Monday, April 22, 2019 Last Updated 52 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.26 AM

തമിഴക രാഷ്‌ട്രീയ പരീക്ഷണം

uploads/news/2019/04/302415/bft1.jpg

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ യാഗാശ്വമായ നരേന്ദ്ര മോഡിക്കു മുന്നില്‍ വാതില്‍ കൊട്ടിയടയ്‌ക്കാന്‍ ധൈര്യംകാട്ടിയ അപൂര്‍വം നേതാക്കളിലൊരാളായിരുന്നു ജെ. ജയലളിത. അഞ്ചുവര്‍ഷത്തിനിപ്പുറം മറ്റൊരു തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കെ ജയലളിതയുടെ മരണം സൃഷ്‌ടിച്ച ശൂന്യതയില്‍ പതറിയ അണ്ണാ ഡി.എം.കെയ്‌ക്കൊപ്പമുള്ളത്‌ അതേ മോഡിയും ബി.ജെ.പിയും!
ജയലളിതയുടെ ചിത്രത്തിനൊപ്പം മോഡിയെയും പ്രതിഷ്‌ഠിച്ച്‌ അരങ്ങേറുന്ന അണ്ണാ ഡി.എം.കെ. സഖ്യ റാലികള്‍ വിളിച്ചോതുന്നതു രാഷ്‌ട്രീയത്തില്‍ സ്‌ഥിരം ശത്രുക്കളില്ലെന്ന സന്ദേശം.
മറുപക്ഷത്ത്‌ എം. കരുണാനിധിയെന്ന രാഷ്‌ട്രീയ ചാണക്യന്റെ അസാന്നിധ്യത്തില്‍ ഡി.എം.കെയുടെ തലപ്പത്തേക്ക്‌ ഉയര്‍ന്ന എം.കെ. സ്‌റ്റാലിന്‍ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസും സി.പി.എമ്മും മുസ്ലിം ലീഗും. അതിര്‍ത്തിക്കിപ്പുറത്തു തമ്മിലടിക്കുന്നവരുടെ കൊടികള്‍ കൂട്ടിക്കെട്ടി മറ്റൊരു രാഷ്‌ട്രീയ പരീക്ഷണം.
ജയലളിതയുടെ മരണത്തോടെ അണ്ണാ ഡി.എം.കെ. നേതൃത്വത്തില്‍ ഉരുണ്ടുകൂടിയ ഭിന്നതയ്‌ക്കൊപ്പം ഭരണവിരുദ്ധ വികാരവും കൂടിച്ചേരുന്നതോടെ അണ്ണാ ഡി.എം.കെയുടെ പരാജയം പ്രവചിച്ചവര്‍ ഏറെ.
വിജയം സുനിശ്‌ചിതമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഡി.എം.കെ. ഇതിനിെട ബി.ജെ.പിയുടെ ഇടപെടലില്‍ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ മുന്നണി രൂപം കൊണ്ടത്‌ ഡി.എം.കെയ്‌ക്ക്‌ ഇടിത്തീയായി.
വിയര്‍പ്പൊഴുക്കാതെ വിജയം കൈപ്പിടിയിലാക്കാന്‍ കഴിയില്ലെന്ന ബോധ്യത്തിനൊടുവില്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ലീഗിനെയുമൊക്കെ ഒപ്പം ചേര്‍ത്ത്‌ മുന്നണി രൂപീകരണം. കഴിഞ്ഞ തവണ ഒഴിവാക്കിയ കോണ്‍ഗ്രസിനെ ആലിംഗനം ചെയ്‌തെന്നു മാത്രമല്ല, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിസ്‌ഥാനാര്‍ഥിയായി ആദ്യമേ പ്രഖ്യാപിക്കാനും സ്‌റ്റാലിന്‍ മടിച്ചില്ല. സംസ്‌ഥാനത്തെ മുഴുവന്‍ സീറ്റിലും കഴിഞ്ഞ തവണ ഒറ്റയ്‌ക്കു മത്സരിച്ച കോണ്‍ഗ്രസിന്‌ ഇത്തവണ പോണ്ടിച്ചേരി അടക്കം 10 സീറ്റാണ്‌ വീതംവയ്‌പ്പില്‍ ലഭിച്ചത്‌. സി.പി.എമ്മിനും സി.പി.ഐയ്‌ക്കും രണ്ടു സീറ്റ്‌ വീതം.
അണ്ണാ ഡി.എം.കെ. സഖ്യത്തിലുള്ള ബി.ജെ.പി. മത്സരിക്കുന്നത്‌ അഞ്ചു സീറ്റില്‍. വിജയകാന്തിന്റെ ഡി.എം.ഡി.കെയ്‌ക്കു ലഭിച്ചതു നാലു സീറ്റ്‌.
എസ്‌.രാംേദാസിന്റെ പി.എം.കെ. എഴു സീറ്റില്‍ മത്സരിക്കുന്നു. എന്‍.ആര്‍. കോണ്‍ഗ്രസും ബി.ജെ.പിക്കൊപ്പം തന്നെ. ഒപ്പമുണ്ടെങ്കിലും ശരത്‌കുമാറിന്റെ പാര്‍ട്ടിക്കു സീറ്റൊന്നും കിട്ടിയില്ല.വൈക്കോയുടെ എം.ഡി.എം.കെയും എസ്‌.ആര്‍.എം. സര്‍വകലാശാലാ ചാന്‍സലര്‍ ടി.ആര്‍. പച്ചമുത്തുവിന്റെ ഐ.ജെ.കെയും ഡി.എം.കെ. പക്ഷത്തേക്ക്‌ ചേര്‍ന്നു. കോണ്‍ഗ്രസ്‌ 1998-ല്‍ ഒറ്റയ്‌ക്ക്‌ മത്സരിച്ചപ്പോള്‍ പാര്‍ട്ടി നിലംതൊട്ടിരുന്നില്ല; കഴിഞ്ഞ തവണയും നേരിട്ടത്‌ സമാന സാഹചര്യം.
39 സീറ്റില്‍ 37 സീറ്റും തൂത്തുവാരിയത്‌ അണ്ണാ ഡി.എം.കെ. ഇത്തവണ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ എല്ലാ മണ്ഡലങ്ങളിലുമുള്ള സാന്നിധ്യം ചിലയിടങ്ങളിലെങ്കിലും ജയ പരാജയങ്ങളെ സ്വാധീനിക്കുന്ന ഘടകമാകും. ടി.ടി.വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം വോട്ട്‌ മറിക്കുമോയെന്നാണ്‌ അണ്ണാ ഡി.എം.കെയെ വലയ്‌ക്കുന്നത്‌.

തയാറാക്കിയത്‌: ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 18 Apr 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW