Thursday, May 23, 2019 Last Updated 48 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.44 AM

റയാലിനു പിന്നാലെ യുവന്റസും

uploads/news/2019/04/302323/3.jpg

ടൂറിന്‍: ലയണല്‍ മെസി സ്വന്തം ടീമിനെ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ കടത്തിയപ്പോള്‍ മറ്റൊരു സൂപ്പര്‍ താരം നിരാശനായി കളംവിട്ടു. പോര്‍ചുഗീസ്‌ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ്‌ ഹോളണ്ടിലെ അയാക്‌സിനോടു തോറ്റാണു പുറത്തായത്‌. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിനെ അട്ടിമറിച്ച ടീമാണ്‌ അയാക്‌സ്.
സ്വന്തം തട്ടകമായ അലിയന്‍സ്‌ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ യുവന്റസ്‌ 2-1 നാണ്‌ അയാക്‌സിനോടു മുട്ടുകുത്തിയത്‌. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ 28-ാം മിനിറ്റില്‍ യുവന്റസിനെ മുന്നിലെത്തിച്ചെങ്കിലും ഡോണി വാന്‍ ഡെ ബീക്‌, മാതിയാസ്‌ ഡി ലിഗ്‌റ്റ് എന്നിവരിലൂടെ അയാക്‌സ് തിരിച്ചടിച്ചു. ആംസ്‌റ്റര്‍ഡാമില്‍ നടന്ന ഒന്നാംപാദ മത്സരം 1-1 നു സമനിലയില്‍ അവസാനിച്ചിരുന്നു.
സ്വന്തം തട്ടകത്തില്‍ ഗോള്‍ മഴയോടെ സെമിയില്‍ കടക്കാമെന്ന ഇറ്റാലിയന്‍ ടീമിന്റെ പ്രതീക്ഷകള്‍ക്ക്‌ എറിക്‌ ടെന്‍ ഹാഗിന്റെ യുവനിര ഭീഷണിയായി. കളി അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്യാസിചിന്റെ ക്രോസ്‌ ഹെഡ്‌ ചെയ്‌തു ക്രിസ്‌റ്റ്യാനോ ഗോളടിച്ചു. ചാമ്പ്യന്‍സ്‌ ലീഗില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ 126 ാ-മത്തെ ഗോളായിരുന്നു അത്‌. യുവന്റസിന്‌ അനുകൂലമായ ഘട്ടത്തിലാണ്‌ വാന്‍ ഡി ബീകിലൂടെ അയാക്‌സ് സമനില പിടിച്ചത്‌.
സമനില പിടിച്ചതോടെ മികച്ച പ്രകടനം പുറത്തെടുത്ത അയാക്‌സ് പല തവണ ഗോളിന്‌ അടുത്തെത്തി. ഭാഗ്യവും ഗോള്‍കീപ്പര്‍ വോസിജിക്‌ ഷ്വാസ്‌നിയും യുവന്റസിന്റെ രക്ഷയ്‌ക്കെത്തി. 67-ാം മിനിറ്റിലാണ്‌ ഡെലിറ്റ്‌ യുവന്റസിനെ ഞെട്ടിച്ച ഗോളടിച്ചത്‌. ഷോണിന്റെ ക്രോസ്‌ ഹെഡ്‌ ചെയ്‌തായിരുന്നു വിജയ ഗോള്‍ പിറന്നത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ടില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡച്ച്‌ താരമാണു ഡെലിറ്റ്‌ (19 വര്‍ഷവും 246 ദിവസവും). നോര്‍ദിന്‍ വൂട്ടറിന്റെ (19 വര്‍ഷവും 237 ദിവസവും) റെക്കോഡാണു ഡെലിറ്റ്‌ മറികടന്നത്‌. സിയെച്ചിലൂടെ അയാക്‌സ് വല വീണ്ടും കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ്‌ വിളിച്ചു.
2004 നു ശേഷം ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ കളിക്കുന്ന ഡച്ച്‌ ടീമാണ്‌. പി.എസ്‌.വി. ഐന്തോവനാണു മുന്‍ഗാമി. 2009-10 സീസണിനു ശേഷം ആദ്യമായാണു ക്രിസ്‌റ്റ്യാനോ ഇല്ലാതെ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമി അരങ്ങൊരുങ്ങുന്നത്‌. ടോട്ടന്‍ഹാമോ മാഞ്ചസ്‌റ്റര്‍ സിറ്റിയോ അയാക്‌സിനെ സെമിയില്‍ നേരിടും. സെമിയില്‍ കടക്കാതെ പുറത്തായെങ്കിലും അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകുമെന്ന്‌ യുവന്റസ്‌ കോച്ച്‌ മാസിമിലിയാനോ അലെഗ്രി പറഞ്ഞു. ക്ലബ്‌ പ്രസിഡന്റ്‌ ആന്ദ്രെ ആഗ്‌നെലി നല്‍കിയ ഉറപ്പിന്റെ പുറത്താണ്‌ അടുത്ത സീസണ്‍ വരെ കോച്ച്‌ സ്‌ഥാനത്തു തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യന്‍സ്‌ ലീഗില്‍ 1985, 1996 സീസണുകളില്‍ ജേതാക്കളായിരുന്നു യുവന്റസ്‌. അലെഗ്രി കോച്ചായിരിക്കേ 2015, 2017 സീസണുകളില്‍ റണ്ണര്‍ അപ്പുമായി.

Ads by Google
Thursday 18 Apr 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW