Tuesday, May 21, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 08.03 AM

അഞ്ചുദിവസംകൂടി സംസ്ഥാനത്ത് മിക്ക ജില്ലകളിലും വേനല്‍മഴയ്ക്ക് സാധ്യത ; കാറ്റിന്റെ വേഗത 55 കിലോമീറ്റര്‍ വരെ ഉയരാം

uploads/news/2019/04/302427/rain.jpg

പൊള്ളുന്ന ചൂടിനെ തെല്ലൊന്നു ശമിപ്പിച്ച് സംസ്ഥാനത്തുടനീളം ഇന്നലെ വേനല്‍മഴ ലഭിച്ചു. അഞ്ചുദിവസംകൂടി സംസ്ഥാനത്ത് മിക്ക ജില്ലകളിലും വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. മലപ്പുറം ജില്ലയില്‍ ഇന്നു ശക്തമായ മഴയ്ക്ക് കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗത 55 കിലോമീറ്റര്‍ വരെ ഉയരാം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലൊഴിച്ച് ഇന്നലെ മഴ ലഭിച്ചു.

പലയിടത്തും ശക്തമായ കാറ്റിന്റേയും മിന്നലിന്റേയും അകമ്പടിയോടെയായിരുന്നു മഴ. കാറ്റിന്റെ വേഗം ചിലയിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയെത്തി. മലപ്പുറം ജില്ലയില്‍ ഇന്ന് ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണു പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, എന്നിവിടങ്ങളില്‍ ചിലയിടങ്ങളില്‍ ഇന്ന് ശക്തികുറഞ്ഞ വേനല്‍മഴ പെയ്യും. വരുംദിവസങ്ങളിലും ചൂട് ഇനിയും ഉയരുമെന്നാണു മുന്നറിയിപ്പ്.

സൂര്യാഘാത-സൂര്യാതപ മുന്നറിയിപ്പ് ശനിയാഴ്ച വരെ നീട്ടി. വയനാടൊഴികെ അന്തരീക്ഷ താപനിലയില്‍ രണ്ടുമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകും. മഴപെയ്യും മുമ്പ് ഇന്നലെയും കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇന്നലെ 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ പാലക്കാട്ടായിരുന്നു ഏറ്റവും കൂടിയ ചൂട്. അതേസമയം വേനല്‍മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കുണ്ടള അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. വൃഷ്ടിപ്രപദേശത്ത് ശക്തമായ മഴ പെയ്തതിനെത്തുടര്‍ന്ന് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW