Thursday, June 20, 2019 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.45 PM

ഇതേതാ പടമെന്ന് അറിയാമോ ? ഇതാണ് ലൂസിഫര്‍; സൗദിയിലിരുന്ന് ലൂസിഫറിനെ തകര്‍ക്കാന്‍ ശ്രമിച്ച പ്രവാസിക്ക് മുട്ടന്‍ പണി വരുന്നു

against piracy

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ ഹിറ്റായിരിക്കുകയാണ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ചിത്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിനെതിരെ അപകീര്‍ത്തികരമായ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചിരിക്കുകയാണ് ഒരു പ്രവാസി യുവാവ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് ലാപ്‌ടോപ്പിലൂടെ കണ്ട് മോശം കമന്റ് പറയുന്ന പ്രവാസിയുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ശക്തമായ നിയമനടപടികള്‍ ഇയാള്‍ക്കെതിരെ സ്വീകരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രവാസി അസ്‌കര്‍ പൊന്നാനി എന്നയാളാണെന്നും സൗദി സര്‍ക്കാരിന് കീഴിലെ ഓഫീസില്‍ ജോലി ചെയ്യുകയാണെന്നും മനസിലാക്കിയതായി ആശീര്‍വാദ് സിനിമാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരോടും ചെയ്യുന്ന വലിയ ചതിയാണിതെന്നും അതിനാല്‍ തന്നെ കേരളാ പോലീസിലും സൗദി ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് രണ്ടു രാജ്യങ്ങളിലെ നിയമപരിപാലന സംവിധാനങ്ങളിലും ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് നിര്‍മ്മാണ കമ്പനി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
'ലൂസിഫര്‍'നെ വമ്പന്‍ വിജയമാക്കിയ നിങ്ങളേവരോടുമുള്ള നന്ദിയും സ്‌നേഹവും അറിയിച്ചുകൊണ്ട് തുടങ്ങട്ടെ.

വളരെ വേദനയോടെ ആണ് ഞങ്ങള്‍ ഈ കുറിപ്പ് നിങ്ങളിലേക്ക് എത്തിക്കുന്നത്. 'ലൂസിഫര്‍' എന്ന ഞങ്ങളുടെ ചലച്ചിത്രം വലിയ റെക്കോര്‍ഡ് വിജയം കൈവരിച്ച്, മലയാള സിനിമയ്ക്ക് തന്നെ പുതിയ മാനങ്ങള്‍ സമ്മാനിക്കുന്ന ഈ വേളയില്‍, ഇതിനെ തകര്‍ക്കാനും ഇതിന്റെ വ്യാജ പ്രിന്ററുകള്‍ ഇറക്കാനും കച്ചകെട്ടി ഇറങ്ങുന്നവര്‍ ചിലരുണ്ട്. നിയമം ഇവരുടെ പിന്നാലെയും ഉണ്ട്.

ഇത്തരം വ്യാജ പ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും നിയമവിരുദ്ധം ആണെന്നിരിക്കെ, ഇത് ഡൗണ്‍ലോഡ് ചെയ്യാനും കാണാനും എന്നു മാത്രമല്ല, കണ്ടുകഴിഞ്ഞു 'കണ്ടു' എന്ന് ഉറക്കെ പറഞ്ഞു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടാനും യാതൊരു മടിയും നിയമഭയവും ഇല്ലാത്ത ഒരാള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

അസ്‌കര്‍ പൊന്നാനി എന്ന് പേരുള്ള ഇയാള്‍ സൗദി അറേബ്യയില്‍ നിന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഒരു സിനിമയെപ്പറ്റി, അതോടുന്ന തീയേറ്ററില്‍ പോയിക്കണ്ട ശേഷം, എന്തും പറയാനുള്ള അധികാരവും അവകാശവും എല്ലാവര്‍ക്കുമുണ്ട്. പക്ഷെ അസ്‌കര്‍ പൊന്നാനിയെപ്പോലെയുള്ളവര്‍ ചെയ്യുന്നത് അതല്ല, മറിച്ച് സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരോടും ചെയ്യുന്ന വലിയ ചതിയാണ്.

ഇതിനെ കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല എന്ന് മാത്രമല്ല, വരും കാലങ്ങളില്‍ ഇത്തരം തെമ്മാടിത്തരങ്ങള്‍ തടയേണ്ടത് വലിയ ഒരു ആവശ്യവും കൂടി ആണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ നിയമപരമായി നീങ്ങിയതിന്റെ ഫലമായി കേരളാ പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രവുമല്ല, സൗദി ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ഇയാള്‍ ജോലിചെയ്യുന്നിടവും കണ്ടെത്തിയിട്ടുണ്ട്. തക്കതായ നിയമനടപടികള്‍ രണ്ടു രാജ്യങ്ങളിലെ നിയമപരിപാലന സംവിധാനങ്ങളും ഇയാള്‍ക്കെതിരെ കൈക്കൊള്ളുന്നതാണ്. നാട്ടിലെത്തിയാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്. സൗദിയില്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബന്ധപ്പെട്ടവരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്തരം തെമ്മാടിത്തരങ്ങള്‍ ചെയ്യുന്നവരെ നേരിടാന്‍ മറ്റു പല മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്, എന്നുകൂടി അറിയിച്ചുകൊള്ളട്ടെ.

ജനങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ വിജയിക്കട്ടെ. തിയേറ്ററില്‍ വന്നു സിനിമ കണ്ട ശേഷം എന്ത് വേണമെങ്കിലും പറയട്ടെ, എഴുതട്ടെ. പക്ഷെ ഇത്, വലിയ തെറ്റാണ്. ഇതിനെ നേരിടുക തന്നെ വേണം. ഞങ്ങള്‍ നേരിടുക തന്നെ ചെയ്യും.

സ്‌നേഹാദരങ്ങളോടെ,
നിങ്ങളുടെ സ്വന്തം
ആശീര്‍വാദ് സിനിമാസ്‌

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW