Thursday, May 23, 2019 Last Updated 48 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.48 AM

ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ ബാഴ്‌സ - ലിവര്‍പൂള്‍ പോരാട്ടം

uploads/news/2019/04/302518/2.jpg

ലണ്ടന്‍: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ സെമി ഫൈനലിലും നെഞ്ചിടിപ്പ്‌ കൂട്ടുന്ന മത്സരങ്ങള്‍ ഉറപ്പായി. മേയ്‌ ഒന്നിനു നടക്കുന്ന ഒന്നാംപാദ സെമി ഫൈനലില്‍ ഇംഗ്ലണ്ടിലെ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ ഹോളണ്ടിലെ അയാക്‌സിനെയും രണ്ടിനു നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ സ്‌പെയിനിലെ ബാഴ്‌സലോണ ഇംഗ്ലണ്ടിലെ ലിവര്‍പൂളിനെയും നേരിടും.
എട്ട്‌, ഒന്‍പത്‌ തീയതികളിലാണു രണ്ടാംപാദ സെമി മത്സരങ്ങള്‍. ഇന്നലെ നടന്ന രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയോട്‌ 4-3 നു തോറ്റെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിലാണു ടോട്ടന്‍ഹാം സെമിയില്‍ കടന്നത്‌. പോര്‍ചുഗല്‍ ക്ലബ്‌ പോര്‍ട്ടോയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്ത്‌ ആധികാരികമായാണു ലിവര്‍പൂള്‍ സെമിയില്‍ കളിക്കുന്നത്‌.
സിറ്റിയുടെ സ്വന്തം തട്ടകമായ എതിഹാദ്‌ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ ക്വാര്‍ട്ടര്‍ തുടക്കം മുതല്‍ ഒടുക്കം വരെ ആവേശകരമായിരുന്നു. കളിയുടെ 15 മിനിറ്റ്‌ പൂര്‍ത്തിയായപ്പോഴേക്കും നാല്‌ ഗോളുകള്‍ വീണിരുന്നു. ഇഞ്ചുറി ടൈമില്‍ സെമിയിലേക്കുള്ള ഗോള്‍ വീണെങ്കിലും വാറിലൂടെ ഓഫ്‌ സൈഡ്‌ വിധി വന്നത്‌ സിറ്റിയുടെ മോഹങ്ങളെ തല്ലിക്കെടുത്തി. സിറ്റിയെ എവേ ഗോളിന്റെ ആനുകൂല്യത്തിലാണു ടോട്ടന്‍ഹാം അട്ടിമറിച്ചത്‌. 1960-61 സീസണിനു ശേഷം ആദ്യമായാണു ടോട്ടന്‍ഹാം ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ കളിക്കുന്നത്‌.
സിറ്റി ജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4 എന്ന നിലയായി. ഇതോടെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം അവസാന നാലിലെത്തി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ഒന്നാംപാദത്തില്‍ ടോട്ടനം 1-0 ത്തിനു വിജയിച്ചിരുന്നു. അന്നു ഗോളടിച്ച ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹ്യൂങ്‌ മിന്നാണ്‌ ഇന്നലെ ടോട്ടന്‍ഹാമിന്റെ ആദ്യ ഗോളടിച്ചതും. കളിയുടെ ഏഴാം മിനിറ്റിലും 10 -ാം മിനിറ്റിലും സിറ്റിയുടെ വല ചലിപ്പിക്കാന്‍ സണ്ണിനായി. ഫെര്‍ണാണ്ടോ യൊറെന്റെയാണു മൂന്നാം ഗോളടിച്ചത്‌. സിറ്റിക്കായി റഹീം സ്‌റ്റെര്‍ലിങും ഇരട്ട ഗോളടിച്ചു. ബെര്‍ണാഡോ സില്‍വ, സെര്‍ജിയോ അഗ്യൂറോ എന്നിവരും ഓരോ ഗോള്‍ വീതമടിച്ചു. നാലാം മിനിറ്റില്‍ തന്നെ സെ്‌റ്റര്‍ലിങ്ങിലൂടെ സിറ്റി ലീഡ്‌ നേടി. കെവിന്‍ ഡി ബ്രുയിന്റെ തകര്‍പ്പന്‍ പാസിനു സെ്‌റ്റര്‍ലിങ്‌ മികച്ച ഫിനിഷിങ്‌ നല്‍കി. ലീഡിന്‌ മൂന്ന്‌ മിനിറ്റിന്റെ ആയുസായിരുന്നു. സണ്‍ ഹ്യൂങിലൂടെ ടോട്ടനം ഒപ്പംപിടിച്ചു. ഞെട്ടല്‍ മാറും മുമ്പെ സണ്‍ രണ്ടാം ഗോളുമടിച്ചു. സിറ്റിയും പിന്നോട്ടു പോകാന്‍ തയാറല്ലായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ ബെര്‍ണാഡോ സില്‍വ സിറ്റിക്കു വേണ്ടി ഗോളടിച്ചു. 11-ാം മിനിറ്റില്‍ മത്സരം 2-2 എന്നായി. 21-ാം മിനിറ്റില്‍ സ്‌റ്റെര്‍ലിങ്ങിലൂടെ സിറ്റി മുന്നിലെത്തി. ഡി ബ്രൂയിനായിരുന്നു ഇത്തവണയും പന്ത്‌ എത്തിച്ചു കൊടുത്തത്‌. രണ്ടാം പകുതിയിലും സിറ്റി ഗോളടി തുടര്‍ന്നു. 59-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ്‌ സിറ്റിയുടെ നാലാം ഗോളടിച്ചത്‌. ഗോളിലേക്കുള്ള പന്ത്‌ കൈമാറിയത്‌ ഡി ബ്രൂയിന്‍ തന്നെ. 73-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ യൊറെന്റെയിലൂടെ ടോട്ടനം തിരിച്ചടിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4 എന്ന അവസ്‌ഥയിലായി. സിറ്റി ഒരു ഗോള്‍ കൂടി അടിച്ചാല്‍ സെമിയില്‍ കടക്കുമെന്ന അവസ്‌ഥ. ഇഞ്ചുറി ടൈമില്‍ സ്‌റ്റെര്‍ലിങ്‌ ഹാട്രിക്കടിച്ചതോടെ ആവേശം അണപൊട്ടി. സിറ്റി സെമിയിലേക്ക്‌. ടോട്ടനം വാര്‍ ആവശ്യപ്പെട്ടതോടെ ആവശേം ഒന്നു തണുത്തു. ആ ഗോള്‍ ഓഫ്‌ സൈഡ്‌ എന്ന വിധി വന്നതോടെ എതിഹാദ്‌ സ്‌റ്റേഡിയം നിശബ്‌ദമായി. ബില്‍ നികോള്‍സണിന്റെ കീഴിലാണ്‌ ടോട്ടനം അവസാനം സെമി കളിച്ചത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ കളിക്കുന്ന ഏഴാമത്തെ പ്രീമിയര്‍ ലീഗ്‌ ക്ലബാണു ടോട്ടനം. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌, സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ആഴ്‌സണല്‍, ലീഡ്‌സ് എന്നിവരാണു മുന്‍ഗാമികള്‍.
ഡോ ഡ്രാഗോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനു വേണ്ടി സാദിയോ മാനെ, മുഹമ്മദ്‌ സല, റോബര്‍ട്ടോ ഫിര്‍മിനോ, വാന്‍ ഡിക്‌ എന്നിവര്‍ ഗോളടിച്ചു. ഈദര്‍ മിലിറ്റായോയിലൂടെ പോര്‍ട്ടോ ഒരു ഗോള്‍ മടക്കി. സ്വന്തം തട്ടകത്തില്‍ നടന്ന ഒന്നാംപാദത്തില്‍ ലിവര്‍പൂള്‍ 2-0 ത്തിനു ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 6-1 ന്റെ ജയവുമായാണു ലിവര്‍പൂള്‍ സെമി ഉറപ്പിച്ചത്‌. 26-ാം മിനിറ്റില്‍ മാനെയിലൂടെയാണു ലിവര്‍പൂള്‍ ഗോളടി തുടങ്ങിയത്‌. 65-ാം മിനിറ്റില്‍ സല ലീഡ്‌ നേടി. മിലിറ്റായോ അതിനിടെ ഒരു ഗോള്‍ മടക്കി. 77-ാം മിനിറ്റില്‍ ഫിര്‍മിനോയും 84-ാം മിനിറ്റില്‍ വാന്‍ ഡികും പട്ടിക പൂര്‍ത്തിയാക്കി. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെയാണു ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്‌. യുവന്റസിനെ അട്ടിമറിച്ചാണ്‌ അയാക്‌സ് സെമിയില്‍ കടന്നത്‌.

Ads by Google
Friday 19 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW