Wednesday, July 17, 2019 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.58 AM

'വിശ്വാസത്തിനായി എന്തും ചെയ്യും'; ശബരിമല പറയാതെ പറഞ്ഞ് മോഡി, കോടതി മുതല്‍ പാര്‍ല​മെന്റുവരെ പോരാടും

uploads/news/2019/04/302556/1.jpg

തിരുവനന്തപുരം: വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശബരിമലയുടെ പേര്‌ പരാമര്‍ശിക്കാതെയായിരുന്നു മോഡിയുടെ വാഗ്‌ദാനം. വിശ്വാസസംരക്ഷണത്തിനായി കോടതി മുതല്‍ പാര്‍ലമെന്റ്‌ വരെ പോരാടും. ഭരണഘടനാപരമായ സംരക്ഷണവും നല്‍കും. കേരളത്തില്‍ ദൈവത്തിന്റെ പേരു പറഞ്ഞാല്‍ കമ്യൂണിസ്‌റ്റ്‌ സര്‍ക്കാര്‍ ജയിലില്‍ അടയ്‌ക്കുമെന്നും മോഡി പറഞ്ഞു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരു, മാര്‍ത്താണ്ഡവര്‍മ, സ്വാതി തിരുനാള്‍, വക്കം അബ്‌ദുള്‍ ഖാദര്‍ മൗലവി, അയ്യാ വൈകുണ്‌ഠസ്വാമി എന്നിവരെ അനുസ്‌മരിച്ചാണു മോഡി പ്രസംഗമാരംഭിച്ചത്‌. ഏതാക്രമണവും നേരിടാന്‍ രാജ്യം സജ്‌ജമാണ്‌. കോണ്‍ഗ്രസ്‌ സര്‍ക്കാരിനും ഇതാകാമായിരുന്നു. എന്നാല്‍, അവര്‍ പ്രതിരോധമന്ത്രാലയത്തെ പണമെടുക്കുന്ന എ.ടി.എം മെഷീനായി മാത്രമേ കണ്ടുള്ളൂ.

കുടുംബാധിപത്യമുള്ള സര്‍ക്കാരും ദേശസ്‌നേഹമുള്ള സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം ജനം തിരിച്ചറിയണം. സൈന്യത്തെ പരിഹസിക്കുന്ന നിലപാടാണു കോണ്‍ഗ്രസിന്റേതും കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടേതും.

അക്രമങ്ങളിലൂടെ കുഞ്ഞുങ്ങളെ അനാഥരാക്കുന്ന സി.പി.എം. രാഷ്‌ട്രീയം കേരളത്തിന്റെ സംസ്‌കാരമല്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ വികസിക്കുമ്പോള്‍ കേരളത്തെ കോണ്‍ഗ്രസ്‌, കമ്യൂണിസ്‌റ്റ്‌ സര്‍ക്കാരുകള്‍ പിന്നോട്ടടിക്കുന്നു. മുന്‍സര്‍ക്കാരുകള്‍ ജനാധിപത്യം നശിപ്പിച്ചതിനൊപ്പം കേരളത്തിലെ വിശ്വാസങ്ങളും നശിപ്പിച്ചു. വിശ്വാസങ്ങളുടെ കാവലിനു ബി.ജെ.പി. എന്നുമുണ്ടാകും. ഇന്ന്‌ ഇന്ത്യ എല്ലാ രംഗത്തും മുന്നിലാണ്‌.

കേരളത്തിലെ മുന്‍സര്‍ക്കാര്‍ നമ്പി നാരായണനെന്ന ശാസ്‌ത്രജ്‌ഞനോടു ചെയ്‌തതെന്താണെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വന്‍ശക്‌തിയാക്കാന്‍ കൂടിയുള്ള തെരഞ്ഞെടുപ്പാണിത്‌. കേരളത്തിലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ അഴിമതിയാരോപണമുണ്ട്‌. പ്രളയസഹായം പോലും അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കാതെ തട്ടിയെടുത്തു. പ്രളയത്തിനു കാരണമായതു സംസ്‌ഥാനസര്‍ക്കാരിന്റ കെടുകാര്യസ്‌ഥതയാണ്‌. ഇത്രയും കഴിവില്ലാത്ത സര്‍ക്കാരിന്‌ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.

ദക്ഷിണേന്ത്യക്കു സന്ദേശം നല്‍കാനാണു രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതെങ്കില്‍ അദ്ദേഹം തിരുവനന്തപുരമോ പത്തനംതിട്ടയോ തെരഞ്ഞെടുക്കാത്തത്‌ എന്തുകൊണ്ടാണ്‌? കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണനമാണ്‌ ഇതിനു പിന്നില്‍.

കേരളത്തില്‍ പരസ്‌പരം തല്ലുകൂടുന്നവര്‍ ഡല്‍ഹിയില്‍ തോളില്‍ കൈയിട്ടു നടക്കുകയാണെന്നും മോഡി പരിഹസിച്ചു. വി. മുരളീധരന്‍ എം.പി. പ്രസംഗം പരിഭാഷപ്പെടുത്തി. എന്‍.ഡി.എ. സ്‌ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍, ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍ പിള്ള, സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Friday 19 Apr 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW