമ്മതിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണു ബ്രിട്ടനില്‍ തനിക്കെതിരായ കേസ്‌ നടത്താന്‍ എസ്‌.ബി.ഐയുടെ നേതൃത്വത്തിലുള്ള പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഇന്ത്യന്‍ നികുതിദായകരുടെ പണം ധൂര്‍ത്തടിക്കുകയാണെന്നു മല്യ ആരോപിച്ചത്‌. ഇന്ത്യയില്‍ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെ വ്യക്‌തമാക്കിയിട്ടും ബാങ്കുകള്‍ തന്നെ വേട്ടയാടുകയാണെന്നു ട്വിറ്ററിലൂടെ അദ്ദേഹം കുറ്റപ്പെടുത്തി.
വിജയമവകാശപ്പെട്ട്‌ ബാങ്കുകളുടെ അഭിഭാഷകസ്‌ഥാപനം പുറത്തുവിട്ട സന്ദേശങ്ങളുടെ പകര്‍പ്പും മല്യ ട്വിറ്ററില്‍ പോസ്‌റ്റ്‌ ചെയ്‌തു. ഇന്ത്യയുടെ നികുതിപ്പണം ഉപയോഗിച്ച്‌ ബ്രിട്ടനിലെ അഭിഭാഷകര്‍ വിജയം ആഘോഷിക്കുകയാണെന്നും അതിന്‌ എസ്‌.ബി.ഐ. മറുപടി പറയണമെന്നും മല്യ ആവശ്യപ്പെട്ടു.
"ഇന്ത്യയില്‍നിന്ന്‌ എടുത്ത വായ്‌പ പൂര്‍ണമായും തിരിച്ചടയ്‌ക്കാന്‍ തയാറാണെന്നു ഞാന്‍ വ്യക്‌തമാക്കിയതാണ്‌.മാധ്യമങ്ങള്‍ക്കു സെന്‍സേഷണല്‍ തലക്കെട്ടുകളാണ്‌ ആവശ്യമെങ്കില്‍, എന്തുകൊണ്ട്‌ എസ്‌.ബി.ഐ. എനിക്കെതിരേ കേസ്‌ നടത്താന്‍ മുടക്കിയ ഫീസ്‌ എത്രയെന്നു വിവരാവകാശനിയമപ്രകാരം ചോദിക്കുന്നില്ല? ബ്രിട്ടനിലെ എന്റെ സ്വത്തുക്കള്‍ പാതിവിലയ്‌ക്ക്‌ വിറ്റു. ശേഷിക്കുന്നവകൂടി വിറ്റാലും കേസ്‌ നടത്താന്‍ തികയില്ല. പിന്നെ എന്തിനാണ്‌ ഇതെല്ലാം? ബ്രിട്ടീഷ്‌ അഭിഭാഷകരെ സമ്പന്നരാക്കാനോ? എസ്‌.ബി.ഐ. ഉത്തരം പറയണം"- മല്യ ആവശ്യപ്പെട്ടു.
തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിമുഖത്തില്‍നിന്നുള്ള പരാമര്‍ശവും മല്യ ചൂണ്ടിക്കാട്ടി. മല്യയുടെ ഉടമസ്‌ഥതയിലുള്ള കിങ്‌ ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട 14,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. വിജയ്‌ മല്യയെ ഇന്ത്യക്കു കൈമാറാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറി സജിദ്‌ ജാവിദ്‌ ഉത്തരവിട്ടിരുന്നു. അതിനെതിരേ, അപ്പീല്‍ നല്‍കാന്‍ സാവകാശം ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന്‌ അദ്ദേഹം നിലവില്‍ ജാമ്യത്തിലാണ്‌.

Ads by Google
Saturday 20 Apr 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW