Monday, June 24, 2019 Last Updated 51 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.44 AM

ബാഴ്‌സയ്‌ക്കു മുന്നില്‍ യുണൈറ്റഡ്‌ നിഷ്‌പ്രഭം

uploads/news/2019/04/302321/1.jpg

ബാഴ്‌സലോണ: ലയണല്‍ മെസിയുടെ രണ്ടടിയില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ നിഷ്‌പ്രഭം. ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ 3-0 ത്തിനാണു തോല്‍പ്പിച്ചത്‌. സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ മെസിയെ കൂടാതെ ഫിലിപ്പ്‌ കുടീഞ്ഞോയും ബാഴ്‌സയ്‌ക്കു വേണ്ടി ഒരു ഗോളടിച്ചു. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ്‌ട്രാഫോഡില്‍ നടന്ന ഒന്നാംപാദത്തില്‍ ബാഴ്‌സ 1-0 ത്തിനു ജയിച്ചിരുന്നു. 4-0 ത്തിന്റെ അഗ്രഗേറ്റ്‌ ഗോളിലാണു ബാഴ്‌സ സെമി ഫൈനല്‍ ടിക്കറ്റെടുത്തത്‌. ഒന്നാംപാദത്തില്‍ ലൂക്ക്‌ ഷായുടെ സെല്‍ഫ്‌ ഗോളാണു ബാഴ്‌സയെ ജയിപ്പിച്ചത്‌്. 2015-നു ശേഷം ആദ്യമായാണു ബാഴ്‌സ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ കടക്കുന്നത്‌. മത്സരം ആരംഭിച്ച്‌ ആദ്യ മിനിറ്റില്‍ തന്നെ മാഞ്ചെസ്‌റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റമായിരുന്നു. പോള്‍ പോഗ്‌ബ നല്‍കിയ പന്ത്‌ മാര്‍കസ്‌ റാഷ്‌ഫോര്‍ഡിന്റെ ഗോളിലേക്കു തൊടുത്തെങ്കിലും ബാറില്‍ തട്ടി പുറത്ത്‌ പോയി. ബാഴ്‌സയുടെ ആരാധകര്‍ ഞെട്ടിത്തെറിച്ചെങ്കിലും ആശ്വസിച്ചു. ഒലെ ഗണ്ണാര്‍ സോള്‍ഷയറിന്റെ ശിഷ്യന്‍മാര്‍ വീണ്ടും മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു.
10-ാം മിനിറ്റില്‍ ഐവാന്‍ റാക്കിറ്റിച്ചിനെ ഫ്രെഡ്‌ ബോക്‌സില്‍ വീഴ്‌ത്തിയതിന്‌ റഫറി പെനാല്‍റ്റി അനുവദിച്ചു. യുണൈറ്റഡ്‌ താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ വാര്‍ പരിശോധിച്ച റഫറി തീരുമാനം മാറ്റുകയായിരുന്നു. തുടക്കത്തിലെ പതര്‍ച്ചയ്‌ക്കു ശേഷം മത്സരത്തിലേക്കു തിരിച്ചെത്തിയ ബാഴ്‌സ 16-ാം മിനിറ്റില്‍ തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചു. ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിന്റെ സമ്മര്‍ദത്തില്‍പ്പെട്ട ലെഫ്‌റ്റ്്‌ ബാക്ക്‌ ആഷ്‌ലെ യംഗിന്റെ പിഴവ്‌ മെസി മുതലാക്കി. യംഗിന്റെ കാലില്‍നിന്നു വഴുതിയ പന്ത്‌ മെസി ക്രിസ്‌ സ്‌മാളിങ്ങിനെയും കൂട്ടുകാരെയും വട്ടംചുറ്റിച്ച്‌ വലയിലാക്കി.
മെസിയുടെ ഇടംകാലനടി ഗോള്‍ കീപ്പര്‍ ഡേവിഡ്‌ ഡി ഗിയയെ കാഴ്‌ചക്കാരന്‍ മാത്രമാക്കി. യുണൈറ്റഡ്‌ ആഘാതത്തില്‍നിന്ന്‌ ഉണരും മുമ്പ്‌ മെസി വലംകാലനടിയിലൂടെ വീണ്ടും വല കുലുക്കി. ഇത്തവണ ഗോള്‍ കീപ്പര്‍ ഡി ഗിയയുടെ പിഴവാണു ഗോളിനു കാരണം. പ്രതിരോധക്കാരെ വെട്ടിച്ചു മുന്നേറി മെസിയെടുത്ത വലംകാലന്‍ ഷോട്ട്‌ അത്ര ശക്‌തമായിരുന്നില്ല.
ഗിയയുടെ കാലുകള്‍ക്കിടയിലൂടെ പന്ത്‌ സാവധാനം വലയില്‍ കയറി. ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ബാഴ്‌സ മൂന്നാം ഗോളിന്റെ വക്കിലെത്തി. മെസി തുടങ്ങിവച്ച മുന്നേറ്റത്തിനൊടുവില്‍ ജോര്‍ഡി ആല്‍ബയുടെ ക്രോസ്‌ സെര്‍ജിയോ റോബര്‍ട്ടോ ഗോളിലേക്കു പായിച്ചെങ്കിലും ഗിയയെ മറികടക്കാനായില്ല. രണ്ടാം പകുതിയിലും പന്തടക്കത്തില്‍ മെസിയും സംഘവും മുന്നില്‍നിന്നു. 61-ാം മിനിറ്റിലാണു ബാഴ്‌സയുടെ ജയം ഉറപ്പിച്ച ഗോളിന്റെ പിറവി. 25 വാര അകലെനിന്നു കുടീഞ്ഞോ തൊടുത്ത ഷോട്ടില്‍ കൈവയ്‌ക്കാന്‍ മാത്രമാണു ഗിയയ്‌ക്കായത്‌. 90-ാം മിനിറ്റില്‍ പകരക്കാരന്‍ അലക്‌സിസ്‌ സാഞ്ചസിന്റെ ഗോളെന്നുറച്ച ഷോട്ട്‌ ബാഴ്‌സ ഗോള്‍ കീപ്പര്‍ മാര്‍ക്‌ ആന്‍ഡര്‍ ടെര്‍സ്‌റ്റീഗന്‍ തടുത്തതോടെ യുണൈറ്റഡിന്റെ ഗോള്‍ മടക്കാനുള്ള സാധ്യതയും ഇല്ലാതായി. ലൂയിസ്‌ എന്റികെ്വ കോച്ചായ ശേഷം ആദ്യമായാണു ബാഴ്‌സ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ കളിക്കുന്നത്‌.
ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടറില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കപ്പെടുന്ന ടീമെന്ന നാണക്കേട്‌ യുണൈറ്റഡ്‌ സ്വന്തമാക്കി. ഏഴു തവണയാണു മുന്‍ ചാമ്പ്യന്‍ ക്വാര്‍ട്ടറില്‍ തോറ്റു മടങ്ങിയത്‌. 2013 ഏപ്രിലിനു ശേഷം ആദ്യമായാണു മെസി ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടറില്‍ ഗോളടിക്കുന്നത്‌. മെസി ബാഴ്‌സയ്‌ക്കു വേണ്ടി സീസണില്‍ ഇതുവരെ 45 ഗോളുകളടിച്ചു. കഴിഞ്ഞ സീസണില്‍ എ.എസ്‌. റോമയോട്‌ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയാണു ബാഴ്‌സ ചാമ്പ്യന്‍സ്‌ ലീഗില്‍നിന്നു പുറത്തായത്‌.
റോമ അന്ന്‌ മത്സരത്തിന്റെ ആദ്യ മിനിറ്റുകളിലാണു ഗോളടിച്ചത്‌. ഇന്നലെയും അവര്‍ ആദ്യ മിനിറ്റുകളില്‍ ഗോള്‍ വഴങ്ങേണ്ടതായിരുന്നു. മാര്‍കസ്‌ റാഷോഫോഡിന്റെ ഷോട്ട്‌ ബാറിലിടിച്ചു മടങ്ങിയതും സ്‌കോട്ട്‌ മക്‌ടോമിനായിക്ക്‌ ഷോട്ടെടുക്കും മുമ്പ്‌ പന്തില്‍ നിയന്ത്രണം നഷ്‌ടപ്പെട്ടതും മെസി ചൂണ്ടിക്കാട്ടി. ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരങ്ങളില്‍ ഇത്തരത്തിലൊരു പതിഞ്ഞ തുടക്കം ഇനി സഹിക്കാനാകില്ല. കഴിഞ്ഞ സീസണില്‍ റോമില്‍ സംഭവിച്ചതിന്റെ അനുഭവം ഞങ്ങള്‍ക്കുണ്ട്‌. അഞ്ചു മിനിറ്റിലെ മോശം കളിമതി നിങ്ങള്‍ പുറത്താകാന്‍'' - മെസി മത്സരത്തിനു ശേഷം പറഞ്ഞു.

Ads by Google
Thursday 18 Apr 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW