Tuesday, May 21, 2019 Last Updated 17 Min 23 Sec ago English Edition
Todays E paper
Ads by Google
കെ. കൃഷ്‌ണകുമാര്‍
Thursday 18 Apr 2019 01.25 AM

ആരു ചിരിക്കും ചാലക്കുടിയില്‍ ?

uploads/news/2019/04/302414/Chaludy180419a.jpg

ചാലക്കുടിയാറിലെ അടിയൊഴുക്കുകള്‍ രാഷ്‌ട്രീയസുനാമി ഉണ്ടാക്കാന്‍ പര്യാപ്‌തമാണ്‌. മഹാപ്രളയവും ദുരിതാശ്വാസവും വന്‍ചര്‍ച്ചയായതോടെ രാഷ്‌ട്രീയത്തിനുമപ്പുറത്തേക്കു വിശകലനങ്ങള്‍ നീളുന്നു.

നാലുദിവസത്തെ പ്രളയതാണ്ഡവത്തില്‍ തളര്‍ന്നുവീണ ചാലക്കുടി ഇനിയും പഴയ രീതിയിലേക്കു കരകയറിയിട്ടില്ല. കൂട്ടത്തില്‍ ശബരിമലയും വിശ്വാസസംരക്ഷണവും പ്രചാരണത്തിനു പുതുവഴി കാട്ടുന്നു.

രാഷ്‌ട്രീയചരിത്രം പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ അതികായനായ പനമ്പിള്ളിയുടെ വികസനക്കുതിപ്പുകളിലൂടെയാണ്‌ മുകുന്ദപുരം വഴിയുള്ള ചാലക്കുടിയുടെ വളര്‍ച്ച. പഴയ ലാവണത്തില്‍ മുകുന്ദപുരം മണ്ഡലമായിരുന്ന ഇവിടെ അട്ടിമറികള്‍ക്കും പഞ്ഞമുണ്ടായിട്ടില്ല.

2004 ല്‍ കെ.കരുണാകരന്റെ മകള്‍ പത്മജയും 2014 ല്‍ കോണ്‍ഗ്രസ്‌ വക്‌താവ്‌ പി.സി.ചാക്കോയും കയ്‌പുനീര്‍ കുടിച്ചു. സി.പി.എമ്മിന്റെ എം.എം. ലോറന്‍സും പരാജയപ്പെട്ടിട്ടുണ്ട്‌. 16 തെരഞ്ഞെടുപ്പുകളില്‍ 12 ലും കോണ്‍ഗ്രസ്‌ പിന്തുണയുള്ളവരെ ജയിപ്പിച്ചു. 2009 ലാണ്‌ ചാലക്കുടി എന്നു പുത്തന്‍ പേരിട്ടത്‌.
വോട്ടു കലങ്ങല്‍ പ്രവണത കണക്കുകൂട്ടിയാണ്‌ ഇടതുപക്ഷം നടന്‍ ഇന്നസെന്റിനെ വീണ്ടും രംഗത്തിറക്കിയത്‌. 79 ല്‍ ഇരിങ്ങാലക്കുട നഗരസഭാംഗമായതിന്റെ ചരിത്രവും ഇന്നസെന്റിനു പറയാനുണ്ട്‌.

ആദ്യം സോപ്പും ചീപ്പും വിറ്റുനടന്ന ഇന്നസന്റ്‌ പിന്നീട്‌ തീപ്പെട്ടിക്കമ്പനി നടത്തി. വോളിബോളിനോടു കമ്പംതോന്നി കുറേക്കാലം കോച്ചായി. പിന്നീട്‌ കോടമ്പാക്കത്തു സിനിമയുടെ ലോകത്തേക്കു ചുവടുമാറി. രാഷ്‌ട്രീയം പറഞ്ഞാല്‍ പിടിച്ചു നില്‍ക്കാനാകാത്തയിടത്ത്‌ നര്‍മം ചാലിച്ച ഡയലോഗുകള്‍ പറഞ്ഞും ഇന്നസെന്റ്‌ മുമ്പു വോട്ടുനേടിയിട്ടുണ്ട്‌.

ആ ചിരിയമിട്ടുകള്‍ ഇനിയും ഫലം ചെയ്യുമെന്നാണു ഇടതുപക്ഷ കണക്കുകൂട്ടല്‍. അണികള്‍ക്കിടയില്‍ നിന്നു ചെറിയ എതിര്‍പ്പുയര്‍ന്നിട്ടും അവഗണിച്ചത്‌ വെറുതെയല്ല. 1750 കോടിയുടെ വികസനം നടത്തിയെന്നതിലൂന്നി രാഷ്‌ട്രീയക്കാരനായാണ്‌ ഇന്നസെന്റ്‌ വോട്ടുതേടുന്നത്‌.

വോട്ടുകളുടെ ചക്രവ്യൂഹത്തിലേക്കു കടന്നുകയറാനുള്ള ടെക്‌നിക്കാണ്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ബെന്നി ബെഹ്നഹ്‌നാന്റെ വ്യത്യസ്‌തത. യു.ഡി.എഫ്‌ കണ്‍വീനറെന്ന നിലയില്‍ പക്വതയോടെയുള്ള കരുനീക്കമാണ്‌ ബെന്നിയുടേത്‌. ആരോഗ്യം വീണ്ടെടുത്തു ബെന്നി പ്രചാരണരംഗത്തെ സജീവത തിരികെപിടിച്ചതോടെ യു.ഡി.എഫ്‌ ആത്മവിശ്വാസത്തിലാണ്‌.

വിഷുത്തലേന്ന്‌ പുത്തന്‍കുരിശില്‍ എ.കെ.ആന്റണിക്ക്‌ ഒപ്പം വേദി പങ്കിട്ടാണ്‌ പ്രചാരണതാളത്തിലേക്കു വീണ്ടും കൈ ചേര്‍ത്തുവെച്ചത്‌. അസുഖ ബാധിതനായി വിശ്രമിച്ചപ്പോള്‍ പ്രചാരണത്തില്‍ മാന്ദ്യമുണ്ടായിട്ടില്ലെന്ന ശുഭാപ്‌തിവിശ്വാസത്തിലാണ്‌ ബെന്നി.

കെ.എസ്‌.യു സംസ്‌ഥാന പ്രസിഡന്റു പദവിയില്‍ നിന്നാണ്‌ ബെന്നി നേതൃനിരയിലേക്കു വന്നത്‌. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനായ ബെന്നി കോണ്‍ഗ്രസിന്റെ താഴേതട്ടിലും സുപരിചിതനാണ്‌. വിശ്വാസസംരക്ഷണം ഉള്‍പ്പെടെ വൈകാരിക വിഷയങ്ങള്‍ എടുത്തിട്ടു ബി.ജെ.പി സംസ്‌ഥാന ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്‌ണനും ഇഞ്ചോടിഞ്ചു പൊരുതാനുണ്ട്‌.

പാര്‍ട്ടി നയങ്ങള്‍ വ്യക്‌തമായി പറയാനുള്ള ശേഷിയാണ്‌ രാധാകൃഷ്‌ണന്റെ പ്ലസ്‌ പോയന്റ്‌. അതാരുടെ മുന്നിലായാലും പഴയ ആര്‍.എസ്‌.എസ്‌ നേതാവിനു കുലുക്കമില്ല. സംഘപരിവാറിന്റെ പൂര്‍ണപിന്തുണയുള്ള രാധാകൃഷ്‌ണന്‌ താഴേത്തട്ടിലും ബന്ധമുണ്ട്‌.ശബരിമല വിഷയത്തില്‍ തൃശൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ യതീഷ്‌ചന്ദ്രയ്‌ക്ക്‌ എതിരേ കടുത്ത നിലപാടു സ്വീകരിച്ച രാധാകൃഷ്‌ണന്‍ അണികള്‍ക്കു പ്രിയങ്കരനാണ്‌.

തീപ്പൊരി പ്രസംഗത്തിലൂടെ ശബരിമല വിഷയത്തില്‍ പാര്‍ട്ടി നയം വിശദീകരിക്കാന്‍ ഓടിനടന്നു. തലസ്‌ഥാനത്തു 10 നാള്‍ നിരാഹാരവും കിടന്നു. ദേശീയ കൗണ്‍സിലംഗം കൂടിയാണ്‌.

പ്രളയം വിതറിയ ദുരിതത്തില്‍ ഇനിയും കുരുക്കഴിയാത്ത പ്രദേശങ്ങള്‍ ഇവിടെയുണ്ട്‌. ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരുമുണ്ട്‌. എന്‍.എസ്‌.എസിനു ശക്‌തമായ വേരോട്ടമുള്ള മുകുന്ദപുരംതാലൂക്ക്‌ ഈ മണ്ഡലത്തിലാണ്‌.

13,884 വോട്ടുകള്‍ക്കാണ്‌ 2014 ല്‍ ഇന്നസെന്റ്‌ ജയിച്ചത്‌. അദ്ദേഹത്തിനു കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, കുന്നത്തുനാട്‌ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നായി 22,423 വോട്ടുകളുടെ ലീഡ്‌.

ആലുവ, അങ്കമാലി, ചാലക്കുടി അസംബ്ലി മണ്ഡലങ്ങളില്‍ യു.ഡി.എഫിനു 8625 വോട്ട്‌ അധികം. ഇന്നസെന്റ്‌ ലീഡു നേടിയ പെരുമ്പാവൂര്‍, കുന്നത്തുനാട്‌ മണ്ഡലങ്ങളില്‍ 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫാണ്‌ ജയിച്ചത്‌.അങ്കമാലി, ആലുവ മണ്ഡലങ്ങളും യു.ഡി.എഫിനെ തുണച്ചു.

നിയമസഭാതെരഞ്ഞെടുപ്പിന്റെ കണക്കുകൂട്ടുമ്പോള്‍ യു.ഡി.എഫിന്‌ നാലു അസംബ്ലി സീറ്റുകളില്‍ 37,788 വോട്ടുകള്‍ അധികമുണ്ട്‌. എന്നാല്‍ മൂന്നു മണ്ഡലങ്ങളിലായി ഇടതിന്റെ ലീഡ്‌ 82,879 വോട്ടാണ്‌. 45,000 ല്‍ പരം അധികവോട്ടുകള്‍.

Ads by Google
കെ. കൃഷ്‌ണകുമാര്‍
Thursday 18 Apr 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW