Thursday, May 23, 2019 Last Updated 52 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.58 AM

ബി.ജെ.പി. ഒഴുക്കുന്നത്‌ അഴിമതിപ്പണം: യെച്ചൂരി

uploads/news/2019/04/302559/6.jpg

ബത്തേരി: വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്‌ ആനുകുല്യം നല്‍കി അവരില്‍നിന്നു കൈപ്പറ്റുന്ന അഴിമതിപ്പണമാണ്‌ ബി.ജെ.പി. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിനു ചെലവാക്കുന്നതെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ബത്തേരിയില്‍ വയനാട്‌ മണ്ഡലം എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി പി.പി. സുനീറിന്റെ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്‌ടറല്‍ ബോണ്ടുകള്‍ രൂപീകരിച്ചു മോഡിസര്‍ക്കാര്‍, അഴിമതി നിയമവിധേയമാക്കി. ഇലക്‌ടറല്‍ ബോണ്ടില്‍നിന്ന്‌ 95 ശതമാനവും ബി.ജെ.പിക്കാണ്‌ ലഭിച്ചത്‌. പൊതുമേഖലാ സ്‌ഥാപനങ്ങള്‍ മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്കായി വിറ്റുതുലച്ചു. ഈയിടെയാണ്‌ ആറു വിമാനത്താവളങ്ങള്‍ അദാനിക്കു കൈമാറിയത്‌.
റാഫേല്‍ ഇടപാടിലൂടെ അംബാനിക്കു കോടികളുടെ ആനുകൂല്യം നല്‍കി. ഇവരില്‍നിന്നു കൈപ്പറ്റുന്ന കമ്മീഷന്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുകയാണ്‌.
പാര്‍ലമെന്റ്‌ ഉള്‍പ്പെടെ എല്ലാ ജനാധിപത്യ സ്‌ഥാപനങ്ങളെയും മോഡിസര്‍ക്കാര്‍ നോക്കുകുത്തിയാക്കി. സി.ബി.ഐയെയും ആര്‍.ബി.ഐയെയും രാഷ്‌ട്രീയായുധമാക്കി മാറ്റി. തെരഞ്ഞെടുപ്പ്‌ കമ്മിഷനെ സുപ്രീം കോടതിക്കു ശാസിക്കേണ്ടിവന്നു.
യു.പി. മുഖ്യമന്ത്രിക്കെതിരേ അതിനുശേഷമാണു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നടപടിയെടുത്തത്‌.
ഭരണഘടനാ സ്‌ഥാപനങ്ങളെ ഇല്ലാതാക്കി ഹിന്ദുരാഷ്‌ട്രം നടപ്പാക്കുകയാണു മോഡിയുടെ ലക്ഷ്യം. രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനംമാത്രംവരുന്ന കോര്‍പ്പറേറ്റുകളുടെ കൈയിലാണ്‌. ശതകോടീശ്വരരില്‍ എട്ടു പേര്‍ ഗുജറാത്തുകാരാണ്‌. കേരളത്തിലെ സംസ്‌കാരവും പാരമ്പര്യവും തിരികെപ്പിടിക്കണമെന്നു പറഞ്ഞ നരേന്ദ്രമോഡിയുടെ പ്രസ്‌താവന പരിഹാസ്യമാണ്‌.
രാജ്യത്ത്‌ ഏറ്റവും കുടുതല്‍ മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌ഥാനമാണു കേരളം. ഇ.എം.എസ്‌.സര്‍ക്കാര്‍ നടപ്പാക്കിയ ഭൂ പരിഷ്‌കരണ നിയമവും വിദ്യാഭ്യാസ ബില്ലും മറ്റുമാണ്‌ ഈ നേട്ടത്തിനു കാരണം.
ബി.ജെ.പി. ഉത്തരേന്ത്യയില്‍ ഗോസംരക്ഷണ സേന, റോമിയോ സേന തുടങ്ങിയ സ്വകാര്യ സേനകള്‍ രൂപീകരിച്ചു മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു. പ്രതികളെ അറസ്‌റ്റ്‌ ചെയ്യാന്‍ ഭരണകൂടം തയാറാകുന്നില്ല.
കേരളത്തില്‍ നല്ല ബീഫ്‌ കിട്ടാന്‍ സമരം ചെയ്യുന്ന ബി.ജെ.പിക്ക്‌ ഉത്തരേന്ത്യയില്‍ ബീഫ്‌ പോയിട്ട്‌ ഇറച്ചി പോലും കഴിക്കാനാവില്ല. ഇറച്ചി സൂക്ഷിക്കുന്നവനെപ്പോലും കശാപ്പ്‌ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Friday 19 Apr 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW