Saturday, May 25, 2019 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.51 AM

പാകിസ്‌താനില്‍ ബസുകള്‍ തടഞ്ഞുനിര്‍ത്തി സേനാംഗങ്ങള്‍ ഉള്‍പ്പെടെ 14 പേരെ വധിച്ചു

uploads/news/2019/04/302524/4.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ നാവിക-തീരസേനാംഗങ്ങള്‍ ഉള്‍പ്പെടെ 14 പേരെ ബസുകളില്‍നിന്ന്‌ വിളിച്ചിറക്കി വെടിവച്ച്‌ കൊലപ്പെടുത്തി. വിഘടനവാദം ശക്‌തമായ ബലൂചിസ്‌താന്‍ പ്രവിശ്യയിലെ മക്രാന്‍ തീരദേശ ഹൈവേയില്‍ ഇന്നലെ പുലര്‍ച്ചെയാണു സംഭവം. അര്‍ധസൈനികവേഷം ധരിച്ച അക്രമികളാണു കൂട്ടക്കൊലപാതകം നടത്തിയത്‌. ഇവരെ തിരിച്ചറിയാനായിട്ടില്ല.
കറാച്ചിയില്‍നിന്നു ഗ്വാദറിലേക്കു പോകുകയായിരുന്ന ആറു ബസുകള്‍ ഇരുപതോളം വരുന്ന തോക്കുധാരികള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്‌, യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ പരിശോധിച്ചശേഷം 16 പേരെ വിളിച്ചിറക്കി വെടിവച്ചുവീഴ്‌ത്തി. ഇവരില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു നാവികസേനാംഗവും ഒരു തീരസേനാംഗവും ഉള്‍പ്പെടുന്നതായി ബലൂചിസ്‌താന്‍ ആഭ്യന്തരമന്ത്രി സിയാ ലാംഗോവ്‌ വ്യക്‌തമാക്കി. എന്നാല്‍, കൂടുതല്‍ നാവികസേനാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു സേനാവക്‌താവ്‌ വെളിപ്പെടുത്തി. അക്രമികള്‍ അര്‍ധസൈനികരുടെ യൂണിഫോമാണു ധരിച്ചിരുന്നതെന്നു ബലൂചിസ്‌താന്‍ പോലീസ്‌ ഐ.ജി. മൊഹ്‌സിന്‍ ഹസന്‍ ഭട്ട്‌ പറഞ്ഞു.
ബസുകളിലെ പതിവുപരിശോധനയ്‌ക്കെന്ന വ്യാജേനയാണ്‌ അക്രമികള്‍ സൈനിക യൂണിഫോം ധരിച്ചെത്തിയത്‌. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സംഭവത്തെ അപലപിച്ച പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇതു സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. അക്രമത്തെ "ഭീരുത്വം നിറഞ്ഞ ഭീകരപ്രവര്‍ത്തനം" എന്നാണു പ്രസിഡന്റ്‌ ആരിഫ്‌ അല്‍വിയും ബലൂചിസ്‌താന്‍ മുഖ്യമന്ത്രി ജാം കമാലും വിശേഷിപ്പിച്ചത്‌.
അഫ്‌ഗാനിസ്‌ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്‌താനാണു പാകിസ്‌താനിലെ ഏറ്റവും വലുതും അവികസിതവുമായ പ്രവിശ്യ. ഗോത്രവംശജരുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ഇവിടെ പാകിസ്‌താനില്‍നിന്നു സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള വിഘടനവാദം ശക്‌തമാണ്‌.
ന്യൂനപക്ഷവിഭാഗമായ ഷിയാ മുസ്ലിംകളും പഞ്ചാബ്‌ പ്രവിശ്യയില്‍നിന്നുള്ള പരമ്പരാഗത തൊഴിലാളികളുമാണ്‌ മേഖലയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ക്ക്‌ ഇരയായിട്ടുള്ളത്‌. ബലൂചിസ്‌താന്‍ പ്രവിശ്യാതലസ്‌ഥാനമായ ക്വറ്റയില്‍ ഷിയാകളെ ലക്ഷ്യമിട്ടു കഴിഞ്ഞയാഴ്‌ചയുണ്ടായ ഐ.എസ്‌. ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

Ads by Google
Friday 19 Apr 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW