Saturday, June 29, 2019 Last Updated 21 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.03 AM

ആളെക്കൂട്ടും തീ നാവുകള്‍

uploads/news/2019/04/302566/5.jpg

പ്രസംഗവേദികളെ കൈയിലെടുത്ത പഴയ തലമുറയുടെ ഓര്‍മയുടെ നിഴല്‍വെട്ടത്തിലാണ്‌ ഇപ്പോഴത്തെ തെരഞ്ഞെടുപ്പു പ്രചാരണകാലം. താരപ്രസംഗങ്ങള്‍ കുറഞ്ഞുപോയി. താരപ്രചാരകര്‍ കൂടുകയും ചെയ്‌തു.
രാഷ്‌ട്രീയം മാത്രം കേട്ടിരുന്ന പഴയ പ്രസംഗശൈലികള്‍ അന്യംനിന്നുപോയിരിക്കുന്നു.
വിവാദവിഷയങ്ങള്‍ക്ക്‌ അന്നുമിന്നുമെന്നും പഞ്ഞമില്ലായിരുന്നു. അതു കുറിക്കുകൊള്ളിക്കാന്‍ മുതിര്‍ന്ന രാഷ്‌ട്രീയക്കാര്‍ക്ക്‌ പ്രത്യേക ചാതുരിയുണ്ടായിരുന്നു.
ഇപ്പോള്‍ വിവാദപ്രസംഗങ്ങളുടെ മഴവെള്ളപ്പാച്ചിലാണ്‌. അത്‌ കോടതിയിലും തെരഞ്ഞെടുപ്പു കമ്മിഷനിലും വരെ എത്തിനില്‍ക്കുന്നു.
മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ ക്രൗഡ്‌ പുള്ളര്‍ എന്നാണ്‌ എക്കാലത്തും വിളിച്ചിരുന്നത്‌. നീട്ടീയും കുറുക്കിയും വാക്യങ്ങള്‍ ആവര്‍ത്തിച്ചുമൊക്കെയുള്ള വി.എസിന്റെ പ്രസംഗങ്ങള്‍ അണികളെ പുളകംകൊള്ളിക്കുന്നതായിരുന്നു. വി.എസിനെ കേള്‍ക്കാനായി കക്ഷിരാഷ്‌ട്രീയഭേദമെന്യേ ആള്‍ക്കുട്ടമെത്തുന്നതിനു കാരണവുമിതായിരുന്നു. എന്നാല്‍, ഇക്കുറി ചില വേദികളില്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ സാന്നിധ്യമുള്ളത്‌. നേരത്തെ തയാറാക്കിയ പ്രസംഗം നോക്കി വായിക്കുകയാണ്‌ അദ്ദേഹം ഇപ്പോള്‍ ചെയ്‌തുവരുന്നത്‌.
പ്രചാരണകാലത്ത്‌ മലയാളി എന്നും ഓര്‍ക്കേണ്ട പേരാണ്‌ ഉഴവൂര്‍ വിജയന്റേത്‌. മണിക്കൂറുകള്‍ തമാശനിറഞ്ഞ വാക്കുകളിലൂടെ ആളുകളെ കൈയിലെടുക്കാനുള്ള വിജയന്റെ കഴിവ്‌ അപാരമായിരുന്നു. വിഷയമേതായാലും അതിലെ ഉഴവൂര്‍ ടച്ച്‌ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തിരുന്നു.
നീട്ടിപ്പിടിച്ചുള്ള പ്രസംഗങ്ങള്‍ ഇപ്പോള്‍ കുറഞ്ഞുകഴിഞ്ഞിരിക്കുന്നു. മിനിമം വാക്കുകളിലൊതുക്കിയുള്ള പ്രസംഗങ്ങളിലാണ്‌ പുതിയ തലമുറയുടെ ശ്രദ്ധ. കേള്‍ക്കാനാളില്ല എന്നതുതന്നെയാണ്‌ കവലപ്രസംഗങ്ങളുടെ പുതിയ തലവിധി. എന്നാലും തൊണ്ടപൊട്ടുമാറ്‌ പ്രസംഗിക്കുന്നവര്‍ ധാരാളമുണ്ട്‌ എല്ലാ പാര്‍ട്ടികളിലും.
ന്യൂജനറേഷന്‍ സ്‌ഥാനാര്‍ഥികള്‍ പ്രസംഗിക്കുക മാത്രമല്ല, പാടുക കൂടി ചെയ്യും. ഇവരോട്‌ കിടപിടിക്കാന്‍ പഴയതലമുറയില്‍പ്പെട്ട പി.ജെ. ജോസഫ്‌ മാത്രമാണുള്ളത്‌. അദ്ദേഹം പാട്ടെഴുതുകയും പാടുകയും ചെയ്യുന്നു. പ്രാസംഗികരെപ്പോലെ അത്‌ തര്‍ജമചെയ്യുന്നവരും പ്രശസ്‌തരാകുന്നതും ഈ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലെ അപൂര്‍വകാഴ്‌ചയാണ്‌. ദേശീയ നേതാക്കളാണ്‌ പരിഭാഷകരില്‍ ചിലരെ സ്‌റ്റാറാക്കുന്നത്‌.
സി.പി.ഐ. നേതാവ്‌ പന്ന്യന്‍ രവീന്ദ്രന്റെ ചോദ്യം ഉത്തരം ശൈലി കേള്‍ക്കാന്‍ രസമുള്ളതാണ്‌. പ്രമുഖ പ്രാസംഗികരായ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍, കെ. മുരളീധരന്‍, പി. രാജീവ്‌, എം.ബി. രാജേഷ്‌, ശോഭ സുരേന്ദ്രന്‍, ഷാനിമോള്‍ ഉസ്‌മാന്‍, കെ. സുധാകരന്‍ എന്നിവര്‍ സ്‌ഥാനാര്‍ഥികളായതോടെ അതത്‌ മണ്ഡലങ്ങളില്‍ മാത്രമായി ഇവരുടെ പ്രസംഗങ്ങള്‍ ചുരുങ്ങിയിട്ടുണ്ട്‌.
തകര്‍പ്പന്‍ പ്രസംഗങ്ങളുടെയും വിവാദപ്രസംഗങ്ങളിലൂടെയും വേദികളെ വെട്ടിപ്പിടിച്ച ആര്‍. ബാലകൃഷ്‌ണപിള്ളയും ഇക്കുറി വേദികളില്‍ സജീവമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലെ വലിയ നഷ്‌ടം കെ.എം. മാണിയുടെ അഭാവമാണ്‌. ചുറുചുറുക്കോടെ എത്തുന്ന മാണിയുടെ ചന്തംചാലിച്ച പ്രസംഗങ്ങളും ഫലിതപ്രയോഗങ്ങളും വിസ്‌മരിക്കാന്‍ മലയാളിക്കു കഴിയില്ല.
സിനിമാ താരങ്ങളില്‍ മുകേഷും ഗണേഷ്‌ കുമാറും പ്രചാരണവേദികളില്‍ ആളെക്കൂട്ടുന്നുണ്ട്‌. സുരേഷ്‌ ഗോപിയും ഇന്നസെന്റും സ്‌ഥാനാര്‍ഥികളായതോടെ വോട്ടഭ്യര്‍ഥനയ്‌ക്കുവേണ്ടിയുള്ള കൊച്ചുപ്രസംഗങ്ങള്‍ മാത്രമേയുള്ളൂ.
താരങ്ങള്‍ക്കുവേണ്ടി കൂടുതല്‍ സിനിമാ താരങ്ങള്‍ രംഗത്തിറങ്ങാത്തതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്‌. രാഷ്‌ട്രീയ പ്രസംഗകലയിലെ തലമുറമാറ്റത്തിനും ഈ തെരഞ്ഞെടുപ്പ്‌ സാക്ഷ്യം വഹിക്കുന്നു.

ബൈജു ഭാസി

Ads by Google
Friday 19 Apr 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW