Thursday, May 23, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.15 AM

അതിവേഗം ഒ.സി.

uploads/news/2019/04/302391/k8.jpg

ചൊവ്വാഴ്‌ച രാവിലെ ഏഴരയോടെ പുതുപ്പളളിയുടെ കുഞ്ഞൂഞ്ഞ്‌ മീനടം അടമ്പുകാടിലെത്തുമ്പോള്‍ കുറച്ച്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ മാത്രം.കാറില്‍ നിന്ന്‌ ഇറങ്ങാന്‍ അല്‍പം പ്രയാസപ്പെട്ടപ്പോള്‍ ഡോര്‍ തുറക്കാന്‍ അടുത്തുകൂടിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ അല്‍പം ഉച്ചത്തില്‍ തന്നെ ചോദിച്ചു കാല്‍ ഇതുവരെ ശരിയായില്ലേ.
മറുപടി ചെറിയ ചിരിയില്‍ ഒതുക്കി ഉമ്മന്‍ ചാണ്ടി തെരഞ്ഞടുപ്പു പ്രചാരണങ്ങളിലേക്ക്‌ . കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്കൊപ്പം ഹെലിക്കോപ്‌റ്ററില്‍ നിന്ന്‌ ഇറങ്ങുന്നതിനിടെ ചവിട്ടുപടിയില്‍ കാലിടിച്ച്‌ നല്ലതുപോലെ മുറിഞ്ഞിരുന്നു. മുറിവ്‌ ഇതുവരെ കരിഞ്ഞിട്ടില്ല.
കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ പുതുപ്പളളി നിയമസഭാ മണ്ഡലത്തിലെ മീനടം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം പഞ്ചായത്തുകളിലായിരുന്നു യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി തോമസ്‌ ചാഴികാടന്റെ ചൊവ്വാഴ്‌ചത്തെ പര്യടനം. പുതുപ്പളളി മണ്ഡലത്തിലെ ചാഴികാടന്റെ പര്യടനത്തില്‍ ഒപ്പം വേണമെന്ന്‌ നിര്‍ബന്ധം ഉളളതിനാല്‍ പത്തനംതിട്ടയില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കാതെ ഉമ്മന്‍ ചാണ്ടി പുതുപ്പളളിയില്‍ എത്തി.
പത്തനംതിട്ടയില്‍ എത്താത്തതിന്റെ പരിഭവം ഇതിനിടെ പത്തനംതിട്ടയിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി ആന്റോ ആന്റണി ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ചു പറയുകയും ചെയ്‌തു. ഒപ്പം കൂടിയവരുമായി സൗഹൃദം പങ്കുവെയ്‌ക്കുന്നതിനിടെ സ്‌ഥാനാര്‍ത്ഥി തോമസ്‌ ചാഴികാടന്‍ എത്തി.
ഡി.സി.സി. പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി, കോണ്‍ഗ്രസ്‌ നേതാവ്‌ അഡ്വ. ഫില്‍സണ്‍ മാത്യൂസ്‌ എന്നിരെയും തോമസ്‌ ചാഴികാടനെയും മാറ്റി നിര്‍ത്തി മൂന്നു മിനിട്ടോളം ചര്‍ച്ച.പ്രചാരണ വാഹനം അടുത്ത്‌ എത്തിയതോടെ മീനടം പഞ്ചായത്ത്‌ പ്രസിഡന്റ്‌് സിന്ധു വിശ്വന്‍ ഉള്‍പ്പടെയുളള നേതാക്കള്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടിയും തോമസ്‌ ചാഴികാടനും തുറന്ന വാഹനത്തിലേക്ക്‌.
ചാഴികാടന്‍ വോട്ട്‌ അഭ്യര്‍ത്ഥിക്കുന്നതിന്‌ മുമ്പായി ഉമ്മന്‍ ചാണ്ടി മൈക്ക്‌ കൈയിലെടുത്തു.നമ്മുടെ സ്‌ഥാനാര്‍ത്ഥിയായി തോമസ്‌ ചാഴികാടന്‍ മത്സരിക്കുകയാണ്‌ ചാഴികാടന്‌ കൊടുക്കുന്ന ഓരോ വോട്ടും രാഹുല്‍ ഗാന്ധിക്ക്‌ നല്‍കുന്ന വോട്ടാണ്‌.രാഹുല്‍ ഗാന്ധിയുടെ വിജയം മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണ്‌. ചുരുങ്ങിയ വാക്കുകളില്‍ വോട്ടഭ്യര്‍ത്ഥന.
വഴിയിരികില്‍ കാത്തു നിന്നവരില്‍ മിക്കവരെയും പേരടെുത്തു വിളിച്ചു തന്നെ ചാഴികാടന്‌ വേണ്ടി വോട്ട്‌ അഭ്യര്‍ത്ഥിച്ചു. പാമ്പാടി പഞ്ചായത്തിന്റെ അതിര്‍ത്തിയായ പത്താഴക്കുഴിയിലേക്ക്‌ പ്രചാരണവാഹനം എത്തിയതോടെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്തച്ചന്റെ നേതൃത്വത്തില്‍ സ്വീകരണം.എല്ലാ പോയിന്റുകളിലും ചെറിയ വാക്കുകളില്‍ വോട്ടഭ്യര്‍ത്ഥന.
ഇതിനിടെ കെ.പി.സി.സി. പ്രസിഡന്‍ിന്റെ ഫോണ്‍ എത്തി,താമസിയാതെ രാഹുല്‍ ഗാന്ധി പാലായിലേക്ക്‌ തിരിക്കും. പാമ്പാടി പഞ്ചായത്തിലെ പര്യടനം ആലാമ്പളളിയില്‍ അവസാനിപ്പിച്ച്‌ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടൈ ചാഴികാടനെയും കൂട്ടി പാലായിലേക്ക്‌.
ചാഴികാടനെ കെ.എം. മാണിയുടെ വസതിയില്‍ ഇറക്കി ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പാലാ സെന്റ്‌ തോമസ്‌ ഗ്രൗണ്ടിലേക്ക്‌ .പതിനഞ്ചു മിനിട്ടിനകം രാഹുല്‍ ഗാന്ധിയുടെ ഹെലിക്കോപ്‌റ്റര്‍ ലാന്‍ഡ്‌ ചെയ്‌തു.രാഹുല്‍ ഇറങ്ങിയതോടെ ഉന്തിലും തളളിലും പെട്ട്‌ ഉമ്മന്‍ ചാണ്ടി പുറത്തായി. രാഹുല്‍ തന്നെ അടുത്ത്‌ എത്തി ഉമ്മന്‍ ചാണ്ടിയോട്‌ തന്റെ കാറില്‍ കയറാന്‍ നിര്‍ദേശിച്ചു.
കരിങ്ങോഴയ്‌ക്കല്‍ വീട്ടില്‍ ഉണ്ടായിരുന്ന പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിനോടും മറ്റ്‌ ബിഷപ്പുമാരോടും രാഹുല്‍ കുശലാന്വേഷണം നടത്തി.
ബാബു ചാഴികാടന്‍ മരിച്ചപ്പോള്‍ രാജീവ്‌ ഗാന്ധി അയച്ച കത്തുമായാണ്‌ തോമസ്‌ ചാഴികാടന്‍ രാഹുലിനെ കാണാനെത്തിയത്‌.
ഒരേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അമ്പത്‌ വര്‍ഷം നിയമസഭയെ പ്രതിനിധീകരിച്ച റെക്കോഡ്‌ ഇപ്പോഴും മാണി സാറിന്റെ പേരിലാണെന്ന്‌ രാഹുലിനോട്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടുത്ത വര്‍ഷം ഉമ്മന്‍ ചാണ്ടിയും ഈ റെക്കോഡിനുടമായാകുമെന്ന്‌ ജോസ്‌ കെ. മാണി കൂട്ടിച്ചേര്‍ത്തു .ഉമ്മന്‍ ചാണ്ടിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച്‌ രാഹുലിന്റെ അഭിനന്ദനം.
രാഹുല്‍ മടങ്ങിയതോടെ തോമസ്‌ ചാഴികാടനെയും കൂട്ടി അടുത്ത പര്യടനം നടക്കുന്ന കൂരോപ്പട പഞ്ചായത്തിലേക്ക്‌.കൂരോപ്പട പഞ്ചായത്ത്‌ പ്രസിഡന്റ ്‌ സി.എം. മത്തായിയുടെയും കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌് സാബുവിന്റെയു േനേതൃത്വത്തില്‍ സ്വീകരണം.
കൂരോപ്പട പഞ്ചായത്തിലെ സ്വീകരണം മറ്റപ്പളളിയില്‍ അവസാനിച്ച്‌ അകലക്കുന്നം പഞ്ചായത്തില്‍ പ്രവേശിച്ചു.അകലക്കുന്നം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി പന്തലാനിയും ഒപ്പം ചേര്‍ന്നു.പ്രചാരണം ചെങ്ങളത്ത്‌ അവസാനിക്കുമ്പോള്‍ സമയം രാത്രി ഒമ്പതരയായി.വെളളം പോലും കുടുക്കാന്‍ കൂട്ടാക്കാതെ കാറിലേക്ക്‌.അതിവേഗം ബഹുദൂരം ഇനിയും പോകാനുണ്ട്‌.

ഷാലു മാത്യു

Ads by Google
Thursday 18 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW