Thursday, June 20, 2019 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 04.40 PM

മിഥുന്‍ ആളൊരു മിടുക്കനാ....

പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന അവതാരകനും നടനുമാണ് മിഥുന്‍ രമേഷ്. തന്റെ പുതിയ വിശേഷങ്ങളുമായി മിഥുന്‍...
uploads/news/2019/04/302245/midhunremaseh170419c.jpg

ആ കോമഡി ഉത്സവം പരിപാടിയിലെ അവതാരകന്‍ മിഥുന്‍ ആളൊരു മിടുക്കനാ.... എന്ന് പറയാത്ത ഒരു ടെലിവിഷന്‍ പ്രേക്ഷകരില്ല... മോഹന്‍ലാലിന്റെ കഥാപാത്രം പറയുംപോലെ

എന്തോ ആളുകള്‍ക്കെന്നെ വളരെ ഇഷ്ടമാണ്.. ഇൗ ഡയലോഗ് മിഥുന്റെ കാര്യത്തി ല്‍ വളരെ ശരിയാണ്. എന്നാല്‍ ടി. വി ഷോകളിലെ വെറുമൊരു അവതാരകന്‍ മാത്രമായി മിഥുനെ കാണാന്‍ കഴിയില്ല. റേഡിയോ ജോക്കി, നടന്‍, പല പ്രമുഖരും പങ്കെടുക്കുന്ന ടി. വി ഷോകളുടെ അവതാരകന്‍ അങ്ങനെ മറ്റ് പല വിശേഷണങ്ങളുമുണ്ട് മിഥുന്...

നടന്‍ എന്നതിലുപരി അവതാരകനായാണ് ജനങ്ങളുടെ മനസിലുള്ള സ്ഥാനം. ഇപ്പോഴത്തെ സെലിബ്രിറ്റി ഇമേജിനെ എങ്ങനെ കാണുന്നു ?


സിനിമയില്‍ ഞാന്‍ ഇതുവരെ അവതരിപ്പിച്ചതെല്ലാം വില്ലന്‍ സ്വഭാവമുള്ള ചതിയന്‍ കഥാപാത്രമായതുകൊണ്ടൊക്കെയാവാം പലപ്പോഴും എനിക്ക് നടനെന്ന രീതിയില്‍ സ്വീകാരികതയൊന്നും കിട്ടിയിട്ടില്ല. പിന്നെ ഞാന്‍ അത്ര വലിയ നടനുമല്ല. അതും ഒരു കാരണമാണ്.

ശരിക്കും ആളുകള്‍ എന്നെ ഇഷ്ടപ്പെട്ടുതുടങ്ങിയത് കോമഡി ഉത്സവം എന്ന ടി.വി ഷോയുടെ അവതാരകനായ ശേഷമാണ്. എനിക്കേറ്റവും ഉചിതമായ ഒന്നില്‍ ഞാന്‍ വന്ന് പെട്ടതുകൊണ്ടാവാം. അത് ഭാഗ്യമായി കരുതുന്നു.

ആ സ്‌റ്റേജില്‍ വരുന്ന ഏറ്റവും കഴിവുള്ള കലാകാരന്‍മാര്‍ക്കു കിട്ടുന്ന കൈയടിയുടെ ഒരു ഭാഗം എനിക്കും കിട്ടുന്നു. പ്രേക്ഷകരുടെ ആ ഇഷ്ടത്തെ െസലിബ്രിറ്റി സ്റ്റാറ്റസ് എന്നൊന്നും പറയാന്‍ തോന്നുന്നില്ല. ഇഷ്ടപ്പെട്ട സുഹൃത്തായി, സഹോദരനായി അവരിലൊരാളായി എന്നെ സ്വീകരിക്കുന്നു.

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വെട്ടം തുടങ്ങിയ ആദ്യകാല സിനിമകളെക്കുറിച്ചും അതിലേക്ക് അവസരം ലഭിച്ചതിനെക്കുറിച്ചും?


കോളജില്‍ പഠിച്ചിരുന്ന സമയത്തെല്ലാം സിനിമ ഒരുപാട് സ്വപ്നം കണ്ടുനടന്നിരുന്നു. അഭിനയിക്കാന്‍ അവസരമുണ്ടെന്ന് കാണിച്ച് പത്രത്തിലൊരു പരസ്യം കണ്ടാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫോട്ടോയും ബയോഡേറ്റയും അയച്ചുകൊടുത്ത് അതില്‍ നിന്നു സെലക്ട് ചെയ്തു വിളിച്ചു. ഓഡിഷനു സെലക്ടായിട്ടാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ചെയ്യുന്നത്.

ഫാസില്‍ സാറിന്റെ സിനിമ മോഹന്‍ലാലിനൊപ്പം ചെയ്യുന്നു; അതായിരുന്നു വലിയ സന്തോഷം! എടുത്തുപറയത്തക്ക ഒരു സീന്‍ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ലാലേട്ടന്റെയൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. മോഹന്‍ലാലിനെ മലയാളത്തില്‍ കൊണ്ടുവന്ന ഫാസില്‍ സാറിന്റെ കൂടെ മലയാള സിനിമയിലെത്തുക എന്ന സ്വപ്നം സഫലമായി.

uploads/news/2019/04/302245/midhunremaseh170419d.jpg

വെട്ടത്തിലെ ഫെലിക്സിന്റെ ക്യാരക്ടര്‍ പല ആളുകളില്‍ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ എന്റെ കൈകളില്‍ വന്നതാണ്. ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്ന സിനിമ ദിലീപേട്ടനോടൊപ്പം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം തന്നെയാണ്.

പ്രിയദര്‍ശന്‍, ജോഷി, കമല്‍, ഫാസില്‍ ഇവരുടെയൊക്കെ സിനിമകളില്‍ അഭിനയിക്കുന്നതാണ് അന്നത്തെ കാലത്തെ ചെറുപ്പക്കാരുടെ വലിയ സ്വപ്നം. എന്നാല്‍ ഈ സംവിധായകരുടെയൊക്കെ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്.

നടനാവണമെന്ന് ആഗ്രഹിച്ചുനടന്ന കാലമുണ്ടോ?


ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴേ മനസില്‍ മൊട്ടിട്ട ആഗ്രഹമാണ് നടനാവണമെന്നുള്ളത്. അതിനാണ് എന്നും നടന്നത്, ഇപ്പോഴും പ്രയത്നിക്കുന്നത്. അന്നൊക്കെ ഞങ്ങള്‍ ഒരുകൂട്ടം സുഹൃത്തുക്കളുണ്ടായിരുന്നു ഇങ്ങനത്തെ ആഗ്രഹമുള്ളവര്‍. അവരില്‍ പലരും ഇന്നും സിനിമയിലുണ്ട് എന്നുള്ളതാണ് വാസ്തവം.

തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പോയതിനെക്കുറിച്ചും പിന്നീട് ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും?


സ്ഥിര വരുമാനം എന്നുപറയുന്നത് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് മനസിലാക്കുന്ന സാഹചര്യത്തില്‍ എടുത്ത തീരുമാനമാണ് ദുബായില്‍ പോവുക എന്നത്. അവിടെ ദുബായ് എഫ്. എമ്മിലാണ് എനിക്ക് ജോലി ലഭിച്ചത്.

ജീവിതത്തില്‍ ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അത്. വലിയ വലിയ മാറ്റങ്ങള്‍ ഉണ്ടായത് അവിടുന്നാണ്. ലോകത്തെ മനസിലാക്കാനുള്ള അവസരം, ധാരാളം ബന്ധങ്ങള്‍ ലഭിച്ചത്, ജീവിതസഖിയായ ലക്ഷ്മിയെ കണ്ടുമുട്ടിയത് എല്ലാം ഇവിടെവച്ചാണ്.

സ്വദേശമായ തിരുവനന്തപുരത്തുനിന്നു ദുബായ് എന്ന നഗരത്തിലേക്കുള്ളത് പറിച്ചുനടീല്‍ തന്നെയായിരുന്നു. സ്വന്തം നാടിനെപ്പോലെതന്നെ ഞാന്‍ ഈ നഗരത്തെയും സ്നേഹിക്കുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടയിടങ്ങളിലൊന്നാണിത്.

അവതാരകന്റെ ജോലി നല്‍കുന്ന ആത്മവിശ്വാസത്തെക്കുറിച്ച്? പ്രധാനമന്ത്രി വന്ന പ്രോഗ്രാമിന്റെ അവതാരകനായിരുന്നല്ലോ?


സ്‌റ്റേജ് നമുക്ക് തരുന്ന ഒരു എനര്‍ജിയുണ്ട്. എപ്പോള്‍ സ്റ്റേജില്‍ കയറുമ്പോഴും ഉള്ള എനര്‍ജി ഡബിളായതുപോലെ തോന്നാറുണ്ട്. സ്റ്റേജുകള്‍ എനിക്കെന്നും ഇഷ്ടമാണ്. പലരും പറയാറുണ്ട് സ്‌റ്റേജില്‍ കയറുമ്പോള്‍ വിറയ്ക്കുമെന്ന്. പക്ഷേ എനിക്ക് മൈക്ക് കൈയില്‍ പിടിക്കുമ്പോള്‍ വേറൊരു അനുഭവമാണ്. സ്റ്റേജ് എനിക്ക് കോണ്‍ഫിഡന്‍സും ബന്ധങ്ങളും ഒക്കെ തന്നിട്ടുണ്ട്.

പല ഭാഷകള്‍ സംസാരിക്കുന്ന ആളുകളുമായി സംവദിച്ചുകൊണ്ട് ഞാന്‍ സ്‌റ്റേജ് പ്രോഗ്രാം ചെയ്തിട്ടുണ്ട്. ദുബായിലായതുകൊണ്ട് പല ഇന്റര്‍നാഷണല്‍ പ്രോഗ്രാമുകളുടേയും അവതാരകനാവാനുള്ള ഭാഗ്യം കിട്ടി. പ്രധാനപ്പെട്ട കാര്യം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഷോയില്‍ അവതാരകനാവാന്‍ കഴിഞ്ഞു എന്നതാണ്.

uploads/news/2019/04/302245/midhunremaseh170419b.jpg

എഫ്. എം ലെ ജോലിയെക്കുറിച്ച് ? തുടര്‍ച്ചയായി റേഡിയോ പരിപാടി അവതരിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചില്ലേ?


എഫ്. എം ഒരു വലിയ എക്സ്പീരിയന്‍സാണ്. ഈ ജോലിയാണ് പല നല്ല ബന്ധങ്ങളും സൗഹൃദങ്ങളും നല്‍കിയത്. തുടര്‍ച്ചയായി 84 മണിക്കൂര്‍ 15 മിനിറ്റ് ഒരു റേഡിയോ പ്രോഗ്രാമവതരിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് കിട്ടി എന്നൊരു ഭാഗ്യമുണ്ടായി. എന്റെ കൂടെ സിന്ധു എന്ന കോ പ്രസന്റര്‍ കൂടിയുണ്ടായിരുന്നു. അതൊരു ടീം വര്‍ക്കാണ്.

മിക്ക അവതാരകരും മലയാള ഭാഷയെ വികലമാക്കാറുണ്ട്. താങ്കളുടെ അവതരണ രീതി വ്യത്യസ്തമാണല്ലോ?


മലയാളം മലയാളമായും ഇംഗ്ലീഷ് ഇംഗ്ലീഷായും പറഞ്ഞുപഠിക്കണമെന്ന് എന്റെ അച്ഛനൊക്കെ വളരെ നിര്‍ബന്ധമായിരുന്നു. ചെറുപ്പം മുതല്‍ അച്ഛന്‍ അത് വളരെ ശ്രദ്ധിച്ചിരുന്നു. ഇംഗ്ലീഷില്‍ പുതിയ ചില വാക്കുകള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. സംസാര ഭാഷയാണ് സ്‌റ്റേജില്‍ ഞാന്‍ പ്രസന്റ് ചെയ്യുന്നത്. സാധാരണ വാക്കുകളെ ഉപയോഗിക്കാറൂള്ളൂ. കിട്ടിയ ഭാഗ്യങ്ങെളല്ലാം ദൈവാനുഗ്രഹം എന്നേ പറയാനുള്ളൂ.

തന്റെ കഴിവുകളെക്കൂടി സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താക്കന്മാരെ ലഭിക്കുക എന്നത് വലിയ ഭാഗ്യമാണ്. അത്തരത്തില്‍ ലക്ഷ്മിക്കു ന ല്‍കുന്ന പ്രോത്സാഹനത്തെക്കുറിച്ച്?


എല്ലാ ഭര്‍ത്തക്കന്മാരുടേയും കടമയാണ് അവരെ പ്രോത്സാഹിപ്പിക്കുക എന്നത്. നമ്മുടെ ഏറ്റവും നല്ല സുഹൃത്ത് എന്ന നിലയില്‍ എല്ലാ സപ്പോര്‍ട്ടും ഭാര്യക്ക് കൊടുക്കണം, നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്കറിയായാം, വളരെ പ്രൊട്ടക്ട് ചെയ്തായിരിക്കും അവര്‍ മക്കളെ വളര്‍ത്തിയിട്ടുണ്ടാവുക.

അവര്‍ക്ക് അല്‍പ്പം കൂടി സ്വാതന്ത്രം കിട്ടിയിട്ടുളളത് കല്യാണത്തിന് ശേഷമായിരിക്കും. ആ സമയത്ത് അവര്‍ക്ക് കുറച്ചുകൂടി ഓപ്പണായി അവരുടെ കഴിവുകള്‍ കണ്ടെത്താനും കഴിയും. അതിനെ ഭര്‍ത്താക്കന്‍മാര്‍ സപ്പോര്‍ട്ട് ചെയ്യണം.

ഇത് ലക്ഷ്മിയുടെ കാര്യമല്ല. ലക്ഷ്മിക്ക് അവളുടെ അമ്മ പോസിറ്റീവായ മോട്ടിവേഷന്‍ കൊടുത്തിരുന്നു. അവളത്രയും ടാലന്റഡാണ്. ഞാന്‍ എന്നെക്കൊണ്ട് ചെയ്യാവുന്ന എല്ലാ സപ്പോര്‍ട്ടും അവള്‍ക്ക് ചെയ്തുകൊടുക്കാറുണ്ട്.

uploads/news/2019/04/302245/midhunremaseh170419a.jpg

പ്രവാസിയായി ജീവിക്കുന്നതില്‍ ബുദ്ധിമുട്ടില്ലേ?


പ്രോഗ്രാമുകള്‍ക്കായി വിദേശത്തും നാട്ടിലുമായി വന്നുപോകുമ്പോള്‍ ചിലപ്പോള്‍ തോന്നാറുണ്ട് നാട്ടിലായിരുന്നെങ്കിലെന്ന്. പക്ഷേ ദുബായോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. ഇവിടുന്ന് വിട്ടുപോരുക എന്നതെനിക്ക് ആലോചിക്കാന്‍ വയ്യ.

ബഡായി ബംഗ്ലാവിനെക്കുറിച്ച്?


വലിയ പ്രത്യേകത ഞാനും ഭാര്യയും ഒരുമിച്ച് ആദ്യമായി ഒരു ടെലിവിഷന്‍ ഷോയില്‍ ഭാഗമാകുന്നു എന്നതാണ്. ബഡായി ബംഗ്ലാവ് സീസണ്‍ വണ്ണിന്റെ ഫാനാണ് ഞാന്‍. ഒരുപാട് ആഗ്രഹിച്ചുട്ടുണ്ട് പിഷാരടി ഇരിക്കുന്ന ആ പൊസിഷനില്‍ ഇരിക്കാ ന്‍ പറ്റുമോ എന്നത്. നമുക്കെന്തെങ്കിലും ആ ഷോയ്ക്കുവേണ്ടി ചെയ്യാന്‍ പറ്റുമോ എന്നും ആലോചിച്ചിട്ടുണ്ട്. ആ പ്രോഗ്രാമില്‍നിന്ന് ഓഫര്‍ വന്നപ്പോള്‍ സന്തോഷം തോന്നി. അത് ഏറ്റവും ഭംഗിയായി ചെയ്യാന്‍ കഴിയും എന്നൊരു വിശ്വാസമുണ്ട്. എനിക്ക് മാത്രമല്ല എന്റെ കുടുംബത്തിനും പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹം വളരെ വലുതാണ്. ആ സ്‌നേഹം തന്നെയാണ് എന്റെ കരുത്തും.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Wednesday 17 Apr 2019 04.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW