Sunday, May 19, 2019 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.10 AM

രണ്ടാമൂഴത്തിനു സ്വപ്‌നസുന്ദരി

uploads/news/2019/04/302361/d6.jpg

മഥുരയിലെ പൊരിവെയിലില്‍ മാനത്തേക്കു മിഴിനട്ടിരുന്ന കര്‍ഷകര്‍ അടക്കമുള്ള വോട്ടര്‍മാരുടെ കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ ഇരമ്പിയെത്തിയ ഹെലികോപ്‌ടറില്‍നിന്ന്‌ സ്‌ഥാനാര്‍ഥിയിറങ്ങി... കൂളിങ്‌ ഗ്ലാസ്‌ പോലും മാറ്റാതെ നേരേ വയലിലേക്ക്‌. കൈപ്പിടിയിലൊതുക്കിയ ഗോതമ്പു കതിര്‍ മുറിച്ച്‌ ഫോട്ടോയ്‌ക്കു പോസ്‌ ചെയ്‌ത്‌ വന്നതുപോലെതന്നെ മടക്കം.
ഒരു കാലഘട്ടം നെഞ്ചേറ്റിയ ബോളിവുഡിന്റെ സ്വന്തം സ്വപ്‌നസുന്ദരി- ഹേമമാലിനി-യുടെ വരവും പോക്കും ട്രോളര്‍മാര്‍ക്കു സമ്മാനിച്ചത്‌ ചാകര. ഇതൊന്നും പക്ഷേ, ബി.ജെ.പിയെ അലോസരപ്പെടുത്തുന്നില്ല. രണ്ടാംവട്ടവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ്‌ അവര്‍.
കഴിഞ്ഞവട്ടം മഥുരയില്‍നിന്നു ലോക്‌സഭയിലേക്കു കന്നിയങ്കം കുറിച്ചപ്പോഴും ഹേമമാലിനിയുടെ പ്രചാരണരീതി ഇതുപോലെതന്നെയായിരുന്നു. ആഡംബര ഓഡി കാറില്‍ അംഗരക്ഷകര്‍ക്കൊപ്പം വന്നിറങ്ങി പുഷ്‌പവൃഷ്‌ടിയും ഹാരാര്‍പ്പണവുമൊന്നും അനുവദിക്കാതെയായിരുന്നു പ്രചാരണം. ആര്‍.എല്‍.ഡി. അധ്യക്ഷന്‍ അജിത്‌ സിങ്ങിന്റെ മകന്‍ ജയന്ത്‌ ചൗധരി എതിരാളിയായ മത്സരത്തില്‍ വോട്ടെണ്ണിയപ്പോള്‍ ഹേമ സ്വന്തമാക്കിയത്‌ 3,30,743 വോട്ടിന്റെ ഭൂരിപക്ഷം.
രണ്ടാമൂഴത്തിനിറങ്ങുന്ന ഹേമയ്‌ക്ക്‌ ഇത്തവണ കാര്യങ്ങള്‍ അത്ര ലളിതമല്ല. മോഡി തരംഗമില്ല, എതിര്‍പക്ഷത്താകട്ടെ ബി.എസ്‌.പി- എസ്‌.പി- ആര്‍.എല്‍.ഡി. മഹാസഖ്യവും. ജാട്ട്‌- താക്കൂര്‍ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലമാണ്‌ മഥുര. ബോളിവുഡ്‌ നടന്‍ ധര്‍മേന്ദ്രയെ വിവാഹം ചെയ്‌തതോടെ താനും ജാട്ടായെന്ന്‌ അവകാശപ്പെട്ടാണ്‌ തമിഴ്‌നാട്ടിലെ അമ്മങ്കുടി സ്വദേശിനിയായ ഹേമ കഴിഞ്ഞ തവണ വോട്ട്‌ തേടിയത്‌. ഇന്നത്തെ ജാട്ടുകളായ അഹിര്‍ വംശജരാണ്‌ കൃഷ്‌ണനെന്നാണ്‌ മഥുരക്കാരുടെ വിശ്വാസം. ജാട്ട്‌ വോട്ടിന്റെ കുത്തക അവകാശപ്പെടുന്ന ആര്‍.എല്‍.ഡിയാണ്‌ ഇത്തവണയും എതിര്‍പക്ഷത്ത്‌.
കാര്‍വര്‍ണന്റെ നാട്ടുകാര്‍ക്കു തന്നോടുള്ള ഇഷ്‌ടം വോട്ടായി മാറുമെന്നാണ്‌ ഹേമയുടെ പ്രതീക്ഷ. "സ്വപ്‌ന സൗധ"മെന്ന സിനിമയിലൂടെ 1968-ല്‍ സിനിമയിലെത്തിയ ഹേമമാലിനിയുടെ സ്വപ്‌നം ഇത്തവണയും പൂവണിയുമോയെന്നു കാത്തിരുന്ന്‌ കാണാം.

Ads by Google
Thursday 18 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW