Thursday, July 04, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.02 AM

പത്തനംതിട്ടയുടെ പതിനെട്ടാം പടിയിലാര്‌

uploads/news/2019/04/302564/4.jpg

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ വീര്യം ഏറിയതോടെ ശേഷിക്കുന്ന ദിവസങ്ങളില്‍ അവസാന അടവിനായി കച്ചകെട്ടുകയാണ്‌ മുന്നണികള്‍.
ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തിലെ രാഷ്‌ട്രീയ പോരിന്‌ വീര്യമേറിയതോടെ കേരളം ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രാധാന മണ്ഡലങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണിവിടം. സിറ്റിംഗ്‌ എം.പിയും കോണ്‍ഗ്രസ്‌ നേതാവുമായ ആന്റോ ആന്റണി, എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയും ആറന്മുള എം.എല്‍.എയുമായ വീണാജോര്‍ജ്‌, ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല പ്രക്ഷോഭകരില്‍ പ്രമുഖനുമായ കെ.സുരേന്ദ്രനും തമ്മിലുള്ള ത്രികോണ മത്സരത്തില്‍ കണക്കുകള്‍ക്ക്‌ വലിയ പങ്കാണുള്ളത്‌.
വികസനം ചൂണ്ടിക്കാട്ടി ആന്റോയും വികസന മുരിടിപ്പ്‌ വ്യക്‌തമാക്കി വീണാജോര്‍ജും വിശ്വാസവും വികസനവും പ്രചാരണായുധമാക്കി ബി.ജെ.പിയും പൊരുതുമ്പോള്‍ പ്രളയം മുതല്‍ റബര്‍ മേഖലയിലെ മുരിടിപ്പുവരെ ഇവിടെ അനുബന്ധവിഷയങ്ങളായി മാറുന്നു.
13,82,741 വോട്ടര്‍മാരുള്ള പത്തനംതിട്ട മണ്ഡലത്തില്‍ 22,805 പേര്‍ കന്നി വോട്ടര്‍മാരാണ്‌. ഭൂരിപക്ഷമായ ഹിന്ദു വിഭാഗങ്ങളുടെ വോട്ടുകള്‍ മൂന്നുമുന്നണികള്‍ക്കുമായി വിഭജിക്കപ്പെടുമെന്ന പൊതു ധാരണ നിലനില്‍ക്കുമ്പോള്‍ ന്യൂനപക്ഷ വോട്ടുകളിലാണ്‌ ഇടത്‌, വലത്‌ മുന്നണികളുടെ പ്രതീക്ഷ.
പത്തനംതിട്ട യു.ഡി.എഫ്‌ അനുകൂല മണ്ഡലമാണെന്നാണ്‌ പൊതുവെയുള്ള ധാരണ. ഇവിടെ സിറ്റിംഗ്‌ എം.പിയായ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം 2014-ലെ തെരഞ്ഞെടുപ്പില്‍ അമ്പതിനായിരമായി കുറഞ്ഞു എന്നതാണ്‌ ബി.ജെ.പിക്കും എല്‍.ഡി.എഫിനും ഏറെ പ്രതീക്ഷ നല്‍കുന്നത്‌.
എന്നാല്‍ ഇക്കുറി ശബരിമല വിഷയം വോട്ടിംഗ്‌ നിലയെ കാര്യമായി ബാധിക്കുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബി.ജെ.പി സ്‌ഥാനാര്‍ഥി സുരേന്ദ്രന്റെ മണ്ഡല പര്യടനങ്ങളില്‍ കാണുന്ന വന്‍ ജനകൂട്ടം ഇരുമുന്നണികളെയും തെല്ലൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്‌.
സ്‌ത്രീ വോട്ടര്‍മാരുടെ അഭൂതപൂര്‍വമായ സാന്നിധ്യം തന്നെയാണ്‌ ഇതില്‍ എടുത്തു കാണിക്കുന്നത്‌. പരമ്പരാഗതമായി യു.ഡി.എഫിന്‌ പോകുന്ന ഹിന്ദുവോട്ടുകളില്‍ നല്ലൊരു ശതമാനം ഇക്കുറി ബി.ജെ.പിയിലേക്ക്‌ പോകുമ്പോള്‍ ക്ഷീണം കോണ്‍ഗ്രസിനായിരിക്കുമെന്നാണ്‌ ഇടത്‌പക്ഷത്തിന്റെ വിലയിരുത്തല്‍.
ഇടത്‌ അനുഭാവികളുടെ വോട്ടും ന്യൂനപക്ഷങ്ങളുടെ വോട്ടുകളും പെട്ടിയില്‍ വീണാല്‍ വീണാ ജോര്‍ജ്‌ വിജയിക്കുമെന്ന കണക്കുകൂട്ടലാണ്‌ അവര്‍ക്ക്‌.എന്നാല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനുള്ള യു.പി.എയുടെ സാധ്യതയും ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന്‌ അനുകൂലമായി വീഴാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
സഭാപ്രശ്‌നം ഈ മണ്ഡലത്തില്‍ കാര്യമായി പ്രതിഫലിക്കുമെന്നുതന്നെയാണ്‌ യു.ഡി.എഫിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ തവണ ആറന്മുള മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായിരുന്ന വീണാജോര്‍ജിന്റെ വിജയത്തിന്‌ കളമൊരുക്കിയത്‌ കോണ്‍ഗ്രസിലെ പടലപ്പിണക്കവും ഓര്‍ത്തഡോക്‌സ്‌ വോട്ടുകളുടെ ഏകീകരണവും ആയിരുന്നെങ്കില്‍ ഇക്കുറി ഇത്‌ രണ്ടും ഒരിടത്തും ഉണ്ടാവില്ലെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ആകെ വോട്ടര്‍മാരില്‍ ഇരുപത്‌ ശതമാനത്തില്‍ ഏറെയുള്ള ഓര്‍ത്തഡോക്‌സ്‌ വോട്ടില്‍ നല്ലൊരു ശതമാനവും യു.ഡി.എഫിന്‌ വീഴുമെന്നുതന്നെയാണ്‌ നേതാക്കന്മാരുടെ കണക്കുകൂട്ടല്‍. സഭാ പ്രശ്‌നത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ്‌ ഇതില്‍ മുഖ്യം. മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനവും യു.ഡി.എഫിന്‌ പ്രതീക്ഷ പകരുന്നു.
നായര്‍, ഈഴവ ഭേദമെന്യേ ഹിന്ദുവോട്ടുകള്‍ക്കുണ്ടായ ധ്രുവീകരണം തന്നെയാണ്‌ ബി.ജെ.പിക്ക്‌ ആത്മവിശ്വാസം പകരുന്ന കാര്യം.
കൂടാതെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ പി.സി.ജോര്‍ജിനുള്ള സ്വാധീനവും വോട്ടായി മാറുമെന്നാണ്‌ കണക്കുകൂട്ടല്‍. ഇതോടൊപ്പം ഇടത്‌ അനുഭാവികളായ വിശ്വാസികളുടെ വോട്ടുകള്‍ കൂടിയാകുമ്പോള്‍ സംസ്‌ഥാനത്ത്‌ ബി.ജെ.പി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമായി പത്തനംതിട്ട മാറുന്നു.
തെരഞ്ഞെടുപ്പ്‌ സര്‍വേ ഫലം തെല്ലൊന്നുമല്ല രാഷ്‌ട്രീയ പ്രവര്‍ത്തകരെ സ്വാധീനിച്ചിട്ടുള്ളത്‌.യു.ഡി.എഫും എന്‍.ഡി.എയും ഏറെകുറെ ഒപ്പത്തിനൊപ്പം മുന്നേറുന്നുവെന്നാണ്‌ സര്‍വേ ഫലങ്ങള്‍ പറയുന്നത്‌. ഇതനുസരിച്ച്‌ മൂന്നാം സ്‌ഥാനത്ത്‌ മാത്രമാണ്‌ എല്‍.ഡി.എഫ്‌ ഉള്ളത്‌. സര്‍വേ ഫലങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്ന എല്‍.ഡി.എഫ്‌ 75,000 വോട്ടുകളുടെ ഭൂരിപക്ഷമാണ്‌ വീണാജോര്‍ജിന്‌ പ്രതീക്ഷിക്കുന്നത്‌.
ശബരിമല വിഷയത്തോടൊപ്പം പ്രളയവും മുഖ്യ പ്രചാരണായുധമാക്കുകയാണ്‌ ബി.ജെ.പി. കഴിഞ്ഞ പത്തുവര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുന്ന യു.ഡി.എഫ്‌ വിശ്വാസ സംരക്ഷണത്തിന്‌ മുന്നിട്ടിറങ്ങിയത്‌ തങ്ങളാണെന്ന അവകാശ വാദവും ഉയര്‍ത്തുന്നു.
ശബരിമല തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന്‌ വാദിക്കുന്ന എല്‍.ഡി.എഫ്‌ വികസനത്തിനാണ്‌ വോട്ടുതേടുന്നത്‌. ആറന്മുള മണ്ഡലത്തില്‍ വീണാജോര്‍ജ്‌ എം.എല്‍.എ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചാണ്‌ ഇവരുടെ പ്രചാരണം.
എന്നാല്‍ പുതുതായി എന്ത്‌ പദ്ധതികള്‍ ആരംഭിച്ചു എന്ന ചോദ്യം യു.ഡി.എഫും ഉന്നയിക്കുന്നു. പ്രചരണം അവസാന ഘട്ടത്തിലേക്ക്‌ നീളുന്നതോടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക്‌ വേദിയാവുകയാണ്‌ പത്തനംതിട്ട.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Friday 19 Apr 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW